ശിവന്റെ ദക്ഷിണേന്ത്യൻ പ്രണയകഥ

ശിവന്റെ ദക്ഷിണേന്ത്യൻ പ്രണയകഥ പലർക്കും അറിയില്ല, അത് വിജയകരമായിരുന്നില്ലെങ്കിലും അത് മറ്റൊരു രീതിയിൽ ഫലം കണ്ടു, ദക്ഷിണേന്ത്യയിലെ കൈലാസത്തിന് അത് കാരണമായി. ഇതാണ് ആ കഥ.

സദ്ഗുരു: മഹത്തായ ആത്മജ്ഞാനമുള്ള പുണ്യാക്ഷി എന്ന സ്ത്രീ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് ജീവിച്ചിരുന്ന, ഭാവി പ്രവചിക്കാൻ കഴിവുള്ള ഒരു ദിവ്യദർശിനിയായിരുന്നു. അവർക്ക് ശിവനോട് അഗാധമായ പ്രണയം തോന്നുകയും അദ്ദേഹത്തിന്റെ പത്നിയായി അദ്ദേഹത്തിന്റെ കരം പിടിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അവൾ ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചു. അങ്ങനെ ശിവന്റെ ശ്രദ്ധ ആകർഷിക്കാൻ തന്നെ യോഗ്യയും അനുയോജ്യയുമാക്കാൻ പുണ്യാക്ഷി പ്രയത്നിച്ചു തുടങ്ങി. അവളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവൾ പൂർണമായും അദ്ദേഹത്തിൽ കേന്ദ്രീകരിച്ചു; അവളുടെ ഭക്തി എല്ലാ അതിരുകളും കടന്നു, അവളുടെ തപസ്സ് എല്ലാ പരിധികളും ലംഘിച്ചു.

അവളുടെ അഭിനിവേശത്തിന്റെ തീവ്രത കണ്ട് ശിവന്റെ കരുണയും സ്നേഹവും ഉണർന്നു. അദ്ദേഹം അവളുടെ സ്നേഹത്തോട് പ്രതികരിക്കുകയും അവളെ വിവാഹം കഴിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ പുണ്യാക്ഷി ജീവിച്ചിരുന്ന സമുദായം ഇതിൽ ആശങ്കാകുലരായി. പുണ്യാക്ഷി വിവാഹിതയായാൽ, ഭാവി പ്രവചിക്കാനുള്ള അവളുടെ കഴിവുകളും അവരെ സംരക്ഷിക്കാനും വഴികാട്ടാനുമുള്ള കഴിവുകളും നഷ്ടപ്പെടുമെന്ന് അവർ വിശ്വസിച്ചു. അതിനാൽ ഈ വിവാഹം തടയാൻ അവർക്ക് കഴിയുന്നതെല്ലാം അവർ ചെയ്തു. എന്നാൽ ശിവനോടുള്ള അവളുടെ നിശ്ചയദാർഢ്യവും ഭക്തിയും മാറ്റാൻ ഒന്നിനും കഴിഞ്ഞില്ല. ശിവൻ ആവേശപൂർവ്വം പ്രതികരിച്ചു, വിവാഹ തീയതിയും നിശ്ചയിച്ചു. അദ്ദേഹം ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തേക്ക് പുറപ്പെട്ടു.

എന്നാൽ അവളുടെ സമുദായത്തിലെ ആളുകൾ വിവാഹത്തിന് എതിരായിരുന്നു, അതിനാൽ അവർ ശിവനോട് അപേക്ഷിച്ചു, "ഓ ശിവ, അങ്ങ് അവളെ വിവാഹം കഴിച്ചാൽ, ഭാവി പ്രവചിക്കാൻ ശേഷിയുള്ള ആ ഒരാളെ ഞങ്ങൾക്ക് നഷ്ടമാകും. ദയവായി അവളെ വിവാഹം കഴിക്കരുത്." എന്നാൽ ശിവൻ കേൾക്കാൻ തയ്യാറായിരുന്നില്ല, അദ്ദേഹം വിവാഹത്തിനായി മുന്നോട്ട് പോയി. അവർ അദ്ദേഹത്തെ തടഞ്ഞു പറഞ്ഞു, "നിങ്ങൾക്ക് ഈ പെൺകുട്ടിയെ വധുവായി വേണമെങ്കിൽ, കുറച്ച് വ്യവസ്ഥകളുണ്ട്. വധുവിനായി ഒരു വില നിങ്ങൾ ഞങ്ങൾക്ക് നൽകണം." ശിവൻ ചോദിച്ചു, "എന്താണ് ആ വില? അത് എന്തായാലും, ഞാൻ നിങ്ങൾക്ക് നൽകാം."

പുണ്യാക്ഷിയെ വധുവായി ലഭിക്കണമെങ്കിൽ വിലയായി ശിവൻ നൽകേണ്ട മൂന്ന് വസ്തുക്കൾ അവർ പറഞ്ഞു, "വളയങ്ങളില്ലാത്ത കരിമ്പ്, നാഡികളില്ലാത്ത വെറ്റില, കണ്ണുകളില്ലാത്ത തേങ്ങ എന്നിവയാണ് പുണ്യാക്ഷിയെ  വധുവായി ലഭിക്കാനുള്ള വിലയായി നൽകേണ്ടത്." ഇവയെല്ലാം പ്രകൃതിയിൽ ഉള്ളതല്ല. കരിമ്പിന് എപ്പോഴും വളയങ്ങൾ ഉണ്ടാകും, നാഡികളില്ലാത്ത വെറ്റിലയില്ല, കണ്ണുകളില്ലാത്ത തേങ്ങയും ഉണ്ടാകില്ല. ഇത് അസാധ്യമായ ഒരു കാര്യമായിരുന്നു, വിവാഹം തടയാനുള്ള ഉറപ്പായ ഒരു മാർഗ്ഗം.

പുണ്യാക്ഷിയോട് വളരെ പ്രണയമുണ്ടായിരുന്ന ശിവന് എന്ത് വിലകൊടുത്തും അവളെ വിവാഹം കഴിക്കണമായിരുന്നു. അതിനാൽ അദ്ദേഹം തന്റെ ഗൂഢശക്തിയും മാന്ത്രിക കഴിവുകളും ഉപയോഗിച്ച് പ്രകൃതിനിയമങ്ങൾ ലംഘിച്ച് ഈ മൂന്ന് വസ്തുക്കളും സൃഷ്ടിച്ചു. അന്യായമായി ആവശ്യപ്പെട്ട, അസാധ്യമായ ഈ വില നൽകാൻ അദ്ദേഹം പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങൾ തന്നെ ലംഘിച്ചു. തന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ നിറവേറ്റിയശേഷം, അദ്ദേഹം വിവാഹത്തിനായി മുന്നോട്ട് പോയി.

എന്നാൽ സമുദായത്തിലെ മുതിർന്നവർ ശിവന് മുന്നിൽ അവസാനത്തെ ഒരു വ്യവസ്ഥ കൂടി വെച്ചു. "നാളെ സൂര്യോദയത്തിന് മുമ്പ് നിങ്ങൾ വിവാഹം കഴിക്കണം. വൈകിയാൽ, പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയില്ല," എന്ന് അവർ പറഞ്ഞു. ഇത് കേട്ട് ശിവൻ രാജ്യത്തിന്റെ തെക്കേ അറ്റത്തേക്ക് ധൃതിയിൽ പുറപ്പെട്ടു. അദ്ദേഹം വേഗത്തിൽ ദൂരം പിന്നിട്ടു, സമയത്തിന് പുണ്യാക്ഷിയുടെ അടുത്തെത്താൻ കഴിയുമെന്ന്  അദ്ദേഹത്തിന് ഉറപ്പായിരുന്നു. സമുദായത്തിലെ മുതിർന്നവർ ശിവൻ അവർ നിശ്ചയിച്ച എല്ലാ അസാധ്യ വ്യവസ്ഥകളും മറികടക്കുമെന്നും പുണ്യാക്ഷിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും കണ്ടു. അവർ വളരെ ആശങ്കാകുലരായി.

ശിവൻ തന്റെ യാത്രയിൽ ധൃതിപിടിച്ച് മുന്നോട്ട് പോകവേ, വിവാഹ സ്ഥലത്തു നിന്നും കുറച്ച് കിലോമീറ്റർ അകലെയുള്ള, ഇന്ന് സുചീന്ദ്രം എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. അദ്ദേഹം സൂര്യോദയം കണ്ടു! അദ്ദേഹത്തിന് അത് വിശ്വസിക്കാനായില്ല. താൻ ദൗത്യത്തിൽ പരാജയപ്പെട്ടു! എന്നാൽ അത് വാസ്തവത്തിൽ സമുദായത്തിലെ മുതിർന്നവർ കളിച്ച അവസാന തന്ത്രമായിരുന്നു; അവർ കൃത്രിമമായി ഒരു സൂര്യോദയം സൃഷ്ടിക്കാൻ തീരുമാനിച്ചു. അവർ ഒരു വലിയ കൂമ്പാരം കർപ്പൂരം ശേഖരിച്ച് അതിന് തീ കൊളുത്തി. കർപ്പൂരം അത്ര തേജസ്സോടെയും തീവ്രതയോടെയും കത്തിയപ്പോൾ, ശിവൻ അത് ദൂരെ നിന്ന് കണ്ടപ്പോൾ, സൂര്യൻ ഉദിക്കുകയാണെന്നും താൻ തന്റെ ദൗത്യത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കരുതി. അദ്ദേഹം വളരെ അടുത്തെത്തിയിരുന്നു - വെറും കുറച്ച് കിലോമീറ്റർ മാത്രം അകലെ - എന്നാൽ സമയം കഴിഞ്ഞുവെന്നും പുണ്യാക്ഷിക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടു.

പുണ്യാക്ഷി, തന്റെ വിവാഹം നശിപ്പിക്കാനുള്ള ഈ ശ്രമങ്ങളെക്കുറിച്ച് പൂർണ്ണമായും അജ്ഞയായി, ശിവനുമായുള്ള തന്റെ മഹത്തായ വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു. യഥാർത്ഥ സൂര്യോദയം ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ശിവൻ വരുന്നില്ലെന്ന് അവൾക്ക് മനസ്സിലായി. അവൾ കോപാകുലയായി. ആഘോഷത്തിനായി തയ്യാറാക്കിയ ഭക്ഷണം നിറച്ചിരുന്ന എല്ലാ പാത്രങ്ങളും അവൾ ചവിട്ടി തകർത്തു, കടുത്ത ദേഷ്യത്തോടെ അവൾ ഉപഭൂഖണ്ഡത്തിന്റെ  അറ്റത്തേക്ക് പോയി അവിടെ നിന്നു. അവൾ ഒരു സമർത്ഥയായ യോഗിനിയായിരുന്നു, ഉപഭൂഖണ്ഡത്തിന്റെ അറ്റത്ത് നിന്നുകൊണ്ട്, അവൾ തന്റെ ദേഹം ഉപേക്ഷിച്ചു. ഇന്നും അവൾ ദേഹത്യാഗം ചെയ്ത സ്ഥലത്ത് ഒരു ക്ഷേത്രമുണ്ട്; ആ സ്ഥലം കന്യാകുമാരി എന്നറിയപ്പെടുന്നു.

ശിവൻ പുണ്യാക്ഷിയോടുള്ള തന്റെ കടമയിൽ പരാജയപ്പെട്ടുവെന്ന് കരുതി വളരെ നിരാശനായി മാറി. അദ്ദേഹം തിരിഞ്ഞ് നടക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹത്തിനുള്ളിലെ കോപം കാരണം, തന്റെ നൈരാശ്യം ഇല്ലാതാക്കാൻ അദ്ദേഹത്തിന്  ഒരു സ്ഥലം ആവശ്യമായി വന്നു. അങ്ങനെ അദ്ദേഹം വെള്ളിയാംഗിരി മലയിൽ കയറി കൊടുമുടിയിൽ ഇരുന്നു. അദ്ദേഹം ആനന്ദത്തിലോ ധ്യാനത്തിലോ അല്ല ഇരുന്നത്. അദ്ദേഹം തന്നോട് തന്നെയുള്ള ഒരു തരം നിരാശയിലും കോപത്തിലുമാണ് ഇരുന്നത്. അദ്ദേഹം അവിടെ കുറച്ച് സമയം ചിലവഴിച്ചു, ഈ മലനിരകൾ അദ്ദേഹത്തിന്റെ ഊർജ്ജം ആഗിരണം ചെയ്തു, അത് മറ്റെല്ലായിടത്തുനിന്നും വളരെ വ്യത്യസ്തമായിരുന്നു.

പരമ്പരാഗതമായി, ശിവൻ ഒരു നിശ്ചിത കാലയളവ് ചിലവഴിച്ച ഏത് സ്ഥലവും കൈലാസം എന്ന് വിളിക്കപ്പെട്ടു. അതുകൊണ്ടാണ് ഈ മലകൾ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നത്. ഉയരത്തിലും നിറത്തിലും, ഒരുപക്ഷേ വലിപ്പത്തിലും, വെള്ളിയാംഗിരി ഹിമാലയത്തിലെ കൈലാസവുമായി താരതമ്യപ്പെടുത്താനാവില്ല, എന്നാൽ ശക്തിയിലും, സൗന്ദര്യത്തിലും, പവിത്രതയിലും ഇത് ഒട്ടും ചെറുതല്ല. ആയിരക്കണക്കിന് വർഷങ്ങളായി, നിരവധി ഋഷിമാരും യോഗികളും ആത്മീയ ജ്ഞാനികളും ഈ മലനിരകളിലൂടെ നടന്നിട്ടുണ്ട്. വെള്ളിയാംഗിരി മല അസാധാരണമായ അളവിലുള്ള ആത്മീയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്രയേറെ മഹത്തായ, ദേവന്മാർ പോലും അസൂയപ്പെടുന്ന തരത്തിൽ കൃപയോടും ശ്രേഷ്ഠതയോടും ജീവിച്ച മനുഷ്യർ, ഈ മലയിലൂടെ നടന്നിട്ടുണ്ട്. ഈ മഹാത്മാക്കൾ അവർക്കറിയാവുന്നതെല്ലാം ഈ മലനിരകളെ ആഗിരണം ചെയ്യാൻ അനുവദിച്ചു, അത് ഒരിക്കലും നഷ്ടപ്പെടുകയില്ല.

    Share

Related Tags

Get latest blogs on Shiva