കർമ്മം എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു?
സദ്ഗുരു കർമ്മത്തിന്റെ അർത്ഥം പര്യവേക്ഷണം ചെയ്യുന്നു, അതിനെ ഒരു നിശ്ചിത അളവിലുള്ള വിവരങ്ങൾ എന്ന് നിർവചിക്കുന്നു, തുടർന്ന് വിവിധ തരം കർമ്മങ്ങളെയും നമ്മുടെ ജീവിതത്തിൽ കർമ്മത്തിന്റെ പങ്കിനെയും കുറിച്ച് വിശദീകരിക്കുന്നു.

Pre-order Sadhguru's new book - Karma: A Yogi's Guide to Crafting Your Destiny
ഉള്ളടക്കം |
---|
1. കർമ്മം എന്താണ്? |
2. വ്യത്യസ്ത തരം കർമ്മങ്ങൾ |
2-1. സഞ്ചിത കർമ്മം |
2-2. പ്രാരാബ്ധ കർമ്മം |
3. കർമ്മത്തിൽ നിന്ന് മോചനം നേടുക! |
4.ആധ്യാത്മികതയും കർമ്മവും |
എന്താണ് കർമ്മം?
സദ്ഗുരു:നിങ്ങൾ "എന്റെ ജീവിതം" എന്ന് വിളിക്കുന്നത് ഒരു നിശ്ചിത അളവിലുള്ള വിവരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു നിശ്ചിത അളവിലുള്ള ഊർജ്ജമാണ്. ഈ വിവരങ്ങളെ ഇന്നത്തെ കാലത്ത് സോഫ്റ്റ്‌വെയർ എന്ന് വിളിക്കാം. ഒരു നിശ്ചിത അളവിലുള്ള ജീവോർജ്ജം ഒരു നിശ്ചിത അളവിലുള്ള വിവരങ്ങളാൽ ചാർജ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതെല്ലാം ഒത്തുചേർന്ന ഒരു വിവരസാങ്കേതികവിദ്യയാണ് നിങ്ങൾ. നിങ്ങളിലേക്ക് കടന്നുവന്ന വിവരങ്ങളുടെ സ്വഭാവം അനുസരിച്ച് നിങ്ങൾ ഒരു പ്രത്യേക തരം വ്യക്തിത്വമായി മാറുന്നു.നിങ്ങൾ ജനിച്ച നിമിഷം മുതൽ ഈ നിമിഷം വരെ, നിങ്ങളുടെ കുടുംബം, വീട്, സുഹൃത്തുക്കൾ, നിങ്ങൾ ചെയ്തതും ചെയ്യാതിരുന്നതുമായ കാര്യങ്ങൾ - ഇവയെല്ലാം നിങ്ങളെ സ്വാധീനിക്കുന്നു. ഓരോ ചിന്തയും, വികാരവും, പ്രവൃത്തിയും നിങ്ങളിൽ ഉണ്ടായിരുന്ന മുൻകാല മുദ്രകളിൽ നിന്ന് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇപ്പോൾ നിങ്ങൾ ആരാണെന്ന് അവ തീരുമാനിക്കുന്നു. നിങ്ങൾ ജീവിതത്തെ ചിന്തിക്കുകയും, അനുഭവിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന രീതി നിങ്ങൾ ആർജിച്ച അറിവുകളുടെ രീതി മാത്രമാണ്.
ജീവിതത്തിന്റെ പഴയ മുദ്രകൾ നിങ്ങൾ ജനിച്ച നിമിഷത്തിനപ്പുറത്തേക്ക് പോകുന്നു. പക്ഷേ നിങ്ങളുടെ ഇപ്പോഴത്തെ ധാരണയിൽ, കുറഞ്ഞപക്ഷം നിങ്ങൾ ജനിച്ച നിമിഷം മുതൽ ഇന്നുവരെ, നിങ്ങളുടെ മാതാപിതാക്കൾ, കുടുംബം, വിദ്യാഭ്യാസം, മത-സാമൂഹിക പശ്ചാത്തലം, സാംസ്കാരിക യാഥാർത്ഥ്യങ്ങൾ - ഇവരുടെയെല്ലാം മുദ്രകൾ നിങ്ങൾക്കുള്ളിലേക്ക് പോയിട്ടുണ്ട്. ഉള്ളിലേക്ക് കടന്നുവന്ന വിവരങ്ങൾ കാരണം ഓരോരുത്തരും ഓരോ തരത്തിലുള്ള വ്യക്തിത്വമായി മാറിയിരിക്കുന്നു. ഇതാണ് കർമ്മം. ഈ വിവരങ്ങളെ പരമ്പരാഗതമായി കർമ്മം അല്ലെങ്കിൽ കാർമ്മിക ശരീരം എന്ന് വിളിക്കുന്നു. ഇതാണ് ജീവിതത്തിന് കാരണമാകുന്നത്.
വിവിധതരം കർമ്മങ്ങൾ
ഈ വിവരങ്ങൾ പല വ്യത്യസ്ത തരത്തിലുണ്ട്. കർമ്മങ്ങൾ നാല് തരത്തിലുണ്ട്, അതിൽ രണ്ടെണ്ണം ഇപ്പോൾ പ്രസക്തമല്ല. മനസ്സിലാക്കാൻ വേണ്ടി, നമുക്ക് മറ്റ് രണ്ട് തരം കർമ്മങ്ങളെക്കുറിച്ച് സംസാരിക്കാം.
സഞ്ചിത കർമ്മം
ഒന്നാമത്തേത് സഞ്ചിത കർമ്മമാണ്. ഇത് കർമ്മത്തിന്റെ ഒരു ശേഖരമാണ്, ഏക കോശ ജീവിയിൽ നിന്നും, ജീവൻ പരിണമിച്ചുണ്ടായ നിർജീവ വസ്തുക്കളിൽ നിന്നുപോലുമുള്ള എല്ലാ വിവരങ്ങളും അവിടെയുണ്ട്. നിങ്ങൾ കണ്ണുകൾ അടച്ച്, ആത്മബോധമുള്ളവരായി, നിങ്ങളിലേക്ക് തന്നെ നോക്കിയാൽ, പ്രപഞ്ചത്തിന്റെ സ്വഭാവം നിങ്ങൾക്ക് മനസ്സിലാകും - നിങ്ങളുടെ തലയിലൂടെ നോക്കുന്നതുകൊണ്ടല്ല, മറിച്ച് ഈ വിവരങ്ങൾ ശരീരത്തിന്റെ നിർമ്മിതിയിൽ തന്നെ നിലനിൽക്കുന്നതുകൊണ്ടാണ്. സൃഷ്ടിയിലേക്ക് തിരികെ പോകുന്ന വിവരങ്ങളുടെ ഒരു ശേഖരമുണ്ട്. അതാണ് നിങ്ങളുടെ സഞ്ചിത കർമ്മം. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ മുഴുവൻ ശേഖരവുമെടുത്ത് ചില്ലറ വ്യാപാരം നടത്താൻ കഴിയില്ല. ചില്ലറ വ്യാപാരത്തിന് ഒരു കട വേണം. ഈ ജീവിതത്തിനായുള്ള ആ "റീട്ടെയിൽ കട"യാണ് പ്രാരാബ്ധം എന്നറിയപ്പെടുന്നത്.
പ്രാരാബ്ധ കർമ്മം
പ്രാരാബ്ദ കർമ്മം എന്നത് ഈ ജീവിതത്തിനായി നീക്കിവച്ചിരിക്കുന്ന ഒരു നിശ്ചിത അളവിലുള്ള വിവരങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ പ്രസരിപ്പ് അനുസരിച്ച്, എത്ര വിവരങ്ങൾ സ്വീകരിക്കാൻ കഴിയും എന്ന് ജീവൻ സ്വയം നിശ്ചയിക്കുന്നു. സൃഷ്ടി വളരെ കരുണയുള്ളതാണ്. നിങ്ങൾക്കുള്ള മുഴുവൻ കർമ്മവും തന്നാൽ, നിങ്ങൾ മരിച്ചു പോകും. ഇപ്പോൾ തന്നെ, ഈ ജീവിതത്തിലെ 30-40 വർഷത്തെ ലളിതമായ ഓർമ്മകൾ കൊണ്ട് പലരും ബുദ്ധിമുട്ടുന്നു. അതിന്റെ നൂറിരട്ടി ഓർമ്മകൾ നൽകിയാൽ, അവർക്ക് അത് താങ്ങാനാകില്ല. അതിനാൽ പ്രകൃതി പ്രാരാബ്ദം നൽകുന്നു, നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന അളവിലുള്ള ഓർമ്മകൾ.
കർമ്മത്തിൽ നിന്ന് മോചനം നേടൂ!
നിങ്ങൾക്ക് എന്ത് തരം കർമ്മം ഉണ്ടെങ്കിലും, അത് ഒരു പരിമിതമായ സാധ്യതയാണ്, അതാണ് നിങ്ങളെ ഒരു പരിമിതമായ വ്യക്തിയാക്കുന്നത്. നിങ്ങൾ സ്വീകരിച്ച മുദ്രകളുടെ സ്വഭാവം അനുസരിച്ച് - അത് വെറുപ്പോ ദേഷ്യമോ ആയാലും, സ്നേഹമോ സന്തോഷമോ ആയാലും - നിങ്ങൾക്ക് അതനുസരിച്ച് ഒരു പ്രത്യേക വ്യക്തിത്വമുണ്ടാകുന്നു - സാധാരണയായി ഓരോ മനുഷ്യനും ഇവയുടെയെല്ലാം സങ്കീർണ്ണമായ മിശ്രിതമാണ്. ഈ കാർമ്മിക ഘടന ഒരു നിശ്ചിത പരിധിക്കപ്പുറം വളരാൻ നിങ്ങൾ അനുവദിച്ചാൽ, ശരിക്കും സ്വാതന്ത്ര്യം എന്ന ഒന്നുണ്ടാകില്ല. നിങ്ങൾ ചെയ്യുന്ന എല്ലാംതന്നെ ഭൂതകാലത്താൽ നിയന്ത്രിക്കപ്പെടുന്നു. നിങ്ങൾക്ക് മോചനത്തിന്റെ പാതയിൽ നീങ്ങണമെങ്കിൽ, ആദ്യം ചെയ്യേണ്ട കാര്യങ്ങളിൽ ഒന്ന് കർമ്മത്തിന്റെ പിടി അയയ്ക്കുക എന്നതാണ്. അല്ലെങ്കിൽ, ഒരു ചലനവും സംഭവിക്കില്ല.
എങ്ങനെയാണ് അത് ചെയ്യുക? ഒരു ലളിതമായ മാർഗ്ഗം കർമ്മത്തെ ഭൗതികമായി തകർക്കുക എന്നതാണ്. രാവിലെ 8 മണിക്ക് എഴുന്നേൽക്കുക എന്നതാണ് നിങ്ങളുടെ കർമ്മമെങ്കിൽ, നിങ്ങൾ അലാറം 5 മണിക്ക് സെറ്റ് ചെയ്യുക. എഴുന്നേൽക്കാൻ ആഗ്രഹിക്കാത്തത് നിങ്ങളുടെ ശരീരത്തിന്റെ കർമ്മമാണ്. പക്ഷേ നിങ്ങൾ പറയുന്നു, "ഇല്ല, ഞാൻ എഴുന്നേൽക്കും." എഴുന്നേറ്റാൽ പോലും, നിങ്ങളുടെ ശരീരം കാപ്പി കുടിക്കാൻ ആഗ്രഹിക്കും. പക്ഷേ നിങ്ങൾ ശരീരത്തിന് തണുത്ത വെള്ളം കൊണ്ടുള്ള ഒരു കുളി നൽകുന്നു. ഇപ്പോൾ, നിങ്ങൾ ബോധപൂർവ്വം എന്തെങ്കിലും ചെയ്തുകൊണ്ട് പഴയ കാർമ്മിക പ്രക്രിയയെ തകർക്കുകയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് അബോധപൂർവ്വം ചെയ്യാൻ കഴിയും, അല്ലേ? നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് ബോധപൂർവ്വം ചെയ്യണം. ഇത് മാത്രമല്ല മാർഗ്ഗം, കൂടുതൽ സൂക്ഷ്മവും ഫലപ്രദവുമായ മറ്റ് മാർഗ്ഗങ്ങളുണ്ട്, ഞാൻ ഏറ്റവും പരുക്കനായ മാർഗ്ഗം മാത്രമാണ് പറയുന്നത്.
ആത്മീയതയും കർമ്മവും
നിങ്ങൾ ആത്മീയ പാതയിൽ പ്രവേശിക്കുമ്പോൾ, "എന്റെ അന്തിമ ലക്ഷ്യത്തിലേക്ക് എത്താൻ എനിക്ക് ധൃതിയാണ്" എന്ന് നിങ്ങൾ പ്രസ്താവിക്കുകയാണ്. നൂറ് ജന്മങ്ങൾ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ നൂറ് ജന്മങ്ങളുടെ പ്രക്രിയയിൽ മറ്റ് ആയിരം ജന്മങ്ങൾക്ക് മതിയാകുന്ന കർമ്മം നിങ്ങൾ സമാഹരിച്ചേക്കാം. നിങ്ങൾ അത് ധൃതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. ആത്മീയ പ്രക്രിയ ആരംഭിക്കുമ്പോൾ, ദീക്ഷകൾ ഒരു പ്രത്യേക രീതിയിൽ നടത്തിയാൽ, അല്ലാത്തപക്ഷം തുറക്കാൻ സാധ്യതയില്ലാത്ത മാനങ്ങൾ തുറക്കുന്നു. നിങ്ങൾ ആത്മീയ പാതയിൽ ഇല്ലായിരുന്നെങ്കിൽ കൂടുതൽ സമാധാനപരമായ ജീവിതം നയിച്ചേനെ, പക്ഷേ അത് കൂടുതൽ നിർജ്ജീവമായ ജീവിതമായിരിക്കും, ജീവനെക്കാൾ മരണത്തോട് അടുത്ത ജീവിതം. നിങ്ങളിലെ അടിസ്ഥാനപരമായ ഒന്നിനെയും ഉലയ്ക്കാതെ, ഒരു പക്ഷേ നിങ്ങൾ സുഖകരമായി ജീവിതത്തിലൂടെ കടന്നുപോയേനെ.
ആത്മീയ പാതയിൽ ആയിക്കഴിഞ്ഞാൽ എല്ലാ നെഗറ്റീവ് കാര്യങ്ങളും നിങ്ങൾക്ക് സംഭവിക്കുമെന്നാണോ ഇതിനർത്ഥം? അങ്ങനെയല്ല. ജീവിതം അസാധാരണമായ വേഗതയിൽ നീങ്ങുമ്പോൾ - നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളേക്കാൾ വളരെ വേഗത്തിൽ നീങ്ങുമ്പോൾ - നിങ്ങൾക്ക് എന്തോ ദുരന്തം സംഭവിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾക്ക് ഒരു ദുരന്തവും സംഭവിക്കുന്നില്ല. അവർ സാധാരണ വേഗതയിൽ പോകുമ്പോൾ നിങ്ങളുടെ ജീവിതം ഫാസ്റ്റ്-ഫോർവാർഡിൽ മുന്നോട്ട് പോകുന്നു എന്നു മാത്രം.
ആത്മീയ പാതയിൽ പ്രവേശിച്ചാൽ സമാധാനമുണ്ടാകുമെന്നും എല്ലാം വ്യക്തമാകുമെന്നും പലർക്കും തെറ്റായ ധാരണയുണ്ട്. നിങ്ങൾ ഒരു സൗകര്യപ്രദമായ വിശ്വാസസംഹിതയിൽ വിശ്വസിച്ച് അതിലേയ്ക്ക് മനസ്സ് കേന്ദ്രീകരിച്ചാൽ, എല്ലാം വ്യക്തമായി തോന്നും. എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ ആത്മീയ പാതയിലാണെങ്കിൽ, ഒന്നും വ്യക്തമായിരിക്കില്ല. എല്ലാം അവ്യക്തമായിരിക്കും. നിങ്ങൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നുവോ, അത്രയും അവ്യക്തമായിത്തീരും.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ ജർമ്മനിയിലായിരുന്നു, ഒരു പ്രോഗ്രാം കഴിഞ്ഞ ശേഷം എനിക്ക് ഫ്രാൻസിലേക്ക് ഡ്രൈവ് ചെയ്യേണ്ടിയിരുന്നു, അത് ഞാൻ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 440 കിലോമീറ്റർ ദൂരത്തിലായിരുന്നു. സാധാരണയായി യാത്രയ്ക്ക് അഞ്ച് മണിക്കൂർ എടുക്കും. അഞ്ച് മണിക്കൂർ റോഡിൽ ചെലവഴിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു, അതുകൊണ്ട് ഞാൻ വേഗത കൂട്ടി, ഞങ്ങൾ ഏകദേശം 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു. ഈ പ്രദേശത്തെ നാട്ടിൻപുറം മനോഹരമാണെന്നാണ് ഞാൻ കേട്ടിരുന്നു, എങ്കിൽ അത് കാണാമെന്ന് ഞാൻ കരുതി. ഞാൻ കണ്ണുകൾ ഒന്ന് ചുറ്റാൻ ശ്രമിച്ചു, പക്ഷേ എല്ലാം അവ്യക്തമായിരുന്നു, ഒരു നിമിഷം പോലും റോഡിൽ നിന്ന് കണ്ണുകൾ മാറ്റാൻ കഴിഞ്ഞില്ല. മഞ്ഞ് പെയ്യുകയായിരുന്നു, ഞങ്ങൾ ഭ്രാന്തമായ വേഗതയിൽ ഓടിക്കുകയായിരുന്നു.
നിങ്ങൾ എത്ര വേഗത്തിൽ പോകുന്നുവോ, എല്ലാം അവ്യക്തമാകുകയും ഒരു നിമിഷം പോലും നിങ്ങൾ ചെയ്യുന്നതിൽ നിന്ന് കണ്ണുകൾ മാറ്റാൻ കഴിയാതെ വരികയും ചെയ്യും. നാട്ടിൻപുറത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ, നിങ്ങൾ സാവധാനത്തിൽ പോകണം. നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ധൃതിയുണ്ടെങ്കിൽ, നിങ്ങൾ വേഗത കൂട്ടുന്നു. നിങ്ങൾ ഒന്നും കാണുന്നില്ല. നിങ്ങൾ വെറുതെ പോകുകയാണ്. ആത്മീയ പാത ഇതുപോലെയാണ്. നിങ്ങൾ യഥാർത്ഥത്തിൽ ആത്മീയ പാതയിലാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും എല്ലാം കോലാഹലത്തിലാണ്. പക്ഷേ നിങ്ങൾ എപ്പോഴും മുന്നോട്ട് പോകുന്നു, അതുകൊണ്ട് അത് കുഴപ്പമില്ല. ഇത് ശരിയാണോ? ശരിയല്ലെങ്കിൽ, നിങ്ങൾക്ക് പരിണാമത്തിന്റെ വേഗതയിൽ പോകാം. ഒരു പക്ഷേ അത് ഒരു ദശലക്ഷം വർഷമെടുത്തേക്കാം
ധൃതിയുള്ളവർക്ക് ഒരു തരം പാതയുണ്ട്. ധൃതിയില്ലാത്തവർക്ക് മറ്റൊരു തരം പാതയുണ്ട്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായിരിക്കണം. നിങ്ങൾ വേഗപാതയിൽ കയറി സാവധാനം പോകാൻ ശ്രമിച്ചാൽ, നിങ്ങൾ ഇടിച്ചു തെറിപ്പിക്കപ്പെടും. നിങ്ങൾ സാവധാന പാതയിൽ ആയിരിക്കെ വേഗത്തിൽ പോകാൻ ശ്രമിച്ചാൽ, നിങ്ങൾക്ക് ടിക്കറ്റ് കിട്ടും. ഓരോ അന്വേഷകനും എപ്പോഴും തീരുമാനിക്കണം - അവൻ റോഡ് ആസ്വദിക്കാൻ മാത്രം ആഗ്രഹിക്കുന്നുവോ അതോ വേഗം ലക്ഷ്യസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നുവോ?
സദ്ഗുരുവിൽ നിന്നുള്ള കർമ്മ ഉദ്ധരണികൾപര്യവേക്ഷണം ചെയ്യു