
സദ്ഗുരു: 'ലിംഗം' എന്ന വാക്കിൻ്റെ അർത്ഥം "രൂപം" എന്നാണ്. പ്രകടമല്ലാത്തത് സ്വയം പ്രകടമാവാൻ തുടങ്ങിയപ്പോൾ, അതായത്, സൃഷ്ടി സംഭവിക്കാൻ തുടങ്ങിയപ്പോൾ, അത് ആദ്യം സ്വീകരിച്ച രൂപം ഒരു ദീർഘഗോളത്തിൻ്റേതായിരുന്നു. ഒരു തികഞ്ഞ ദീർഘഗോളത്തെയാണ് നമ്മൾ ലിംഗം എന്ന് വിളിക്കുന്നത്. സൃഷ്ടി എപ്പോഴും ഒരു ദീർഘഗോളം അഥവാ ലിംഗമായാണ് ആരംഭിച്ചത്, അതിനുശേഷമാണ് അത് പല രൂപങ്ങളായത്. കൂടാതെ, അഗാധമായ ധ്യാനാവസ്ഥയിലേക്ക് കടക്കുമ്പോൾ, കേവലമായ വിലയനത്തിൻ്റെ ഒരു ബിന്ദുവിന് മുമ്പ്, ഊർജ്ജം വീണ്ടും ഒരു ദീർഘഗോളത്തിൻ്റെ അഥവാ ലിംഗത്തിൻ്റെ രൂപം കൈക്കൊള്ളുമെന്ന് നമ്മുടെ അനുഭവത്തിൽ നിന്ന് നമുക്കറിയാം. അതിനാൽ, ആദ്യത്തെ രൂപം ലിംഗമാണ്, അവസാനത്തെ രൂപവും ലിംഗമാണ്.
നീയാണ് ആദ്യജാതൻ
അനന്തമായ ശൂന്യതയുടെ ആദ്യ പ്രകടനം
ഈ ഉല്ലാസകരമായ കുസൃതികൾക്കെല്ലാം
നീയാണ് ഉറവിടമെന്ന് ജ്ഞാനികൾ മനസ്സിലാക്കി
നീയാണ് എല്ലാ വേദനകളുടെയും
സന്തോഷത്തിൻ്റെയും ഉറവിടം
നീയാണ് ഏറ്റവും താഴ്ന്നതും ഏറ്റവും ഉയർന്നതും
ആഹ്, നീ കളിക്കുന്ന കളികൾ
നീ ഉറവിടമായ ഈ അനേകം രൂപങ്ങൾ ഇതോ അതോ അല്ല
നിന്നെയും എന്നെയും കണ്ടെത്താൻ
ഞാൻ സൃഷ്ടിയിലൂടെ ഇഴഞ്ഞു
ഓ' ഈശാന, ഏറ്റവും മഹത്തായ രൂപമേ
നിൻ്റെ വാസസ്ഥലമായതിൽ ഈശ ഭാഗ്യവതിയാണ്
– സദ്ഗുരു
“ആവശ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ലളിതമായ ഒരിടത്തെ, ഒരു കല്ലിൻ്റെ കഷ്ണത്തെ പോലും ദിവ്യ ചൈതന്യമാക്കി മാറ്റാൻ കഴിയും. ഇതാണ് പ്രതിഷ്ഠ എന്ന പ്രതിഭാസം." – സദ്ഗുരു
സദ്ഗുരു: നിങ്ങൾ എനിക്ക് ഒരു വസ്തു, ഉദാഹരണത്തിന് ഒരു കടലാസ് കഷ്ണം തരുകയാണെങ്കിൽ, എനിക്കതിനെ ഉയർന്ന ഊർജ്ജമുള്ളതാക്കി നിങ്ങൾക്ക് തരാൻ കഴിയും. ഞാൻ അതിൽ സ്പർശിക്കുന്നതിന് മുമ്പും ശേഷവും നിങ്ങൾ അത് പിടിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആ വ്യത്യാസം അനുഭവിക്കാൻ കഴിയും, പക്ഷേ ആ കടലാസിന് ഈ ഊർജ്ജം നിലനിർത്താൻ കഴിയില്ല. എന്നാൽ, നിങ്ങൾ ഒരു തികഞ്ഞ ലിംഗരൂപം സൃഷ്ടിക്കുകയാണെങ്കിൽ, അത് ഊർജ്ജത്തിൻ്റെ ശാശ്വതമായ ഒരു കലവറയായി മാറുന്നു. ഒരിക്കൽ നിങ്ങൾ അതിന് ചൈതന്യം നൽകിയാൽ, അത് എന്നേക്കും അങ്ങനെ നിലനിൽക്കും.
'പ്രതിഷ്ഠ' എന്നാൽ ചൈതന്യം നൽകുക എന്നാണ് അർത്ഥം. മന്ത്രങ്ങൾ, ആചാരങ്ങൾ, മറ്റ് പ്രക്രിയകൾ എന്നിവ ഉപയോഗിച്ചുള്ള പ്രതിഷ്ഠയാണ് ഏറ്റവും പ്രചാരമുള്ള പ്രതിഷ്ഠ. മന്ത്രങ്ങളിലൂടെ ഒരു രൂപം പ്രതിഷ്ഠിക്കുകയാണെങ്കിൽ, ആ ദേവനെ സജീവമായി നിലനിർത്താൻ നിരന്തരമായ പരിപാലനവും ആചാരങ്ങളും ആവശ്യമാണ്.
പ്രാണ പ്രതിഷ്ഠ അങ്ങനെയല്ല. മന്ത്രങ്ങളോ ആചാരങ്ങളോ ഇല്ലാതെ, ജീവശക്തിയിലൂടെ ഒരു രൂപം പ്രതിഷ്ഠിക്കപ്പെട്ടാൽ, അത് എന്നേക്കുമായി നിലനിൽക്കും; അതിന് പരിപാലനം ആവശ്യമില്ല. അതുകൊണ്ടാണ് ധ്യാനലിംഗത്തിൽ പൂജകളില്ലാത്തത്; അതിന് ആ പരിപാലനത്തിൻറെ ആവശ്യമില്ല. അത് പ്രാണ പ്രതിഷ്ഠയിലൂടെയാണ് ചൈതന്യവത്താക്കിയിരിക്കുന്നത്. അത് എപ്പോഴും അങ്ങനെയായിരിക്കും. നിങ്ങൾ ലിംഗത്തിൻ്റെ കല്ല് ഭാഗം എടുത്തുമാറ്റിയാലും അത് അങ്ങനെതന്നെ നിലനിൽക്കും. ലോകം മുഴുവൻ അവസാനിച്ചാലും, ആ രൂപം അവിടെത്തന്നെ നിലനിൽക്കും.
സദ്ഗുരു: ലിംഗ നിർമ്മാണത്തിൻ്റെ ശാസ്ത്രം വളരെ വലിയ ഒരനുഭവേദ്യമായ സാധ്യതയാണ്, അത് ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ട്. എന്നാൽ കഴിഞ്ഞ എണ്ണൂറോ തൊള്ളായിരമോ വർഷങ്ങളിൽ, പ്രത്യേകിച്ച് ഭക്തി പ്രസ്ഥാനം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ, ഒരു ക്ഷേത്രം പണിയുന്നതിൻ്റെ ശാസ്ത്രം ഇല്ലാതായി. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം, അവൻ്റെ വികാരമല്ലാതെ മറ്റൊന്നും പ്രധാനമല്ല. അവൻ്റെ മാർഗ്ഗം വികാരമാണ്. അവൻ എല്ലാം ചെയ്യുന്നത് അവൻ്റെ വികാരത്തിൻ്റെ ശക്തിയിൽ നിന്നാണ്. അതിനാൽ അവർ ശാസ്ത്രത്തെ മാറ്റിനിർത്തുകയും അവർക്കിഷ്ടമുള്ള രീതിയിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. ഇതൊരു പ്രണയബന്ധം പോലെയാണ്, നിങ്ങൾക്കറിയാമോ? ഒരു ഭക്തന് അവനിഷ്ടമുള്ളതെന്തും ചെയ്യാം. അവന് എന്തും ന്യായമാണ്, കാരണം അവനുള്ള ഒരേയൊരു കാര്യം അവൻ്റെ വികാരത്തിൻ്റെ ശക്തിയാണ്. ഇതുകാരണം, ലിംഗങ്ങൾ ഉണ്ടാക്കുന്നതിൻ്റെ ശാസ്ത്രം ദുർബലമായി. അല്ലാത്തപക്ഷം, ഇതൊരു വളരെ ആഴത്തിലുള്ള ശാസ്ത്രമായിരുന്നു. ഇതൊരു വളരെ ആത്മനിഷ്ഠമായ ശാസ്ത്രമാണ്; അത് ഒരിക്കലും എഴുതിവെച്ചിട്ടില്ല, കാരണം എഴുതിവെച്ചാൽ അത് പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെടും. ഈ ശാസ്ത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ തന്നെ നിരവധി ലിംഗങ്ങൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സദ്ഗുരു: യോഗയിലെ ഏറ്റവും അടിസ്ഥാനപരമായ സാധനയാണ് ഭൂതശുദ്ധി. പ്രകൃതിയിലെ അഞ്ച് മൂലകങ്ങളാണ് പഞ്ചഭൂതങ്ങൾ. നിങ്ങളെത്തന്നെ നോക്കിയാൽ, നിങ്ങളുടെ ഭൗതിക ശരീരം അഞ്ച് മൂലകങ്ങളാൽ നിർമ്മിതമാണ്. അവ ഭൂമി, അഗ്നി, കാറ്റ്, ജലം, ആകാശം എന്നിവയാണ്. അവ ഒരു പ്രത്യേക രീതിയിൽ ഒരുമിച്ചുചേർന്നാണ് ശരീരമായി മാറുന്നത്. ആത്മീയ പ്രക്രിയ എന്നാൽ ഭൗതികമായതിനും അഞ്ച് മൂലകങ്ങൾക്കും അപ്പുറത്തേക്ക് പോവുക എന്നതാണ്. നിങ്ങൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ഈ മൂലകങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. അവയെ മറികടക്കാൻ, യോഗയുടെ അടിസ്ഥാന പരിശീലനത്തിൽ ഭൂതശുദ്ധി എന്ന ഒന്നുണ്ട്. മുൻപ് പറഞ്ഞ ഓരോ മൂലകത്തിനും, അതിൽ നിന്ന് മുക്തനാകാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക പരിശീലനമുണ്ട്.
ദക്ഷിണേന്ത്യയിൽ, അഞ്ച് ഗംഭീരമായ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു, ഓരോന്നിലും പഞ്ചഭൂതങ്ങളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്ന ഒരു ലിംഗം ഉണ്ട്. ജലം എന്ന മൂലകത്തിനായി സാധന ചെയ്യണമെങ്കിൽ, നിങ്ങൾ തിരുവാനൈക്കാവലിലേക്ക് പോകുക. ആകാശത്തിനായി ചിദംബരം; വായുവിനായി കാളഹസ്തി; ഭൂമിക്കായി കാഞ്ചീപുരം; അഗ്നിക്കായി തിരുവണ്ണാമല.
ഈ ക്ഷേത്രങ്ങൾ ആരാധനയ്ക്കുവേണ്ടിയല്ല, സാധനയ്ക്കുവേണ്ടിയുള്ള സ്ഥലങ്ങളായാണ് സൃഷ്ടിക്കപ്പെട്ടത്.
സദ്ഗുരു: ആയിരക്കണക്കിന് വർഷങ്ങളായി, മുഴുവൻ ജനങ്ങളും മനുഷ്യൻ്റെ ആത്യന്തികമായ നന്മയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ ഗ്രഹത്തിലെ ചുരുക്കം ചില സംസ്കാരങ്ങളിൽ ഒന്നാണ് ഇന്ത്യൻ സംസ്കാരം. നിങ്ങൾ ഇന്ത്യയിൽ ജനിച്ച നിമിഷം, നിങ്ങളുടെ ജീവിതം നിങ്ങളുടെ ബിസിനസ്സിനോ, ഭാര്യക്കോ, ഭർത്താവിനോ, കുടുംബത്തിനോ വേണ്ടിയായിരുന്നില്ല; നിങ്ങളുടെ ജീവിതം മുക്തിക്ക് വേണ്ടിയായിരുന്നു. സമൂഹം മുഴുവൻ ഇത്തരത്തിലാണ് ചിട്ടപ്പെടുത്തിയിരുന്നത്.
ഈ പശ്ചാത്തലത്തിൽ, പലതരം ശക്തമായ ഉപകരണങ്ങൾ ഈ സംസ്കാരത്തിൽ സൃഷ്ടിക്കപ്പെട്ടു. ഈ ദിശയിലേക്കുള്ള വളരെ ശക്തമായ ഉപകരണങ്ങളായാണ് ജ്യോതിർലിംഗങ്ങൾ സൃഷ്ടിക്കപ്പെട്ടത്. അത്തരം രൂപങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കുന്നത് ഒരു ശക്തമായ അനുഭവമാണ്.
ജ്യോതിർലിംഗങ്ങൾക്ക് അതിയായ ശക്തിയുണ്ട്, കാരണം അവ മനുഷ്യൻ്റെ കഴിവുകൾ ഉപയോഗിച്ച് മാത്രമല്ല, പ്രകൃതിയുടെ ശക്തികൾ ഉപയോഗിച്ചും ഒരു പ്രത്യേക രീതിയിലാണ് സൃഷ്ടിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മാത്രമേയുള്ളൂ. അവ ചില ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലങ്ങൾ പ്രപഞ്ചത്തിലെ ചില ശക്തികൾക്ക് വിധേയമാണ്. വർഷങ്ങൾക്കു മുൻപ്, ഒരു പ്രത്യേക തലത്തിലുള്ള അവബോധമുള്ള ആളുകൾ ഈ ഇടങ്ങളെ വളരെ ശ്രദ്ധാപൂർവ്വം അളക്കുകയും ആകാശ ചലനമനുസരിച്ച് ആ പോയിൻ്റുകൾ ഉറപ്പിക്കുകയും ചെയ്തു.
ചില ജ്യോതിർലിംഗങ്ങൾ ഇപ്പോൾ "സജീവമല്ല", എങ്കിലും അവയിൽ പലതും ഇപ്പോഴും വളരെ ശക്തമായ ഉപകരണങ്ങളാണ്.
സദ്ഗുരു: 'ശി-വ' എന്നതിൻ്റെ അക്ഷരാർത്ഥം "ഇല്ലാത്തത്" അഥവാ 'നോ-തിങ്' എന്നാണ്. ആ ഹൈഫൺ പ്രധാനമാണ്. വിശാലമായ 'ഇല്ലാത്തതിൻ്റെ' മടിത്തട്ടിലാണ് സൃഷ്ടി സംഭവിച്ചത്. ആറ്റത്തിൻ്റെയും പ്രപഞ്ചത്തിൻ്റെയും 99%ത്തിൽ കൂടുതലും, വാസ്തവത്തിൽ, ശൂന്യതയാണ് - കേവലം 'നോ-തിങ്'. 'കാല' എന്ന വാക്കിന് സമയം എന്നും സ്ഥലം എന്നും അർത്ഥമുണ്ട്. ശിവൻ്റെ വ്യക്തിരൂപങ്ങളിൽ ഒന്നാണ് കാലഭൈരവൻ. കാലഭൈരവൻ ഇരുട്ടിൻ്റെ ഒരു ഊർജ്ജസ്വലമായ അവസ്ഥയാണ്, എന്നാൽ അദ്ദേഹം പൂർണ്ണമായും നിശ്ചലനാകുമ്പോൾ, അദ്ദേഹം ആത്യന്തികമായ സമയയന്ത്രമായ മഹാകാലനായി മാറുന്നു.
ഉജ്ജയിനിലെ മഹാകാല ക്ഷേത്രം അവിശ്വസനീയമാംവിധം പ്രതിഷ്ഠിക്കപ്പെട്ട ഒരിടമാണ്, ഈ ശക്തമായ ആവിഷ്കാരം തീർച്ചയായും ധൈര്യമില്ലാത്തവർക്കുള്ളതല്ല. തീവ്രവും ശക്തവുമാണ് ഈ രൂപം, പരമമായ മോക്ഷം തേടുന്ന എല്ലാവർക്കും അത് ലഭ്യമാക്കുന്നു - നാം മനസ്സിലാക്കുന്ന സമയത്തിൻ്റെ വിനാശം.
ലോകത്തെവിടെയുമുള്ള ആത്മീയ പ്രക്രിയ എപ്പോഴും ഭൗതികമായതിനെ മറികടക്കുന്നതാണ്, കാരണം ആകാരം കാലചക്രങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് കാലഭൈരവനെ അജ്ഞതയെ നശിപ്പിക്കുന്നവനായി കാണുന്നു: ജനനം, മരണം, ഉണ്ടായിരിക്കൽ, ഇല്ലാതിരിക്കൽ എന്നി നിർബന്ധിത ചക്രങ്ങളെ തകർക്കുന്നവൻ.
സദ്ഗുരു: ഒരു അതിരുകളില്ലാത്ത മാനത്തെക്കുറിച്ചോ, ഭൗതിക പ്രകൃതിക്ക് അതീതമായ ഒന്നിനെക്കുറിച്ചോ സംസാരിക്കാത്ത ജ്ഞാനോദയം ലഭിച്ച ഒരാളും ഉണ്ടായിട്ടില്ല. ഒരേയൊരു വ്യത്യാസം, അവർ അത് അവരുടെ പ്രദേശത്തെ ഭാഷയിലും പ്രതീകാത്മകതയിലും പ്രകടിപ്പിച്ചു എന്നതാണ്.
എങ്കിലും, കഴിഞ്ഞ 1500 വർഷങ്ങളിലെ വളരെ ക്രൂരമായ രീതിയിലുള്ള മതപ്രചാരണം കാരണം, പുരാതന മെസൊപ്പൊട്ടേമിയൻ നാഗരികത, മധ്യേഷ്യൻ നാഗരികതകൾ, വടക്കൻ ആഫ്രിക്കൻ നാഗരികതകൾ എന്നിവ പോലുള്ള മുൻകാലങ്ങളിലെ മഹത്തായ സംസ്കാരങ്ങളിൽ പലതും അപ്രത്യക്ഷമായി. അതുകൊണ്ട് അവ ഇപ്പോൾ അത്ര ദൃശ്യമല്ല, പക്ഷേ നിങ്ങൾ ചരിത്രത്തിലേക്ക് ആഴത്തിൽ നോക്കുകയാണെങ്കിൽ, അത് എല്ലായിടത്തും ഉണ്ടായിരുന്നു. അങ്ങനെ, കുറെയൊക്കെ, മിസ്റ്റിക് ശാസ്ത്രങ്ങൾ എല്ലാ സംസ്കാരങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 1500 വർഷങ്ങളിൽ, ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അവ വലിയ തോതിൽ നഷ്ടപ്പെട്ടു.
സ്വാഭാവികമായി രൂപം കൊള്ളുന്ന ലിംഗങ്ങളെ സ്വയംഭൂ-ലിംഗങ്ങൾ എന്ന് വിളിക്കുന്നു. വടക്കൻ സംസ്ഥാനമായ ജമ്മുവിലെ അമർനാഥിൽ ഒരു ഗുഹയുണ്ട്. ഗുഹയ്ക്കുള്ളിൽ, ഓരോ വർഷവും ഒരു ശിവലിംഗം മഞ്ഞിൽ രൂപം കൊള്ളുന്നു. ഗുഹയുടെ മേൽക്കൂരയിൽ നിന്ന് ഇറ്റിറ്റുവീഴുന്ന സ്റ്റാലാഗ്മൈറ്റ് സ്വാഭാവികമായി രൂപം കൊള്ളുന്നതാണ് ഈ ലിംഗം. ഗുഹയുടെ മുകളിൽ നിന്ന് ജലത്തുള്ളികൾ സാവധാനം ഊർന്നിറങ്ങുകയും താഴെ വീഴുമ്പോൾ മഞ്ഞുകട്ടയായി മാറുകയും ചെയ്യുന്നത് കാണുന്നത് ഏറെ വിസ്മയകരമാണ്.
ചില ലിംഗങ്ങൾ പാറ, മരം, അല്ലെങ്കിൽ രത്നങ്ങൾ എന്നിവയിൽ കൊത്തിയെടുത്തവയാണ്; മറ്റ് ചിലവ കളിമണ്ണ്, മണൽ അല്ലെങ്കിൽ ലോഹം എന്നിവയിൽ വാർത്തെടുത്തവയാണ്. ഇവയാണ് പ്രതിഷ്ഠിത-ലിംഗങ്ങൾ. പല ലിംഗങ്ങളെയും ഒരു ലോഹ ഉറ കൊണ്ട് മൂടുകയും ഒരു മുഖം നൽകുകയും ചെയ്യുന്നു, അതുവഴി ഭക്തന് അതുമായി നന്നായി ബന്ധപ്പെടാൻ കഴിയും. ഇവയാണ് മുഖലിംഗങ്ങൾ. ചിലതിൽ ശിവൻ്റെ മുഴുവൻ രൂപവും ഉപരിതലത്തിൽ കൊത്തിവച്ചിട്ടുണ്ട്.
ലിംഗങ്ങൾ പൗരുഷത്തിൻ്റെയും സ്ത്രീത്വത്തിൻ്റെയും സംയോജനത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്ത്രീത്വമുള്ള അടിത്തറയെ ഗൗരീപീഠം അല്ലെങ്കിൽ ആവുഡയാർ എന്ന് പറയുന്നു. ലിംഗവും അടിത്തറയും ഒരുമിച്ച് ശിവൻ്റെയും ശക്തിയുടെയും, പൗരുഷത്തിൻ്റെയും സ്ത്രീത്വത്തിൻ്റെയും ഊർജ്ജങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കുന്നു.
യോഗ കൈകാര്യം ചെയ്യുന്ന ഊർജ്ജാവസ്ഥകൾ പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ വരാത്തതിനാൽ, ഈ ആന്തരിക അവസ്ഥകൾ അനുഭവിക്കാൻ സാധാരണയായി ഒരു ഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. പല ബന്ധങ്ങളും മാനസികവും വൈകാരികവും ശാരീരികവുമായ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ ഗുരു-ശിഷ്യ ബന്ധം അതുല്യമാണ്, കാരണം ഇത് ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആധുനിക ശാസ്ത്രം, പഞ്ചേന്ദ്രിയങ്ങളിലുള്ള അതിൻ്റെ പൂർണ്ണമായ ആശ്രിതത്വം കാരണം, ഗവേഷണത്തിനോ അന്വേഷണത്തിനോ ഉള്ള പ്രക്രിയയിൽ ഒരു അനുഭവപരമായ അല്ലെങ്കിൽ യുക്തിപരമായ സമീപനത്തിന് പ്രാധാന്യം നൽകി, മനുഷ്യ മനസ്സിൻ്റെ സാധാരണ കഴിവുകളിലേക്ക് സ്വയം ഒതുങ്ങി. ആധുനിക വിദ്യാഭ്യാസവും ഈ സമീപനത്തെ പ്രതിധ്വനിച്ചു, വ്യക്തിയുടെ ഗ്രഹണശേഷിയെ അവഗണിക്കുകയും നിസ്സാരമാക്കുകയും ചെയ്തു. ഈ കാഴ്ചപ്പാടിൽ, യുക്തിക്ക് അതീതമായ ഉൾക്കാഴ്ച ഒരു ഗുരുവിന് ഉണ്ടാകാനുള്ള കഴിവിനെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു. എന്നിട്ടും, ചരിത്രത്തിലുടനീളം, അന്വേഷകൻ വീണ്ടും വീണ്ടും ഒരു ഗുരുവിനടുത്തേക്ക് അന്തർജ്ഞാനത്തോടെ ആകർഷിക്കപ്പെട്ടിട്ടുണ്ട്. ആത്മീയ മാർഗ്ഗനിർദ്ദേശത്തിനായുള്ള ഈ താൽപ്പര്യം നിറവേറ്റുന്നതിനായി, ചില ദീർഘവീക്ഷണമുള്ള ഗുരുക്കന്മാർ ഗുരുവിൻ്റെ സാന്നിധ്യത്തെയും ഊർജ്ജത്തെയും പകർത്തുന്ന ഊർജ്ജ കേന്ദ്രങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ധ്യാനലിംഗം ഗുരുവിൻ്റെ പൂർണ അവതാരമാണ്. അത് യോഗശാസ്ത്രങ്ങളുടെ അന്തർലീനമായ സത്തയാണ്, പരമമായ നിലയിലുള്ള ആന്തരിക ഊർജ്ജങ്ങളുടെ പ്രകടനമാണ്.
ബ്രഹ്മാവും വിഷ്ണുവും ഒരിക്കൽ അഗ്നിയുടെ ഒരു മഹത്തായ സ്തംഭം കണ്ടുമുട്ടിയെന്ന് പറയപ്പെടുന്നു. ഈ അനന്തമായ പ്രകാശ സ്തംഭത്തിൽ നിന്ന് 'ഓം' എന്ന ശബ്ദം പുറപ്പെട്ടു. ഭയചകിതരായ അവർ അന്വേഷിക്കാൻ തീരുമാനിച്ചു. ഒരു അരയന്നത്തിൻ്റെ രൂപം സ്വീകരിച്ച്, ബ്രഹ്മാവ് അതിൻ്റെ കൊടുമുടി തേടി നീലാകാശത്തേക്ക് ഉയർന്നു. ഒരു കാട്ടുപന്നിയുടെ രൂപം സ്വീകരിച്ച്, വിഷ്ണു അതിൻ്റെ അടിത്തട്ട് തേടി പ്രപഞ്ചത്തിൻ്റെ ആഴങ്ങളിലേക്ക് തുരന്നുപോയി.
ഇരുവരും പരാജയപ്പെട്ടു. കാരണം ഈ പ്രപഞ്ച സ്തംഭം ശിവൻ തന്നെയായിരുന്നു. അളക്കാൻ കഴിയാത്തതിനെ എങ്ങനെ അളക്കാൻ കഴിയും? വിഷ്ണു തിരികെ വന്നപ്പോൾ അദ്ദേഹം തൻ്റെ പരാജയം സമ്മതിച്ചു. എന്നിരുന്നാലും, പരാജയം സമ്മതിക്കാൻ ആഗ്രഹിക്കാതെ, ബ്രഹ്മാവ് താൻ കൊടുമുടിയിൽ എത്തി എന്ന് വീമ്പിളക്കി. തെളിവായി, താൻ മുകളിൽ കണ്ടെത്തി എന്ന് അവകാശപ്പെട്ട ഒരു വെള്ള കേതകി പുഷ്പം അദ്ദേഹം സമർപ്പിച്ചു.
നുണ പറഞ്ഞ ഉടൻ, ആദിയോഗിയായി (ആദ്യത്തെ യോഗി) ശിവൻ പ്രത്യക്ഷപ്പെട്ടു. രണ്ട് ദൈവങ്ങളും അദ്ദേഹത്തിൻ്റെ കാൽക്കൽ വീണു. ഈ കള്ളത്തിന്, ബ്രഹ്മാവിന് ഇനി ആരാധനയ്ക്കുള്ള അവകാശം നിഷേധിക്കുമെന്ന് ശിവൻ പ്രഖ്യാപിച്ചു. ഈ ചതിക്ക് കൂട്ടുനിന്നതിലൂടെ ആ പുഷ്പത്തിനും പ്രാധാന്യം നഷ്ടപ്പെട്ടു. അതുകൊണ്ട് ആദിയോഗി അതിനുശേഷം അതിനെ ഒരു വഴിപാടായി സ്വീകരിക്കാൻ വിസമ്മതിച്ചു. എന്നിരുന്നാലും, മഹാശിവരാത്രിയുടെ പുണ്യരാത്രിയിൽ അതിന് ഒരു ഒരപവാദം അനുവദിച്ചു. ഇന്നും, വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായ, അഗാധമായ ആത്മീയ സാധ്യതയുള്ള രാത്രിയായി കണക്കാക്കുന്ന ഈ രാത്രിയിൽ മാത്രമാണ് വെള്ള കേതകി പുഷ്പം ആരാധനയ്ക്കായി സമർപ്പിക്കുന്നത്.
"ധ്യാനലിംഗത്തിൻ്റെ മണ്ഡലത്തിൽ ഏതാനും മിനിറ്റുകൾ നിശബ്ദമായി ഇരിക്കുന്നത് പോലും, ധ്യാനത്തെക്കുറിച്ച് അറിയാത്തവർക്ക് പോലും അഗാധമായ ധ്യാനാവസ്ഥ അനുഭവിക്കാൻ പര്യാപ്തമാണ്." – സദ്ഗുരു
സംസ്കൃതത്തിൽ "ധ്യാന" എന്നാൽ "ധ്യാനം" എന്നും "ലിംഗ" എന്നാൽ "രൂപം" എന്നുമാണ് അർത്ഥം. സദ്ഗുരു തൻ്റെ സ്വന്തം ജീവശക്തി ഉപയോഗിച്ച് പ്രാണപ്രതിഷ്ഠ എന്ന നിഗൂഢമായ പ്രക്രിയയിലൂടെ ലിംഗത്തിന് അതിൻ്റെ പരമോന്നത നിലയിൽ ചൈതന്യം നൽകി. ഈ പ്രക്രിയയിൽ, എല്ലാ ഏഴ് ചക്രങ്ങളും (ശരീരത്തിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ) അതിൻ്റെ പരമോന്നത നിലയിൽ ചൈതന്യവത്താക്കുകയും ഉറപ്പിക്കുകയും ചെയ്തു, ഇത് ഏറ്റവും ഉയർന്ന അല്ലെങ്കിൽ ഏറ്റവും പരിണമിച്ച ഒരു വ്യക്തിയുടെ ഊർജ്ജ ശരീരത്തിന് സമാനമാക്കി.
ആരാധനയോ പ്രാർത്ഥനയോ ആവശ്യമില്ലാത്ത ഈ ധ്യാനകേന്ദ്രം എല്ലാ മതങ്ങളെയും ഒരു പൊതു ഉറവിടത്തിൻ്റെ പ്രകടനങ്ങളായി അംഗീകരിക്കുന്നു.
നീ എൻ്റെ ഗുരുവിൻ്റെ ഇച്ഛയാണ്
എൻ്റെ ഏക അഭിനിവേശം
എൻ്റെ സ്വപ്നങ്ങളിലും ഉണർവ്വിലും നിന്നെ
പൂർത്തീകരിക്കുക എന്നതായിരുന്നു എൻ്റെ ഏക ആഗ്രഹം
മനുഷ്യർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ
എന്തും ചെയ്യാൻ തയ്യാറായിരുന്നു
എന്നെത്തന്നെയും ആവശ്യമെങ്കിൽ മറ്റൊരു നൂറ്
ജീവിതങ്ങളെയും അർപ്പിക്കാൻ തയ്യാറായിരുന്നു
ഇതാ ഇപ്പോൾ നീ സംഭവിച്ചിരിക്കുന്നു ഓ' മഹത്വമേ
നിൻ്റെ മഹത്വവും കൃപയും ഉറങ്ങിക്കിടക്കുന്ന
ജനക്കൂട്ടത്തെ ഉണർവ്വിലേക്കും
പ്രകാശത്തിലേക്കും ഉണർത്തട്ടെ
ഇപ്പോൾ നീ സംഭവിച്ചിരിക്കുന്നു
ജീവൻ എന്ന സമ്മാനം ഇപ്പോഴും എന്നോടൊപ്പമുണ്ട്
ഞാൻ എന്നെക്കൊണ്ട് എന്തുചെയ്യണം
കൊടുമുടികളിൽ വളരെക്കാലം ജീവിച്ചു
ജീവിതത്തിൻ്റെ താഴ്വരകളിൽ മേയാനുള്ള സമയമായി.
– സദ്ഗുരു
സദ്ഗുരു: ഊർജ്ജ സംവിധാനത്തിൻ്റെ സംഗമസ്ഥാനമാണ് ചക്രങ്ങൾ, അവിടെ പ്രാണൻ വഹിക്കുന്ന നാഡികൾ ഒത്തുചേർന്ന് ഒരു ഊർജ്ജ ചുഴലി സൃഷ്ടിക്കുന്നു. നൂറ്റിപ്പതിനാല് ചക്രങ്ങളുണ്ട്, എന്നാൽ പൊതുവായി, നമ്മൾ "ചക്രങ്ങൾ" എന്ന് പറയുമ്പോൾ, ജീവിതത്തിൻ്റെ ഏഴ് മാനങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് പ്രധാന ചക്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. അവ ഏഴ് പ്രധാന ട്രാഫിക് ജംഗ്ഷനുകൾ പോലെയാണ്.
ഇപ്പോൾ, ഇന്ത്യയിലെ മിക്ക ലിംഗങ്ങളും ഒന്നോ രണ്ടോ ചക്രങ്ങളെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഈശ യോഗാ സെൻ്ററിലെ ധ്യാനലിംഗത്തിൻ്റെ പ്രത്യേകത, എല്ലാ ഏഴ് ചക്രങ്ങൾക്കും ചൈതന്യം നൽകുകയും അവയെ പരമോന്നത നിലയിൽ സ്ഥാപിക്കുകയും ചെയ്തു എന്നതാണ്. ഊർജ്ജത്തെ എടുത്ത് വളരെ ഉയർന്ന തീവ്രതയിലേക്ക് ഉയർത്തുകയാണെങ്കിൽ, ഒരു പ്രത്യേക ബിന്ദു വരെ മാത്രമേ അതിന് രൂപം നിലനിർത്താൻ കഴിയൂ. അതിനപ്പുറം അത് അരൂപമായി മാറും. അത് അരൂപമായി മാറിയാൽ, ആളുകൾക്ക് അത് അനുഭവിക്കാൻ കഴിയില്ല. ഊർജ്ജത്തെ രൂപമില്ലാത്ത ഒരു ബിന്ദുവിന് തൊട്ടുമുമ്പുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് തള്ളിക്കൊണ്ടുപോയി, ആ ബിന്ദുവിൽ അതിനെ ക്രിസ്റ്റലൈസ് ചെയ്യുക - ഇങ്ങനെയാണ് ധ്യാനലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
