ശിവന്റെ പ്രാധാന്യം

മനുഷ്യരാശിക്ക് അതുല്യമായ സംഭാവന നൽകിയ ശിവന്റെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു.

ചോദ്യം: സദ്ഗുരു, അങ്ങ് ശിവന് വളരെ പ്രാധാന്യം നൽകുന്നു. എന്തുകൊണ്ടാണ് സെൻ ഗുരുക്കന്മാരെപ്പോലെയുള്ള മറ്റ് ഗുരുക്കന്മാരെക്കുറിച്ച് താങ്കൾ അത്രയധികം സംസാരിക്കാത്തത്?

സദ്ഗുരു: കാരണം എന്നെ സംബന്ധിച്ച് അത്രത്തോളം ഭ്രാന്തനായ മറ്റാരുമില്ല. നാം ശിവനും മറ്റുള്ളവരും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. നിങ്ങൾ ശിവൻ എന്ന് വിളിക്കുന്നത് എല്ലാം ഉൾക്കൊള്ളുന്നു. മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്ത നിരവധി വിസ്മയകരമായ മനുഷ്യരുണ്ടായിട്ടുണ്ട്. എന്നാൽ ധാരണയുടെ കാര്യത്തിൽ, അദ്ദേഹത്തെപ്പോലെ മറ്റൊരു ജീവൻ ഉണ്ടായിട്ടില്ല.

അപ്പോൾ നിങ്ങൾ സെന്നിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ശിവനെക്കാൾ വലിയ സെൻ ഗുരു ആരുണ്ട്? ഗുടെയ് എന്ന സെൻ ഗുരുവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഗുടെയ് സെന്നിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, "എല്ലാം ഒന്നാണ്" എന്ന് കാണിക്കാൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം എപ്പോഴും തന്റെ വിരൽ ഉയർത്തുമായിരുന്നു. ഈ സെൻ മഠങ്ങളിൽ, ചെറിയ ആൺകുട്ടികൾ നാല്, അഞ്ച് വയസ്സിൽ സന്യാസികളാകുമായിരുന്നു. ഇങ്ങനെ മഠത്തിൽ വളർന്നുവന്ന ഒരു ചെറിയ കുട്ടി ഗുടെയിയെ കണ്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴെല്ലാം തന്റെ ചൂണ്ടുവിരൽ ഉയർത്താൻ തുടങ്ങി. ഗുടെയ് ഇത് കണ്ടെങ്കിലും കുട്ടിക്ക് പതിനാറ് വയസ്സാകുന്നതുവരെ കാത്തിരുന്നു. പിന്നീടൊരു ദിവസം, ഗുടെയ് കുട്ടിയെ വിളിച്ച് തന്റെ വിരൽ ഉയർത്തി. കുട്ടിയും സ്വാഭാവികമായി അതേ പോലെ ചെയ്തു. ഗുടെയ് ഒരു കത്തി എടുത്ത് കുട്ടിയുടെ വിരൽ മുറിച്ചുകളഞ്ഞു, അപ്പോൾ കുട്ടി ആത്മസാക്ഷാത്കാരം നേടിയെന്ന് പറയപ്പെടുന്നു. ഇത് ഒന്നിനെക്കുറിച്ചല്ല, ഒന്നുമില്ലായ്മയെക്കുറിച്ചാണെന്ന് അവൻ പെട്ടെന്ന് മനസ്സിലാക്കി.

ശിവൻ ഏറെക്കാലം മുൻപ് അതിലും മുന്നോട്ട് പോയി. ഒരു ദിവസം, ദീർഘകാലത്തെ അഭാവത്തിനു ശേഷം, അദ്ദേഹം വീട്ടിലേക്ക് മടങ്ങി വന്നു. പത്ത്, പതിനൊന്ന് വയസ്സുള്ള തന്റെ മകനെ അദ്ദേഹം അതുവരെ കണ്ടിരുന്നില്ല. അദ്ദേഹം വന്നപ്പോൾ, ഒരു ചെറിയ ത്രിശൂലം കൈയ്യിൽ പിടിച്ച ഈ കുട്ടി അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. ശിവൻ കുട്ടിയുടെ ത്രിശൂലമല്ല, തലയാണ് അറുത്തെടുത്തത്. പാർവതി ഇതിൽ വളരെ അസ്വസ്ഥയായി. അതിനാൽ ഇത് പരിഹരിക്കാൻ, ശിവൻ കുട്ടിയുടെ ശരീരത്തിൽ ഒരു ഗണത്തിന്റെ തല വച്ചു, അങ്ങനെ കുട്ടി വളരെ ബുദ്ധിമാനായിത്തീർന്നു. ഇന്നും ഇന്ത്യയിൽ ആളുകൾ വിദ്യാഭ്യാസമോ മറ്റെന്തെങ്കിലുമോ ആരംഭിക്കുന്നതിന് മുമ്പ്, ആദ്യം ഈ കുട്ടിയെ ആരാധിക്കും. ഇപ്പോൾ ആളുകൾ ഗണത്തിന്റെ തല ഗജത്തിന്റെ തലയാക്കി മാറി, എന്നാൽ അദ്ദേഹം ബുദ്ധിയുടെയും പ്രതിഭയുടെയും മൂർത്തീഭാവമായിത്തീർന്നു. അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.

ഈ ലോകത്തിലെ ഒന്നും തന്നെ ശിവന്റെ ജീവിതത്തിൽ ഇല്ലാതിരുന്നിട്ടില്ല. അദ്ദേഹം അത്രയ്ക്ക് സങ്കീർണ്ണവും പൂർണ്ണവുമാണ്.

അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സെൻ പ്രവൃത്തി. ഈ ലോകത്തിലെ ഒന്നും തന്നെ ശിവന്റെ ജീവിതത്തിൽ ഇല്ലാതിരുന്നിട്ടില്ല. അദ്ദേഹം അത്രയ്ക്ക് സങ്കീർണ്ണവും പൂർണ്ണവുമാണ്. അദ്ദേഹം ഉപദേശങ്ങൾ നൽകിയില്ല, മാർഗ്ഗങ്ങൾ മാത്രമേ നൽകിയുള്ളൂ, ഈ മാർഗ്ഗങ്ങൾ നൂറു ശതമാനവും ശാസ്ത്രീയമാണ്. മനുഷ്യ ശരീരത്തിൽ 114 ചക്രങ്ങളുണ്ട്, എന്നാൽ അവയിൽ രണ്ടെണ്ണം ഭൗതിക ശരീരത്തിന് പുറത്താണ്, അതിനാൽ അദ്ദേഹം പറഞ്ഞു, "ആ മേഖല അതീതരായവർക്ക് മാത്രമുള്ളതാണ്. മനുഷ്യർക്ക് 112 മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ." ഈ ജീവൻ എങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ 112 മാനങ്ങൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമായ മാർഗ്ഗങ്ങളിലൂടെ കാണിച്ചു. അവയിൽ ഓരോന്നിലൂടെയും നിങ്ങൾക്ക് സാക്ഷാത്കാരം നേടാം.

ശിവൻ സംസാരിച്ചത് ജീവിതത്തിന്റെ യന്ത്രവിദ്യയെക്കുറിച്ചാണ്- തത്വചിന്തയല്ല, ഉപദേശമല്ല, സാമൂഹികമായി പ്രസക്തിയല്ല - കേവലം ശാസ്ത്രം മാത്രം. ഈ ശാസ്ത്രത്തിൽ നിന്ന്, ഓരോ ഗുരുക്കന്മാർ ഓരോ സാങ്കേതികവിദ്യ ഉണ്ടാക്കുന്നു. അദ്ദേഹം അതിന്റെ ശാസ്ത്രം നൽകി. ഇന്ന് നിങ്ങൾ ആസ്വദിക്കുന്ന സാങ്കേതികവിദ്യകൾക്ക് പിന്നിൽ, അത് സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ മറ്റേതെങ്കിലും ഉപകരണമോ ആയിക്കൊള്ളട്ടെ, ഒരു ശാസ്ത്രമുണ്ട്. ആ ശാസ്ത്രം നിങ്ങൾക്ക് പ്രസക്തമല്ല. നിങ്ങൾ സാങ്കേതികവിദ്യ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആരെങ്കിലും ശാസ്ത്രം ഗ്രഹിച്ചിട്ടില്ലായിരുന്നുവെങ്കിൽ, നിങ്ങൾക്ക് സാങ്കേതികവിദ്യ ഉണ്ടാകുമായിരുന്നില്ല.

അതിനാൽ ശിവൻ പറഞ്ഞത് കേവലം ശുദ്ധമായ ശാസ്ത്രമാണ്. തങ്ങൾക്ക് മുന്നിലിരിക്കുന്ന ആളുകൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഉണ്ടാക്കാൻ അദ്ദേഹം സപ്തർഷികൾക്ക് സ്വാതന്ത്ര്യം നൽകി. സാങ്കേതികവിദ്യ നിർമ്മിച്ചെടുക്കാം. നമുക്ക് എന്താണ് ആവശ്യമെന്നതിനെ ആശ്രയിച്ച്, നാം ഒരു പ്രത്യേക ഉപകരണം നിർമ്മിക്കുന്നു, എന്നാൽ അടിസ്ഥാന ശാസ്ത്രം ഒന്നു തന്നെയാണ്. ഇന്ന് പ്രസക്തമായ ഉപകരണങ്ങൾ നാളെ അപ്രസക്തമായേക്കാം. ഒരിക്കൽ വളരെ വിലപ്പെട്ടതായി നാം കരുതിയ നിരവധി ഉപകരണങ്ങൾ പുതിയ ഉപകരണങ്ങൾ വന്നതിനാൽ ഇപ്പോൾ മൂല്യമില്ലാത്തതായി - എന്നാൽ ശാസ്ത്രം ഒന്നു തന്നെയാണ്.

അതിനാൽ ആദിയോഗിയിലൂടെ, നാം അടിസ്ഥാന ശാസ്ത്രത്തെയാണ് നോക്കുന്നത്. വിവിധ കാരണങ്ങളാൽ മനുഷ്യരാശി ഇപ്പോഴുള്ള അവസ്ഥയിലായിരിക്കുന്ന ഇത്തരമൊരു സമയത്ത്, ആ അടിസ്ഥാന ശാസ്ത്രത്തെ ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.

    Share

Related Tags

Get latest blogs on Shiva