ചോദ്യം: ഒരു ശിശു ജനിച്ചു വീഴുന്നത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകവുമായിട്ടല്ലെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ജനനം മുതല്‍ മരണം വരെ ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചു മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഒരു കൈപ്പുസ്തകം ആര്‍ക്കെങ്കിലും എഴുതേണ്ടി വരികയാണെങ്കില്‍ അത് എങ്ങനെയുള്ളതായിരിയ്ക്കും?


സദ്ഗുരു: ശൂന്യമായ പുസ്തകമാണു ശ്രേഷ്ഠം. ഇപ്പോള്‍ നിങ്ങള്‍ എല്ലാം യാന്ത്രികമാക്കാന്‍ ശ്രമിക്കുകയാണ്. പ്രയോജനകരമെന്നു നിങ്ങള്‍ ചിന്തിക്കുന്ന ഏതെങ്കിലും വിധത്തില്‍ മനുഷ്യനെ 'പ്രവര്‍ത്തിപ്പിക്കുക' എന്നതിലുമുപരിയായ മറ്റു തലങ്ങള്‍ അയാള്‍ക്കുണ്ട്. ഒരു മനുഷ്യന്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടേണ്ടതിന്‍റെ ആവശ്യമില്ല. ഒരു കാളവണ്ടിയില്‍ നുകം പൂട്ടിയിരിക്കുന്ന കാളകള്‍ കാട്ടിലെമ്പാടും തുള്ളിക്കളിക്കുന്ന കലമാനെ നോക്കി ഇപ്രകാരം ചിന്തിക്കുന്നതു പോലെയാണത്; ''ഓഹ്, എങ്ങനെയവര്‍ ആര്‍ക്കും പ്രയോജനപ്പെടാതെ സ്വന്തം ജീവിതം പാഴാക്കുന്നു. ഒരു ഗുണവുമില്ല.''കലമാന് ആനന്ദമുണ്ട്. നിങ്ങളെയാകട്ടെ നുകം പൂട്ടിയിരിക്കുകയാണ്, നിങ്ങള്‍ക്ക് ആനന്ദമില്ല.

കേവലം പ്രയോജനപ്പെടാന്‍ ശ്രമിക്കുന്നതു കൊണ്ടു മാത്രം നിങ്ങളൊരു സന്തോഷമില്ലാത്ത ഒരു വ്യക്തിയായിത്തീരുകയാണെങ്കില്‍ ജീവിതത്തിന്‍റെ എല്ലാ ഉദ്ദേശ്യങ്ങളും വിഫലമാകും. നിങ്ങള്‍ ചെയ്യുന്ന കാര്യത്തിന് യാതൊരര്‍ത്ഥവും ഉണ്ടായിരിക്കില്ല. സമൂഹം ഒരു പക്ഷെ നിങ്ങളുടെ ദൈന്യം നിറഞ്ഞ മുഖത്തെയും ലോകത്തില്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങളെയും പ്രതി നിങ്ങള്‍ക്ക് എന്തെങ്കിലും ബഹുമതി നല്‍കിയേക്കാം. എന്നാല്‍, ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇതിന് യാതൊരര്‍ത്ഥവുമില്ല.

മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കൈപ്പുസ്തകങ്ങള്‍ കയ്യൊഴിയുക

Sadhguru playing with a girl child | A Child Needs No Instruction Manual


മറ്റൊരാളുടെ ബുദ്ധിയിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന പ്രവണത അവസാനിപ്പിക്കുക. കൂടുതല്‍ ബുദ്ധിയോടെ സ്വന്തം ജീവിതത്തെ നോക്കിക്കാണാന്‍ പഠിക്കുക. മറ്റുള്ള സ്വാധീനങ്ങള്‍ നീക്കം ചെയ്യുന്ന പക്ഷം, എല്ലാവര്‍ക്കും അവരവരുടെ ജീവിതത്തെ വിവേകത്തോടെ വീക്ഷിക്കുന്നതിനുള്ള ബുദ്ധിശക്തിയുണ്ട്. ഭൂതവര്‍ത്തമാന കാലങ്ങളിലെ നായകന്മാര്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്നതാണു പ്രശ്‌നം. ഒടുവില്‍ നിങ്ങളുടെ മനോഭാവം ഒരു സിനിമാതാരത്തിന്‍റെയും മറ്റും ആരാധകന്‍റേതിനു സമാനമായിത്തീരുന്നു. ഇത് വളരെ അപക്വമായ ഒരു മനോഭാവമാണ്.

ഏതൊരു സാധാരണ കുട്ടിയും വന്നിരിക്കുന്നത് പൂര്‍ണ്ണതയുള്ള ഒരു സത്തയായിട്ടാണ്. ഒരു കുട്ടിയുടെ കഴിവുകള്‍ പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കുന്നതിനു സഹായിക്കുന്നതിനു മാത്രമേ നിങ്ങള്‍ക്കു കഴിയൂ. നിങ്ങള്‍ക്ക് അവരില്‍ നിന്നും മറ്റൊന്നും ഉളവാക്കാന്‍ കഴിയില്ല. നിങ്ങളുടെ മാതൃകാവൃക്ഷം ഒരു കേരവൃക്ഷമായിരിക്കെ, നിങ്ങളുടെ ഉദ്യാനത്തില്‍ ഒരു മാവ് മുളച്ചു വരുന്ന പക്ഷം എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? കാരണം, അതൊരു കേരവൃക്ഷമായി കാണപ്പെടാത്തതിനാല്‍ നിങ്ങളതിന്‍റെ എല്ലാ ചില്ലകളും മുറിച്ചു മാറ്റുകയും ഒരെണ്ണം മാത്രം അവശേഷിപ്പിക്കുകയുമാകും ചെയ്യുക. ഇതു വളരെ മോശപ്പെട്ട ഒരു മാവായിരിക്കും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം കുട്ടിയുടെ ബുദ്ധിശക്തിയും ശാരീരിക സുസ്ഥിതിയും വൈകാരിക സ്വാസ്ഥ്യവും പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കുന്നതിന് അതിനെ സഹായിക്കുകയെന്നതു മാത്രമാണ്. അനാവശ്യമായി ഇടപെടുന്നതിനു പകരം പരിപോഷിപ്പിക്കുകയാണെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ.

അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക

Sadhguru with Samskriti student

 

നിങ്ങളിലൂടെയാണ്, നിങ്ങളില്‍ നിന്നുമല്ല, കുട്ടികള്‍ വന്നിരിക്കുന്നത്. അവര്‍ നിങ്ങളുടേതാണെന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക. അവര്‍ നിങ്ങളിലൂടെ സംഭവിച്ചിരിക്കന്നുവെന്നത് ഒരു സവിശേഷാവകാശമാണ്. അവര്‍ക്കു സ്‌നേഹപൂര്‍ണ്ണവും അനുകൂലവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക മാത്രമാണു നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും തത്ത്വചിന്തകളും വിശ്വാസസംഹിതകളും വിഡ്ഢിത്തങ്ങളും നിങ്ങളുടെ കൂട്ടിയുടെ മേല്‍ അടിച്ചേല്‍പിക്കാതിരിക്കുക. സ്വന്തം വഴിത്താര കണ്ടെത്തുന്നതിനാവശ്യമായ ബുദ്ധിശക്തി അവനുണ്ട്. അവന്‍റെ ബുദ്ധിശക്തി പൂര്‍ണ്ണമായി വളരുന്നതിനനുകൂലമായ അന്തരീക്ഷം നിങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ തനിക്കറിയാവുന്ന വിധത്തില്‍ അവനതു കൈകാര്യം ചെയ്തു കൊള്ളും.

"എല്ലാം ശരിയായ രീതിയില്‍ പോകുമോ?" എല്ലാം ശരിയായ രീതിയില്‍ നടക്കുന്നുണ്ടാകാം, ഇല്ലായിരിക്കാം - അതല്ല വിഷയം. എങ്കിലും, നല്ല രീതിയില്‍ നടക്കാതിരിക്കുന്നതിനുള്ള സാധ്യതകള്‍ ഏറ്റവും കുറവാണ്. കുട്ടി തന്‍റെ ബുദ്ധിശക്തി വിനിയോഗിച്ചു കൊണ്ടു വളര്‍ന്നു വരുമ്പോള്‍ എന്തെങ്കിലും അബദ്ധം സംഭവിക്കുകയാണെങ്കില്‍ അതു തിരുത്തുന്നതിനുള്ള വിവേകം അവനുണ്ട്. അവന്‍ സ്വന്തം ക്ഷേമം ലാക്കാക്കി പ്രവര്‍ത്തിക്കുകയും തന്‍റെ ജീവിതത്തിനെതിരായി എന്തെങ്കിലും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന കാലത്തോളം നിങ്ങള്‍ കാത്തിരിക്കേണ്ടതാണ്. കുട്ടിയ്ക്ക് ഇരുപത്തിയൊന്നു വയസ്സാകുന്നതു വരെയുള്ള മുഴുവന്‍ കാലവും താന്‍ ഗര്‍ഭവതിയാണെന്ന തോന്നല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടാകേണ്ടതാണ്. കാത്തിരിക്കുക മാത്രം ചെയ്യുക. കുട്ടി ഉള്ളിലായിരുന്നപ്പോള്‍ നിങ്ങള്‍ യാതൊന്നും ചെയ്തിരുന്നില്ല, ശരിയല്ലേ? സ്വയം നല്ല പോലെ പരിപോഷിപ്പിക്കുകയും കാത്തിരിക്കുകയും മാത്രമാണ് നിങ്ങള്‍ ചെയ്തത്. അതു പോലെ തന്നെ, അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്ത് കാത്തിരിക്കുക.