
സദ്ഗുരു: ആളുകളുമായി എനിക്കുള്ള ഒരേയൊരു പ്രശ്നം, അവർക്ക് ആവശ്യമായ തീവ്രത ഇല്ല എന്നതാണ്. അവർ മതിയായ തീവ്രതയുള്ളവരായിരുന്നെങ്കിൽ, ആത്യന്തിക ലക്ഷ്യത്തിനായി നമ്മൾ ഒരു ജീവിതകാലം മുഴുവൻ പ്രവർത്തിക്കേണ്ടി വരില്ലായിരുന്നു – ഇന്ന് തന്നെ ആ കാര്യം ചെയ്തു തീർക്കാമായിരുന്നു. മരണ നിമിഷം, അല്ലെങ്കിൽ മരണത്തിനുള്ള സാധ്യതയുള്ളപ്പോഴാണ് മിക്ക മനുഷ്യരുടെയും ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവം. തങ്ങളുടെ ജീവിതത്തിലുടനീളം, മിക്കവരും ഈ തീവ്രതയുടെ നിലവാരം സ്പർശിച്ചിട്ടുപോലുമുണ്ടാവില്ല. അവരുടെ സ്നേഹത്തിൽ, ചിരിയിൽ, സന്തോഷത്തിൽ, പരമാനന്ദത്തിൽ, ദുരിതത്തിൽ – ഒരിടത്തും അവർ ഈ നിലവാരത്തിലുള്ള തീവ്രതയിൽ എത്തുന്നില്ല – മരണത്തിൽ മാത്രമാണ് അത് സംഭവിക്കുന്നത്.
അതുകൊണ്ടാണ്, ശിവൻ പോയി ശ്മശാനത്തിൽ അഥവാ കായന്തത്തിൽ കാത്തിരുന്നത്. കായം എന്നാൽ 'ശരീരം', അന്തം എന്നാൽ 'അവസാനം'. കായന്തം എന്നാൽ 'ശരീരം അവസാനിക്കുന്നിടം' അല്ലാതെ 'ജീവിതം അവസാനിക്കുന്നിടം' എന്നല്ല. അത് ജീവൻ്റെ അവസാനം അല്ല, അതൊരു ശരീരത്തിൻ്റെ അവസാനം ആണ്. ഈ ഗ്രഹത്തിൽ നിന്ന് നിങ്ങൾ നേടിയെടുത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കേണ്ടി വരും. നിങ്ങളുടെ ശരീരം മാത്രമാണ് നിങ്ങൾക്കറിയാവുന്ന സത്യമെങ്കിൽ, ആ ശരീരം ഉപേക്ഷിക്കേണ്ടി വരുന്ന നിമിഷം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും തീവ്രമായ നിമിഷമായി മാറും. നിങ്ങൾ ശരീരത്തിനപ്പുറം എന്തെങ്കിലും അറിയുന്ന ഒരാളാണെങ്കിൽ, അതിന് വലിയ പ്രാധാന്യം ഉണ്ടാകില്ല. ആരാണ് താനെന്നും എന്താണ് താനെന്നും മനസ്സിലാക്കിയ ഒരാൾക്ക്, കായന്തം അത്ര വലിയൊരു നിമിഷമല്ല. അതൊരു സാധാരണ നിമിഷം, അത്രമാത്രം. എന്നാൽ ഭൗതിക ശരീരം മാത്രമായി ജീവിച്ചവരെ സംബന്ധിച്ചിടത്തോളം, നിങ്ങൾ നിങ്ങളായി അറിഞ്ഞതിനോടെല്ലാം വിട പറയേണ്ടി വരുന്ന ആ സമയം വളരെ തീവ്രമായ നിമിഷമായിരിക്കും.
എല്ലാവർക്കും അമരത്വം ഒരു സ്വാഭാവിക അവസ്ഥയാണ്. മരണമെന്നത് നിങ്ങൾ വരുത്തിയ ഒരു പിഴവാണ്. അത് ജീവിതത്തെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണയാണ്. ഭൗതിക ശരീരത്തെ സംബന്ധിച്ചിടത്തോളം, കായന്തം അഥവാ ശരീരത്തിൻ്റെ അവസാനം തീർച്ചയായും വരും. എന്നാൽ നിങ്ങൾ വെറുമൊരു കായം ആയിരിക്കുന്നതിനു പകരം, ഒരു ജീവൻ ആവുകയാണെങ്കിൽ, അതായതു നിങ്ങൾ വെറുമൊരു ജീവനുള്ള ശരീരം മാത്രമല്ലാതെ ഒരു ജീവനുള്ള സത്തയായി മാറിയാൽ അമരത്വം നിങ്ങൾക്ക് ഒരു സ്വാഭാവിക അവസ്ഥയായിരിക്കും. നിങ്ങൾ മരണമുള്ളവനാണോ അമരത്വമുള്ളവനാണോ എന്നത് അവബോധത്തിന്റെ മാത്രം ഒരു ചോദ്യമാണ് – അസ്തിത്വത്തിന്റെ തലത്തിൽ ഒരു മാറ്റവും ആവശ്യമില്ല.
ശിവൻ ശ്മശാനത്തിൽ ഇരിക്കുന്നത്, നിങ്ങളെയും നിങ്ങളുടെ കളികളെയും കണ്ട് മടുത്തിട്ടാണ്, കാരണം പട്ടണത്തിലുള്ള ഈ നാടകങ്ങളെല്ലാം തികച്ചും വിഡ്ഢിത്തമാണ്. ശ്മശാനത്തിലാണ് യഥാർത്ഥമായ കാര്യം സംഭവിക്കുന്നത്.
അതുകൊണ്ടാണ് ബോധോദയത്തെ ഒരു നേട്ടമായോ വിജയമായോ കണക്കാക്കാതെ, തിരിച്ചറിവായി പരാമർശിക്കുന്നത്. നിങ്ങൾ അത് കാണുകയാണെങ്കിൽ, നിങ്ങളെ സംബന്ധിച്ച് അത് അവിടെയുണ്ട്. നിങ്ങൾ അത് കാണുന്നില്ലെങ്കിൽ, നിങ്ങളെ സംബന്ധിച്ച് അത് അവിടെയില്ല. ഇത് കേവലം അവബോധത്തിൻ്റെ മാത്രം കാര്യമാണ് – അടിസ്ഥാനപരമായ, അസ്തിത്വത്തെ ബാധിക്കുന്ന മാറ്റമൊന്നുമില്ല. നിങ്ങൾ ഇന്ദ്രിയങ്ങളാലല്ല, മറിച്ച് നിങ്ങളുടെ പ്രജ്ഞ ഉപയോഗിക്കാൻ സജ്ജരാണെങ്കിൽ, നിങ്ങൾക്ക് കായത്തെ മാത്രമല്ല ജീവനെയും അറിയാൻ കഴിയും, അപ്പോൾ നിങ്ങൾ സ്വാഭാവികമായും അമരനാണ്. നിങ്ങൾക്ക് അമരത്വത്തിനായി പ്രവർത്തിക്കേണ്ട ആവശ്യമില്ല. ഇത് ഇങ്ങനെയാണ് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രം മതി.
അങ്ങനെ, ശിവൻ തൻ്റെ വാസസ്ഥലം കായന്തത്തിലേക്ക്, അഥവാ ശ്മശാനത്തിലേക്ക് മാറ്റി. 'ശവ'ത്തെ ആണ് 'ശ്മ' സൂചിപ്പിക്കുന്നത്, 'ശയന'ത്തെ ആണ് 'ശാന' സൂചിപ്പിക്കുന്നത്. മൃതദേഹങ്ങൾ കിടക്കുന്നിടത്ത് അദ്ദേഹം വസിക്കുന്നു, കാരണം ജീവനുള്ള ആളുകളുമായി പ്രവർത്തിക്കുന്നത് സമയനഷ്ടമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ആവശ്യമായ തീവ്രതയുടെ നിലവാരത്തിലേക്ക് അവരെ കൊണ്ടുവരാൻ കഴിയില്ല. ആളുകളെ അൽപ്പം തീവ്രമാക്കാൻ നിങ്ങൾ ഒരുപാട് തന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും.
നിങ്ങളിൽ അതിജീവനത്തിനുള്ള സഹജവാസനയെ ഏറ്റവും വലുതാക്കിയതുകൊണ്ട് തീവ്രത ഉണരില്ല. ഈ ജീവനുള്ള ശരീരത്തിൽ രണ്ട് അടിസ്ഥാന ശക്തികളുണ്ട്. ഒന്ന് അതിജീവനത്തിനുള്ള സഹജവാസനയാണ് – മറ്റൊന്ന് അതിരുകളില്ലാതെ വികസിക്കാനുള്ള ആഗ്രഹമാണ്. അതിജീവനത്തിനുള്ള സഹജവാസനയ്ക്ക് നിങ്ങൾ ശക്തി നൽകുകയാണെങ്കിൽ, അത് എപ്പോഴും താഴ്ന്ന് കളിക്കാൻ ശ്രമിക്കും, കാരണം അതിജീവനം എന്നാൽ സുരക്ഷിതമായി കളിക്കുക എന്നതാണ്. പരിധികളില്ലാതെയാകാനുള്ള ആഗ്രഹത്തിന് നിങ്ങൾ ശക്തി നൽകുകയാണെങ്കിൽ, നിങ്ങൾ പരിധിയില്ലാത്ത വികാസമാണ് തേടുന്നതെങ്കിൽ, അതിലാണ് നിങ്ങളുടെ എല്ലാ ഊർജ്ജവും കേന്ദ്രീകരിക്കുന്നതെങ്കിൽ, ജീവിതത്തിന് പൂർണ്ണമായ തീവ്രത ഉണ്ടാകും.
മറ്റെല്ലാ ജീവികളിലും അതിജീവനത്തിനുള്ള സഹജവാസനയാണ് പ്രബലമായിട്ടുള്ളത്. മനുഷ്യരായി മാറിയ ഈ പരിണാമഘട്ടത്തിൽ, ഉയർന്ന തലത്തിലുള്ള അവബോധവും ബുദ്ധിയും നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിച്ചു – അതിജീവനത്തിനുള്ള സഹജവാസനയെ താഴ്ത്തിവെച്ച്, വികസിക്കാനുള്ള ആഗ്രഹത്തെ ആളിക്കത്തിക്കേണ്ട സമയമാണിത്. ഈ രണ്ട് ശക്തികളിൽ, ഒന്ന് നിങ്ങളിലെ തീവ്രതയെ എപ്പോഴും ആളിക്കത്തിക്കാൻ ശ്രമിക്കുന്നു, മറ്റൊന്ന് നിങ്ങളെ എപ്പോഴും ശാന്തമായി നിർത്താൻ ശ്രമിക്കുന്നു. ദുർലഭമായ സ്രോതസ്സുകൾ നിങ്ങൾ കരുതിവെക്കേണ്ടതായി വരും, എന്നാൽ ജീവൻ ദുർലഭമല്ല.
ശിവൻ ശ്മശാനത്തിൽ ഇരിക്കുന്നു, നിങ്ങളെയും നിങ്ങളുടെ കളികളെയും കണ്ട് മടുത്തിരിക്കുന്നു, കാരണം പട്ടണത്തിലുടനീളമുള്ള ഈ നാടകങ്ങളെല്ലാം തികച്ചും മണ്ടത്തരമാണ്. ശ്മശാനത്തിൽ മാത്രമാണ് യഥാർത്ഥമായ കാര്യം സംഭവിക്കുന്നത്. ഒരുപക്ഷേ ജനനസമയത്തും മരണസമയത്തും എന്തെങ്കിലും സംഭവിക്കുന്നുണ്ടാകാം. പ്രസവകേന്ദ്രങ്ങളും ശ്മശാനങ്ങളുമാണ് വിവേകപൂർണ്ണമായ രണ്ട് സ്ഥലങ്ങൾ, പ്രസവം അൽപ്പം കൂടുതലായി നടക്കുന്നുണ്ടെങ്കിലും.
സ്വയം പരിമിതപ്പെടുന്നത് തെറ്റാണോ? അല്ല. എന്നാൽ പരിമിതപ്പെടുന്നത് വേദന ഉണ്ടാക്കുന്ന ഒന്നാണ്. വേദനയിലായിരിക്കുന്നത് തെറ്റാണോ? അല്ല. നിങ്ങൾ അത് ആസ്വദിക്കുന്നുവെങ്കിൽ, എനിക്കെന്താണ് പ്രശ്നം?
ജീവിതത്തിന് അത്യധികം അർത്ഥമുള്ള ഒരിടത്താണ് ശിവൻ ഇരിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ, നിങ്ങൾ അതിജീവനത്തിലോ അല്ലെങ്കിൽ സ്വയം സംരക്ഷണരീതിയിലോ ആണെങ്കിൽ, ഇത് നിങ്ങൾക്ക് അർത്ഥമുണ്ടാക്കില്ല. നിങ്ങൾ വികസിക്കാനും പരമമായതിനെ സ്പർശിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇത് നിങ്ങൾക്ക് അർത്ഥമുണ്ടാക്കൂ. അതിജീവിക്കാൻ ആഗ്രഹിക്കുന്നവരിൽ അദ്ദേഹത്തിന് താൽപ്പര്യമില്ല. അതിജീവിക്കാൻ നിങ്ങൾക്ക് നാല് കൈകാലുകളും പ്രവർത്തിക്കുന്ന കുറച്ച് മസ്തിഷ്ക കോശങ്ങളും മതി. അത് മണ്ണിരകളോ പുൽച്ചാടികളോ മറ്റേതെങ്കിലും ജീവികളോ ആകട്ടെ – അവയെല്ലാം അതിജീവിക്കുന്നു, ഭംഗിയായിട്ട്. അതിജീവിക്കാൻ ആവശ്യമായ ബുദ്ധി മാത്രമേ അതിനുള്ളൂ. അതുകൊണ്ട്, നിങ്ങൾ അതിജീവന മനോഭാവത്തിലാണെങ്കിൽ, സ്വയം സംരക്ഷണമാണ് നിങ്ങളിൽ ഏറ്റവും പ്രബലമായതെങ്കിൽ, അദ്ദേഹത്തിന് നിങ്ങളെ മടുത്തിരിക്കുന്നു – അദ്ദേഹം നിങ്ങൾ മരിക്കുന്നതിനായി കാത്തിരിക്കുകയാണ്.
അദ്ദേഹത്തെ സംഹാരകൻ എന്ന് വിളിക്കുന്നത് നിങ്ങളെ നശിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതു കൊണ്ടല്ല. ശരീരം നശിക്കാൻ വേണ്ടി അദ്ദേഹം ശ്മശാനത്തിൽ കാത്തിരിക്കുകയാണ്, കാരണം ശരീരം നശിക്കുന്നതു വരെ മരണം എന്താണെന്ന് ചുറ്റുമുള്ളവർ പോലും മനസ്സിലാക്കുന്നില്ല. തങ്ങൾക്ക് പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ, ആളുകൾ മൃതദേഹത്തിനു മുകളിൽ വീഴുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും തിരികെ ജീവതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുമെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാകാം – പലതും ചെയ്യും. എന്നാൽ ഒരിക്കൽ ശരീരത്തിന് തീയിട്ടുകഴിഞ്ഞാൽ, ആരും തീജ്വാലകളെ പോയി കെട്ടിപ്പിടിക്കാറില്ല. സ്വയം സംരക്ഷണ വാസന അവരോട് പറയും: 'ഇത് അതല്ല'.
ഇത് ശരിതെറ്റുകളെ സംബന്ധിക്കുന്ന കാര്യമല്ല, മറിച്ച് പരിമിതമായ അർത്ഥവും പരമമായ അർത്ഥവും തമ്മിലുള്ള കാര്യമാണ്. പരിമിതപ്പെടുന്നത് തെറ്റാണോ? അല്ല. പക്ഷേ, പരിമിതപ്പെടുന്നത് വേദനാജനകമാണ്. വേദനയിലായിരിക്കുന്നത് തെറ്റാണോ? അല്ല. നിങ്ങൾ അത് ആസ്വദിക്കുന്നുവെങ്കിൽ, എനിക്കെന്താണ് പ്രശ്നം? ഞാൻ ഒന്നിനും എതിരല്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരേയൊരു കാര്യം, നിങ്ങൾ ഒരു ദിശയിലേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ, അതിന് വിപരീത ദിശയിലേക്ക് പോകുന്നുണ്ടെങ്കിൽ അതാണ്.
വിവേകമില്ലായ്മ മാത്രമാണ് ഞാൻ എതിർക്കുന്നത്, കാരണം ഒരു മനുഷ്യജീവിയുടെ പ്രത്യേകത മറ്റേതൊരു ജീവിയെക്കാളും നിങ്ങൾക്ക് വളരെയധികം വിവേകമുണ്ട് എന്നതാണ് – അഥവാ നിങ്ങൾക്കത് ഉണ്ടാകേണ്ടതാണ്, എന്നാൽ ധാരാളം ആളുകൾ അങ്ങനെയല്ലെന്നു തെളിയിക്കാൻ ശ്രമിക്കുകയാണ്. സൃഷ്ടി എന്നാൽ ബുദ്ധിയാണ്. സ്രഷ്ടാവ് എന്നാൽ പരമമായ ബുദ്ധിയാണ്. നിർഭാഗ്യവശാൽ, എല്ലാ തരത്തിലും കുഴഞ്ഞുമറിഞ്ഞ, ആകെ കുഴപ്പത്തിലായിരിക്കുന്ന ഒരുപാട് ആളുകളാണ് ദൈവത്തെക്കുറിച്ച് സംസാരിക്കുന്നത്, മാത്രമല്ല മിക്ക ആളുകളും കുഴപ്പങ്ങളിൽ ആയിരിക്കുമ്പോൾ മാത്രമാണ് ദൈവത്തെക്കുറിച്ച് സംസാരിക്കുന്നത്. നിങ്ങൾ സുഖകരമായ, ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ, നിങ്ങൾ ഒരു സിനിമാ ഗാനം പാടും. ഞങ്ങൾ നിങ്ങളെ തണുത്ത തീർത്ഥക്കുളത്തിൽ ഇറക്കുകയാണെങ്കിൽ – "ശിവ! ശിവ!” എന്ന് പറയും. കഷ്ടതയുണ്ടാകുമ്പോൾ, ശിവൻ നിങ്ങളുടെ മനസ്സിലേക്ക് വരും. ജീവിതം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുമ്പോൾ, നിങ്ങൾ പലതരം ആളുകളെക്കുറിച്ചും പലതരം കാര്യങ്ങളെക്കുറിച്ചും ചിന്തിക്കും. ആരെങ്കിലും നിങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയാൽ – "ശിവ! ശിവ!". നിങ്ങൾ വിളിച്ച ആൾ തെറ്റിപ്പോയി. അദ്ദേഹം ശ്മശാനത്തിൽ കാത്തിരിക്കുകയാണ്. ആരെങ്കിലും നിങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുമ്പോൾ, നിങ്ങളെ രക്ഷിക്കാൻ നിങ്ങൾ ശിവനെ വിളിച്ചാൽ, അദ്ദേഹം വരില്ല.
നിങ്ങൾ വെറുമൊരു ജീവനുള്ള ശരീരം മാത്രമല്ല, ഒരു ജീവനുള്ള സത്ത കൂടിയാണെങ്കിൽ, അമരത്വം നിങ്ങൾക്ക് ഒരു സ്വാഭാവിക അവസ്ഥയാണ്.
ജീവിതത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നത് ഫലിക്കില്ല. നിങ്ങൾ മുന്നോട്ട് ഓടുകയാണെങ്കിൽ, നിങ്ങൾ ഏത് ദിശയിലേക്ക് പോയാലും, നിങ്ങൾ എന്ത് ചെയ്യാൻ ആഗ്രഹിച്ചാലും – നിങ്ങൾ പാടുകയാകാം, നൃത്തം ചെയ്യുകയാകാം, ധ്യാനിക്കുകയാകാം, കരയുകയാകാം, ചിരിക്കുകയാകാം – അതെല്ലാം നിങ്ങളെ ഉയർന്ന തലത്തിലുള്ള തീവ്രതയിലേക്ക് കൊണ്ടുപോകുന്നിടത്തോളം കാലം അതെല്ലാം ഫലപ്രദമാകും. നിങ്ങൾ അതിനെ പിന്നോട്ട് ഉരുട്ടാൻ ശ്രമിച്ചാൽ, അത് ഫലിക്കില്ല. മിക്ക മനുഷ്യരെയും ദുരിതത്തിലാക്കാൻ ഒരു കഠാര കൊണ്ട് കുത്തേണ്ട ആവശ്യമില്ല. നിങ്ങൾ അവരെ വെറുതെ വിട്ടാൽ പോലും, അവർ ദുരിതത്തിലാകും. അവരുടെ സ്വയം സംരക്ഷണത്തിനുള്ള സഹജവാസന ന്യായമായ പരിധികൾ ലംഘിക്കുകയും ജീവിതത്തെ വെട്ടിച്ചുരുക്കാനും പിന്നോട്ട് തിരിക്കാനും ശ്രമിക്കുകയും ചെയ്യുന്നു. ശ്മശാനത്തിൽ ഇരുന്നുകൊണ്ട് ശിവൻ നൽകുന്ന സന്ദേശമിതാണ്: നിങ്ങൾ മരിച്ചാൽ പോലും അത് ഫലിക്കും, പക്ഷേ ജീവിതത്തെ വെട്ടിച്ചുരുക്കിയാൽ, അത് ഫലിക്കില്ല. നിങ്ങൾ ജീവിതത്തെ വെട്ടിച്ചുരുക്കുന്നുണ്ടോ അതോ ജീവിതം സംഭവിക്കാൻ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം നിങ്ങൾ എന്ത് ചെയ്യുന്നു, എന്ത് ചെയ്യുന്നില്ല എന്നതിനെ ആശ്രയിച്ചല്ല, മറിച്ച് ഈ ജീവൻ്റെ പ്രക്രിയ ഇപ്പോൾ എത്രത്തോളം സജീവവും എത്രത്തോളം തീവ്രവുമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾ ചെയ്യുന്നത് ഉപയോഗപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ഉപയോഗമില്ലാത്ത കാര്യങ്ങളിലേക്ക് പോലും നിങ്ങൾക്ക് തീവ്രത കൊണ്ടുവരാൻ കഴിയുമെങ്കിൽ, അത് ഫലിക്കും. എന്നാൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നിങ്ങൾക്ക് അർത്ഥം ആവശ്യമാണ്. അതിന് അർത്ഥമില്ലെങ്കിൽ, ഉപകാരപ്രദമല്ലെങ്കിൽ, നിങ്ങൾക്ക് അതിലേക്ക് സ്വയം അർപ്പിക്കാൻ കഴിയില്ല. ആ പശ്ചാത്തലത്തിൽ, അർത്ഥവത്തായതും ഉപയോഗപ്രദമായതും പ്രധാനമാണ്. അല്ലെങ്കിൽ, അർത്ഥവത്തായതും ഉപയോഗപ്രദമായതും അടിസ്ഥാനപരമായി മാനസികമാണ്. അവ ഒരു പ്രചോദനമാണ്, അല്ലാതെ അവ ഒരു അന്തിമലക്ഷ്യമല്ല.
