സദ്ഗുരു: ശിവൻ ശരിക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാളായിരുന്നു. അദ്ദേഹം പല വർഷങ്ങളായി അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തെല്ലാം അലഞ്ഞു തിരിഞ്ഞു നടന്നു. അക്കാലത്ത് മൊബൈൽ ഫോണുകളോ ഇമെയിലുകളോ ഇല്ലായിരുന്നു, അതുകൊണ്ട് അദ്ദേഹം പോയാൽ പാർവതിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവർക്ക് വളരെ ഏകാന്തത തോന്നിയിരുന്നു.
കൂടാതെ, ശിവന്റെ പ്രകൃതം കാരണം - അദ്ദേഹം യക്ഷ സ്വരൂപനായി അല്ലെങ്കിൽ മനുഷ്യനിൽ നിന്നും വിഭിന്നനായ ഒരാളായി കരുതപ്പെട്ടിരുന്നു - പാർവതിക്ക് അദ്ദേഹത്തിന്റെ കുട്ടിയെ പ്രസവിക്കാൻ കഴിഞ്ഞില്ല. അങ്ങനെ, അവരുടെ ഏകാന്തതയിൽ നിന്നും ആഗ്രഹത്തിൽ നിന്നും മാതൃവാത്സല്യത്തിൽ നിന്നും, ഒരു കുഞ്ഞിനെ സൃഷ്ടിച്ച് അതിന് ജീവൻ നൽകാൻ അവർ തീരുമാനിച്ചു. അവർ തന്റെ ശരീരത്തിലെ ചന്ദനക്കുറി എടുത്ത്, അത് അൽപ്പം മണ്ണുമായി കലർത്തി, ഒരു കുഞ്ഞിന്റെ രൂപത്തിൽ ഉണ്ടാക്കി അതിന് ജീവൻ നൽകി. ഇത് അസാധ്യമായി തോന്നാം, പക്ഷേ ഇന്ന് ശാസ്ത്രം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. നിങ്ങളിൽ നിന്ന് ഒരു എപ്പിതീലിയൽ കോശം എടുത്താൽ, ഭാവിയിൽ അതിൽ നിന്ന് നിങ്ങളുടെ എന്തെങ്കിലും ഉണ്ടാക്കാൻ കഴിയും. പാർവതി അതിന് ജീവൻ നൽകി, അങ്ങനെ ഒരു ചെറിയ ആൺകുട്ടി പിറന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം, കുട്ടിക്ക് പത്ത് വയസ്സ് പ്രായമുള്ളപ്പോൾ, ശിവൻ തന്റെ ഗണങ്ങളുമായി മടങ്ങിയെത്തി. പാർവതി കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവർ അവനോട് പറഞ്ഞു, "ആരും ഈ വഴി വരാതെ നോക്കണം." കുട്ടി ശിവനെ മുമ്പ് കണ്ടിട്ടില്ലായിരുന്നു, അതുകൊണ്ട് അദ്ദേഹം വന്നപ്പോൾ, കുട്ടി അദ്ദേഹത്തെ തടഞ്ഞു. ശിവൻ അങ്ങനെ ഒരാളായിരുന്നു- തന്നെ ആരും തടയുന്നത് സഹിക്കാത്തവൻ - അതുകൊണ്ട് അദ്ദേഹം തന്റെ വാൾ എടുത്ത്, കുട്ടിയുടെ തല വെട്ടിമാറ്റി പാർവതിയുടെ അടുത്തേക്ക് വന്നു. പാർവതിക്ക് അദ്ദേഹത്തിന്റെ കൈയിലെ രക്തം പുരണ്ട വാൾ കണ്ടപ്പോൾ, എന്താണ് സംഭവിച്ചതെന്ന് മനസ്സിലായി. കുട്ടി തലയില്ലാതെ കിടക്കുന്നത് കണ്ട് പാർവതി കോപാകുലയായി. ശിവൻ പാർവതിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, "കുഴപ്പമില്ല. അവൻ യഥാർത്ഥത്തിൽ നിന്റെ മകനല്ല. നീ അവനെ സൃഷ്ടിച്ചതാണ്, ഞാൻ അവനെ അവസാനിപ്പിച്ചു. അതിൽ എന്താണ് പ്രശ്നം?" പക്ഷേ പാർവതി കേൾക്കാൻ തയ്യാറായിരുന്നില്ല.
ഈ പ്രശ്നം പരിഹരിക്കാൻ, ശിവൻ ഒരു ഗണത്തിന്റെ തല എടുത്ത് ആ കുട്ടിയുടെ മേൽ വച്ചു. ഗണേശ ചതുർത്ഥി ഈ തല മാറ്റിവയ്ക്കൽ നടന്ന ദിവസമാണ്. ഗണങ്ങളുടെ നേതാവിന്റെ തല എടുത്ത് ഈ കുട്ടിയിൽ വച്ചതുകൊണ്ട്, അദ്ദേഹം പറഞ്ഞു, "ഇന്നു മുതൽ നീ ഒരു ഗണപതിയാണ്. നീ ഗണങ്ങളുടെ തലവനാണ്." കാലക്രമേണ, കലണ്ടർ കലാകാരന്മാർക്ക് ഈ പ്രത്യേക ജീവി എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല, അവർ ഒരു ആനയുടെ മുഖം വരച്ചു. ഐതിഹ്യം പറയുന്നത് ഗണങ്ങൾക്ക് എല്ലുകളില്ലാത്ത അവയവങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. ഈ സംസ്കാരത്തിൽ, എല്ലുകളില്ലാത്ത അവയവം എന്നാൽ തുമ്പിക്കൈ എന്നർത്ഥം, അതുകൊണ്ട് കലാകാരന്മാർ അത് ഒരു ആനത്തലയാക്കി മാറ്റി.
മാനസരോവറിന്റെ തീരത്ത് നിങ്ങൾക്ക് ഒരു ആനയെയും കാണാൻ കഴിയില്ല, കാരണം ഭൂപ്രകൃതി അതിന് അനുയോജ്യമല്ല. ആനകൾക്ക് ആവശ്യമായ സസ്യങ്ങൾ അവിടെയില്ല. ശിവൻ ഒരു ആനയെ കൊല്ലാനുള്ള സാഹചര്യം അവിടെയില്ല. അപ്പോൾ, അദ്ദേഹത്തിന് പല പേരുകളുണ്ട്- ഗണേശൻ, ഗണപതി, വിനായകൻ - പക്ഷേ ഗജപതി അല്ല.
ഗണങ്ങൾ ശിവന്റെ കൂട്ടുകാരായിരുന്നു. അവർ എവിടെ നിന്ന് വന്നുവെന്ന് നമുക്കറിയില്ല, പക്ഷേ പൊതുവേ ഐതിഹ്യം അവരെ വിവരിക്കുന്നത് ഈ ഗ്രഹത്തിൽ നിന്നല്ലാത്ത ജീവികളായിട്ടാണ്. ഇവിടെ നമുക്കറിയാവുന്ന ജീവനിൽ നിന്നും വളരെ വ്യത്യസ്തമാണ് ആ ജീവന്റെ ഘടന. ഇന്ന്, ആധുനിക ജീവശാസ്ത്രം വളരെ വ്യക്തമായി പറയുന്നത്, ഏക കോശ ജീവിയിൽ നിന്ന് കൂടുതൽ സങ്കീർണ്ണമായ ജീവരൂപങ്ങളിലേക്ക്, പിന്നെ മനുഷ്യനിലേക്കുള്ള പരിണാമം എത്ര അത്ഭുതകരമായ മാറ്റമാണെന്നാണ്. എന്നാൽ ജീവന്റെ അടിസ്ഥാന സ്വഭാവം ഒരേ പോലെ തന്നെയാണ് - അത് മാറിയിട്ടില്ല. അത് കൂടുതൽ സങ്കീർണ്ണമായി വരുന്നു എന്നു മാത്രം.
എന്നാൽ, ഗണങ്ങൾക്ക് ഇതേ ജീവഘടനയല്ലായിരുന്നു. അവർ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടവരല്ല. അവർക്ക് എല്ലുകളില്ലാത്ത അവയവങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ ശരീരം വിവിധ രീതികളിൽ ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ആസനങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലുകൾ ഇല്ലാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും. ഞാൻ വെറും 11 വയസ്സുള്ളപ്പോൾ യോഗ തുടങ്ങി, അതുകൊണ്ട് 25 വയസ്സിൽ ഞാൻ ഹഠയോഗ പഠിപ്പിച്ചപ്പോൾ, ആളുകൾ എന്നെ നോക്കി പറഞ്ഞു, "ഓ, നിങ്ങൾക്ക് എല്ലുകളില്ല. നിങ്ങൾ എല്ലുകളില്ലാത്തവനാണ്." ഇത് എല്ലാ യോഗിയുടെയും സ്വപ്നമാണ്: ഒരു ദിവസം അവന് എല്ലുകളില്ലാത്ത അവയവങ്ങൾ ഉണ്ടാകും, അങ്ങനെ അവന് ആഗ്രഹിക്കുന്ന ഏത് ആസനവും ചെയ്യാൻ കഴിയും!
ആയിരക്കണക്കിന് വർഷങ്ങളായി ഗണേശ ചതുർത്ഥി ആഘോഷിക്കുന്നു. ഗണപതി ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ളതും കയറ്റുമതി ചെയ്യപ്പെട്ടതുമായ ദൈവങ്ങളിൽ ഒന്നായി മാറി. അദ്ദേഹം വളരെ വഴക്കമുള്ളവനാണ്. അദ്ദേഹം പല രൂപങ്ങളും ഭാവങ്ങളും കൈക്കൊള്ളുന്നു. അദ്ദേഹം വിദ്യയുടെ ദൈവം കൂടിയാണ്. അദ്ദേഹം ഒരു മികച്ച പണ്ഡിതനായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഗണപതിയെ എപ്പോഴും ഒരു പുസ്തകവും പേനയുമായി കാണിക്കാറുണ്ട്, അദ്ദേഹത്തിന്റെ പാണ്ഡിത്യം കാണിക്കാൻ. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ബുദ്ധിശക്തിയും സാധാരണ മനുഷ്യന്റെ കഴിവുകൾക്കപ്പുറമായിരുന്നു.
അദ്ദേഹം ഭക്ഷണം ഇഷ്ടപ്പെട്ടിരുന്നു. സാധാരണയായി, ഒരാൾ പണ്ഡിതനായി കാണപ്പെടണമെങ്കിൽ, മെലിഞ്ഞവനായി കാണപ്പെടണം. എന്നാൽ ഇദ്ദേഹം നന്നായി ഭക്ഷണം കഴിക്കുന്ന ഒരു പണ്ഡിതനാണ്. ഈ ദിവസം, നിങ്ങൾ നന്നായി ഭക്ഷണം കഴിക്കണമെന്നാണ് ആളുകൾ പൊതുവേ വിശ്വസിക്കുന്നത്. ആളുകൾ ഗണപതിയുടെ വലിയ വയറ് മാത്രം കണ്ടു, എന്നാൽ പുതിയ തലയിലെ അതിലും വലിയ മസ്തിഷ്കം കാണാൻ മറന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹത്തിന്റെ വയറ് പിന്നീടാണ് വളർന്നത്. ഒരുപക്ഷേ അത്ര വലിയ തലയോടെ അദ്ദേഹത്തിന് നടക്കാൻ തോന്നിയില്ലായിരിക്കാം! എന്നാൽ പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ബുദ്ധിശക്തി വർദ്ധിച്ചു എന്നതാണ്.
അതുകൊണ്ട് ഇത് വെറുതെ ഭക്ഷണം കഴിക്കാനുള്ള ദിവസമല്ല. ഇത് നിങ്ങളുടെ വയറിനെയല്ല, മസ്തിഷ്കത്തെ മെച്ചപ്പെടുത്തേണ്ട ദിവസമാണ്. എല്ലാ യോഗാഭ്യാസങ്ങളും ഒരു തരത്തിൽ ഇതിനുവേണ്ടിയാണ്. നിങ്ങളുടെ ബുദ്ധിശക്തി അതിന്റെ നിലവിലുള്ള അവസ്ഥയിൽ കുടുങ്ങി കിടക്കേണ്ടതില്ല. ലളിതമായ ആത്മീയ അഭ്യാസങ്ങൾ പരിശീലിച്ചതിലൂടെ പല വിധത്തിലും ബുദ്ധിശക്തി വർദ്ധിപ്പിച്ച ആളുകളുടെ ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്. നിങ്ങൾക്ക് തുമ്പിക്കൈ വളരില്ല, വിഷമിക്കേണ്ട, പക്ഷേ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് പരിശ്രമിക്കാം.
നല്ല മനുഷ്യരെ സൃഷ്ടിക്കാൻ ശ്രമിക്കുക എന്ന ഗുരുതരമായ തെറ്റ് മനുഷ്യരാശി എപ്പോഴും ചെയ്തിട്ടുണ്ട്. നമുക്ക് നല്ല മനുഷ്യരെ അല്ല ആവശ്യം; വിവേകമുള്ള മനുഷ്യരെയാണ് ആവശ്യം. നിങ്ങൾക്ക് വിവേകമുണ്ടെങ്കിൽ, നിങ്ങൾ ശരിയായ കാര്യം ചെയ്യും. ആളുകൾ വിഡ്ഢിത്തരങ്ങൾ ചെയ്യുന്നത് അവർക്ക് വിവേകമില്ലാത്തതുകൊണ്ട് മാത്രമാണ്. ബുദ്ധി എന്നത് കൗശലമല്ല. നിങ്ങൾ യഥാർത്ഥത്തിൽ ബുദ്ധിമാനാണെങ്കിൽ, നിങ്ങൾ പ്രപഞ്ചവുമായി 100% ഇണങ്ങിച്ചേരും, കാരണം ബുദ്ധിമാനാകാൻ മറ്റൊരു വഴിയില്ല. ബുദ്ധിയുടെ അടയാളം എന്നത് നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള എല്ലാറ്റിനോടും പൂർണ്ണമായി ഇണങ്ങിച്ചേർന്നിരിക്കുന്നു എന്നതാണ്, നിങ്ങൾ നിങ്ങളുടെ അകത്തും പുറത്തും ഏറ്റവും കുറഞ്ഞ വ്യതിചലനത്തോടെ ജീവിതം നയിക്കുന്നു.
ഗണേശ ചതുർത്ഥി എന്നത് നിങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങാനെങ്കിലുമുള്ള ദിവസമാണ്. രാവിലെ ആസനങ്ങൾ ചെയ്ത് എല്ലുകളില്ലാത്ത അവയവത്തിനായി നിങ്ങൾ പ്രയത്നിച്ചാൽ, അത് സംഭവിച്ചേക്കാം!