കല്പവൃക്ഷം - നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ സാക്ഷാത്കരിക്കാം?
യോഗ, സുസ്ഥാപിതമായ ഒരു മനസ്സിനെ, കല്പവൃക്ഷം അഥവാ "ആഗ്രഹങ്ങൾ സഫലമാക്കുന്ന വൃക്ഷം" എന്ന് വിശേഷിപ്പിക്കുന്നു. സദ്ഗുരു വിശദീകരിക്കുന്നു. ശരീരം, മനസ്സ്, വികാരങ്ങൾ, ഊർജ്ജം, ഇവയെ നിങ്ങൾ ഒരേ ദിശയിൽ ഏകോപിപ്പിച്ചാൽ, സൃഷ്ടിക്കാനും, സാക്ഷാത്ക്കരിക്കാനുമുള്ള നിങ്ങളുടെ കഴിവ് അസാധാരണമായി വർദ്ധിക്കും.
ഭൂമിയിൽ നാം സൃഷ്ടിച്ചവ എല്ലാം തന്നെ അടിസ്ഥാനപരമായി ആദ്യം സൃഷ്ടിക്കപ്പെട്ടത് മനസ്സിലാണ്. മനുഷ്യൻറെ എല്ലാ പ്രവൃത്തികളും - അത്ഭുതകരമായവയും, അതിഭീകരമായവയും, രണ്ടും - ആദ്യം രൂപപ്പെട്ടത് മനസ്സിലാണ്, പിന്നീട് പുറം ലോകത്തിലും. യോഗപാരമ്പര്യത്തിൽ സുസ്ഥാപിതമായ ഒരു മനസ്സിനെ കല്പവൃക്ഷം അല്ലെങ്കിൽ അനുഗ്രഹ വൃക്ഷം എന്ന് വിളിക്കുന്നു.
Iനിങ്ങൾ മനസ്സിനെ ഒരു നിശ്ചിത തലത്തിൽ ചിട്ടപ്പെടുത്തിയാൽ അത് തിരികെ നിങ്ങളുടെ മുഴുവൻ ഘടനയെയും ക്രമപ്പെടുത്തുന്നു. നിങ്ങളുടെ ശരീരവും, മനസ്സും, വികാരങ്ങളും, ഊർജ്ജവും അതേ ദിശയിൽ യോജിപ്പിക്കപ്പെടുന്നു. ഇത് സംഭവിച്ചാൽ, നിങ്ങളൊരു കല്പവൃക്ഷമാണ്. നിങ്ങളാഗ്രഹിക്കുന്നതെന്തും സംഭവിക്കും.
നിങ്ങളുടെ ആവശ്യങ്ങളെ സൂക്ഷിക്കുക
യോഗ പാരമ്പര്യത്തിൽ സുന്ദരമായ ഒരു കഥയുണ്ട്. നടക്കാനിറങ്ങിയ ഒരു മനുഷ്യൻ നടന്ന് നടന്ന് യാദൃശ്ചികമായി സ്വർഗ്ഗത്തിലെത്തി. ദീർഘമായ നടത്തത്തിന് ശേഷം അയാൾക്ക് ക്ഷീണം തോന്നി, "അൽപ്പം വിശ്രമിക്കാൻ കഴിഞ്ഞെങ്കിൽ" അയാൾ ചിന്തിച്ചു. അരികിൽ ഭംഗിയുള്ള ഒരു വൃക്ഷവും അതിനു താഴെ മൃദുവായ പുൽത്തകിടിയും കണ്ടു. വൃക്ഷച്ചുവട്ടിലെത്തി പുൽത്തകിടിയിൽ കിടന്ന് അയാൾ സുഖമായുറങ്ങി. കുറച്ചുമണിക്കൂറുകൾക്കു ശേഷം അയാളുണർന്നു. "നല്ല വിശപ്പ്. കഴിക്കാനെന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ" പല വിശിഷ്ട ഭോജ്യങ്ങളെക്കുറിച്ചും അയാൾ ചിന്തിച്ചു. അവയെല്ലാം പൊടുന്നനെ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അയാൾ വീണ്ടും ചിന്തിച്ചു. "ദാഹിക്കുന്നു, കുടിക്കാനെന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ" ആഗ്രഹമുള്ള എല്ലാ പാനീയങ്ങളെക്കുറിച്ചും അയാൾ ചിന്തിച്ചു. അവയൊന്നടങ്കം അയാളുടെ മുന്നിൽ പ്രത്യക്ഷമായി.
യോഗയിൽ മനുഷ്യമനസ്സിനെ, അതിന്റെ അലഞ്ഞു തിരിയുന്ന സ്വഭാവം മൂലം, മർക്കടം അഥവാ കുരങ്ങൻ എന്ന് വിളിക്കുന്നു. കുരങ്ങൻ എന്ന വാക്ക് അനുകരണത്തിന്റെ കൂടി പര്യായമാണ്. നിങ്ങൾ ഒരാളെ “മങ്കിയിങ്ങ്” ചെയ്യുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത്, നിങ്ങളയാളെ അനുകരിക്കുന്നു എന്നാണ്. ഇതാണ് നിങ്ങളുടെ മനസ്സിന്റെ മുഴുവൻസമയ ജോലി. അതുകൊണ്ട് തന്നെ അസ്ഥിരമായ ഒരു മനസ്സിനെ കുരങ്ങൻ എന്ന് വിളിക്കുന്നു.
ഈ കുരങ്ങ് സ്വർഗ്ഗത്തിലെത്തിയ മനുഷ്യന്റെയുള്ളിൽ പ്രവർത്തനനിരതമായപ്പോൾ അയാൾ ചിന്തിച്ചു "എന്താണ് ഇവിടെ സംഭവിക്കുന്നത്?" "ഞാൻ ഭക്ഷണം ആവശ്യപ്പെട്ടു, ഭക്ഷണം വന്നു. പാനീയങ്ങളാവശ്യപ്പെട്ടു പാനീയങ്ങൾ വന്നു. ചിലപ്പോൾ ഇവിടെ പ്രേതങ്ങളുണ്ടായിരിക്കാം" അതോടെ അവിടെ പ്രേതങ്ങൾ പ്രത്യക്ഷപ്പെട്ടു. ഭയന്നു വിറച്ച അയാൾ പറഞ്ഞു, "ഓ! പ്രേതങ്ങൾ ഇവരെന്നെ ഉപദ്രവിച്ചേക്കും" അതോടെ പ്രേതങ്ങൾ അയാളെ പീഡിപ്പിക്കാൻ തുടങ്ങി. വേദനയിൽ നിലവിളിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു "പ്രേതങ്ങൾ! ഇവരെന്നെ കൊല്ലാൻ പോകുന്നു" അതോടെ അയാൾ മരിച്ചു.
പ്രശ്നം എന്തായിരുന്നു എന്നുവെച്ചാൽ, അയാളിരുന്നിരുന്നത് ഒരു കല്പവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നു. അയാൾ ആവശ്യപ്പെട്ടതൊക്കെയും യാഥാർഥ്യമായി. കല്പവൃക്ഷമായി മാറുന്ന ഒരു ബിന്ദുവിലേക്ക് മനസ്സിനെ വളർത്തുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്, ഭ്രാന്തിന്റെ ഉറവിടമായല്ല. സുസ്‌ഥാപിതമായ മനുഷ്യമനസ്സിനെ കല്പവൃക്ഷം എന്ന് വിളിക്കുന്നു. ഈ മനസ്സിൽ നിങ്ങളാവശ്യപ്പെടുന്നതെന്തും യാഥാർഥ്യമാകും..
ആരാണ് ഡ്രൈവിംഗ് സീറ്റിൽ?
നിങ്ങൾ ഒരു കാർ ഓടിക്കുകയാണെന്ന് സങ്കൽപ്പിക്കുക. പെട്ടെന്നതിന്റെ സ്റ്റിയറിങ്ങിന്റെ മുറുക്കം നഷ്ടപ്പെട്ടു. മറ്റെല്ലാ ഭാഗങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോളത് ക്രൂസ് കൺട്രോളിന്റെ നിയന്ത്രണത്തിലാണ്. ഒരേ വേഗതയിൽ സഞ്ചരിക്കുന്നു, പക്ഷേ സ്റ്റിയറിങ്ങ് നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളവിടെ സമാധാനമായിരിക്കുമോ? ഇല്ല, നിങ്ങൾക്ക് ഭ്രാന്തുപിടിക്കും. ഇതാണ് മിക്ക മനുഷ്യജീവികളുടെയും അവസ്ഥ. സ്റ്റിയറിങ്ങ് വീൽ അവരുടെ കൈകളിൽ അല്ല. ശരീരവും മനസ്സും ഊർജ്ജവും നിങ്ങളുടെ കൈകളിലല്ല എങ്കിൽ, അവ അവയുടെ നിർബന്ധിത പ്രേരണയിൽ പ്രവർത്തിക്കും. അവ അവയ്ക്കു തോന്നുന്നതുപോലെ പ്രവർത്തിക്കുമ്പോൾ, കല്പവൃക്ഷം എന്നത് അതിവിദൂരമായ ഒരു സാധ്യതയാണ്.
ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ കാര്യം , എന്താണ് നിങ്ങൾക്ക് ശരിക്കും വേണ്ടത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ്. എന്താണ് വേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ അറിയില്ല എങ്കിൽ, അതിനെ സൃഷ്ടിക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്താണ് നിങ്ങൾക്ക് വേണ്ടത് എന്നതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിങ്ങൾക്ക് മനസിലാകും, എല്ലാവർക്കും വേണ്ടത്, ജീവിതത്തിൽ സന്തോഷവും സമാധാനവുമാണ്. ബന്ധങ്ങളിൽ മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും, കരുതലും. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. തന്റെ തന്നെ ഉള്ളിലും, പുറത്തും
ഈ സന്തോഷം നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ നാമതിനെ ആരോഗ്യം എന്നും സുഖം എന്നും വിളിക്കുന്നു. അത് നമ്മുടെ മനസ്സിൽ ഉണ്ടാകുമ്പോൾ നാമതിനെ സമാധാനം എന്നും ആഹ്ലാദം എന്നും വിളിക്കുന്നു. അത് നമ്മുടെ വികാരങ്ങളിൽ ഉണ്ടാകുമ്പോൾ നാമതിനെ സ്നേഹമെന്നും കരുണയെന്നും വിളിക്കുന്നു. അത് നമ്മുടെ ഉർജ്ജത്തിൽ ഉണ്ടാകുമ്പോൾ നാമതിനെ ആനന്ദമെന്നും നിർവൃതിയെന്നും വിളിക്കുന്നു. ഇതു മാത്രമാണ് എല്ലാ മനുഷ്യരും അന്വേഷിക്കുന്നത്. ഒരാൾ സ്വന്തം ഓഫീസിൽ ജോലിക്ക് പോകുമ്പോഴും, പണമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും, കരിയർ കെട്ടിപ്പടുക്കുമ്പോഴും, കുടുംബം സ്ഥാപിക്കുമ്പോഴും, ബാറിലോ അമ്പലത്തിലോ ഇരിക്കുമ്പോഴും, അയാൾ അന്വേഷിക്കുന്നത് ഒന്ന് മാത്രമാണ്, സന്തോഷം, തന്റെ തന്നെ ഉള്ളിലും, പുറത്തും.
നിങ്ങൾ ചെയ്യേണ്ടതായി ഇതുമാത്രമേയുള്ളു സന്തോഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. എല്ലാ പ്രഭാതത്തിലും ലളിതമായ ഒരു ചിന്തയോടെ ദിവസം ആരംഭിക്കുക. "ഇന്ന് ഞാൻ പോകുന്നിടത്തെല്ലാം , സമാധാനവും സ്നേഹവും സന്തോഷവുമുള്ള ഒരു ലോകം സൃഷ്ടിക്കും" നിങ്ങൾക്ക് ഒരു ദിവസം നൂറുതവണ തെറ്റിപ്പോയേക്കാം. എന്നാൽ അതുകൊണ്ട് എന്താണ് കുഴപ്പം? പ്രതിജ്ഞാബദ്ധനായ ഒരു മനുഷ്യന് പരാജയം എന്നൊന്നില്ല. നൂറുതവണ തെറ്റിപ്പോയാൽ നൂറ് പാഠങ്ങൾ നിങ്ങൾ പഠിക്കും. ആവശ്യമുള്ളത് സൃഷ്ടിക്കാനുള്ള ചുമതല ഇത്തരത്തിൽ നിങ്ങൾ ഏറ്റെടുത്താൽ, നിങ്ങളുടെ മനസ്സ് സുസംഘടിതമാകും.
ഈ ഘടനയെ ചിട്ടപ്പെടുത്താനും അതുവഴി ഒരു കല്പവൃക്ഷമായി മാറാനുമുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളുമുണ്ട് . സൃഷ്ടിയുടെ ഉറവിടം ജീവിതത്തിന്റെ ഓരോനിമിഷവും നിങ്ങളുടെ ഉള്ളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആ മാനം നിങ്ങൾക്ക് പ്രാപ്യമാണോ, എന്നത് മാത്രമാണ് ചോദ്യം. ജീവിതത്തിലെ നാല് അടിസ്ഥാനഘടകങ്ങളെ ചിട്ടപ്പെടുത്തുക വഴി നിങ്ങൾക്ക് അവിടേക്ക് പ്രവേശിക്കാം. യോഗ എന്ന് നാം വിശേഷിപ്പിക്കുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും ഇതിനെക്കുറിച്ച് മാത്രമാണ്. കേവലം ഒരു സൃഷ്ടിയിൽ നിന്നും സ്രഷ്ടാവിലേക്കുള്ള രൂപാന്തരപ്രാപ്തി.
ഉദാഹരണത്തിന്, നൂറ് വർഷങ്ങൾക്ക് മുൻപ്, ഞാനൊരു മൊബൈൽഫോൺ പോലെ എന്തെങ്കിലും കൈയിലെടുത്ത് ലോകത്തിന്റെ ഏതോ ഭാഗത്തുള്ള ആരോടെങ്കിലും സംസാരിച്ചാൽ നിങ്ങൾ അതൊരു ദിവ്യാത്ഭുതമായി കരുതും. ഒരു പ്രവാചകൻ, അല്ലെങ്കിൽ ദൈവപുത്രൻ, അതുമല്ലെങ്കിൽ ദൈവം തന്നെയായിരിക്കണം ഞാൻ. പക്ഷേ ഇന്ന് നമ്മെളെല്ലാവരും കൊണ്ട് നടക്കുന്ന ഒരു ഉപകരണം മാത്രമാണത്. ഇന്ന് ഈ ഉപകരണത്തിന്റെ സഹായമില്ലാതെ ലോകത്തിന്റെ വേറെയേതെങ്കിലും ഭാഗത്തുള്ള ആരോടെങ്കിലും ഞാൻ സംസാരിച്ചാൽ, അതൊരത്ഭുതമാണ്. ഈ ഉപകരണം ഉണ്ടായത് ഒരു മനുഷ്യമനസ്സ് ഇതിനുവേണ്ടി ആഗ്രഹിച്ചതുകൊണ്ടാണ്. നൂറ് വർഷങ്ങൾക്ക് മുൻപ് ആരും ഇത് സാധ്യമാണെന്ന് കരുതിയിരുന്നില്ല. പക്ഷേ ഇന്നിതൊരു സാധാരണ കാര്യമാണ്. നമ്മുടെ അവബോധത്തിൽ ഇല്ലാതിരുന്ന പലതിനെയും അവിടേക്ക് കൊണ്ടുവരാനും, അതുവഴി സ്വന്തം ജീവിതം സ്വയം സൃഷ്ടിക്കാനുള്ള കഴിവിനെ വളരെയധികം വർധിപ്പിക്കാനും സാധിക്കും.
നിങ്ങളാണ് സ്രഷ്ടാവ്
നിങ്ങളുടെ മനസ്സ് സംഘടിക്കപ്പെട്ടുകഴിഞ്ഞാൽ - നിങ്ങളുടെ ചിന്തകൾക്കനുസരിച്ചാണ് നിങ്ങളുടെ വികാരങ്ങൾ - നിങ്ങളുടെ വികാരങ്ങൾ ചിട്ടപ്പെടുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും ക്രമപ്പെട്ടുകഴിഞ്ഞാൽ, നിങ്ങളുടെ ഊർജ്ജവും അതേദിശയിൽ സംഘടിപ്പിക്കപ്പെടുന്നു. ഒരിക്കൽ നിങ്ങളുടെ ചിന്തകളും വികാരങ്ങളും ഊർജ്ജങ്ങളും സംഘടിതമാക്കപ്പെട്ടു കഴിഞ്ഞാൽ, നിങ്ങളുടെ ശരീരവും സംഘടിതമാക്കപ്പെടുന്നു. ഒരിക്കൽ ഇവ നാലും ഒരേ ദിശയിൽ ചേർന്ന് കഴിഞ്ഞാൽ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള നിങ്ങളുടെ ശേഷി അത്ഭുതകരമാകും.
നിങ്ങളുടെ ജീവന്റെ പ്രകൃതത്തിലേക്കു ഒന്ന് നോക്കൂ. നിങ്ങൾ ഒരു വാഴപ്പഴം കഴിച്ചാൽ നാലുമണിക്കൂറുകൾക്കകം ഈ വാഴപ്പഴം നിങ്ങളുടെ ( ഒരു മനുഷ്യന്റെ ) ഭാഗമായി മാറുന്നു. ജീവൻ സൃഷ്ടിക്കുന്ന ഒരു പ്രക്രിയ നിങ്ങളുടെ ഉള്ളിലുണ്ട്, അതാണ് ഈ ശരീരം സൃഷ്ടിക്കുന്നത്. ഈ ശരീരത്തിന്റെ സ്രഷ്ടാവ് നിങ്ങളുടെ ഉള്ളിലുണ്ട് - അവൻ ഒരു വാഴപ്പഴത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുന്നു. ഒരു വാഴപ്പഴത്തെ മനുഷ്യനായി മാറ്റുന്നത് ഒരു നിസ്സാരകാര്യമല്ല, അതൊരു പ്രതിഭാസമാണ്. ഈ പ്രതിഭാസമാണ് നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്നത്. വാഴപ്പഴത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുന്ന ഈ പ്രതിഭാസത്തെ നിങ്ങൾക്ക് ബോധപൂർവ്വം പ്രകടമാക്കാൻ കഴിഞ്ഞാൽ, പിന്നെ നിങ്ങൾ സ്രഷ്ടാവ് തന്നെയാണ്.
പരിണാമ സിദ്ധാന്തമനുസരിച്ച് കുരങ്ങൻ മനുഷ്യനായി പരിണമിക്കാൻ ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. ഒരു വാഴപ്പഴത്തെയോ, ഒരു കഷണം റൊട്ടിയെയോ, അല്ലെങ്കിൽ നിങ്ങൾ ഭക്ഷിക്കുന്ന വേറെന്തിനെയുമോ , മനുഷ്യനാക്കി മാറ്റാൻ ഉച്ചവരെയുള്ള സമയം മതി. അതിനർത്ഥം ജീവന്റെ ഉറവിടം നിങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്നു എന്നാണ്. നിങ്ങൾ ശരീരം, മനസ്സ്, വികാരങ്ങൾ, ഊർജ്ജം എന്നീ നാല് പരിമാണങ്ങളെ ഒരേ ദിശയിൽ സംഘടിപ്പിച്ചാൽ പിന്നെ, ജീവന്റെ ഉറവിടം നിങ്ങളോടൊപ്പമാണ്, നിങ്ങളാണ് സ്ര ഷ്ടാവ്. നിങ്ങൾക്ക് സൃഷ്ടിക്കേണ്ടത് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ സംഭവിക്കപ്പെടും. ഒരിക്കൽ നിങ്ങളീ വിധം സ്വയം സംഘടിപ്പിച്ചു കഴിഞ്ഞാൽ, പിന്നെ നിങ്ങളൊരു താളം തെറ്റിയ അവസ്ഥയല്ല. നിങ്ങളൊരു കല്പവൃക്ഷമാണ്. നിങ്ങൾക്ക് വേണ്ടത് സൃഷ്ടിക്കാനുള്ള ശക്തി നിങ്ങളാർജ്ജിച്ചുകഴിഞ്ഞു.
Editor’s Note: Harness the true power of your mind with this free Chit Shakti Guided Meditation by Sadhguru.
A version of this article was originally published in Isha Forest Flower January 2020. Click here to subscribe to the print version.