കർമ്മം ഉൾക്കൊള്ളലുമായി വൈരുധ്യത്തിലാണോ?
കാർമ്മിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം എന്ന ലക്ഷ്യം, ഉൾക്കൊള്ളാനും ഇടപഴകാനുമുള്ള ഒരാളുടെ കഴിവുമായി വൈരുധ്യത്തിലാണോ എന്ന് കങ്കണ റണാവത്ത് ആരാഞ്ഞപ്പോൾ, സദ്ഗുരു മറുപടി നൽകുന്നു…

കങ്കണ റണാവത്ത്: സദ്ഗുരു, നമ്മൾ കർമ്മ ബന്ധനങ്ങൾ തകർക്കാൻ ശ്രമിക്കണമെന്ന് അങ്ങ് പറയുന്നു, എന്നാൽ അതേസമയം നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉൾപ്പെടാനും സമഗ്രമായി ഇടപെടാനും ആളുകളെ അങ്ങ് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് കാര്യങ്ങൾക്ക് എങ്ങനെ ഒരുമിച്ച് പോകാൻ കഴിയും?
സദ്ഗുരു: നമസ്കാരം, കങ്കണ. ഈ രണ്ട് കാര്യങ്ങളിൽ എന്താണ് വൈരുദ്ധ്യമായി താങ്കൾ കാണുന്നത്? കർമ്മം എന്നാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും - ഭൗതികവും മാനസികവും വൈകാരികവും ഊർജ്ജപരവുമായ പ്രവർത്തനങ്ങളുടെ - അവശേഷിക്കുന്ന ഓർമ്മകളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ സൃഷ്ടിക്കുന്ന ഒരു തരം അബോധ സോഫ്റ്റ്‌വെയറാണിത്. വിവിധ തലങ്ങളിൽ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു നിശ്ചിത അളവിലുള്ള ഓർമ്മയാണിത്.
ശാരീരിക ഓർമ്മയും, മാനസിക ഓർമ്മയും, വൈകാരിക ഓർമ്മയും, ഊർജ്ജതലത്തിലുള്ള ഓർമ്മയും ഉണ്ട്, നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയും. ഓർമ്മ, എത്ര തന്നെയുണ്ടെങ്കിലും, പരിമിതമാണ്. ഇതൊരു പരിമിതമായ അതിർത്തിയാണ്.
<pഅതുകൊണ്ട് കർമ്മം പരിമിതമായ ഒരു അതിർത്തിയാണ്, എന്നാൽ ആ പരിമിതമായ അതിർത്തികൾക്കുള്ളിൽ, കർമ്മം വളരെ ഉപയോഗപ്രദമാണ്. അത് പല കാര്യങ്ങളെയും സുഗമമാക്കുന്നു. ഇത് നിങ്ങളെ തികച്ചും യാന്ത്രികമാക്കുന്നു, അതിനാൽ നിങ്ങൾക്ക് ധാരാളം കാര്യങ്ങളോട് അനായാസം പ്രതികരിക്കാൻ കഴിയും.
എന്നിരുന്നാലും, നിങ്ങൾ വികസിക്കാൻ ആഗ്രഹിക്കുമ്പോൾ, അതിർത്തി ഒരു പ്രശ്നമായി മാറുന്നു. ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ വീടിന് ചുറ്റും വെറുമൊരു അതിർത്തി വരച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങൾക്ക് വികസിക്കപ്പിണമെങ്കിൽ വളരെ എളുപ്പമാണ് - നിങ്ങൾ അതിന് പുറത്തേക്ക് കടന്നാൽ മതി. എന്നാൽ നിങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും ചില ഭീഷണികളുണ്ടെന്ന് കരുതുക, അതിനാൽ നിങ്ങൾ നിങ്ങൾക്ക് ചുറ്റും ഒരു കനത്ത കോട്ട പണിതു.
ഭീഷണികൾ ഉള്ളപ്പോൾ നിങ്ങൾ സുരക്ഷിതത്വം ആഗ്രഹിക്കും. എന്നാൽ നിങ്ങളുടെ ജീവിതത്തിന് ഒരു തരത്തിലുമുള്ള ഭീഷണിയുമില്ലെങ്കിൽ, നിങ്ങൾ സ്വാഭാവികമായി വികസിക്കാൻ ആഗ്രഹിക്കും. നിങ്ങൾ വികസിക്കാൻ ആഗ്രഹിക്കുമ്പോൾ, അതിർത്തി വിപുലീകരിക്കാൻ വേണ്ടി ആ വലിയ കോട്ടമതിൽ നീക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകുന്നു. മിക്കവാറും, മതിലുള്ളത് കൊണ്ട് മാത്രം നിങ്ങൾ വികസിക്കില്ല.
അതുപോലെ തന്നെ, കാർമ്മികമായ ഓർമ്മ നിങ്ങൾ സ്ഥാപിച്ച ഒരു തരം മതിലാണ്. നിങ്ങൾ അത് അയവുള്ളതാക്കി നിങ്ങളുടെ ഘടനയിലേക്ക് എല്ലാത്തിനെയും ഉൾക്കൊള്ളണം. ഉൾക്കൊള്ളുക എന്നാൽ എല്ലാവരോടും സൗഹൃദപരമായി പെരുമാറുക എന്നല്ല. സൃഷ്ടിയുടെ പ്രകൃതം തന്നെ ഉൾക്കൊള്ളുക എന്നതാണ്.
നിങ്ങൾ ഇവിടെ നിലനിൽക്കുമ്പോൾ, മരം നിശ്വസിക്കുന്നതു നിങ്ങൾ ശ്വസിക്കുന്നു. നിങ്ങൾ നിശ്വസിക്കുന്നതു മരം ശ്വസിക്കുന്നു. എന്നാൽ മിക്ക മനുഷ്യർക്കും ഈ കൈമാറ്റം നടക്കുന്നതിനെ കുറിച്ചറിയില്ല . ഈ കൈമാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെങ്കിൽ, ഇവിടെ ഇരുന്ന് ശ്വസിക്കുന്ന അനുഭവം തന്നെ പൂർണ്ണമായും വിസ്മയകരവും ആനന്ദകരവുമായിരിക്കും. നിങ്ങൾ അബോധാവസ്ഥയിലാണെങ്കിൽ, മരം പുറത്തുവിടുന്ന ഓക്സിജൻ നിങ്ങളെ പോഷിപ്പിക്കുന്നുണ്ടെങ്കിലും, നിങ്ങൾ ആ അനുഭവം നഷ്ടപ്പെടുത്തുകയാണ്.
ഉൾക്കൊള്ളുക എന്നാൽ നിങ്ങൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നർത്ഥമില്ല. നിങ്ങൾ സൃഷ്ടിയുടെ സ്വഭാവത്തെക്കുറിച്ച് ബോധവാനായി എന്ന് മാത്രം. മരത്തിനും മണ്ണിനും സംഭവിക്കുന്നത് നിങ്ങൾക്കും സംഭവിക്കുന്നു. "ഞാൻ" എന്ന് നിങ്ങൾ കരുതുന്നത് യഥാർത്ഥത്തിൽ നിങ്ങൾ നടക്കുന്ന മണ്ണ് മാത്രമാണ്. അതുകൊണ്ട് ഉൾക്കൊള്ളുക എന്നത് നിങ്ങൾ ചെയ്യേണ്ട എന്തെങ്കിലുമല്ല. സൃഷ്ടിയുടെ സ്വഭാവം തന്നെയാണ് ഉൾക്കൊള്ളൽ - നിങ്ങൾ അതിനെക്കുറിച്ച് ബോധവാനാകണം എന്നു മാത്രം. കർമ്മം നിങ്ങളുടെ വ്യക്തിപരമായ അസ്തിത്വത്തിന്റെ പ്രകൃതമാണ്. നിങ്ങളുടെ കാർമ്മിക അതിർത്തികളുടെ പരിമിതികളെക്കുറിച്ച് നിങ്ങൾ ബോധവാനാകണം. ഈ അവബോധം വരുമ്പോൾ, ബാക്കിയെല്ലാം ജീവിതം തന്നെ കൈകാര്യം ചെയ്യും.