Pre-order Sadhguru's new book - Karma: A Yogi's Guide to Crafting Your Destiny

ആദ്യ രണ്ട് ഭാഗങ്ങളിൽ, നമ്മൾ നമ്മുടെ ചിന്തകളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും കർമ്മം കെട്ടിപ്പടുക്കാതിരിക്കുമ്പോൾ, ജീവിതപ്രക്രിയ തന്നെ എങ്ങനെ കർമ്മത്തെ ലയിപ്പിക്കുന്നു എന്ന് സദ്ഗുരു വിശദീകരിക്കുന്നു.

Sadhguru: സദ്ഗുരു: നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും, നിങ്ങൾ എന്ത് ചെയ്താലും ഇല്ലെങ്കിലും, നിങ്ങളുടെ കർമ്മം അലിഞ്ഞില്ലാതാകുന്നു. ജീവിത പ്രക്രിയ തന്നെ കർമ്മത്തിന്റെ ലയനമാണ്. നമുക്ക് ഒരു നിശ്ചിത അളവ് കർമ്മം അനുവദിച്ചിട്ടുണ്ട്, അതിനെ പ്രാരാബ്ധം എന്ന് വിളിക്കുന്നു. പ്രാരാബ്ധം സ്വയം പ്രവർത്തിച്ചുതീരുന്നു. പക്ഷേ, പ്രശ്നം എന്താണെന്ന് വെച്ചാൽ, ഉൽപ്പാദന ഫാക്ടറി അമിതമായി പ്രവർത്തിക്കുന്നു എന്നതാണ് - പുതിയ കർമ്മങ്ങൾ വളരെ വേഗത്തിൽ കുന്നുകൂടുന്നു. ഒരു നിശ്ചിത വേഗതയിൽ മാത്രമേ ലയനം സംഭവിക്കാൻ കഴിയൂ, പക്ഷേ ആളുകൾക്ക് ഉൽപ്പാദനത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും! ഉദാഹരണത്തിന്, നിങ്ങളുടെ ഒരു സാധാരണ ദിവസം എടുക്കുകയാണെങ്കിൽ, രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ, നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളെയും, നിങ്ങൾ മനസ്സുകൊണ്ട് ചെയ്യുന്ന ചിന്തകളെയും താരതമ്യം ചെയ്താൽ, നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ പ്രവൃത്തികളേക്കാൾ അമ്പത് മടങ്ങ് കൂടുതലായിരിക്കും. അമ്പത് എന്ന് പറയുമ്പോൾ ഞാൻ വളരെ യാഥാസ്ഥിതികനാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ അമ്പത് മടങ്ങ് കൂടുതൽ കർമ്മം നിങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇത് കലോറി പോലെയാണ്. നിങ്ങൾ 600 കലോറി കത്തിക്കുന്നു, പക്ഷേ 6000 കലോറി കഴിക്കുന്നു - അത് എവിടെയെങ്കിലും കുന്നുകൂടിയേ തീരൂ.

നിങ്ങളുടെ കർമ്മത്തിന്റെ ഫാക്ടറി അടച്ചുപൂട്ടുക

നിങ്ങൾ ഒരു കർമ്മവും ചെയ്യുന്നില്ല എന്ന് കരുതുക - നിഷ്കർമ്മം - നിങ്ങൾ വെറുതെ ഇരിക്കുന്നു. ഇതിനർത്ഥം, കർമ്മം ഇപ്പോഴും അതേ വേഗതയിൽ പ്രവർത്തിച്ചുത്തീരുന്നുവെന്നും നിങ്ങൾ പുതുതായൊന്നും ഉത്പാദിപ്പിക്കുന്നില്ല എന്നുമാണ്. നിങ്ങൾ എപ്പോൾ ഭക്ഷണം കഴിക്കണമെന്ന് നിങ്ങൾ തീരുമാനമെടുക്കാത്ത വിധത്തിൽ ആദ്ധ്യാത്മികമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൻറെ കാരണം ഇതാണ്. ഒരു മണി മുഴങ്ങുന്നു, നിങ്ങൾ പോയി ഭക്ഷണം കഴിക്കുന്നു. എന്ത് കഴിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുന്നില്ല. വിളമ്പുന്നത് നിങ്ങൾ സന്തോഷത്തോടെ കഴിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്നില്ല. നമ്മൾ ഭക്ഷണം ആസ്വദിക്കുന്നതിനെതിരല്ല. എന്നാൽ ഭക്ഷണം കഴിക്കുന്ന ആ ലളിതമായ പ്രവൃത്തിയിൽ പോലും, നിങ്ങളുടെ ആഗ്രഹങ്ങളിലൂടെയും നിങ്ങൾ ചിന്തിക്കുന്നതിലൂടെയും, ആ ചിന്തകളെയും ആഗ്രഹങ്ങളെയും വർദ്ധിപ്പിക്കുന്നതിലൂടെയും നിങ്ങൾ അത്രമാത്രം കർമ്മം ഉത്പാദിപ്പിക്കുന്നു. നിങ്ങൾക്ക് ആകെ ഇത്രമാത്രമേ കഴിക്കാൻ കഴിയൂ. ഭക്ഷണം നല്ലതാണെങ്കിൽ, അത് നിങ്ങൾക്ക് വളരെ ഇഷ്ടമാണെങ്കിൽ, ഒരുപക്ഷേ 5% അധികം കഴിച്ചേക്കാം. 10% കവിഞ്ഞാൽ നിങ്ങൾ കുഴപ്പത്തിലാണ്. ഭക്ഷണം കഴിക്കുന്ന ഈ ലളിതമായ പ്രവൃത്തിയിൽപോലും, മനുഷ്യരുടെ തലയിൽ എത്രമാത്രം കാര്യങ്ങളാണ് നടക്കുന്നത്! മറ്റാരെയും പോലെ ഞാനും ഭക്ഷണം ആസ്വദിക്കുന്നു; നിങ്ങൾ ഭക്ഷണം നിങ്ങളുടെ നാവിലോ വയറ്റിലോ ആണ് ആസ്വദിക്കേണ്ടത്. അല്ലെങ്കിൽ നിങ്ങൾ പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഒരു പാത്രത്തിൽ പാകം ചെയ്യണം. എനിക്ക് പാചകം ചെയ്യാൻ ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ അത് ഒരു പാത്രത്തിൽ പാകപ്പെടുത്തുന്നു. എനിക്ക് ഭക്ഷണം ഇഷ്ടപ്പെട്ടാൽ ഞാൻ അത് നാവിലോ വയറ്റിലോ ആസ്വദിക്കുന്നു. നിങ്ങൾ അത് തലയിലാണ് കൊണ്ടുനടക്കുന്നത് - അത് ഭക്ഷണത്തിനുള്ള സ്ഥലമല്ല. തലയും ഭക്ഷണവും ഒരുമിച്ച് പോകില്ല - നിങ്ങൾ കർമ്മം സൃഷ്ടിക്കുകയാണ്.

നിങ്ങളുടെ ജീവിതത്തിലെ ഓരോ വശവും ഈ തരത്തിൽ നോക്കൂ. ദിവസേന പ്രവർത്തിച്ചുതീരുന്നതിനേക്കാൾ അമ്പതോ നൂറോ മടങ്ങ് കൂടുതൽ കർമ്മം നിങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോൾ, അല്ലെങ്കിൽ സന്തോഷത്തോടെ കഴിക്കുമ്പോൾ, അത് ദഹിപ്പിച്ച് നിങ്ങളുടെ ഒരു ഭാഗമാക്കുമ്പോൾ, നിങ്ങൾ ആ കർമ്മസഞ്ചയത്തെ ലയിപ്പിക്കുകയാണ്. ജീവിതത്തിൻ്റെ ഈ ലളിതമായ പ്രക്രിയ തന്നെ കർമ്മത്തെ ലയിപ്പിക്കും.


 

ആത്മീയ പാത എന്നാൽ നമ്മുടെ കാർമ്മിക പ്രക്രിയയെ വേഗത്തിലാക്കാൻ നാം ആഗ്രഹിക്കുന്നു എന്നർത്ഥം. നമുക്ക് അനുവദിച്ചതിലും കൂടുതൽ കർമ്മഭാരം ഏറ്റെടുക്കാൻ നാം ആഗ്രഹിക്കുന്നു, കാരണം വീണ്ടും വീണ്ടും അതേ കാര്യം ചെയ്യുന്നതിനായി മടങ്ങിവരാൻ നമുക്ക് താൽപര്യമില്ല. നമുക്കത് ഇപ്പോൾ തന്നെ തീർക്കണം. ഇത് ഓരോരുത്തരും എടുക്കേണ്ട ബോധപൂർവ്വമായ തീരുമാനമാണ് - നിങ്ങൾക്ക് സാവധാനം അത് തീർക്കണമോ അതോ എല്ലാ വിഡ്ഢിത്തവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമോ.

നിങ്ങൾ സജീവമായ ആത്മീയ പ്രക്രിയയിൽ പ്രവേശിക്കുമ്പോൾ, പെട്ടെന്ന് എല്ലാം ആശ്ചര്യകരമായ വേഗതയിൽ നീങ്ങുന്നതായി കാണാം. നിങ്ങൾ മുമ്പത്തേക്കാളും കൂടുതൽ പ്രശ്നങ്ങളിലാണെന്ന് കാണാം. മുമ്പ് ആറുമാസത്തിലൊരിക്കൽ പ്രശ്നങ്ങൾ വന്നിരുന്നു. ഇപ്പോൾ ആറു മണിക്കൂർ കൂടുമ്പോൾ നിങ്ങൾ വലിയ പ്രശ്നത്തിലാണ്, കാരണം നിങ്ങളുടെ കർമ്മത്തിന്റെ പ്രക്രിയ വേഗത്തിലാണ്. ജീവിതത്തിൽ നിന്ന് സ്വയം മാറി നിൽക്കുന്ന വിഡ്ഢികൾ മാത്രമേ ആത്മീയത എന്നാൽ ശാന്തമായിരിക്കുകയാണെന്ന് വിശ്വസിക്കുന്നുള്ളൂ. അല്ല. ആത്മീയ പാതയെന്നാൽ നിങ്ങൾക്കുള്ളിലും പുറത്തും തീപിടിപ്പിക്കുക എന്നാണ്. സമാധാനത്തിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ നിങ്ങൾക്ക് സമാധാനം ഉണ്ടാകും. എന്നാൽ ഇത് ഉന്മേഷഭരിതമായ ജീവിതത്തിനുള്ള സമയമാണ്! നിങ്ങൾ സന്തോഷവാനാണെങ്കിൽ, അല്ലെങ്കിൽ പരമാനന്ദത്തിലാണെങ്കിൽ, നിങ്ങൾ ശാന്തനാകുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? അത്തരമൊരു ചിന്തയേ നിങ്ങൾക്കുണ്ടാകില്ല.

കർമ്മത്തിന്റെ സ്പ്രിംഗ്

നിർഭാഗ്യവശാൽ, ഇന്ന് മനുഷ്യർ ജീവിതം എങ്ങനെ തീവ്രമാക്കാം എന്ന് നോക്കുന്നില്ല, നാം എപ്പോഴും ജീവിതം എങ്ങനെ വലിച്ചുനീട്ടാം എന്നാണ് നോക്കുന്നത്. ഇതുകൊണ്ടാണ് ഒരു പ്രായത്തിന് ശേഷം ധാരാളം ആളുകൾക്ക് അവരുടെ ഓർമ്മശക്തിയും മാനസിക കഴിവുകളും നഷ്ടപ്പെടുന്നത്. ഈ രോഗാവസ്ഥകളിൽ കാർമ്മികമായ സ്വാധീനം വളരെയധികമാണ്.

കർമ്മം എന്നാൽ നിങ്ങൾ അബോധപൂർവ്വം സൃഷ്ടിച്ച ഒരു തരം സോഫ്റ്റ്‌വെയർ ആണ്. നിങ്ങൾ ജനിക്കുന്നതിന് മുമ്പ്, ഗർഭധാരണത്തിന് ശേഷമുള്ള 40 - 48 ദിവസങ്ങൾക്കിടയിൽ, കർമ്മത്തിന്റെ ചരട് ഒരു സ്പ്രിംഗ് പോലെ സ്വയം മുറുകുകയായിരുന്നു. മുൻകാല വിവരങ്ങൾ, നിങ്ങളുടെ ശരീരത്തിന്റെ ശക്തി, മാതാപിതാക്കളുടെ പ്രകൃതം, ഗർഭധാരണത്തിന്റെ രീതി തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ച്, ഒരു നിശ്ചിത അളവിലുള്ള വിവരങ്ങൾ ഈ സ്പ്രിംഗിലേക്ക് മുറുകുന്നു. ഇത് അമർത്തിവച്ചിരിക്കുന്ന ഒരു സ്പ്രിംഗ് പോലെയാണ്. നിങ്ങൾ വെറുതെ ഇരുന്നാൽ, അത് സാവധാനം നിവർന്നുവരും. നിങ്ങൾ എത്ര നിശ്ചലമായി ഇരിക്കുന്നുവോ, അത്രയും വേഗം അത് അഴിയും. പക്ഷേ നിങ്ങൾ പ്രവർത്തനനിരതനായതിനാലും പുതിയ കാര്യങ്ങൾ ശേഖരിച്ചുകൂട്ടുന്നതിനാലും, അത് ഒരു നിശ്ചിത വേഗതയിൽ മാത്രമാണ് അഴിയുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ കർമ്മത്തിന്റെ ചരടിലുള്ള സമ്മർദ്ദം നോക്കിയാൽ, ആ കുട്ടി ഏകദേശം എത്ര വർഷം ജീവിക്കും എന്ന് എനിക്ക് എളുപ്പം പറയാൻ കഴിയും - ആ കുട്ടി ഏതെങ്കിലും വണ്ടിയിടിച്ച് മരിക്കാതിരിക്കുകയോ , അല്ലെങ്കിൽ ഏതെങ്കിലും ആത്മീയ ഗുരുവുമായി സമ്പർക്കത്തിൽ വരാതിരിക്കുകയോ ചെയ്‌താൽ! അവൻ ഒരു സാധാരണ ജീവിതം നയിച്ചാൽ, അവൻ എത്രകാലം ജീവിക്കും എന്ന് നമുക്ക് പറയാൻ കഴിയും. ആ സ്പ്രിംഗ് എത്ര വേഗത്തിൽ നിവർന്നുവരുമെന്ന് നമുക്ക് അറിയാനാകും.

ഇന്ത്യയിൽ ഒരു കുട്ടി ജനിക്കുമ്പോൾ ഇത് സാധാരണമായിരുന്നു: ആ വീട്ടുകാർ ഒരു യോഗിയെയോ ഋഷിയെയോ വീട്ടിലേക്ക് ക്ഷണിക്കും, അല്ലെങ്കിൽ കുട്ടിയെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകും. ഇത് ഇന്നും നിലനിൽക്കുന്നുണ്ട്, പക്ഷേ ഇന്ന് ഇതിനുപകരം ആളുകൾ ബർത്ഡേ പാർട്ടികൾ നടത്തുന്നു. അല്ലെങ്കിൽ, ഇതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ സ്പ്രിംഗിൽ അമിതമായ മുറുക്കമുണ്ടോ എന്ന് കാണാൻ കഴിയുന്ന ഒരു വ്യക്തിയുടെ അടുത്തേക്ക് നിങ്ങളുടെ കുട്ടിയെ കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നു, കുട്ടിയുടെ നന്മയ്ക്കുവേണ്ടി, അത് പരിഹരിക്കുന്നതിനായി എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണത്. എങ്കിലും, മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാൾ അവനെ ഇടിച്ചുവീഴ്ത്താം. അല്ലെങ്കിൽ ഒരു ഗുരു വന്ന് ഒന്നുകിൽ അവനെ വേഗത്തിൽ അഴിച്ചെടുക്കാം അല്ലെങ്കിൽ അനേകം ആയുഷ്‌കാലത്തെ കർമ്മങ്ങൾ അവൻ്റെ ഇപ്പോഴത്തെ ഭാരത്തിലേക്ക് കയറ്റാം. അപ്പോൾ, അങ്ങനെ എന്തെങ്കിലും സംഭവിച്ച് അത് വീണ്ടും മുറുകുകയോ വളരെ വേഗത്തിൽ മോചിതമാകുകയോ ചെയ്തില്ലെങ്കിൽ കർമ്മം ഒരു പ്രത്യേക രീതിയിൽ സ്വയം പ്രവർത്തിച്ചുതീരുന്നു. ചില പ്രശ്നങ്ങൾ കാരണം ഇത്തരം കാര്യങ്ങൾ സംഭവിക്കാം.


 

ഇന്ന്, കർമ്മത്തിന്റെ ഈ ചരടുകളെ കൈകാര്യം ചെയ്യാതെ, ഒരു മനുഷ്യന്റെ ഭൗതിക ആയുസ്സ് നീട്ടിയെടുക്കാൻ നാം ശ്രമിക്കുകയാണ്, കാരണം നമുക്ക് ജൈവരസതന്ത്രത്തിൽ കുറച്ച് പ്രാവീണ്യം കൈവന്നിരിക്കുന്നു. മരുന്നും ശസ്ത്രക്രിയയും ഉപയോഗിച്ച് ജീവിതം നീട്ടാൻ നാം ശ്രമിക്കുന്നു. ഒരു സമയം കഴിയുമ്പോൾ ധാരാളം ആളുകൾക്ക് അവരുടെ ഓർമ്മശക്തിയും മാനസിക കഴിവുകളും നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരിക്കാം ഇത്. കാരണം അപ്പോൾ ഇത് ഒരു "മണ്ടൻ കമ്പ്യൂട്ടർ" ആയിമാറുന്നു - നിങ്ങൾ എന്ത് ചെയ്താലും, അത് വെറുതെ നിങ്ങളെ തുറിച്ചുനോക്കുക മാത്രം ചെയ്യും, കാരണം സോഫ്റ്റ്‌വെയർ തീർന്നിട്ടും മാറ്റിവച്ച ഹൃദയമോ വൃക്കയോ കൊണ്ട് നിങ്ങൾ ഹാർഡ്‌വെയർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അവർ ജീവിതത്തിന്റെ മറ്റൊരു തലം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ഭൗതികതയ്ക്ക് അതീതമായ ആത്മീയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നുവെങ്കിൽ, ആയിരം വർഷം ജീവിച്ചാലും നിങ്ങൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ സൃഷ്ടിക്കാൻ കഴിയുമായിരുന്നു, കാരണം മറ്റെവിടെയോ ധാരാളം കർമ്മം ഇനിയുമുണ്ട്. സഞ്ചിതം എന്നറിയപ്പെടുന്ന കർമ്മത്തിന്റെ ഒരു കലവറ ഇപ്പോൾ നിങ്ങൾക്ക് തുറന്നിട്ടില്ല. അതല്ലെങ്കിൽ, നിങ്ങളുടെ സോഫ്റ്റ്‌വെയർ ഇല്ലാതാകുന്നതോടെ നിങ്ങളുടെ ഹാർഡ്‌വെയർ സ്വയം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തിൽ നിങ്ങൾക്ക് സ്വയം പ്രോഗ്രാം ചെയ്യാം.

karma-book-blog-banner