സദ്ഗുരു: തലയോട്ടികൾ കോർത്ത മാല ധരിച്ച് ശ്മശാനങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു കഠിന തപസ്വിയും സന്യാസിയുമായിരുന്നു ശിവൻ എന്നാണ് ശിവ പുരാണത്തിൽ പറയുന്നത്. അദ്ദേഹം ഒരു ഭീകര സ്വത്വമായിരുന്നു, ആർക്കും അടുത്തുപോകാൻ ധൈര്യമുണ്ടായിരുന്നില്ല. ദേവന്മാരെല്ലാം ചിന്താകുലരായി, "അദ്ദേഹം ഇങ്ങനെ തുടർന്നാൽ, ക്രമേണ അദ്ദേഹത്തിന്റെ ഊർജ്ജവും സ്പന്ദനങ്ങളും ലോകത്തെ മുഴുവൻ സ്വാധീനിക്കും, എല്ലാവരും സന്യാസികളായിത്തീരും. സാക്ഷാത്കാരത്തിന്റെയും മോക്ഷത്തിന്റെയും കാര്യത്തിൽ ഇത് നല്ലതാണ്, പക്ഷേ ഞങ്ങളുടെ കാര്യം കഷ്ടത്തിലാവും? ഞങ്ങളുടെ ജീവിതം അവസാനിക്കും. ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് ആളുകൾ പ്രാധാന്യം നൽകില്ല. ഞങ്ങളുടെ കളികൾക്ക് കൂടെ നിൽക്കാൻ ആരും ഉണ്ടാവില്ല. അതുകൊണ്ട് നമ്മൾ എന്തെങ്കിലും ചെയ്യണം."
കുറെ നിർബന്ധങ്ങൾക്കൊടുവിൽ, എങ്ങനെയോ അവർ അദ്ദേഹത്തെ സതിയുമായി വിവാഹം കഴിപ്പിച്ചു. ഈ വിവാഹത്തിനു ശേഷം, അദ്ദേഹം ഭാഗികമായി ഗൃഹസ്ഥനായി. ചില നിമിഷങ്ങളിൽ അദ്ദേഹം വളരെ ഉത്തരവാദിത്തമുള്ള ഗൃഹസ്ഥനായിരുന്നു; ചില നിമിഷങ്ങളിൽ ഉത്തരവാദിത്തമില്ലാത്ത മദ്യപനായിരുന്നു; ചില നിമിഷങ്ങളിൽ പ്രപഞ്ചത്തെ ദഹിപ്പിക്കാൻ മാത്രം കോപാകുലനായിരുന്നു; ചില നിമിഷങ്ങളിൽ വളരെ ശാന്തനും പ്രപഞ്ചത്തിന് ആശ്വാസകരവുമായിരുന്നു. അദ്ദേഹം ഇങ്ങനെ മാറിക്കൊണ്ടിരുന്നു.
ലോകത്തിന് ആവശ്യമായ വിധത്തിൽ അദ്ദേഹത്തെ പൂർണ്ണമായി പിടിച്ചുനിർത്താൻ സതിക്ക് കഴിഞ്ഞില്ല. പിന്നീട് സംഭവങ്ങൾ അങ്ങനെ മുന്നോട്ട് പോയി, അവർ ശരീരം ഉപേക്ഷിച്ചു, ശിവൻ വീണ്ടും മുൻപത്തേക്കാൾ കഠിനവും ദൃഢനിശ്ചയവുമുള്ള തപസ്വിയായി മാറി. ഇപ്പോൾ ലോകം മുഴുവനും സന്യാസികളാകുമെന്ന അപകടസാധ്യത കൂടുതലായി, ദേവന്മാർ വളരെ ആകുലരായി.
അവർ അദ്ദേഹത്തെ വീണ്ടും വിവാഹത്തിൽ കുടുക്കാൻ ആഗ്രഹിച്ചു. അങ്ങനെ അവർ ദേവിയെ ആരാധിച്ച് പാർവതിയുടെ രൂപത്തിൽ അവതരിക്കാൻ അപേക്ഷിച്ചു. അവർ പാർവതിയായി ജനിച്ചു, ജീവിതത്തിൽ ഒരേയൊരു ലക്ഷ്യവുമായി - എങ്ങനെയെങ്കിലും ശിവനെ വിവാഹം കഴിക്കണം. അവർ വളർന്നു, പല രീതിയിലും അദ്ദേഹത്തെ ആകർഷിക്കാൻ ശ്രമിച്ചു, പക്ഷേ അതൊന്നും ഫലിച്ചില്ല. പിന്നെ ദേവന്മാർ കാമദേവനെ ഉപയോഗിച്ച് ഒരു വിധത്തിൽ ശിവനെ സ്വാധീനിക്കാൻ ശ്രമിച്ചു, ഒരു ദുർബലമായ നിമിഷത്തിൽ, അദ്ദേഹം വീണ്ടും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ചു. അന്നു മുതൽ തന്നിലെ സന്യാസിയുടെയും ഗൃഹസ്ഥന്റെയും പങ്കുകൾ മികച്ച സന്തുലനത്തോടെയും സമന്വയത്തോടെയും ചെയ്ത് അദ്ദേഹം ജീവിച്ചു.
ശിവൻ പാർവതിക്ക് ആത്മജ്ഞാനം പഠിപ്പിക്കാൻ തുടങ്ങി. ഭ്രാന്തവും അഗാധവുമായ രീതികളിലൂടെ, സ്വയം അറിയുന്നതെങ്ങനെയെന്ന് അദ്ദേഹം അവരെ പഠിപ്പിച്ചു. പാർവതി പരമാനന്ദം പ്രാപിച്ചു. പക്ഷേ, എല്ലാവർക്കും സംഭവിക്കുന്നതുപോലെ, നിങ്ങൾ ഉച്ചകോടിയിലെത്തി താഴേക്ക് നോക്കുമ്പോൾ, ആദ്യം ആനന്ദം നിങ്ങളെ കീഴ്പ്പെടുത്തും; പിന്നീട് കരുണ നിങ്ങളെ കീഴ്പ്പെടുത്തും, നിങ്ങൾ അത് പങ്കുവയ്ക്കാൻ ആഗ്രഹിക്കും. എല്ലാവർക്കും അത് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കും.
മഹാശിവരാത്രി ദിവസമാണ് ശിവനും പാർവതിയും വിവാഹിതരായത്. ആദിയോഗി ഒരു തപസ്വിയായിരുന്നു, അദ്ദേഹം പരമമായ വൈരാഗ്യത്തിൽ നിന്നും ഈ ദിവസം അഭിനിവേശത്തിന്റെ ലോകത്തിലേക്ക് നീങ്ങി, കാരണം കെട്ടുപാടുകളെക്കുറിച്ച് അദ്ദേഹത്തിന് ഭയമില്ലായിരുന്നു; ഈ അഭിനിവേശം അദ്ദേഹത്തിന് ജ്ഞാനത്തിന്റെയും അനുഭൂതിയുടെയും ആഴം പങ്കുവയ്ക്കാനുള്ള മാർഗമായി മാറി.
പാർവതി ലോകത്തേക്ക് നോക്കി ശിവനോട് പറഞ്ഞു, "അങ്ങ് എനിക്ക് പഠിപ്പിച്ചുതന്നത് യഥാർത്ഥത്തിൽ വിസ്മയകരമാണ്, ഇത് എല്ലാവരിലും എത്തിയേ മതിയാകൂ. പക്ഷേ അങ്ങ് എനിക്ക് ഈ അറിവ് പകർന്നുതന്ന രീതിയിൽ, മുഴുവൻ ലോകത്തിനും ഈ അറിവ് പകരാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നു. ലോകത്തിന് നൽകാൻ അങ്ങ് മറ്റൊരു രീതി വികസിപ്പിച്ചേ മതിയാകൂ." അപ്പോഴാണ് ശിവൻ യോഗ സമ്പ്രദായം പ്രചരിപ്പിക്കാൻ തുടങ്ങിയത്. അദ്ദേഹം ഏഴ് ശിഷ്യന്മാരെ തിരഞ്ഞെടുത്തു, അവർ ഇപ്പോൾ സപ്തർഷികളായി ആദരിക്കപ്പെടുന്നു. അന്നുമുതൽ, സ്വയം തിരിച്ചറിയുന്നതിനുള്ള ശാസ്ത്രമായി യോഗ മാറി, എല്ലാവർക്കും പകർന്നു നൽകാൻ കഴിയുന്ന വിധം അത് വളരെ ക്രമബദ്ധവും ശാസ്ത്രീയവുമായി.
അങ്ങനെ ശിവൻ രണ്ട് സമ്പ്രദായങ്ങൾ വികസിപ്പിച്ചു - തന്ത്രയും യോഗയും. അദ്ദേഹം തന്റെ ഭാര്യ പാർവതിക്ക് തന്ത്ര പഠിപ്പിച്ചു. തന്ത്ര വളരെ സ്വകാര്യമാണ്, വളരെ ചെറിയ കൂട്ടങ്ങളിൽ മാത്രമേ ചെയ്യാൻ കഴിയൂ, എന്നാൽ യോഗ വലിയ കൂട്ടങ്ങൾക്ക് പകർന്നു നൽകാൻ കഴിയും. പ്രത്യേകിച്ച് ഇന്ന്, നമ്മുടെ ചുറ്റുമുള്ള ലോകത്തിന് അത് കൂടുതൽ അനുയോജ്യമാണ്. അതുകൊണ്ട് ഇന്നും ശിവൻ യോഗയുടെ ആദ്യ ഗുരു അല്ലെങ്കിൽ ആദി ഗുരുവായി കണക്കാക്കപ്പെടുന്നു.