മഹാശിവരാത്രി അഥവാ "ശിവന്റെ മഹത്തായ രാത്രി" ആത്മീയമായി വളരെ പ്രാധാന്യമുള്ള ഒരു രാത്രിയാണ്. മഹാശിവരാത്രി എന്തുകൊണ്ട് ആഘോഷിക്കുന്നു, എങ്ങനെ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം എന്ന് സദ്ഗുരു വിശദീകരിക്കുന്നു.
സദ്ഗുരു: ഇന്ത്യൻ സംസ്കാരത്തിൽ, ഒരു കാലത്ത് ഒരു വർഷത്തിൽ 365 ഉത്സവങ്ങൾ ആഘോഷിച്ചിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വർഷത്തിലെ ഓരോ ദിവസവും ആഘോഷിക്കാൻ അവർക്ക് വെറും ഒരു ഒഴിവുകഴിവ് മാത്രം മതിയായിരുന്നു. ഈ 365 ഉത്സവങ്ങൾ വ്യത്യസ്ത കാരണങ്ങൾക്കും ജീവിതത്തിന്റെ വ്യത്യസ്ത ആവശ്യങ്ങൾക്കും വേണ്ടി നിശ്ചയിക്കപ്പെട്ടവയായിരുന്നു. വിവിധ ചരിത്ര സംഭവങ്ങൾ, വിജയങ്ങൾ, അല്ലെങ്കിൽ വിത്തുവിതയ്ക്കൽ, നടീൽ, കൊയ്ത്ത് തുടങ്ങിയ ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾ ആഘോഷിക്കാനായിരുന്നു അവ. എല്ലാ സാഹചര്യങ്ങൾക്കും ഒരു ഉത്സവം ഉണ്ടായിരുന്നു. എന്നാൽ മഹാശിവരാത്രിക്ക് വ്യത്യസ്തമായ പ്രാധാന്യമാണുള്ളത്.
മഹാശിവരാത്രി അഥവാ "ശിവന്റെ മഹത്തായ രാത്രി" ഇന്ത്യയുടെ ആത്മീയ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.
ഓരോ ചാന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ അമാവാസിയുടെ തലേ ദിവസം ശിവരാത്രിയായി അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസത്തിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും കൂടുതൽ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർദ്ധഗോളം സ്ഥിതിചെയ്യുന്ന രീതി കാരണം, അത് മനുഷ്യനിൽ സ്വാഭാവികമായ ഊർജ്ജത്തിന്റെ ഉയർച്ചയുണ്ടാക്കുന്നു. ഇത് പ്രകൃതി ഒരാളെ ആത്മീയ ഉന്നതിയിലേക്ക് നയിക്കുന്ന ഒരു ദിവസമാണ്. ഇത് പ്രയോജനപ്പെടുത്താനാണ് ഈ പാരമ്പര്യത്തിൽ രാത്രി മുഴുവൻ നീളുന്ന ഒരു ഉത്സവം നാം ആഘോഷിക്കുന്നത്. ഊർജ്ജത്തിന്റെ ഈ സ്വാഭാവിക ഉയർച്ചയ്ക്ക് അതിന്റെ വഴി കണ്ടെത്താൻ അനുവദിക്കുന്നതിനായി, ഈ രാത്രി മുഴുവൻ നീളുന്ന ഉത്സവത്തിന്റെ അടിസ്ഥാന വശങ്ങളിലൊന്ന് രാത്രി മുഴുവൻ നിങ്ങളുടെ നട്ടെല്ല് നേരെ നിർത്തി ഉണർന്നിരിക്കുക എന്നതാണ്.
ആത്മീയ പാതയിലുള്ളവരെ സംബന്ധിച്ച് മഹാശിവരാത്രി വളരെ പ്രാധാന്യമുള്ളതാണ്. കുടുംബ ജീവിതം നയിക്കുന്നവർക്കും, ലോകത്തിൽ അഭിലാഷങ്ങൾ ഉള്ളവർക്കും ഇത് വളരെ പ്രധാനമാണ്. കുടുംബജീവിതം നയിക്കുന്നവർ മഹാശിവരാത്രിയെ ശിവന്റെ വിവാഹവാർഷികമായി ആചരിക്കുന്നു. ലൗകിക ജീവിതത്തിൽ ഉന്നതി ആഗ്രഹിക്കുന്നവർ ഈ ദിവസത്തെ ശിവൻ തന്റെ എല്ലാ ശത്രുക്കളെയും ജയിച്ച ദിവസമായി കാണുന്നു.
എന്നാൽ സന്യാസിമാർക്ക്, അദ്ദേഹം കൈലാസ പർവ്വതവുമായി ഒന്നായ ദിവസമാണിത്. അദ്ദേഹം ഒരു പർവ്വതം പോലെ - പൂർണമായും നിശ്ചലനായി. യോഗ പാരമ്പര്യത്തിൽ, ശിവനെ ദൈവമായി ആരാധിക്കുന്നില്ല, മറിച്ച് യോഗശാസ്ത്രത്തിന് രൂപം നൽകിയ ആദിഗുരുവായാണ് കണക്കാക്കുന്നത്. നിരവധി സഹസ്രാബ്ദങ്ങൾ ധ്യാനത്തിൽ കഴിഞ്ഞ ശേഷം, ഒരു ദിവസം അദ്ദേഹം പൂർണമായും നിശ്ചലനായി. ആ ദിവസമാണ് മഹാശിവരാത്രി. അദ്ദേഹത്തിലെ എല്ലാ ചലനങ്ങളും നിലച്ച് പൂർണമായും നിശ്ചലനായി, അതുകൊണ്ടാണ് സന്യാസിമാർ മഹാശിവരാത്രിയെ നിശ്ചലതയുടെ രാത്രിയായി കാണുന്നത്.
ഐതിഹ്യങ്ങൾക്കപ്പുറം, യോഗ പാരമ്പര്യങ്ങളിൽ ഈ പകലും രാത്രിയും ഇത്രയധികം പ്രാധാന്യത്തോടെ കാണുന്നത് ഒരു ആത്മീയ അന്വേഷകന് ഇത് നൽകുന്ന സാധ്യതകൾകൊണ്ടാണ്. ആധുനിക ശാസ്ത്രം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി ഇന്ന് ഒരു നിലയിലെത്തിയിരിക്കുന്നു, അവിടെ ജീവനായി നിങ്ങൾ അറിയുന്ന എല്ലാം, ദ്രവ്യവും അസ്തിത്വവുമായി നിങ്ങൾ അറിയുന്ന എല്ലാം, പ്രപഞ്ചവും ഗാലക്സികളുമായി നിങ്ങൾ അറിയുന്ന എല്ലാം, ദശലക്ഷക്കണക്കിന് രീതികളിൽ പ്രകടമാകുന്ന ഒരേയൊരു ഊർജ്ജം മാത്രമാണെന്ന് തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്.
ഈ ശാസ്ത്രീയ വസ്തുത ഓരോ യോഗിയുടെയും അനുഭവപരമായ യാഥാർത്ഥ്യമാണ്. "യോഗി" എന്ന വാക്കിന്റെ അർത്ഥം അസ്തിത്വത്തിന്റെ ഏകത്വം തിരിച്ചറിഞ്ഞ വ്യക്തി എന്നാണ്. ഞാൻ "യോഗ" എന്ന് പറയുമ്പോൾ, ഏതെങ്കിലും ഒരു പ്രത്യേക പരിശീലനത്തെയോ സമ്പ്രദായത്തെയോ സൂചിപ്പിക്കുന്നില്ല. അതിരറ്റതിനെ അറിയാനുള്ള ആഗ്രഹമെല്ലാം തന്നെ, അസ്തിത്വത്തിലെ ഏകത്വം അറിയാനുള്ള ആഗ്രഹമെല്ലാം തന്നെ യോഗയാണ്. മഹാശിവരാത്രിയുടെ രാത്രി ഒരു വ്യക്തിക്ക് ഇത് അനുഭവിക്കാനുള്ള അവസരം നൽകുന്നു.
ശിവരാത്രി മാസത്തിലെ ഏറ്റവും ഇരുണ്ട ദിവസമാണ്. മാസംതോറും ശിവരാത്രി ആഘോഷിക്കുന്നതും, പ്രത്യേകിച്ച് മഹാശിവരാത്രി ദിനവും, ഇരുട്ടിന്റെ ആഘോഷം പോലെ തോന്നിക്കും. ഏത് യുക്തിചിന്താഗതിയും ഇരുട്ടിനെ എതിർക്കുകയും സ്വാഭാവികമായും പ്രകാശത്തെ തിരഞ്ഞെടുക്കുകയും ചെയ്യും. എന്നാൽ "ശിവ" എന്ന വാക്കിന്റെ അർത്ഥം "ഇല്ലാത്തത്" എന്നാണ്. "ഉള്ളത്" എന്നാൽ അസ്തിത്വവും സൃഷ്ടിയുമാണ്. "ഇല്ലാത്തത്" എന്നാൽ ശിവനാണ്. "ഇല്ലാത്തത്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങൾ കണ്ണ് തുറന്ന് ചുറ്റും നോക്കുമ്പോൾ, നിങ്ങളുടെ കാഴ്ച ചെറിയ കാര്യങ്ങൾക്ക് അനുയോജ്യമാണെങ്കിൽ, നിങ്ങൾക്ക് ധാരാളം സൃഷ്ടികൾ കാണാം. നിങ്ങളുടെ കാഴ്ച വലിയ കാര്യങ്ങൾ തേടുകയാണെങ്കിൽ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ സാന്നിധ്യം ഒരു വിശാലമായ ശൂന്യതയാണെന്ന് കാണാം.
നക്ഷത്രഗണങ്ങൾ എന്ന് നാം വിളിക്കുന്ന ചില സ്ഥലങ്ങൾ പൊതുവേ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും, അവയെ പിടിച്ചുനിർത്തുന്ന വിശാലമായ ശൂന്യത എല്ലാവരുടെയും ശ്രദ്ധയിൽപെടാറില്ല. ഈ വിശാലതയെ, ഈ അതിർത്തികളില്ലാത്ത ശൂന്യതയെയാണ് ശിവൻ എന്ന് പരാമർശിക്കുന്നത്. ആധുനിക ശാസ്ത്രം തെളിയിക്കുന്നത് എല്ലാം ഒന്നുമില്ലായ്മയിൽ നിന്ന് വരുന്നുവെന്നും ഒന്നുമില്ലായ്മയിലേക്ക് തിരികെ പോകുന്നുവെന്നുമാണ്. ഈ പശ്ചാത്തലത്തിലാണ് ശിവനെ, വിശാലമായ ശൂന്യതയെ, അല്ലെങ്കിൽ ഒന്നുമില്ലായ്മയെ, മഹാദേവൻ അഥവാ ദൈവം എന്ന് വിളിക്കുന്നത്.
ഈ ഭൂമിയിലെ എല്ലാ മതങ്ങളും, എല്ലാ സംസ്കാരങ്ങളും എപ്പോഴും സർവവ്യാപിയായ, എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നാം നോക്കിയാൽ, യഥാർത്ഥത്തിൽ എല്ലായിടത്തും വ്യാപിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം ഇരുട്ട്, ശൂന്യത, അല്ലെങ്കിൽ ഒന്നുമില്ലായ്മ മാത്രമാണ്.
പൊതുവേ, മനുഷ്യർ ക്ഷേമം ക്ഷേമം തേടുമ്പോൾ, അവർ ദൈവത്തെ പ്രകാശമായി പറയാറുണ്ട്. എന്നാൽ അവർ ക്ഷേമത്തെ തേടാതെ, അവരുടെ ജീവിതത്തിനപ്പുറം ലയിക്കുന്നതിനായി പരിശ്രമിക്കുമ്പോൾ, അവരുടെ ആരാധനയുടെയും സാധനയുടെയും ലക്ഷ്യം ലയനമാകുമ്പോൾ, നാം എപ്പോഴും ദൈവത്തെ ഇരുട്ടായി പരാമർശിക്കാറുണ്ട്.
പ്രകാശം നിങ്ങളുടെ മനസ്സിലെ ക്ഷണികമായ ഒരു സംഭവം മാത്രമാണ്. പ്രകാശം ശാശ്വതമല്ല, അത് എപ്പോഴും ഒരു പരിമിതമായ സാധ്യത മാത്രമാണ്, കാരണം അത് സംഭവിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ ഭൂമിയിൽ നമുക്കറിയാവുന്ന ഏറ്റവും വലിയ പ്രകാശ സ്രോതസ്സ് സൂര്യനാണ്. എന്നാൽ സൂര്യപ്രകാശം പോലും നിങ്ങളുടെ കൈകൊണ്ട് തടയാനും പിന്നിൽ ഇരുട്ടിന്റെ നിഴൽ സൃഷ്ടിക്കാനും കഴിയും. എന്നാൽ ഇരുട്ട് എല്ലാം ഉൾക്കൊള്ളുന്നതും എല്ലായിടത്തും ഉള്ളതുമാണ്. ലോകത്തിലെ അപക്വമായ മനസ്സുകൾ എപ്പോഴും ഇരുട്ടിനെ പിശാചായി വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ ദൈവത്തെ സർവവ്യാപിയായി വിശേഷിപ്പിക്കുമ്പോൾ, നിങ്ങൾ വ്യക്തമായും ദൈവത്തെ ഇരുട്ടായി സൂചിപ്പിക്കുകയാണ്, കാരണം ഇരുട്ട് മാത്രമാണ് സർവവ്യാപി. അത് എല്ലായിടത്തുമുണ്ട്. അതിന് മറ്റൊന്നിന്റെയും പിന്തുണ ആവശ്യമില്ല.
പ്രകാശം എപ്പോഴും സ്വയം കത്തിത്തീരുന്ന ഒരു സ്രോതസ്സിൽ നിന്നാണ് വരുന്നത്. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. അത് എപ്പോഴും ഒരു പരിമിത സ്രോതസ്സിൽ നിന്നാണ്. ഇരുട്ടിന് സ്രോതസ്സില്ല. അത് സ്വയം ഒരു സ്രോതസ്സാണ്. അത് സർവവ്യാപിയും, എല്ലായിടത്തുമുള്ളതും, സർവസാന്നിധ്യവുമാണ്. അതുകൊണ്ട് നാം ശിവൻ എന്ന് പറയുമ്പോൾ, അത് ഈ അതിത്വത്തിന്റെ വിശാലമായ ശൂന്യതയാണ്. ഈ വിശാലമായ ശൂന്യതയുടെ മടിത്തട്ടിലാണ് എല്ലാ സൃഷ്ടിയും സംഭവിച്ചിട്ടുള്ളത്. ശൂന്യതയുടെ ഈ മടിത്തട്ടിനെയാണ് നാം ശിവൻ എന്ന് പരാമർശിക്കുന്നത്.
ഭാരതീയ സംസ്കാരത്തിൽ, പുരാതനമായ പ്രാർത്ഥനകളെല്ലാം സ്വയം രക്ഷിക്കുന്നതിനോ, സംരക്ഷിക്കുന്നതിനോ, ജീവിതത്തിൽ മെച്ചപ്പെട്ട നിലയിലെത്തുന്നതിനോ ഉള്ളതായിരുന്നില്ല. പുരാതനമായ പ്രാർത്ഥനകളെല്ലാം എപ്പോഴും "ദൈവമേ, ഞാൻ നിന്നെപ്പോലെ ആകുന്നതിന് എന്നെ നശിപ്പിക്കണമേ" എന്നതായിരുന്നു. അതുകൊണ്ട് നാം മാസത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായ ശിവരാത്രി എന്ന് പറയുമ്പോൾ, അത് ഒരാളുടെ പരിമിതികൾ അലിഞ്ഞുചേരാനുള്ള ഒരവസരമാണ്, എല്ലാ മനുഷ്യരിലും വിത്തായി നിലനിൽക്കുന്ന സൃഷ്ടിയുടെ ഉറവിടത്തിന്റെ അതിരില്ലായ്മ അനുഭവിക്കാനുള്ള അവസരമാണ്.
മഹാശിവരാത്രി എല്ലാ സൃഷ്ടിയുടെയും ഉറവിടമായ, ഓരോ മനുഷ്യനിലുമുള്ള വിശാലമായ ശൂന്യതയുടെ അനുഭവത്തിലേക്ക് നിങ്ങളെത്തന്നെ കൊണ്ടുവരാനുള്ള ഒരു അവസരവും സാധ്യതയുമാണ്. ഒരു വശത്ത്, ശിവൻ സംഹാരകനായി അറിയപ്പെടുന്നു. മറുവശത്ത്, അദ്ദേഹം ഏറ്റവും കരുണയുള്ളവനായും അറിയപ്പെടുന്നു. ഏറ്റവും വലിയ ദാതാവായും അദ്ദേഹം അറിയപ്പെടുന്നു. യോഗപാരമ്പര്യം ശിവന്റെ കരുണയെക്കുറിച്ചുള്ള നിരവധി കഥകൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുണയുടെ പ്രകടനരീതികൾ അവിശ്വസനീയവും അത്ഭുതകരവുമായിരുന്നു. അതുകൊണ്ട് മഹാശിവരാത്രി, സ്വീകരിക്കാനുള്ള ഒരു പ്രത്യേക രാത്രി കൂടിയാണ്. ശിവൻ എന്ന് നാം വിളിക്കുന്ന ഈ ശൂന്യതയുടെ വിശാലതയുടെ ഒരു നിമിഷമെങ്കിലും അറിയാതെ നിങ്ങൾ ഈ രാത്രി കടന്നുപോകരുതെന്നത് എന്റെ ആഗ്രഹവും അനുഗ്രഹവുമാണ്. ഈ രാത്രി വെറുതെ ഉണർന്നിരിക്കുന്ന ഒരു രാത്രി മാത്രമാകാതെ ശരിയായ ഉണർവിന്റെ രാത്രിയായി മാറട്ടെ.