
ചോദ്യം: സദ്ഗുരു, കാളി ശിവൻ്റെ മൃതദേഹത്തിൻ്റെ നെഞ്ചിനു മുകളിൽ നിൽക്കുന്ന ധാരാളം ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്താണ് ഈ രംഗത്തിൻ്റെ പൊരുൾ?
ഊർജ്ജത്തിൻ്റെ സ്ത്രൈണമായ മാനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിക്കുന്ന ഒരു കഥയാണിത്. ഒരിക്കൽ പലതരം അസുരന്മാർ ലോകത്തെ അടക്കിവാഴാൻ തുടങ്ങി. നിരവധി ദുഷ്ടശക്തികൾ ലോകം കീഴടക്കാൻ ആരംഭിച്ചു. അങ്ങനെ കാളി കോപാവേശത്തിലായി. അവൾ ഉഗ്രരൂപം പൂണ്ടപ്പോൾ, അവളെ തടയാൻ ആർക്കും കഴിഞ്ഞില്ല. അവൾ ചെന്ന് എല്ലാം സംഹരിച്ചു.
അവളുടെ കോപം അടങ്ങിയില്ല. അത് യുക്തിക്ക് അതീതമായി, ആ സാഹചര്യത്തിന് ആവശ്യമായ പ്രവൃത്തികൾക്ക് അതീതമായി, എല്ലാറ്റിനും അതീതമായി തുടർന്നു. അവളുടെ കോപം അത്രയധികം ആക്കം നേടിയിരുന്നു, അത് അടങ്ങാൻ കൂട്ടാക്കിയില്ല. അവൾ കൊല തുടർന്നു കൊണ്ടേയിരുന്നതിനാൽ, അവളെ തടയാൻ ആരും ധൈര്യപ്പെട്ടില്ല. അവർ ശിവൻ്റെ അടുത്തെത്തി അപേക്ഷിച്ചു, അവൾ ഇങ്ങനെ തുടരുകയാണ്. അവൾ അങ്ങയുടെ സ്ത്രീയാണ്. അവളെ നിയന്ത്രിക്കാൻ ദയവായി എന്തെങ്കിലും ചെയ്യണം.
ശിവൻ കാളിയെ അറിയാവുന്നത് പോലെ തന്നെ അവളെ സമീപിച്ചു. അദ്ദേഹം ആക്രമണ സ്വഭാവമില്ലാതെ, ഒരു യുദ്ധത്തിനുള്ള ഭാവത്തിലല്ലാതെ, അവളുടെ അടുത്തേക്ക് ചെന്നു. അദ്ദേഹം നേരെയങ്ങു പോയി. എന്നാൽ കാളിയുടെ ഊർജ്ജം അത്രയധികം ഉയർന്നിരുന്നു, അത് ശിവനെപോലും താഴെയിട്ടു. അവൾ അദ്ദേഹത്തിൻ്റെ മുകളിൽ കയറി നിന്നപ്പോൾ മാത്രമാണ് താൻ ചെയ്തത് എന്താണെന്ന് അവൾക്ക് മനസ്സിലായത്. അപ്പോൾ അവൾ ശാന്തയാവുകയും, വീണ്ടും അദ്ദേഹത്തിലേക്ക് ജീവശ്വാസം നൽകുകയും ചെയ്തു.
ഈ പ്രത്യേക സംഭവത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ താന്ത്രിക പ്രക്രിയകളുണ്ട്. സ്വന്തം തലയറുത്ത്, ആ തല കൈയ്യിൽ പിടിച്ച് നടക്കുന്ന താന്ത്രികരുടെ ചിത്രങ്ങളും പെയിൻ്റിംഗുകളും നിങ്ങൾ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ, ദേവി തന്നെ സ്വന്തം തല അറുത്തെടുത്ത് കൈയ്യിൽ പിടിച്ച് നടക്കുന്ന ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം.ചില താന്ത്രിക പ്രക്രിയകൾ ഉണ്ട്, അതിൽ ആളുകൾ യഥാർത്ഥത്തിൽ സ്വന്തം ശിരസ്സ് ഛേദിക്കുകയും വീണ്ടും തല തിരികെ ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് ചില പ്രത്യേക ആചാരങ്ങളിലൂടെയാണ് ചെയ്യുന്നത്.
തീർച്ചയായും. ഇന്ന് ഭൂരിഭാഗം ആളുകളും തന്ത്ര എന്നാൽ അനിയന്ത്രിതമായ ലൈംഗിക അരാജകത്വമാണെന്നാണ് കരുതുന്നതെന്ന് എനിക്കറിയാം. കാരണം, ഇന്നത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ അധികവും എഴുതിയിരിക്കുന്നത് അമേരിക്കക്കാരാണ്, കൂടാതെ ആളുകൾ മാസികകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമാണ് തന്ത്രത്തെക്കുറിച്ച് വായിക്കുന്നത്. തന്ത്ര എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ലൈംഗിക അരാജകത്വം എന്നല്ല. തന്ത്ര എന്നാൽ തീവ്രമായ അച്ചടക്കം എന്നാണ് അർത്ഥമാക്കുന്നത്. തന്ത്ര എന്നാൽ ജീവിതത്തെ അഴിച്ചുപണിയാനും വീണ്ടും പടുത്തുയർത്താനുമുള്ള ഒരു സാങ്കേതികവിദ്യയാണ്, ഒരു രീതിയാണ്, ഒരു കഴിവാണ്. ജീവിതത്തെ പൂർണ്ണമായി വേർപെടുത്താനും അതിനെ വീണ്ടും ഒരുമിച്ച് ചേർക്കാനും കഴിയുന്ന തരത്തിലുള്ള പൂർണ്ണമായ നിയന്ത്രണം ശരീരവ്യവസ്ഥയിൽ നേടുന്നതാണ് തന്ത്ര.
ജീവിതത്തിന്മേൽ നിങ്ങൾക്ക് അത്രയധികം വൈദഗ്ദ്ധ്യം നേടാൻ കഴിയും; ജീവിതവും മരണവും പൂർണ്ണമായും നിങ്ങളുടെ കൈകളിൽ ഒതുങ്ങുന്ന അവസ്ഥ, അതിലൂടെ ജീവിതത്തെ അഴിച്ചുപണിയാനും വീണ്ടും കൂട്ടിയിണക്കാനും കഴിയുന്ന തരത്തിലുള്ള പരിപൂർണ്ണമായ നിയന്ത്രണം നിങ്ങൾക്ക് നേടാൻ സാധിക്കും. നിങ്ങൾക്ക് ദൈവത്തെപ്പോലും വധിക്കാനും തിരികെ കൊണ്ടുവരാനും കഴിയും. ഇത് നിങ്ങൾ മറ്റൊരാളെ കാണിക്കാൻ ശ്രമിക്കുന്ന ഒരു അഭ്യാസപ്രകടനമല്ല. ഇത് ജീവിതത്തിന്മേൽ നിങ്ങൾക്ക് അത്തരമൊരു നിയന്ത്രണം വേണം എന്നുള്ളതുകൊണ്ടാണ് ഇത്.
ജീവിതത്തിന്മേൽ നിങ്ങൾക്ക് കുറഞ്ഞ അളവിലെങ്കിലും നിയന്ത്രണമില്ലെങ്കിൽ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവർക്കും ജീവിതത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമുണ്ട്. അല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? നിങ്ങൾക്ക് എത്രമാത്രം ചെയ്യാൻ കഴിയും എന്ന് നിശ്ചയിക്കുന്നത് നിങ്ങൾക്കുള്ള വൈദഗ്ദ്ധ്യത്തിൻ്റെ അളവാണ്.
കാളി ശിവൻ്റെ മുകളിൽ നിൽക്കുന്ന ചിത്രം അടിസ്ഥാനപരമായി ജീവിത പ്രക്രിയയുടെ മേലുള്ള സമ്പൂർണ്ണ വൈദഗ്ദ്ധ്യത്തെയാണ് പ്രതീകവൽക്കരിക്കുന്നത്. അതിനർത്ഥം, നിങ്ങൾക്ക് ദൈവത്തെത്തന്നെ വധിക്കാനും എന്നിട്ട് അദ്ദേഹത്തിന് തിരികെ ജീവൻ നൽകാനും കഴിയും എന്നാണ്. അത് ധിക്കാരപരമാണ്, ശരിയല്ലേ? താന്ത്രിക സാങ്കേതികവിദ്യ അത്തരത്തിലുള്ളതാണ്.
