Picture of Adiyogi statue. Shiva is also known as mahadeva

മഹാദേവനായ ശിവൻ

ആദിയോഗിയായ ശിവൻ എന്തുകൊണ്ടാണ് മഹാദേവൻ എന്നറിയപ്പെടുന്നതെന്ന് കാണുക.

സദ്ഗുരു: കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരാൾ എന്നോട് ചോദിച്ചു, ഞാൻ ആദിയോഗിയായ ശിവന്റെ ആരാധകനാണോ എന്ന്. ആളുകളുടെ വികാരങ്ങൾ ആരെയെങ്കിലും ചുറ്റിപ്പിണയുമ്പോഴാണ് ഒരു ആരാധക സംഘം തുടങ്ങുന്നത്. ഞാൻ തീർച്ചയായും അദ്ദേഹത്തിന്റെ ആരാധകനല്ല. പിന്നെ എന്താണ്? യഥാർത്ഥ കാര്യം മറ്റെന്തോ ആണ്, പക്ഷേ ഇത് ഞാൻ നിങ്ങളോട് യുക്തിപരമായി വിശദീകരിക്കാം.

ഏത് തലമുറയിലും, ഒരു വ്യക്തി വിലമതിക്കപ്പെടുന്നത് ആ തലമുറയ്ക്കോ വരും തലമുറകൾക്കോ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ്. പല രീതിയിലും മറ്റുള്ളവരുടെ ജീവിതത്തിന് സംഭാവന നൽകിയ നിരവധി അത്ഭുത വ്യക്തികൾ ഈ ഭൂമിയിലുണ്ടായിട്ടുണ്ട്. ചിലർ സ്നേഹത്തിന്റെ തരംഗം കൊണ്ടുവന്നു, മറ്റു ചിലർ ധ്യാനാത്മകതയുടെ തരംഗം, വേറെ ചിലർ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സാമ്പത്തിക ക്ഷേമത്തിന്റെ തരംഗം കൊണ്ടുവന്നു.

ഉദാഹരണത്തിന് മഹാത്മാഗാന്ധി - അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി - ഇത് അദ്ദേഹത്തെ ചെറുതാക്കാനല്ല - സ്വാതന്ത്ര്യപൂർവ്വ കാലമായതിനാൽ, അദ്ദേഹത്തിന്റെ രീതികൾ, പ്രവർത്തനശൈലി എന്നിവ അദ്ദേഹത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയർത്തി. അദ്ദേഹം ആ കാലഘട്ടത്തിന് യോജിച്ച വ്യക്തിയായിരുന്നു, അദ്ദേഹം വിസ്മയകരമായ കാര്യങ്ങൾ ചെയ്തു - പക്ഷേ എല്ലായ്പ്പോഴും അദ്ദേഹത്തിന് പ്രസക്തി ഉണ്ടാകണമെന്നില്ല. അതുപോലെ മാർട്ടിൻ ലൂഥർ കിംഗ്, ആ കാലഘട്ടത്തിൽ, വിവേചനം ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന് വളരെയധികം പ്രസക്തിയുണ്ടായിരുന്നു. എന്നാൽ സമൂഹത്തിൽ അത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ, അദ്ദേഹം ഒരു സാധാരണ വ്യക്തി മാത്രമായിരിക്കും.

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ, നിരവധി മഹാന്മാരുണ്ടായിട്ടുണ്ട്, പക്ഷേ അവർ പ്രധാനമായും പ്രസക്തരായിരുന്നത് ആ കാലത്തെ പ്രക്ഷോഭങ്ങൾ, കാലഘട്ടത്തിന്റെ ആവശ്യം, അല്ലെങ്കിൽ കാലത്തിന്റെ ചില നിലവാരത്തകർച്ചകൾ എന്നിവ കാരണമായിരുന്നു. ഗൗതമ ബുദ്ധനെ നോക്കുമ്പോൾ, സമൂഹം ആചാരാനുഷ്ഠാനങ്ങളിൽ വളരെയധികം മുഴുകിയിരുന്നതിനാൽ, അദ്ദേഹം ആചാരങ്ങളില്ലാത്ത ഒരു ആത്മീയ പ്രക്രിയയുമായി വന്നപ്പോൾ, അത് ഉടൻ തന്നെ ഹിറ്റായി. ഇത് ആചാരങ്ങൾ കുറഞ്ഞ ഒരു സമൂഹമായിരുന്നെങ്കിൽ, അത് ഒരു തരത്തിലും പുതുമയുള്ളതാകുമായിരുന്നില്ല, അത്ര പ്രസക്തവുമാകുമായിരുന്നില്ല.

പല രീതിയിലും, കൃഷ്ണൻ ഏറെ പ്രാധാന്യമുള്ള വ്യക്തിയായിരുന്നു. എന്നാൽ, ആ സമൂഹത്തിൽ സംഘർഷങ്ങൾ ഇല്ലായിരുന്നെങ്കിൽ, പാണ്ഡവർക്കും കൗരവർക്കും ഇടയിൽ യുദ്ധം ഇല്ലായിരുന്നെങ്കിൽ, അദ്ദേഹത്തിന് വളരെ പ്രാദേശികമായ ഒരു സ്വാധീനം മാത്രമായിരിക്കും ഉണ്ടായിരുന്നിരിക്കുക. അദ്ദേഹം അത്ര വലിയ വ്യക്തിയായി മാറുമായിരുന്നില്ല. അതുപോലെ രാമൻ, അദ്ദേഹത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയിരുന്നില്ലെങ്കിൽ, അദ്ദേഹം മറ്റൊരു രാജാവ് മാത്രമായിരിക്കും, ഒരുപക്ഷേ ഒരു നല്ല രാജാവായി അദ്ദേഹം ഓർമ്മിക്കപ്പെടുമായിരുന്നു. കുറച്ചു കാലത്തിനു ശേഷം ജനങ്ങൾ അദ്ദേഹത്തെ മറന്നു പോകുമായിരുന്നു. യുദ്ധവും ലങ്കാദഹനവും സംഭവിച്ചില്ലായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം വലിയ പ്രസക്തി ഉള്ളതാകുമായിരുന്നില്ല.

ആദിയോഗിയുടെ പ്രാധാന്യം


ആദിയോഗി അഥവാ ശിവന്റെ പ്രാധാന്യം ഇതാണ് - അത്തരമൊരു സംഭവമൊന്നും ഉണ്ടായിരുന്നില്ല. യുദ്ധമോ സംഘർഷമോ ഉണ്ടായിരുന്നില്ല. അദ്ദേഹം ആ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല. എല്ലാ കാലത്തിനും പ്രസക്തമായ രീതിയിൽ മാനവ ബോധതലത്തെ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും മാർഗ്ഗങ്ങളുമാണ് അദ്ദേഹം നൽകിയത്. ജനങ്ങൾക്ക് ഭക്ഷണമോ, സ്നേഹമോ, സമാധാനമോ ഇല്ലാതിരിക്കുമ്പോൾ, അവർക്ക് അത് നൽകുന്നതിലൂടെ നിങ്ങൾക്ക് ആ കാലഘട്ടത്തിന്റെ പ്രതിഭാസമാകാം. എന്നാൽ അത്തരം കുറവുകളൊന്നുമില്ലാത്തപ്പോൾ, ഒരു മനുഷ്യനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം അവന്റെ തന്നെ വികാസമാണ്.

നാം മഹാദേവൻ എന്ന പദവി അദ്ദേഹത്തിന് മാത്രം നൽകി, കാരണം ആ ബുദ്ധിശക്തിയും, ധാരണയും , അറിവും അതുല്യമാണ്.നിങ്ങൾ എവിടെ ജനിച്ചു എന്നതോ, നിങ്ങളുടെ മതം, ജാതി, വിശ്വാസം എന്താണെന്നതോ നിങ്ങൾ പുരുഷനാണോ സ്ത്രീയാണോ എന്നതോ പ്രസക്തമല്ല - അദ്ദേഹം പകർന്നു നൽകിയ മാർഗ്ഗങ്ങൾ എന്നെന്നും ഉപയോഗിക്കാവുന്നതാണ്. ജനങ്ങൾ അദ്ദേഹത്തെ മറന്നാൽ പോലും, അവർക്ക് അതേ മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കേണ്ടി വരും, കാരണം മനുഷ്യ സംവിധാനത്തിലെ ഒന്നും തന്നെ അദ്ദേഹം പരിശോധിക്കാതെ വിട്ടിട്ടില്ല. അദ്ദേഹം ഒരു ഉപദേശം നൽകിയില്ല. ആ കാലത്തിന് അനുയോജ്യമായ ഒരു പരിഹാരം നൽകിയില്ല. അത്തരം പ്രശ്നങ്ങളുമായി ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, അദ്ദേഹം വെറുതെ കണ്ണുകൾ അടച്ച് പൂർണ്ണമായ നിസ്സംഗത കാണിച്ചു.

മനുഷ്യന്റെ പ്രകൃതം തിരിച്ചറിയുന്നതിലും, എല്ലാത്തരം മനുഷ്യർക്കും വേണ്ടി ഒരു വഴി കണ്ടെത്തുന്നതിലും, ഇത് ശാശ്വതമായ ഒരു സംഭാവനയാണ്; ഇത് ആ കാലത്തേക്കോ കാലത്തിന്റെയോ സംഭാവനയല്ല. സൃഷ്ടി എന്നു പറഞ്ഞാൽ, ഒന്നുമല്ലാത്തത് എന്തോ ഒന്നായി കെട്ടിപ്പിണഞ്ഞു എന്നാണ്. ഈ സൃഷ്ടിയെ സൃഷ്ടിയല്ലാത്ത അവസ്ഥയിലേക്ക് അഴിച്ചെടുക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തി.

എന്തുകൊണ്ട് ആദിയോഗിയെ ശിവൻ എന്ന് വിളിച്ചു


എന്തുകൊണ്ടാണ് നാം അദ്ദേഹത്തിന് "ശി-വ" എന്ന പേര് നൽകിയത്. ശിവ എന്നാൽ "ഒന്നുമല്ലാത്തത്" എന്നാണർത്ഥം. "ഒന്നുമല്ലാത്തത്" എന്തോ ഒന്നായി മാറിയപ്പോൾ, ആ മാനത്തെ നാം ബ്രഹ്മ എന്ന് വിളിച്ചു. അദ്ദേഹത്തെ നാം ശിവ എന്ന് വിളിച്ചു, കാരണം, ഒന്നിൽ നിന്ന് ഒന്നുമില്ലായ്മയിലേക്കുള്ള, പരമമായ മോക്ഷത്തിലേക്കുള്ള, ഒരു മാർഗ്ഗം  മാത്രമല്ല, സാധ്യമായ എല്ലാ വഴികളും അദ്ദേഹം നൽകി.

ശിവൻ ഒരു പേരല്ല, അതൊരു വിശേഷണമാണ്. ഒരാൾ ഡോക്ടർ, അഭിഭാഷകൻ, അല്ലെങ്കിൽ എൻജിനീയർ ആണെന്ന് പറയുന്നതുപോലെ, അദ്ദേഹം ജീവിതത്തിന്റെ കെട്ടഴിക്കുന്നവൻ എന്ന അർത്ഥത്തിൽ ശിവൻ എന്ന് നാം പറയുന്നു. ഇത് ജീവിതത്തെ നശിപ്പിക്കുന്നവൻ എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ ഒരു വിധത്തിൽ അത് ശരിയാണ്. “നശിപ്പിക്കുന്നവൻ” എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ അത് നെഗറ്റീവ് ആയി കാണുന്നു എന്നു മാത്രം. “വിമോചനം നൽകുന്നവൻ” എന്നാണ് പറഞ്ഞിരുന്നെങ്കിൽ, അത് പോസിറ്റീവ് ആയി കാണപ്പെടുമായിരുന്നു. പതിയെ, "കെട്ടഴിക്കുന്നവൻ" “നശിപ്പിക്കുന്നവൻ" ആയി മാറിയപ്പോൾ, ആളുകൾ അദ്ദേഹത്തെ നെഗറ്റീവ് ആയി കാണാൻ തുടങ്ങി. നിങ്ങൾ എന്ത് വിളിച്ചാലും, അദ്ദേഹം വകവയ്ക്കുന്നില്ല - ഇതാണ് ബുദ്ധിയുടെ സ്വഭാവം

നിങ്ങളുടെ ബുദ്ധി ഒരു നിശ്ചിത തലത്തിലേക്ക് ഉയരുമ്പോൾ, നിങ്ങൾക്ക് യാതൊരു ധാർമ്മികതയും ആവശ്യമില്ല. ബുദ്ധി കുറവായിരിക്കുമ്പോൾ മാത്രമാണ് എന്ത് ചെയ്യരുത് എന്ന് ആളുകളോട് പറയേണ്ടത്. ഒരാളുടെ ബുദ്ധി ഉയർന്ന ഒരു തലത്തിൽ എത്തിയിട്ടുണ്ടെങ്കിൽ, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അദ്ദേഹം ഒരു വാക്കുപോലും ഉച്ചരിച്ചില്ല. യോഗ സമ്പ്രദായത്തിലെ യമവും നിയമവും പതഞ്ജലിയുടെ സൃഷ്ടിയാണ്, ആദിയോഗിയുടേതല്ല. പതഞ്ജലി വളരെ പിന്നീടാണ് വന്നത്. യോഗ അമിതമായി പല ശാഖകളായി വൈവിധ്യവൽക്കരിക്കപ്പെട്ട്, അപഹാസ്യമായ അവസ്ഥയിലെത്തിയതിനാൽ മാത്രമാണ് പതഞ്ജലി നമുക്ക് പ്രസക്തനായത്. 25, 30 വർഷങ്ങൾക്ക് മുമ്പ്, ഒരു മെഡിക്കൽ പരിശോധനയ്ക്ക് ഒരു ഡോക്ടർ മാത്രം മതിയായിരുന്നു. ഇന്ന് 12 മുതൽ 15 ഡോക്ടർമാർ വേണം - ഒരാൾ എല്ലുകൾക്ക്, മറ്റൊരാൾ മാംസത്തിന്, മറ്റൊരാൾ രക്തത്തിന്, മറ്റൊരാൾ ഹൃദയത്തിന്, മറ്റൊരാൾ കണ്ണിന് - ഇതിനിയും വർദ്ധിക്കും.

ഇനിയൊരു നൂറ് വർഷത്തിൽ, അത്രമാത്രം സ്പെഷ്യലൈസേഷൻ സംഭവിക്കുകയും, ഒരു മെഡിക്കൽ പരിശോധനയ്ക്ക് 150 ഡോക്ടർമാർ വേണ്ടി വരികയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോൾ നിങ്ങൾക്ക് ആശുപത്രിയിലേക്ക് പോകാൻ തോന്നില്ല, കാരണം 150 അപ്പോയിന്റ്മെന്റുകൾ എടുത്ത്, അവ പൂർത്തിയാക്കി, 150 അഭിപ്രായങ്ങൾ സമന്വയിപ്പിക്കുന്നതിനുള്ളിൽ അത് അർത്ഥമില്ലാതാകും. അപ്പോൾ ഇതെല്ലാം സമന്വയിപ്പിച്ച് ഒരു കുടുംബ ഡോക്ടറെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കും. ഇതാണ് പതഞ്ജലി ചെയ്തത്.

ആ കാലത്ത് ഏകദേശം 1800 യോഗ ശാഖകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മുഴുവൻ പ്രക്രിയയിലൂടെയും കടന്നുപോകണമെങ്കിൽ, നിങ്ങൾ 1800 ശാഖകളിൽ പോയി 1800 വ്യത്യസ്ത യോഗകൾ ചെയ്യേണ്ടിയിരുന്നു. അത് അപ്രായോഗികവും അപഹാസ്യവുമായി മാറി. അതുകൊണ്ട് പതഞ്ജലി അതെല്ലാം 200 സൂത്രങ്ങളിലാക്കി, യോഗയുടെ എട്ട് അംഗങ്ങൾ മാത്രം പരിശീലിക്കാൻ പറഞ്ഞു. അത്തരമൊരു സാഹചര്യം ഇല്ലായിരുന്നെങ്കിൽ, പതഞ്ജലി പ്രസക്തനാകുമായിരുന്നില്ല. എന്നാൽ ആദിയോഗി അഥവാ ശിവന്റെ കാര്യത്തിൽ അങ്ങനെയല്ല, കാരണം ജീവിതത്തിലെ ഏത് സാഹചര്യത്തിലും അദ്ദേഹത്തിന് എപ്പോഴും പ്രസക്തിയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം മഹാദേവനാകുന്നത്.

    Share

Related Tags

Get latest blogs on Shiva