സദ്‌ഗുരു: യോഗ പാരമ്പര്യത്തിൽ, ഗണങ്ങൾ ശിവന്റെ സുഹൃത്തുക്കളായിരുന്നു. അവർ എപ്പോഴും അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. ശിഷ്യന്മാരും, ഭാര്യയും, മറ്റ് പല ആരാധകരും ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സ്വകാര്യ കൂട്ടുകെട്ട് എപ്പോഴും ഗണങ്ങളായിരുന്നു. ഗണങ്ങളെ വികൃതരും ഭ്രാന്തന്മാരുമായ ജീവികളായാണ് വിവരിച്ചിരിക്കുന്നത്. അവരുടെ ശരീരത്തിന്റെ അസാധാരണമായ ഭാഗങ്ങളിൽ നിന്ന് എല്ലുകളില്ലാത്ത അവയവങ്ങൾ പുറത്തുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്, അതുകൊണ്ടാണ് അവരെ വികൃതരും ഭ്രാന്തന്മാരുമായ ജീവികളായി വിവരിക്കുന്നത്. അവർ നമ്മളിൽ നിന്ന് വ്യത്യസ്തരായിരുന്നു.
എന്തുകൊണ്ടായിരിക്കാം അവർ ഇത്രയും വ്യത്യസ്തരായിരുന്നത്? ഇപ്പോൾ മനസ്സിലാക്കാൻ അല്പം പ്രയാസമുള്ള ജീവിതത്തിന്റെ ഒരു വശമായിരിക്കാം ഇത്. നോക്കൂ, ശിവനെത്തന്നെ എപ്പോഴും യക്ഷസ്വരൂപനായാണ് വിവരിച്ചിട്ടുള്ളത്. യക്ഷൻ എന്നാൽ സ്വർഗ്ഗീയൻ എന്നർത്ഥം. സ്വർഗ്ഗീയൻ എന്നാൽ മറ്റെവിടെ നിന്നോ വന്ന ആൾ എന്നർത്ഥം. ഏകദേശം 15,000 വർഷങ്ങൾക്ക് മുമ്പ്, ടിബറ്റിലെ ഒരു തടാകമായ മാനസരോവറിൽ ശിവൻ എത്തി. മനുഷ്യ നാഗരികതകളുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ടെതിസ് സമുദ്രത്തിന്റെ അവശിഷ്ടങ്ങളിൽ ഒന്നാണിത്. ഇന്ന് ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 15,000 അടി ഉയരത്തിലാണ്, എന്നാൽ യഥാർത്ഥത്തിൽ ഇത് മുകളിലേക്ക് നീങ്ങി ഇപ്പോൾ ഒരു തടാകമായി മാറിയ സമുദ്രമാണ്.
ഗണങ്ങൾ ശിവന്റെ ഏറ്റവും അടുത്ത മിത്രങ്ങളായിരുന്നു.
ഗണങ്ങൾ, ശിവന്റെ സ്നേഹിതർ, മനുഷ്യരെപ്പോലെ അല്ലായിരുന്നു. അവർ മനുഷ്യ ഭാഷകളിൽ ഒന്നും സംസാരിച്ചിരുന്നില്ല. അവരുടെ സംസാരം ഒരു കോലാഹലമായിരുന്നു. ശിവനും മിത്രങ്ങളും സംസാരിക്കുമ്പോൾ, ആർക്കും മനസ്സിലാകാത്ത ഭാഷയിലാണ് അവർ സംസാരിച്ചത്. അതുകൊണ്ട് മനുഷ്യർ അത് മൊത്തം കോലാഹലമായി വിവരിച്ചു. പക്ഷേ, ഗണങ്ങൾ ശിവന്റെ ഏറ്റവും അടുത്ത മിത്രങ്ങളായിരുന്നു.
ഗണപതിക്ക് തല നഷ്ടപ്പെട്ട കഥ നിങ്ങൾക്കറിയാമല്ലോ. ശിവൻ വന്നപ്പോൾ ഈ ബാലൻ അദ്ദേഹത്തെ തടഞ്ഞു, അപ്പോൾ ശിവൻ അവന്റെ തല വെട്ടിമാറ്റി. പാർവതി തല തിരികെ വയ്ക്കാൻ ശിവനോട് ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം മറ്റൊരു ജീവിയുടെ തല എടുത്ത് കുട്ടിയുടെ ദേഹത്തു വച്ചു. ഈ മറ്റു ജീവിയെ ആനയായിട്ടാണ് വിവരിക്കപ്പെടുന്നത്. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടത്, ആരും അദ്ദേഹത്തെ ഗജപതി (ആനകളുടെ നാഥൻ) എന്ന് വിളിച്ചിട്ടില്ല. നാം എപ്പോഴും അദ്ദേഹത്തെ ഗണപതി (ഗണങ്ങളുടെ നാഥൻ) എന്നാണ് വിളിച്ചത്. ശിവൻ തന്റെ സുഹൃത്തുക്കളിൽ ഒരാളുടെ തലയെടുത്താണ് ബാലന്റെ ദേഹത്തു വച്ചത്.
ഗണങ്ങൾക്ക് അസ്ഥിയില്ലാത്ത അവയവങ്ങളുണ്ടായിരുന്നു, അതുകൊണ്ട് ഈ കുട്ടി ഗണപതിയായി. ഈ സംസ്കാരത്തിൽ, അസ്ഥിയില്ലാത്ത അവയവമെന്നാൽ ആനയുടെ തുമ്പിക്കൈ എന്ന് ആളുകൾ കരുതിയതിനാൽ, ചിത്രകാരന്മാർ അതിനെ ഒരു ആനയാക്കി മാറ്റി. യഥാർഥത്തിൽ, അവൻ ഗജപതി അല്ല, ഗണപതിയാണ്. അവൻ ഗണങ്ങളിൽ ഒരാളുടെ തല സ്വീകരിച്ചു, ശിവൻ അവനെ ഗണങ്ങളുടെ നേതാവാക്കി.