logo
logo

മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം: എന്താണ് ഈ ശിവലിംഗത്തെ ഇത്ര ശക്തിയുള്ളതാക്കുന്നത്?

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മഹാകാലേശ്വർ ജ്യോതിർലിംഗത്തിന്റെ നിഗൂഢ പാരമ്പര്യത്തിലേക്ക് എത്തി നോക്കാം. മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്, ശിവഭക്തർ ആരാധിക്കുന്ന ക്ഷേത്രമാണിത്.

മഹാകാലേശ്വരർ ജ്യോതിർലിംഗ ക്ഷേത്രം: ഉത്ഭവവും പ്രാധാന്യവും

സദ്ഗുരു: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം പണികഴിപ്പിച്ചത് വലിയ ശിവഭക്തനായിരുന്ന ചന്ദ്രസേനൻ എന്ന രാജാവാണ്. ഭക്തരുടെയും അറിവ് തേടുന്നവരുടെയും നഗരമായി മാറിയ ഉജ്ജയിനിന്റെ സംസ്കാരം നശിപ്പിക്കാൻ ആഗ്രഹിച്ചവരാണ് ചന്ദ്രസേനനെ ആക്രമിച്ചത്. അറിവിന്റെയും പഠനത്തിന്റെയും  ആത്മീയ വിജ്ഞാനം പകർന്നു നല്കുന്നതിന്റെയും പ്രധാന കേന്ദ്രമായിരുന്ന ഉജ്ജയിൻ നഗരം ഇന്ത്യയുടെ രണ്ടാം കാശി പോലെയായിരുന്നു. അതിനായി ആളുകൾ ഈ നഗരത്തിലേക്ക് വന്നു. ഒരു വ്യാപാര പാതയിലായിരുന്നില്ലെങ്കിലും, അക്കാലത്ത് അവന്തിക എന്നറിയപ്പെട്ടിരുന്ന ഉജ്ജയിൻ ഒരു വിജ്ഞാനത്തിൻ്റെയും ആത്മീയതയുടെയും കേന്ദ്രമായി മാത്രം വളർന്നു. എന്നിരുന്നാലും, ഇത് ഇഷ്ടപ്പെടാത്തവരും നഗരം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടായിരുന്നു.

അവർ ആക്രമിച്ചപ്പോൾ, ചന്ദ്രസേനൻ ശിവനോട് പ്രാർത്ഥിച്ചു, ശിവൻ  മഹാകാല രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ശത്രുക്കളെ ഒരു പ്രത്യേക രീതിയിൽ ഉന്മൂലനം ചെയ്തു, ആത്മീയതയും ജ്ഞാനവും പ്രചരിപ്പിക്കാനായി അദ്ദേഹത്തിന് ഈ പ്രശ്‌നത്തിൽ നിന്ന് മോചനം നൽകി.

മഹാകാലേശ്വർ ജ്യോതിർലിംഗം: ലിംഗത്തിൻ്റെ ശക്തി

ഞാൻ സാധാരണയായി ക്ഷേത്രങ്ങൾ സന്ദർശിക്കാറില്ലെങ്കിലും, ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിംഗത്തിലേക്ക് പോകേണ്ടി വന്നു. ക്ഷേത്രം പലതരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അക്രമികൾ  ക്ഷേത്രം തകർത്തു, അത് രണ്ടോ മൂന്നോ തവണ പുനർനിർമ്മിച്ചു, എന്നിരുന്നാലും, നിങ്ങൾ അവിടെ ഇരുന്നാൽ, ഈ ചെറിയ രൂപം, ആയിരക്കണക്കിന് വർഷങ്ങളായി അവിടെ ഇരിക്കുന്ന ഒരു ചെറിയ കല്ല്, നിങ്ങളെ പൂർണ്ണമായും ഉലച്ചു കളയും. ഇന്നലെ പ്രതിഷ്ഠിച്ചത് പോലെയാണ് അത് പ്രതിധ്വനിക്കുന്നത്. എങ്ങനെയെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അതുപോലുള്ള ഒരു ലിംഗ സാന്നിധ്യത്തിൽ നിങ്ങളുടെ ശരീര ഘടന പൂർണ്ണമായും പുനഃസംഘടിപ്പിക്കാനും നിങ്ങളുടെ ഘടനയെ പുനഃക്രമീകരിക്കാനും കഴിയും.

മഹാകാല ക്ഷേത്രവും അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ലിംഗവും അസാധാരണ സ്വഭാവമുള്ളവയാണ്. അത് നിങ്ങളുടെ അസ്തിത്വത്തിൻ്റെ അടിത്തട്ടിനെ ഇളക്കും. ഇത് അവിശ്വസനീയമായ ഒരു സമർപ്പണമാണ്, ഒരു രീതിയിൽ നിങ്ങൾക്ക് മുക്തി ലഭിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്. അത് നിങ്ങളിൽ ആവിഷ്കരിക്കുന്നത്  ഒരു പ്രത്യേക രീതിയിലായിരിക്കും, അൽപ്പം കഠിനമായിരിക്കും. ഈ ക്ഷേത്രത്തിൽ കയറാൻ ഒരാൾ തയ്യാറായിരിക്കണം, കാരണം ഇത് അതിതീവ്രമായതാണ്, അത് ദുർബല ഹൃദയമുള്ളവർക്ക് വേണ്ടിയുള്ളതല്ല.

എല്ലാ ദിവസവും, മഹാകാലയ്ക്ക് വഴിപാട് ചെയ്യുവാൻ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്ന് ഉടനെ എടുത്ത ചാരമാണ്, കാരണം അതാണ് അവൻ ഇഷ്ടപ്പെടുന്നതും അതിനെ ഇതു പോലെ നിലനിർത്തുന്നതും. ഇതൊരു സാംസ്കാരിക വശം മാത്രമല്ല. അതിനൊരു ശാസ്ത്രമുണ്ട്. അനുഭവപരമായി, ശ്മശാനത്തിൽ നിന്നുള്ള ചാരവും മറ്റുള്ള ചാരവും തമ്മിലുള്ള വ്യത്യാസം അസാധാരണമാണ്. ഈ പ്രക്രിയ തുടരേണ്ടത് വളരെ പ്രധാനമാണ്, കാരണം അതാണ് മഹാകാല സ്വഭാവം. ഈ മഹാകാല രൂപ സാന്നിദ്ധ്യം തന്നെ എങ്ങനെയെന്നാൽ, നിങ്ങൾ അവിടെ ചെല്ലുമ്പോൾ എല്ലാം കത്തിച്ചാമ്പലാവും. അതായത് നിങ്ങൾ ഭൗതികതയിൽ നിന്ന് മുക്തനാകും. അത് നിങ്ങളുടെ പരമമായ വിമോചനത്തിലേക്ക് നിങ്ങളെ നയിക്കും.

നിങ്ങൾക്ക് അത് മൃദുവായി ചെയ്യണമെങ്കിൽ, ധ്യാനലിംഗത്തിൽ മഹാകാലത്തിൻ്റെ ഒരു മാനമുണ്ട്. പക്ഷേ, അന്വേഷിക്കുന്നവർക്ക് മാത്രം ലഭ്യമാകത്തക്കവിധമാണ്  അത് ചെയ്തിരിക്കുന്നത്. എന്നാൽ നിങ്ങൾ അത് ശക്തമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശരിക്കും കഠിനമായി അതിലേക്ക് വീഴാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയം ബലമുള്ളതാണെങ്കിൽ, മഹാകാല ക്ഷേത്രം ഒരു അസാധാരണ പ്രക്രിയയാണ്.

ശിവൻ്റെ മഹാകാല രൂപം: ശുക്രാചാര്യരുടെ കഥയും സഞ്ജീവിനി മന്ത്രവും

ശിവൻ്റെ വിവിധ രൂപങ്ങളിൽ,’കാലം’ അല്ലെങ്കിൽ 'മഹാകാലം' പ്രധാനപെട്ടതും ഉഗ്രവുമായ ഒരു രൂപമാണ്. മഹാകാലനായ അവൻ കാലത്തിൻ്റെ അധിപനാണ്. മുക്തി അല്ലെങ്കിൽ സമ്പൂർണ്ണ വിമോചനം ആഗ്രഹിക്കുന്നവർക്ക്, നമ്മൾ മഹാകാലം എന്ന് വിളിക്കുന്ന ഈ മാനം പരമപ്രധാനമാണ്.

ഒരിക്കൽ എല്ലാ അസുരന്മാർക്കും ഗുരുവായിരുന്ന മഹാമുനി ശുക്രാചാര്യൻ ശിവനെ ആരാധിക്കുന്നതിനായി വളരെയധികം തപസ്സുകൾ അനുഷ്ഠിക്കുകയും ശിവന് പ്രത്യക്ഷപ്പെടേണ്ടി വരികയും ചെയ്തു. പ്രത്യക്ഷപ്പെട്ടപ്പോൾ ശുക്രാചാര്യൻ അമരത്വം ആവശ്യപ്പെട്ടു. ശിവൻ പറഞ്ഞു, "അത് സാധ്യമല്ല, ജനിച്ചതെല്ലാം മരിക്കണം, മറ്റെന്തെങ്കിലും ചോദിക്കൂ." അപ്പോൾ ശുക്രാചാര്യൻ പറഞ്ഞു, "എനിക്ക് പുനരുജ്ജീവനത്തിൻ്റെ ശക്തി തരൂ, എനിക്ക് ഏത് തരത്തിലുള്ള മുറിവുകളോ രോഗമോ ഉണ്ടായാലും പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് വേണം." ശിവൻ, ആത്യന്തിക വൈദ്യൻ, എല്ലാ ഔഷധ സസ്യങ്ങളുടെയും ഔഷധങ്ങളുടെയും അധിപൻ, ശുക്രാചാര്യർക്ക് സഞ്ജീവിനി മന്ത്രം നൽകി, ഏത് തരത്തിലുള്ള രോഗങ്ങളിൽ നിന്നും മുറിവുകളിൽ നിന്നും പരുക്കിൽ നിന്നും ആളുകളെ പുനരുജ്ജീവിപ്പിക്കാനുള്ള മന്ത്രം.

ശുക്രാചാര്യർ ഈ സഞ്ജീവിനി മന്ത്രം ലഭിച്ചു കഴിഞ്ഞപ്പോൾ, അസുരന്മാരുടെ  ധീരത വളരെയധികം വർദ്ധിച്ചു, ദൈവങ്ങൾ അഥവാ  ദേവന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ മാരകമായ മുറിവുകളോടെ വീണ എല്ലാ അസുരന്മാരെയും ശുക്രാചാര്യൻ സഞ്ജീവിനി മന്ത്രത്താൽ പുനരുജ്ജീവിപ്പിച്ചു. അപ്രകാരം, അസുരന്മാരുടെ സൈന്യത്തിന് ഒരാളെ പോലും നഷ്ടപ്പെടാതെ യുദ്ധം ചെയ്യാൻ സാധിച്ചു.

ദേവന്മാർ വളരെ പരിഭ്രാന്തരായി, ഇത് വളരെ അന്യായമായ യുദ്ധമാണെന്ന് തോന്നി, കാരണം അവർ എത്ര കഠിനമായി പോരാടിയാലും അസുരന്മാർ മരിക്കുന്നില്ല, പക്ഷേ ദേവന്മാർ മരിച്ചു വീഴുന്നു. അവർ ബ്രഹ്മാവിൻ്റെ അടുത്തെത്തി, അദ്ദേഹം ശിവനോട് പറഞ്ഞു, "അങ്ങ്  ശുക്രാചാര്യർക്ക് ഇത്തരത്തിൽ അധികാരം നൽകി. അങ്ങ് അയാളെ കൊല്ലണം. അല്ലാത്തപക്ഷം, ലോകത്ത് സമ്പൂർണ്ണ അസന്തുലിതാവസ്ഥ ഉണ്ടാകും. അസുരന്മാർക്ക് ദേവന്മാരെക്കാൾ ന്യായരഹിതമായ മുൻതൂക്കമുണ്ട്."അപ്പോൾ ശിവൻ പറഞ്ഞു,  "അവനെ കൊല്ലേണ്ട ആവശ്യമില്ല, ഞാൻ അവനെ ഉൾക്കൊള്ളും" 

ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ, ശുക്രാചാര്യൻ മന്ത്രം ഉച്ചരിക്കുകയും എല്ലാ അസുരന്മാരെയും അവരുടെ മുറിവുകളിൽ നിന്നും പരിക്കുകളിൽ നിന്നും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. അപ്പോൾ, ചക്രവാളത്തിന് കുറുകെ, ഒരു ഭയാനകമായ ജീവി, കൃതിക എന്ന ഒരു രാക്ഷസി, ഒരു ഭീകരമായ രൂപത്തിൽ വന്നു. ശിവഗണങ്ങളിൽ ഒരാളായിരുന്നു അവൾ. അവൾ ശുക്രാചാര്യനെ തൻ്റെ ഗർഭപാത്രത്തിലേക്ക് വലിച്ചെടുത്തു, അവിടെ അയാൾ ഒരു ഭ്രൂണമായി തുടർന്നു. അയാൾ അടങ്ങി, ദേവന്മാർക്കും അസുരന്മാർക്കും ഇടയിൽ സന്തുലിതാവസ്ഥ തിരിച്ചെത്തി.

ബ്രഹ്മാവ് വളരെയധികം സന്തോഷവാനായി, മഹാകാലയ്ക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ,അതായത്  ഒരാളെ കൊല്ലാതെ തന്നെ തൻ്റെ അയാളുടെ ജീവൻ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുക . ശുക്രാചാര്യൻ കൃതികയുടെ ഗർഭപാത്രത്തിൽ തുടർന്നു, സഞ്ജീവിനി മന്ത്രം ബലഹീനമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മഹാകാല ശുക്രാചാര്യർക്കായി സമയം മരവിപ്പിച്ചു, അതിനാൽ അദ്ദേഹത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.

മഹാകാലേശ്വർ ക്ഷേത്രം മധ്യപ്രദേശിലെ ഉജ്ജയിനിയെ യഥാർത്ഥ "GMT" ആക്കി!

ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുകയും ഗ്രീൻവിച്ച് സമയത്തേക്ക് മാറ്റുകയും ചെയ്യുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മധ്യ ഇന്ത്യയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മഹാകാലേശ്വർ പ്രതിഷ്ഠ കാലത്തിൻ്റെ കേന്ദ്രമായിരുന്നു. ഇത് ലോകത്തിലെ ശരാശരി സമയമായിരുന്നു, കാരണം ഇവിടെയാണ് സമയം ആരംഭിച്ചതെന്ന് കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ, അവർ അവിടെ ഒരു പ്രത്യേക മൂർത്തിയെ സ്ഥാപിച്ചു, അതിനെ മഹാകാൽ എന്ന് വിളിക്കുന്നു.

യോഗശാസ്ത്രത്തിൽ, സമയം മാത്രമേയുള്ളൂ, സ്ഥലം എന്നൊന്നില്ല. സമയത്തിൻ്റെ അനന്തരഫലമാണ് സ്ഥലം. സമയമില്ലായിരുന്നുവെങ്കിൽ സ്ഥലവുമില്ല. നാം നമ്മുടെ ഭൗതിക പ്രകൃതങ്ങളുമായി ഏർപ്പെട്ടിരിക്കുന്നതിനാൽ സൃഷ്ടിക്കപ്പെട്ട ഒരു മിഥ്യയാണ് സ്ഥലം. നിങ്ങളുടെ ശാരീരിക പ്രകൃതവുമായി നിങ്ങൾ വേർപിരിയുകയാണെങ്കിൽ, പെട്ടെന്ന് സമയമില്ലാതാകുന്നു, തത്ഫലമായി, സ്ഥലവുമില്ലാതാകുന്നു.

സമയത്തിനും സ്ഥലത്തിനും ഒരു പൊതു വാക്ക് നമുക്കുണ്ട്. നമ്മൾ അതിനെ കാലം എന്ന് വിളിക്കുന്നു. കാലം എന്നാൽ സമയം, കാലം എന്നാൽ ശൂന്യത എന്നും അർത്ഥമുണ്ട്. ശൂന്യത എന്നാൽ സ്ഥലം എന്നാണ്. ഒരു ഹാൾ ശൂന്യമാണെന്ന് പറയുമ്പോൾ, ഇവിടെ സ്ഥലമുണ്ട്. ഹാൾ നിറയുമ്പോൾ നമ്മൾ പറയും ഇവിടെ സ്ഥലമില്ല. നമ്മൾ ലളിതമായി പറയുമ്പോൾ അങ്ങനെയാണ്. എന്നാൽ ഒരേ വാക്ക് സമയത്തിനും സ്ഥലത്തിനും ഉപയോഗിക്കുന്നു, കാരണം സ്ഥലത്തിന് കാരണം സമയമാണ്. സമയമില്ലെങ്കിൽ സ്ഥലമില്ല.

യോഗയിൽ, നമ്മൾ സമയത്തെ രണ്ട് വ്യത്യസ്ത മാനങ്ങളിൽ കാണുന്നു: കാലം, മഹാകാലം. മഹാകാലമാണ് ഏറ്റവും വലിയ സമയം. ദൈനംദിന ജീവിതത്തിൽ, സമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ചാക്രിക ചലനങ്ങളാണ് - ഗ്രഹത്തിൻ്റെ ഭ്രമണം ഒരു ദിവസമാണ്, ചന്ദ്രൻ്റെ പ്രദക്ഷിണം ഒരു മാസമാണ്, ഭൂമിയുടെ പ്രദക്ഷിണം ഒരു വർഷമാണ്. എന്നാൽ മഹാകാലം അല്ലെങ്കിൽ വലിയ സമയത്തിന് ചാക്രിക ചലനങ്ങളൊന്നുമില്ല.

ചാക്രിക ചലനം ഭൗതികമായ സ്വഭാവത്താലുണ്ടാവുന്നതാണ്. ഭൗതിക സ്വഭാവം കാരണം, സംഭവിക്കുന്ന എല്ലാത്തിനും ജനന-മരണ, സമാരംഭം, കാലഹരണപ്പെടൽ എന്നിവയിൽ സമയമുണ്ട്. ഓരോ ആറ്റത്തിനും ഇലക്ട്രോണിനും പ്രോട്ടോണിനും ഒരു പ്രായമുണ്ട്. ഗ്രഹങ്ങൾക്കും സൗരയൂഥത്തിനും സൂര്യനും പോലും പ്രായമുണ്ട്. എപ്പോഴോ അത്  ആരംഭിച്ചു, എപ്പോഴോ അത് അവസാനിക്കും. അത് ഒരു പൊട്ടിത്തെറി ആകുമോ അതോ അത് ഇല്ലാതാകുമോ എന്നത് നമുക്ക് ചർച്ച ചെയ്യാവുന്ന കാര്യമാണ്. എന്നാൽ ഭൗതികത ശാശ്വതമല്ല. അത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നമ്മൾ സാധാരണയായി സമയത്തെ ആ അർത്ഥത്തിൽ കാണുന്നത്. എന്നാൽ ചാക്രിക സ്വഭാവത്തിനപ്പുറം സമയമുണ്ട്. ഇതിനെ നമ്മൾ മഹാകാലം  എന്ന് വിളിക്കുന്നു.

മഹാകാലേശ്വര ലിംഗവും മുക്തിയും

ഒരു ആത്മീയ അന്വേഷകൻ്റെ മുഴുവൻ അഭിലാഷവും മുക്തി അല്ലെങ്കിൽ മോക്ഷം നേടുക എന്നതാണ്, അതായത് നിങ്ങൾ ഭൗതികതയെ മറികടക്കാൻ ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അസ്തിത്വത്തിൻ്റെ ചാക്രിക സ്വഭാവത്തെ മറികടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അസ്തിത്വത്തിൻ്റെ ചാക്രിക സ്വഭാവത്തെ മറികടക്കുക എന്നതിനർത്ഥം ജീവിതത്തിൻ്റെ ആവർത്തന പ്രക്രിയയെ മറികടക്കുക എന്നാണ്. ജീവിതത്തിൻ്റെ ആവർത്തന പ്രക്രിയയെ മറികടക്കുക എന്നതിനർത്ഥം നിങ്ങളുടെ നിർബന്ധിത പ്രകൃതത്തെ മറികടക്കുക എന്നാണ്. നിർബന്ധിതാവസ്ഥയിൽ നിന്ന് ബോധത്തിലേക്കുള്ള യാത്രയാണത്.

നിങ്ങൾക്ക് നിർബന്ധിതാവസ്ഥയിൽ നിന്ന് ബോധത്തിലേക്ക് നീങ്ങണമെങ്കിൽ, ശാരീരിക അസ്തിത്വത്തിൻ്റെ ചാക്രിക ചലനത്തിൻ്റെ പ്രകടനമായ നിങ്ങൾക്ക്, ഇപ്പോൾ ഉള്ള സമയത്തിൻ്റെ പരിമിതമായ അനുഭവം മറികടക്കേണ്ടതുണ്ട്. ഭൗതികതയുടെ അടിസ്ഥാനമോ ശരീരത്തിൻ്റെ പരിമിതികളോ ഇല്ലാതെ നിങ്ങൾ സമയം അനുഭവിക്കുന്നുണ്ടെങ്കിൽ, ആ സമയത്തെ നമ്മൾ 'മഹാകാലം' എന്ന് വിളിക്കുന്നു. സൃഷ്ടിയിലുള്ള എല്ലാ വസ്തുക്കളും തകർക്കപ്പെടുന്ന മടിത്തട്ടാണ് മഹാകാല. ഗാലക്സികൾ വളരെ വലുതാണ്, പക്ഷേ ഇപ്പോഴും അവ സൃഷ്ടിയുടെ ഒരു ചെറിയ കണികകളാണ്; ബാക്കി എല്ലാം ശൂന്യമാണ്. ഒരു ആറ്റത്തിൻ്റെ തൊണ്ണൂറ്റി ഒമ്പത് ശതമാനമോ അതിലധികമോ ശൂന്യതയാണ്. അതാണ് മഹാകാലം .

ആറ്റം ചാക്രിക ചലനങ്ങളിലാണെങ്കിലും തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിലധികവും  ശൂന്യതയാണ്. ഈ വലിയ പ്രപഞ്ചത്തിൽ, തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിലധികം ശൂന്യതയാണ്. കൂറ്റൻ ഗാലക്സികൾ ചാക്രിക ചലനങ്ങളിലാണ്, എന്നാൽ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിലധികം ശൂന്യതയാണ്. അതുകൊണ്ട് മഹാകാലത്തിൻ്റെ മടിയിൽ വെച്ചാണ് സൃഷ്ടി നടക്കുന്നത്. സൃഷ്ടിയുടെ പരിമിതമായ കണികകളിൽ നിങ്ങൾ ഉൾപ്പെട്ടുപോയാൽ, ഒരു ചാക്രിക ചലനമായി നിങ്ങൾക്ക് സമയം അനുഭവപ്പെടും. ഈ മാനത്തെ  സംസാരം എന്ന് വിളിക്കുന്നു - അതായത് ചാക്രിക ചലനങ്ങൾ.

നിങ്ങൾ ഇതിനെ മറികടക്കുകയാണെങ്കിൽ, നമ്മൾ ഇതിനെ 'വൈരാഗ്യം' എന്ന് വിളിക്കുന്നു. ഇതിനർത്ഥം നിങ്ങൾ സുതാര്യമായിരിക്കുന്നു എന്നാണ്. നിങ്ങൾ സുതാര്യമാണെങ്കിൽ, നിങ്ങൾ വെളിച്ചം തടഞ്ഞു നിർത്തില്ല. നിങ്ങൾ പ്രകാശത്തെ തടയുന്നില്ലെങ്കിൽ, ജീവിതത്തിൻ്റെ നിർബന്ധിത സ്വഭാവത്തിൽ നിന്നോ ജീവൻ്റെ ചാക്രിക ചലനത്തിൽ നിന്നോ നിങ്ങൾ സ്വതന്ത്രനായി എന്നാണ് അർത്ഥം. ജീവിതത്തിൻ്റെ ചാക്രികമായ ചലനത്തിൽ നിന്ന് നിങ്ങൾ സ്വതന്ത്രനാവുകയാണെങ്കിൽ, 'നിങ്ങൾ മുക്തിയിലാണ്' അഥവാ സമ്പൂർണ്ണ വിമോചനം. അതിനാൽ, മുക്തി അല്ലെങ്കിൽ സമ്പൂർണ്ണ വിമോചനം ആഗ്രഹിക്കുന്നവർക്ക്, നമ്മൾ മഹാകാലം എന്ന് വിളിക്കുന്ന ഈ മാനം പരമപ്രധാനമാണ്.

    Share

Related Tags

ശിവ തത്വം

Get latest blogs on Shiva

Related Content

ശിവ പഞ്ചാക്ഷരി മന്ത്രം