ശിവനും ഗംഗയും - ഐതിഹ്യവും അതിന്റെ അർത്ഥവും

ശിവന്റെ ജടയിൽ നിന്ന് ഒഴുകുന്ന ഗംഗയുടെ ഐതിഹ്യവും ആ കഥ എന്താണ് വിവക്ഷിക്കുന്നതെന്നും സദ്ഗുരു വെളിപ്പെടുത്തുന്നു.

ശിവനും ഗംഗയും - ഐതിഹ്യവും അതിന്റെ അർത്ഥവും

സദ്ഗുരു: നിങ്ങൾക്കറിയാവുന്നതുപോലെ, ഗംഗ ശിവന്റെ ജടയിൽ നിന്ന് ഒഴുകുന്നുവെന്നാണ് കരുതപ്പെടുന്നത്. ഹിമാലയത്തിലെ ഓരോ കൊടുമുടിയും ശിവൻ തന്നെയാണെന്ന് ഒരു പഴമൊഴിയുണ്ട്. ഹിമാലയൻ കൊടുമുടികൾ മഞ്ഞുമൂടിയവയാണ്, ഈ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്ന് ഒഴുകുന്ന നിരവധി ചെറിയ അരുവികൾ പതിയെ സംയോജിച്ച് വലിയ അരുവികളും പിന്നീട് നദികളുമായി മാറുന്നു. അതുകൊണ്ടാണ് പർവതം ശിവനെപ്പോലെയാണെന്നും, താഴേക്ക് ഒഴുകുന്ന ഈ അരുവികൾ ജടകളാണെന്നും, ആകാശത്തു നിന്ന് വന്ന ഗംഗാനദിയായി മാറിയെന്നും പറഞ്ഞത് - മഞ്ഞ് ആകാശത്തു നിന്ന് പതിക്കുന്നതിനാൽ ഇത് വളരെ ശരിയാണ്. ഈ പ്രതീകാത്മകതയാണ് ഗംഗയുടെ ഐതിഹ്യം സൃഷ്ടിച്ചത്, കൂടാതെ ഇത് ആകാശത്തു നിന്ന് വരുന്നതിനാൽ ഏറ്റവും ശുദ്ധമായ ജലമായി കണക്കാക്കപ്പെടുന്നു. എല്ലാറ്റിനുമുപരി, ഒരു പ്രത്യേക ഭൂപ്രദേശത്തിലൂടെ ഒഴുകുന്നതിലൂടെ ഇത് ഒരു പ്രത്യേക ഗുണം നേടിയിട്ടുണ്ട്.

പത്തൊമ്പതാം വയസ്സു മുതൽ ഞാൻ എല്ലാ വർഷവും ഹിമാലയത്തിൽ തനിച്ച് ട്രെക്കിംഗ് നടത്തിയിട്ടുണ്ട്. കൂടുതൽ സാമഗ്രികളൊന്നുമില്ലാതെ പോയതിനാൽ എല്ലായ്പ്പോഴും തണുത്തും വിശന്നുമായിരുന്നു യാത്ര. എനിക്കുണ്ടായിരുന്നത് ഡെനിം പാന്റ്സും കട്ടിയുള്ള ടി-ഷർട്ടും മാത്രമായിരുന്നു. കുറച്ച് കൈനിറയെ ഗംഗാജലം മാത്രം കുടിച്ച് നാൽപ്പത്തിയെട്ട് മണിക്കൂറിലധികം ക്ഷീണമൊന്നുമില്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞ അനുഭവം എനിക്ക് പലതവണയുണ്ടായിട്ടുണ്ട്. ഗംഗാജലം കുടിച്ചതുകൊണ്ട് മാത്രം രോഗങ്ങൾ സുഖപ്പെട്ടതിനെക്കുറിച്ച് നിരവധി ആളുകളിൽ നിന്ന് നേരിട്ട് കേട്ടിട്ടുമുണ്ട്. ഇന്ത്യയിൽ ആരെങ്കിലും മരിക്കേണ്ടി വന്നാൽപ്പോലും അൽപം ഗംഗാജലം വേണമെന്ന് നിങ്ങൾക്കറിയാമല്ലോ. അത് നിങ്ങൾ എന്തെങ്കിലും വിശ്വസിക്കുന്നതുകൊണ്ടല്ല, മറിച്ച് ജലത്തിന്റെ ഗുണം അങ്ങനെയായതുകൊണ്ടാണ്. ഈ ജലത്തെ സ്വാധീനിക്കുന്നത് ഹിമാലയമാണ്.

ഒരു നദി ഒരു ജീവനുള്ള സത്തയാണ്


ഗംഗ ഈ ഭൂമിയിലേക്ക് വന്ന ഒരു ദിവ്യനദിയാണെന്നും, അതിന്റെ ശക്തി ലോകത്തിന് നാശം വരുത്തുമായിരുന്നതിനാൽ ശിവൻ അത് തന്റെ തലയിൽ സ്വീകരിച്ച് തന്റെ ജടയിലൂടെ ഹിമാലയൻ ചരിവുകളിലേക്ക് ഒഴുകാൻ അനുവദിച്ചുവെന്നുമാണ് ഐതിഹ്യം. ഈ നദി ആളുകൾക്ക് എത്ര പ്രാധാന്യമുള്ളതായിരുന്നുവെന്നും അതിന്റെ പവിത്രതയും പ്രകടമാക്കുന്ന ഐതിഹ്യ കഥയാണിത്. നദിയുടെ ശുദ്ധത ഒരു ഇന്ത്യക്കാരന് ശുദ്ധിയുടെ തന്നെ പ്രതീകമായി മാറിയിരിക്കുന്നു. നദികളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക്, ഓരോ നദിക്കും അതിന്റേതായ ജീവനുണ്ടെന്ന് അറിയാം. ഈജിപ്റ്റിലെ നൈൽ, യൂറോപ്പിലെ ഡാന്യൂബ്, റഷ്യയിലും മധ്യേഷ്യൻ രാജ്യങ്ങളിലും കൂടി ഒഴുകുന്ന വോൾഗ, അമേരിക്കയിലെ മിസിസിപ്പി അല്ലെങ്കിൽ ദക്ഷിണ അമേരിക്കയിലെ ആമസോൺ എന്നിവയിലെല്ലാം ഇത് സത്യമാണ്. അവയെ വെറും ജലാശയങ്ങളായി മാത്രം കണക്കാക്കുന്നില്ല. വ്യക്തമായ കാരണങ്ങളാൽ മിക്ക സംസ്കാരങ്ങളും നദീതീരങ്ങളിൽ നിന്നാണ് വികസിച്ചതെന്ന് നമുക്കറിയാം, എന്നാൽ നദിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നവർക്ക് അത് ഒരു ജീവനുള്ള സത്തയായി മാറുന്നു. അതിന് സ്വന്തമായ വ്യക്തിത്വമുണ്ട്; സ്വന്തമായ ഭാവങ്ങളും, വികാരങ്ങളും, വ്യതിരിക്തതകളുമുണ്ട്.

ഒരു നദി ഒരു ജീവസ്സുറ്റ പ്രക്രിയയാണ്, ഇത് ഇന്ത്യയിലെ ഗംഗ നദിയെ സംബന്ധിച്ചും സത്യമാണ്. ഗോമുഖിലെ ഉറവിടം വരെ ഗംഗയുടെ കൂടെ യാത്ര ചെയ്യാനും, മന്ദാകിനി, അളകനന്ദ, കൂടാതെ ഗംഗയുടെ പ്രധാന ഭാഗമായ ഭാഗീരഥി തുടങ്ങി അതിന്റെ എല്ലാ പ്രധാന പോഷകനദികളിലും ഏകദേശം മുകളിലേക്ക് യാത്ര ചെയ്യാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഹിമാലയത്തിൽ അത് പവിത്രതയും ശുദ്ധിയും അർത്ഥമാക്കുന്നു, എന്നാൽ സമതലങ്ങളിലേക്ക് ഒഴുകുമ്പോൾ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കൻ സമതലങ്ങളുടെ ജീവനാഡിയാണ്. കാലക്രമേണ എത്രയോ രാജവംശങ്ങളുടെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും ഗംഗ സാക്ഷിയായിട്ടുണ്ട്. രാജ്യത്തിന്റെ ആ ഭാഗത്തെ ജനങ്ങൾക്ക് അത് നിരന്തരമായ ശക്തിയുടെയും സമൃദ്ധിയുടെയും ഉറവിടമായിരുന്നു.

ഇപ്പോൾ നാം അതിനെ ഒരു വിഭവമായി കാണുന്ന ഒരു കാലം വന്നിരിക്കുന്നു. ഗംഗയെ ജീവനുള്ള മാതാവായോ ദേവിയായോ കാണുന്ന നിരവധി ആളുകളെ വേദനിപ്പിക്കുന്ന വിധം ഹിമാലയത്തിൽ നാം അതിനെ അണകെട്ടി തടഞ്ഞിരിക്കുന്നു. സമതലങ്ങളിലേക്ക് ഇറങ്ങുമ്പോൾ അത് വൻതോതിൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ഗംഗയെ വീണ്ടും അതിന്റെ കളങ്കമില്ലാത്ത പ്രകൃതത്തിലേക്ക് കൊണ്ടുവരാൻ ചില ആളുകൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. മുപ്പത് വർഷമായി ഞാൻ ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്, മഞ്ഞിന്റെ അളവിൽ വലിയ മാറ്റം വന്നതായി ഞാൻ കാണുന്നു. നിരവധി മഞ്ഞുമൂടിയ കൊടുമുടികൾ ഇപ്പോൾ മഞ്ഞില്ലാതെ വെറും കൂർത്ത, പരുക്കൻ അരികുകൾ മാത്രമായി മാറിയിരിക്കുന്നു. ഗംഗ എന്ന നദിക്ക് ഗുരുതരമായ അപകടം സംഭവിക്കുന്നുണ്ട്, ഗോമുഖിന്റെ തുടക്കത്തിൽ തന്നെ നമുക്ക് വ്യക്തമായി കാണാൻ കഴിയുന്ന വിധം ഹിമപ്പരപ്പ് വേഗത്തിൽ പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. പശുവിന്റെ മുഖം പോലെയായതിനാലാണ് അതിനെ ഗോമുഖ് എന്ന് വിളിക്കുന്നത്. 1981 ആഗസ്റ്റ് മാസത്തിൽ ഞാൻ ആദ്യമായി അവിടെ പോയപ്പോൾ - ഇത് വെറും 15 മുതൽ 20 അടി വരെ വിസ്തൃതിയിൽ തുറന്നിരിക്കുന്ന ഒരു ഭാഗമായിരുന്നു, അതിൽ നിന്ന് വെള്ളം പുറത്തു വന്നുകൊണ്ടിരുന്നു, അത് തീർത്തും ഒരു പശുവിന്റെ വായ പോലെ കാണപ്പെട്ടു. ഇന്ന് അത് 200 അടി വീതിയുള്ള ഒരു ഗുഹയാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഉള്ളിലേക്ക് ഏകദേശം അര മൈൽ വരെ നടന്നുപോകാവുന്ന വിധത്തിൽ.

കാലാവസ്ഥാ വ്യതിയാനം ഗംഗയിൽ ഉണ്ടാക്കുന്ന സ്വാധീനം അസാധാരണമാണ്, ഏതെങ്കിലും സമയത്ത് അത് നദിയുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ജനങ്ങളുടെ ജീവനാഡിയായി എപ്പോഴും നിലകൊണ്ടിരുന്ന ഇന്ത്യയുടെ വടക്കൻ ഭാഗത്തിന് ഇത് ഒരു വലിയ ദുരന്തത്തിന് കാരണമായേക്കാം.

ഗംഗയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം


ഓരോ സംസ്കാരത്തിനും, ഓരോ ജനതയ്ക്കും, ഓരോ നാഗരികതയ്ക്കും അവരുടെ ജീവിതത്തിൽ വ്യത്യസ്തമായ തലത്തിലുള്ള പവിത്രത കൊണ്ടുവരാൻ പ്രചോദനം നൽകുന്ന ചില പ്രതീകങ്ങൾ ആവശ്യമാണ്. ഗംഗ എന്നും ഇത് ചെയ്തുകൊണ്ടിരിക്കുന്നു, കുംഭമേളകളിൽ അതിന്റെ തീരങ്ങളിൽ 8 മുതൽ 10 കോടി വരെ ആളുകൾ ഒത്തുചേരുന്ന മനുഷ്യരുടെ ഏറ്റവും വലിയ സമ്മേളനം നടക്കുന്നു. ഭൂമിയിൽ മറ്റൊരിടത്തും ഇത്തരമൊരു മനുഷ്യസമ്മേളനം നടക്കുന്നില്ല. ഈ പ്രചോദനത്തിന്റെ നട്ടെല്ല് എപ്പോഴും ഗംഗയും ജനങ്ങൾക്ക് അത് പ്രതീകവത്കരിക്കുന്ന ശുദ്ധിയുമായിരുന്നു. ഈ പ്രതീകാത്മകത വളരെ അത്യാവശ്യമാണ്. ഈ നദിയെ സംരക്ഷിക്കുന്നതും ശുദ്ധമായി സൂക്ഷിക്കുന്നതും നമ്മുടെ നിലനിൽപ്പിനും ആവശ്യത്തിനും മാത്രമല്ല, മനുഷ്യ ചൈതന്യത്തെ ഉയർത്തി നിർത്താനും കൂടിയാണ്.

    Share

Related Tags

Get latest blogs on Shiva