logo
logo

കേദാർനാഥ് ജ്യോതിർലിംഗ ക്ഷേത്രത്തിന് ശിവനുമായുള്ള ബന്ധം

കേദാർനാഥ ജ്യോതിർലിംഗ ക്ഷേത്രത്തിന്റെ ആത്മീയ പ്രാധാന്യവും ശിവനുമായുള്ള ക്ഷേത്രത്തിന്റെ ബന്ധവും സദ്ഗുരു വിശദീകരിക്കുന്നു. ശക്തമായ ഈ പുരാതന ക്ഷേത്രത്തിന്റെ അറിയപ്പെടാത്ത വശങ്ങളും അദ്ദേഹം പരിശോധിക്കുന്നു.

ഉള്ളടക്കം

കേദാർനാഥ് ജ്യോതിർലിംഗവും ശിവനുമായുള്ള ബന്ധവും

സദ്ഗുരു: കേദാർനാഥ് അതിശയകരമായൊരു പ്രദേശമാണ്. ““ശിവ” മന്ത്രോച്ചാരണത്തിന് ഇവിടെ തികച്ചും പുതിയ മാനവും പ്രാധാന്യവും കൈവരുന്നു. “ശിവ” എന്ന ശബ്ദത്തിന്റെ പ്രാധാന്യത്തിനനുസൃതമായി തന്നെ രൂപപ്പെടുത്തിയതാണ് ഈ ഇടം. നമ്മൾ "ശിവ" എന്ന ശബ്ദം ഉച്ചരിക്കുമ്പോൾ, അത് സൃഷ്ടിക്കപെട്ടിട്ടില്ലാത്ത ഒന്നിന്റെ സ്വാതന്ത്ര്യമാണ്, സൃഷ്ടിക്കപ്പെടാത്ത ഒരുവൻ്റെ മോക്ഷമാണ്. ഇത് പറയുന്നത് ശരിയല്ല, എങ്കിലും ഭൂമിയിൽ “ശിവ” എന്ന ശബ്ദം കേദാർനാഥിൽ നിന്ന് ഉത്ഭവിക്കുന്നത് പോലെയാണ്. ഈ ദിവ്യ മന്ത്രത്തിന്റെ പ്രതിധ്വനിയായിത്തന്നെയാണ് ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ കേദാർനാഥിനെ അനുഭവിച്ചുവരുന്നത്.

"ശിവ" എന്ന് പറയുമ്പോൾ, അത് ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധിയോ മെച്ചപ്പെട്ട കാര്യങ്ങളോ ആവശ്യപ്പെടുന്നതിനായി പുതിയൊരു വിഗ്രഹത്തെയോ ദേവതയെയോ സൃഷ്ടിക്കുന്നതിനെക്കുറിച്ചല്ല. "ഇല്ലാത്തത്" എന്നാണ് "ശിവ" എന്ന വാക്കിൻ്റെ അർത്ഥം. എല്ലാം ഒന്നുമില്ലായ്മയിൽ നിന്ന് ഉത്ഭവിച്ച് ഒന്നുമില്ലായ്മയിലേക്ക് തിരിച്ചുപോകുന്നു എന്ന വസ്തുതയ്ക്ക് ആധുനിക ശാസ്ത്രവും തെളിവ് നൽകുന്നു. നിലനിൽപ്പിന്റെ അടിസ്ഥാനവും പ്രപഞ്ചത്തിന്റെ മൗലിക സ്വഭാവവും വിശാലമായ ശൂന്യതയാണ്. ഗാലക്സികൾ വിശാലമായ പ്രപഞ്ചത്തിലെ ക്ഷണികമായ സംഭവങ്ങൾ മാത്രമാണ് - ഒരു കണിക പോലെ. ശേഷിക്കുന്ന വിശാലമായ ശൂന്യതയെയാണ് നാം “ശിവ” എന്ന് വിളിക്കുന്നത്.

കേദാർനാഥ് ജ്യോതിർലിംഗത്തിൻ്റെയും പഞ്ചകേദാരങ്ങളുടെയും കഥ

കുരുക്ഷേത്ര യുദ്ധത്തിൽ സ്വജനങ്ങളെയും ബന്ധുക്കളെയും വധിച്ചതിന്റെ പരിണതഫലമായി ഉണ്ടായ മാനസികാഘാതം പാണ്ഡവരെ കാര്യമായി ബാധിച്ചു. ഗോത്രഹത്യ എന്ന ഈ കൃത്യം അവർക്ക് ഗുരുതരമായ മനഃസ്താപമുണ്ടാക്കി. ഈ പാപത്തിൽ നിന്ന് വിമുക്തി നേടാനുള്ള മാർഗ്ഗം തേടി അവർ ശിവനെ അന്വേഷിച്ച് പുറപ്പെട്ടു. 

പാണ്ഡവർക്ക് ഈ പാപത്തിൽ നിന്ന് പൊടുന്നനെ ഒരു പരിഹാരം നൽകാൻ ശിവൻ ആഗ്രഹിച്ചില്ല. അതിനാൽ, ശിവൻ ഒരു കാളയുടെ രൂപം പൂണ്ടു അവരിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു. പക്ഷേ, പാണ്ഡവർ ശിവനെ പിന്തുടർന്നു. അവസാനം, ശിവൻ ഭൂമിക്കടിയിലേക്ക് പോയി, പിന്നീട് പ്രത്യക്ഷപ്പെട്ടപ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഹിമാലയത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കാളയുടെ കൂന് കേദാർനാഥാണ്, കേദാറിലേക്കുള്ള വഴിയിലുള്ള തുങ്കനാഥാണ് മുൻകാലുകൾ. ഹിമാലയത്തിലെ ഇന്ത്യയുടെ ഭാഗത്ത് സ്ഥിതിചെയ്യുന്ന മധ്യമഹേശ്വർ എന്ന സ്ഥലത്ത് നാഭി പ്രത്യക്ഷപ്പെട്ടു, ഇത് വളരെ ശക്തമായ മണിപൂരക ലിംഗമാണ്, ശിവന്റെ ജഡകൾ പ്രത്യക്ഷപ്പെട്ടത് കൽപനാഥിൽ. ഇതുപോലെ, ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു.  

ഈ ശരീരഭാഗങ്ങളുടെ വിവരണം ഏഴ് ചക്രങ്ങളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ക്ഷേത്രങ്ങൾ മനുഷ്യ ശരീരത്തെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വലിയൊരു ശരീരം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഹിമാലയത്തിന്റെ ദിശയിലും പടിഞ്ഞാറ് ദിശയിലുമായി ഇത്തരം ശരീരങ്ങൾ രൂപീകരിക്കപ്പെട്ടു. ഹിമാലയ പരിധിയിൽ ഇത്തരമൊരു ശരീരനിർമ്മിതി നടന്നു, മറ്റൊന്ന് നേപ്പാളിനെത്തന്നെ ഒരു ശരീരമായി രൂപപ്പെടുത്താനുള്ള ശ്രമമായിരുന്നു.

കേദാർനാഥ് ജ്യോതിർലിംഗം - ഊർജ്ജങ്ങളുടെ ലഹരി പിടിപ്പിക്കുന്ന ഒരു മിശ്രിതം

കേദാർനാഥ് ഊർജ്ജങ്ങളുടെ ലഹരി പിടിപ്പിക്കുന്ന ഒരു മിശ്രിതമാണ്. ഇത് എല്ലാതരത്തിലുമുള്ള ആയിരക്കണക്കിന് യോഗികളെയും മിസ്റ്റിക്കുകളെയും സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു സ്ഥലമാണ്. എല്ലാ തരത്തിലുമുള്ളവർ എന്ന് ഞാൻ പറയുമ്പോൾ, നിങ്ങൾക്ക് അത്തരം ആളുകളെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. ആരെയും ഒന്നും പഠിപ്പിക്കുന്നതിനായി ഒരു ശ്രമവും നടത്താത്തവരാണ് ഇവർ. ഈ ലോകത്തിനായി അവർ സമർപ്പണങ്ങൾ നടത്തിയത് അവരുടെ ഊർജ്ജങ്ങളെയും അവരുടെ മാർഗ്ഗങ്ങളെയും അവരുടെ പ്രവൃത്തികളെയും - എല്ലാത്തിനെയും  - ഒരു പ്രത്യേക രീതിയിൽ ഈ ഇടങ്ങളിൽ ഉപേക്ഷിച്ചുകൊണ്ടാണ്. 

ആത്മീയപാതയിലുള്ള ഒരാളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങൾ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് അവരെ കാണുക. അവർ ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നവരെന്നോ പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കുന്നവരെന്നോ സംസാരിക്കുന്നവരെന്നോ ആണ് നിങ്ങൾ ചിന്തിക്കുക. നിങ്ങളുടെ ധാരണകളുമായി ചേർന്നു പോകുന്നവർ ഇവിടെയുണ്ടായിട്ടുണ്ട്. എന്നാൽ തീർത്തും വന്യമായ ഒരുപാട് ആളുകളും ഉണ്ടായിട്ടുണ്ട്, അവരെ നിങ്ങൾക്ക് ഒരിക്കലും ആത്മീയതയുമായി അടയാളപ്പെടുത്താനാവില്ല. എന്നാൽ അസ്ഥിത്വത്തിന്റെ അത്യുന്നതങ്ങളെ സ്പർശിച്ചവരാണ് ഇവർ. ഒരു യോഗി എന്ന് നാം പറയുമ്പോൾ, ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നവരെന്നോ പ്രത്യേക ധാർമികത വെച്ചുപുലർത്തുന്നവരെന്നോ അതിനർത്ഥമില്ല. ഒരു യോഗി ജീവിതവുമായി സമ്പൂർണ്ണമായി പൊരുത്തത്തിലാണ്. അത്രമാത്രം പൊരുത്തത്തിലായതിനാൽ അവർക്ക് ജീവനെ അഴിച്ചുമാറ്റി അതിനെ വീണ്ടും ചേർത്തുവയ്ക്കാൻ വരെ സാധിക്കും. നിങ്ങളാകുന്ന അടിസ്ഥാന ജീവനെ, നിങ്ങൾക്ക് പൂർണ്ണമായും അഴിച്ചുമാറ്റാനും തിരികെ ചേർത്ത് വയ്ക്കാനും കഴിയുമെങ്കിൽ മാത്രമാണ് നിങ്ങൾ ഒരു യോഗി ആകുന്നത്. അത്തരം വിസ്മയകരമായ മനുഷ്യർ ഒരുപാടുണ്ടായിട്ടുണ്ട്.

കേദാർനാഥിലേക്കുള്ള തീർത്ഥാടനം

ആത്മീയ ഉന്നമനം തേടുന്ന വ്യക്തിക്ക്, കേദാർനാഥ് അവിശ്വസനീയമായ അനുഗ്രഹമാണ്. അതിന്റെ പരിണതഫലങ്ങൾ വാക്കുകളിൽ വിവരിക്കാനാവില്ല. ഭൗതികമായി പറഞ്ഞാൽ, അത് ഒരു പാറക്കെട്ട് മാത്രമാണ്. എന്നിരുന്നാലും, ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ വസിച്ചിരുന്ന ആളുകൾ ഈ സ്ഥലത്തിന്റെ സ്വഭാവത്തിൽ വരുത്തിയ മാറ്റമാണ് കേദാർനാഥിനെ അനന്യമാക്കുന്നത്. ഇത് നിരവധി യോഗികൾ ശരീരം ഉപേക്ഷിച്ച സ്ഥലമാണ്. ഇത് നേരിട്ട് അനുഭവിക്കേണ്ട ഒന്നാണ്. നിങ്ങൾ ഭാരതത്തിൽ ജനിച്ച ഒരാളാണെങ്കിൽ, പ്രായമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവില്ലാതാകുന്നതിന് മുമ്പ്, ഒരിക്കലെങ്കിലും നിങ്ങൾ ഹിമാലയത്തിലെത്തണം. 

കേദാർനാഥ് ജ്യോതിർലിംഗ ക്ഷേത്രവും ആദിശങ്കരനും

ആദി ശങ്കരൻ ഒരു വൈജ്ഞാനികനും, ഭാഷാശാസ്ത്ര വിദഗ്ദ്ധനുമായിരുന്നു. ജീവിതത്തിലെ കുറഞ്ഞ കാലയളവിൽ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു. "കാലടി" എന്ന ഗ്രാമത്തിൽ നിന്നാണ് ആദി ശങ്കരൻ വന്നത്. കാലടി എന്നതിനർത്ഥം "പാദത്തിന് കീഴിൽ" എന്നാണ്. ദക്ഷിണേന്ത്യയിൽ, നാം ഭാരത മാതാവിന്റെ പാദങ്ങളിൽ ആണ്. ഭാരതം എന്നു പറയുമ്പോൾ, നാം എപ്പോഴും ദൈവികതയുടെ പാദങ്ങളിൽ ആയിരിക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. ദൈവികതയുടെ പാദങ്ങളിൽ ആയിരിക്കുന്നതിലൂടെ നാം പരിണാമം പ്രാപിക്കുകയും പൂവണിയുകയും ചെയ്തു. ഇത് കൃത്രിമമായ ആഡംബരത്തിന്റെ സംസ്കാരമല്ല, പ്രകൃത്യായുള്ള ഭക്തിയുടെ സംസ്കാരമാണ്.

‘സർവ്വവും മായ' എന്നാണ് ആദി ശങ്കരൻ പറഞ്ഞത്. മായ എന്നാൽ മിഥ്യ എന്നര്‍ത്ഥം. നാം കാണുന്ന രീതിയിലല്ല വസ്തുതകൾ നിലനിൽക്കുന്നത് എന്ന അർത്ഥത്തിലാണ് മായ എന്ന പദം ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, നമുക്ക് ദൃഢമെന്ന് തോന്നുന്ന ഈ ശരീരം തന്നെ എടുക്കുക. നാം കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു എന്നിവയിലൂടെ നിരന്തരം നമ്മുടെ ശരീരകോശങ്ങൾ മാറിവരുന്നു. അതായത്, ഏതാനും കാലയളവിൽ നമുക്ക് പൂർണ്ണമായും പുതിയ ശരീരം ലഭിക്കുന്നു. പക്ഷേ, നമ്മുടെ അനുഭവത്തിൽ അത് ഒരേ ശരീരം തന്നെയാണെന്ന് തോന്നുന്നു - ഇതാണ് മായ. അതുപോലെ, പഞ്ചേന്ദ്രിയങ്ങൾ വഴി നാം അസ്തിത്വത്തെ അനുഭവിക്കുന്ന രീതിയും പൂർണ്ണമായും വ്യക്തമല്ല - ഇതാണ് ആദി ശങ്കരൻ പറഞ്ഞ മായ അഥവാ മിഥ്യ.

vകാശിയിൽ വച്ച്‌ ഒരിക്കൽ, പുലർച്ചെ സ്നാനം കഴിഞ്ഞു ആദി ശങ്കരൻ ഒരു ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ വഴിയിൽ ഒരു ചണ്ഡാളൻ വന്നു. ചണ്ഡാളർ ശ്മശാനങ്ങൾ പരിപാലിച്ചിരുന്ന ഒരു പ്രത്യേക ജാതിയായിരുന്നു. അവർ ഏറ്റവും താഴ്ന്നവരായും അശുഭകരമായവരായും കണക്കാക്കപ്പെട്ടിരുന്നു. ചണ്ഡാളനെ കണ്ടാൽ മരണം വരും എന്നായിരുന്നു വിശ്വാസം. ആരും അവരോട് യാതൊരു ബന്ധവും ആഗ്രഹിച്ചിരുന്നില്ല, അവരെ ഒഴിവാക്കിയിരുന്നു.

അങ്ങനെ ഒരു ചണ്ഡാളൻ മുന്നിൽ വന്നപ്പോൾ "മാറി നിൽക്കൂ" എന്ന് ശങ്കരൻ ആവശ്യപ്പെട്ടു. ചണ്ഡാളൻ അവിടെനിന്നു മാറാതെ "ഞാൻ മാറണോ, അതോ എന്റെ ശരീരം മാറണോ?" എന്ന് തിരിച്ചുചോദിച്ചു. ഈ ചോദ്യം ശങ്കരനെ ആഴത്തിൽ ചിന്തിപ്പിച്ചു. “ഈ ശരീരം നിങ്ങളല്ല, ഇതെല്ലം വെറും മായ”യാണെന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിക്കുകയായിരുന്നു. അപ്പോൾ ചണ്ഡാളൻ ഈ ചോദ്യം ചോദിച്ചപ്പോൾ അതദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. അതിനുശേഷം, അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല, ഉപദേശം നൽകിയില്ല, അദ്ദേഹം ഹിമാലയത്തിലേക്ക് നടന്നകന്നു. കേദാർനാഥിൽ, ഇന്നും അദ്ദേഹത്തിന് ഒരു സ്മാരകമുണ്ട് - ഒരു ചുമരിന് പുറത്തേക്ക് മാർബിളിൽ കൊത്തിയെടുത്ത അദ്ദേഹത്തിൻ്റെ കൈയും വടിയും. അവിടെയാണ് ശങ്കരനെ അവസാനമായി കണ്ടത്. ശങ്കരൻ ഹിമാലയത്തിലേക്ക് നടന്ന് ശിവനിൽ ലയിച്ചു എന്നാണ് കഥ.

ഇതാണ് നമ്മുടെ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാന പ്രകൃതം - പരസ്പരം മത്സരിച്ചല്ല നാം ഉന്നതി കൈവരിക്കുന്നത്, പകരം താണുവണങ്ങിയാണ് നാം ഉയരുന്നത്. ദൈവം, മനുഷ്യൻ, സ്ത്രീ, കുട്ടികൾ, മൃഗം, വൃക്ഷം, പാറ എന്നിങ്ങനെയുള്ള സർവ്വതിനോടും ആദരവ് പ്രകടിപ്പിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. ഇതാണ് നമ്മുടെ ശക്തി, ഇതാണ് നമ്മുടെ മാർഗ്ഗം, ഇതാണ് നമ്മുടെ പരിണാമത്തിന്റെയും തിരിച്ചറിവിന്റെയും പ്രക്രിയയും രീതിയും.

എന്തുകൊണ്ടാണ് ശിവൻ ബദരീനാഥിൽ നിന്ന് കേദാർനാഥിലേക്ക് മാറിയത്

ഏകദേശം 13700 അടി ഉയരത്തിൽ ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് ബദരീനാഥ്. ബദരീനാഥിനെ കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ശിവനും പാർവതിയും ഇവിടെയാണ് വസിച്ചിരുന്നത്. ഒരു ദിവസം ശിവനും പാർവതിയും നടക്കാൻ പോയി. തിരിച്ചുവന്നപ്പോൾ വീടിന്റെ വാതിൽക്കൽ ഒരു കുഞ്ഞ് കരയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതൃഹൃദയം ഉണർന്ന പാർവതി കുഞ്ഞിനെ എടുക്കാൻ പോയി. പക്ഷേ, ശിവൻ പാർവതിയെ തടഞ്ഞു,  "ആ കുഞ്ഞിനെ സ്പർശിക്കരുത്" എന്ന് പറഞ്ഞു. "എന്തു ക്രൂരതയാണത്! അങ്ങേയ്ക്ക് ഇത് എങ്ങനെ പറയാൻ തോന്നി?" പാർവതി ചോദിച്ചു.

ശിവൻ പറഞ്ഞു, “ഇത് നല്ല കുട്ടിയല്ല. എങ്ങനെയാണ് ഈ കുഞ്ഞ് നമ്മുടെ വാതിൽക്കൽ തനിയെ എത്തിയത്? ചുറ്റും ആരും ഇല്ല. മഞ്ഞിൽ മാതാപിതാക്കളുടെ കാൽപ്പാടുകളില്ല. ഇതൊരു കുഞ്ഞല്ല.” എന്നാൽ പാർവതി പറഞ്ഞു, “ഒരിക്കലുമില്ല, ഈ കുഞ്ഞിനെ ഇങ്ങനെ വിടാൻ എന്നിലെ മാതൃത്വം അനുവദിക്കില്ല” എന്ന് പറഞ്ഞ് പാർവതി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി വളരെ സുഖകരമായി പാർവതിയുടെ മടിയിൽ ഇരുന്നു, വളരെ സന്തോഷത്തോടെ ശിവനെ നോക്കി. ഇതിൻ്റെ പരിണതഫലം അറിയാവുന്ന ശിവൻ പറഞ്ഞു, "ശരി, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം."

പാർവതി കുട്ടിയെ ആശ്വസിപ്പിച്ച് ഭക്ഷണം നൽകി വീട്ടിൽ ഇരുത്തിയശേഷം സമീപത്തുള്ള അരുവിയിൽ കുളിക്കാൻ ശിവനൊപ്പം പോയി. തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് അവർ കണ്ടു. പാർവതി ഞെട്ടിപ്പോയി. "വാതിൽ അടച്ചത് ആരാണ്?" ശിവൻ പറഞ്ഞു, "ഞാൻ പറഞ്ഞുവല്ലോ, ഈ കുട്ടിയെ എടുക്കരുതെന്ന്. നീ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു, ഇപ്പോൾ അവൻ വാതിൽ പൂട്ടിയിരിക്കുന്നു."

പാർവതി ചോദിച്ചു: "നമ്മൾ എന്തു ചെയ്യും?"

ശിവന് രണ്ട് വഴികളുണ്ടായിരുന്നു: ഒന്ന്, തന്റെ മുന്നിലുള്ളതെല്ലാം ദഹിപ്പിക്കുക. അല്ലെങ്കിൽ, വേറെ ഒരു വഴി കണ്ടെത്തി മുന്നോട്ട് പോകുക. അങ്ങനെ അദ്ദേഹം പറഞ്ഞു, “നമുക്ക് വേറെ എവിടെയെങ്കിലും പോകാം. നിന്റെ പ്രിയപ്പെട്ട കുഞ്ഞാണല്ലോ, അതിനെ എനിക്ക് ഉപദ്രവിക്കാൻ കഴിയില്ല.”

അങ്ങനെയാണ് ശിവന് സ്വന്തം താമസസ്ഥലം നഷ്ടപ്പെട്ടത്. അങ്ങനെ അവർ വാസയോഗ്യമായ ഒരു സ്ഥലം തേടി നടന്നു, ഒടുവിൽ അവർ കേദാർനാഥിൽ താമസമാക്കി. ശിവന് അത് അറിയില്ലായിരുന്നോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ചില കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ നാം അത് സംഭവിക്കാൻ അനുവദിക്കുന്നുണ്ട്.

ശിവൻ അതിശക്തനായ ഒരു ദേവനായിട്ടാണ് സാധാരണ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ലൗകിക കാര്യങ്ങളിൽ അദ്ദേഹം അത്ര നിപുണനല്ല. നിഷ്കളങ്കനായ ഒരു കുട്ടിയെ പോലെയായതു കൊണ്ട് ശിവനെ ഭോലെനാഥ് എന്നും വിളിക്കുന്നു. ഇതിനെ ബുദ്ധികുറവ് എന്ന് തെറ്റിദ്ധരിക്കരുത്, മറിച്ച്, നിസ്സാരമായ വഴികളിൽ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനോട് താൽപ്പര്യമില്ല എന്ന അർത്ഥമാണിതിന്.

കുശാഗ്രതയും താഴ്ന്ന തലത്തിലുള്ള ബുദ്ധിയുമുള്ളവരാണ് മറ്റൊരാളിൽ നിന്ന് എന്തുനേടിയെടുക്കാം എന്ന് എപ്പോഴും ചിന്തിക്കുന്നത്. വിവേകവും കൗശലവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. മിടുക്കനാവുമ്പോഴൊക്കെയും നിങ്ങൾ മറ്റൊരാളുമായി താരതമ്യത്തിലായിരിക്കും. വിവേകം എന്നാൽ നിങ്ങൾ ആരുമായും താരതമ്യം ചെയ്യുന്നില്ല, അത് സ്വാഭാവികമായ പ്രകൃതമാണ്. വിവേകമാണ് വിശേഷപ്പെട്ടത്, കാരണം അത് മത്സരത്തിലല്ല, അത് ജീവന്റെ ആവിഷ്കാരം മാത്രമാണ്.

കേദാർനാഥ് ജ്യോതിർലിംഗവും കാന്തിസരോവരവും - കൃപയുടെ തടാകം

ഐതിഹ്യങ്ങൾ പ്രകാരം ശിവനും പാർവതിയും കാന്തിസരോവരത്തിന്റെ തീരത്ത് വസിച്ചിരുന്നു. കേദാറിൽ വസിച്ചിരുന്ന നിരവധി യോഗികളെ അവർ സന്ദർശിക്കുമായിരുന്നു. 2013-ൽ കാന്തിസരോവരം തടാകം തകർന്ന് പ്രളയമായി മാറി അത് കേദാറിൽ എത്തി. ഇന്ന് ഗാന്ധി സരോവർ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അത് കാന്തിസരോവർ തന്നെയാണ്. കാന്തി എന്നാൽ കൃപ, സരോവർ എന്നാൽ തടാകം. അതിനാൽ കാന്തിസരോവർ എന്നാൽ കൃപയുടെ തടാകം. യോഗ സംസ്കാരത്തിൽ, ശിവനെ ഒരു ദൈവമായല്ല കാണുന്നത്. ഈ മണ്ണിലൂടെ നടന്ന, യോഗ പാരമ്പര്യത്തിന്റെ ഉറവിടം തന്നെയാണ് അദ്ദേഹം. ആദിയോഗിയും ആദിഗുരുവുമാണ് അദ്ദേഹം. യോഗ ശാസ്ത്രം ആദ്യം പകർന്നുനൽകിയത് കാന്തിസരോവരത്തിന്റെ തീരത്ത് വച്ചാണ്. അവിടെ ആദിയോഗി തന്റെ ആദ്യത്തെ ഏഴ് ശിഷ്യന്മാർക്ക്, ഇന്ന് സപ്തഋഷികൾ എന്ന് ആദരവോടെ അറിയപ്പെടുന്നവർക്ക്, ഈ ആന്തരിക ശാസ്ത്രം പകർന്നു നൽകി.

വർഷങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ എല്ലാ വർഷവും ഒന്നോ രണ്ടോ മാസം ഞാൻ തനിയെ യാത്ര ചെയ്യുമായിരുന്നു. ആ സമയത്ത് ബസ്സിന്റെ  മുകളിൽ ആയിരുന്നു എന്റെ യാത്ര കൂടുതലും, കാരണം എനിക്ക് മലകളെ ആസ്വദിക്കണമായിരുന്നു. ഇത് ഭ്രാന്തൻ ബസുകൾ ആയിരുന്നു! പുലർച്ചെ 4 അല്ലെങ്കിൽ 4:30 ന് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ട് നേരെ ഗൗരികുണ്ഡിലേക്കോ ബദരീനാഥിലേക്കോ ഈ ബസുകൾ പോകും. ആളുകളെ കയറ്റാനും ഇറക്കാനുമല്ലാതെ, ഭക്ഷണത്തിനുപോലും എവിടെയും നിർത്താത്ത ഈ ബസുകളെ ഭൂക് ഹർത്താൽ ബസുകൾ എന്നും വിളിച്ചിരുന്നു, അതായത് നിരാഹാര ബസുകൾ. നിങ്ങൾ ഉച്ചഭക്ഷണത്തെക്കുറിച്ച് ഓർത്തു സങ്കടപ്പെടുമ്പോൾ, ഡ്രൈവർ വണ്ടിയോടിച്ചുകൊണ്ടു തന്നെ ചപ്പാത്തി കയ്യിൽ ചുരുട്ടി വച്ചു കഴിക്കുന്നുണ്ടാവും!

ഗൗരികുണ്ഡിൽ നിന്ന് ദീർഘമായ പാദയാത്ര കഴിഞ്ഞ് ഞാൻ കേദാറിലെത്തിയപ്പോൾ, കാന്തിസരോവറിനെ കുറിച്ച് കേട്ടു. ഒരു ദിവസം ഉച്ച കഴിഞ്ഞ്, 2 - 2:30 ഒക്കെ ആയപ്പോൾ ഞാൻ പുറപ്പെട്ടു, ഏകദേശം ഒരു മണിക്കൂറിൽ  അവിടെ എത്തി. തടാകവും ചുറ്റും മഞ്ഞ് മൂടിയ പർവതങ്ങളും. പ്രകൃതിഭംഗിയുടെ കാര്യത്തിൽ, വിസ്മയകരയായ ഒരിടമാണത് – തികച്ചും നിശ്ചലമായ ജലമുള്ള, സസ്യങ്ങളില്ലാത്ത ഈ വലിയ തടാകത്തിൽ ചുറ്റുമുള്ള മഞ്ഞുമൂടിയ കൊടുമുടികൾ പ്രതിഫലിക്കുന്നു. അവിശ്വസനീയമായ ഒരു സ്ഥലമാണ് അത്.

ഞാൻ അവിടെ ഇരുന്നു. അവിടുത്തെ ശാന്തതയും നിശബ്ദതയും പരിശുദ്ധിയുമെല്ലാം എന്റെ ബോധത്തിലേക്ക് ആഴ്ന്നിറങ്ങി. അങ്ങോട്ടുള്ള കയറ്റവും അതിന്റെ ഉയരവും ആ സ്ഥലത്തിന്റെ വിജനമായ സൗന്ദര്യവും എന്നെ ശ്വാസംമുട്ടിച്ചു. ആ നിശ്ശബ്ദതയിൽ ഒരു ചെറിയ പാറപ്പുറത്ത് കണ്ണുതുറന്ന്, എനിക്ക് ചുറ്റുമുള്ള എല്ലാ രൂപങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് ഞാൻ ഇരുന്നു. ചുറ്റുപാടുകളെല്ലാം സാവധാനം രൂപരഹിതമാവുകയും നാദം മാത്രം - ശബ്ദം മാത്രം നിലനിൽക്കുകയും ചെയ്തു. മലയും, തടാകവും, ചുറ്റുപാടുകളും, എന്റെ ശരീരവും പോലും അവയുടെ പതിവ് രൂപത്തിൽ നിലനിൽക്കുന്നില്ല. എല്ലാം ശബ്ദം മാത്രമായി. എന്റെയുള്ളിൽ ഒരു ഗാനം ഉയർന്നു വന്നു: “നാദ ബ്രഹ്മ വിശ്വ സ്വരൂപ.”

നാദ ബ്രഹ്മ വിശ്വസ്വരൂപ
നാദ ഹി സകല ജീവരൂപാ
നാദ ഹി കർമ്മ നാദ ഹി ധർമ്മ
നാദ ഹി ബന്ധന നാദ ഹി മുക്തി
നാദ ഹി ശങ്കര നാദ ഹി ശക്തി
നാദം നാദം സർവം നാദം
നാദം നാദം നാദം നാദം

ഞാൻ എപ്പോഴും സംസ്കൃതം പഠിക്കുന്നത് ഒഴിവാക്കിയ ഒരു വ്യക്തിയാണ്. ആ ഭാഷ എനിക്ക് വളരെ ഇഷ്ടമാണ്, അതിന്റെ ആഴവും എനിക്കറിയാം. പക്ഷേ, സംസ്കൃതം പഠിച്ചാൽ പിന്നെ എപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കേണ്ടി വരും എന്ന ഭയം കൊണ്ടാണ് ഞാൻ അത് പഠിക്കാതിരുന്നത്. എന്റെ ദർശനം ഇതുവരെ ഒരിക്കലും എന്നെ വഞ്ചിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം ഗ്രന്ഥങ്ങളും ഈ പാരമ്പര്യങ്ങളുംകൊണ്ട് എന്റെ മനസ്സിനെ കുഴപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് ഞാൻ സംസ്കൃതം ഒഴിവാക്കിയത്.

അവിടെ ഞാൻ ഇരിക്കുമ്പോൾ, എന്റെ വായ തീർച്ചയായും അടഞ്ഞിരിക്കുകയും, കണ്ണുകൾ തുറന്നിരിക്കുകയുമായിരുന്നു. പക്ഷേ, എന്റെ സ്വന്തം ശബ്ദത്തിൽ വളരെ വ്യക്തമായി, ഉച്ചത്തിൽ ഒരു ഗാനം ഞാൻ കേട്ടു. എന്റെ സ്വന്തം ശബ്ദത്തിലാണ് പാട്ട്, അതും സംസ്കൃതത്തിൽ. വളരെ വ്യക്തമായും ഉച്ചത്തിലുമായി ഞാൻ അത് കേട്ടു. ആ മലകൾ മുഴുവൻ പാടുന്നതുപോലെ അത്രയും ഉച്ചത്തിലായിരുന്നു അത്. എന്റെ അനുഭവത്തിൽ, എല്ലാം ശബ്ദമായി മാറിയിരുന്നു. അപ്പോഴാണ് ഈ ഗാനം ഞാൻ ഗ്രഹിച്ചത്. ഞാൻ അത് ഉണ്ടാക്കിയതോ എഴുതിയതോ അല്ല - അത് എന്നിലേക്ക് വന്നു ചേർന്നതാണ്. മുഴുവൻ ഗാനവും സംസ്കൃതത്തിൽ ഒഴുകി വന്നു. അത് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു.

സാവധാനം, കുറച്ചു സമയത്തിന് ശേഷം എല്ലാം പഴയ രൂപത്തിലേക്ക് തിരികെപ്പോയി. എന്റെ അവബോധത്തിന്റെ പതനം സംഭവിച്ചപ്പോൾ, നാദത്തിൽ നിന്ന് രൂപത്തിലേക്ക് ഞാനെത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

നാദ ബ്രഹ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ലോകത്തെ രൂപമായി അല്ല, ശബ്ദമായി അനുഭവിക്കുക എന്നതാണ്. ആധുനിക ശാസ്ത്രവും പറയുന്നത് ഓരോ ശബ്ദത്തിനും ഒരു രൂപമുണ്ടെന്നും ഓരോ രൂപത്തിനും ഒരു ശബ്ദമുണ്ടെന്നുമാണ്. ഇത് ഒരു ശാസ്ത്രീയ സത്യമാണ്. ഇന്ന് നമുക്ക് അറിയാവുന്നത് പദാർത്ഥങ്ങൾ എന്നൊന്നില്ല എന്നാണ്. ഒരു കമ്പനം ഉണ്ടെങ്കിൽ അവിടെ ശബ്ദം ഉണ്ടാകും. അതിനാൽ യോഗയിൽ നാം പറയുന്നു, സർവ്വവും ശബ്ദമാണ് എന്ന്.

നിങ്ങൾ ആ ഗാനത്തിലേക്ക് സ്വയം അർപ്പിച്ചാൽ, അതിന് ഒരു തരത്തിലുള്ള ശക്തിയുണ്ട്. നിങ്ങൾ പൂർണ്ണമായും അതിലേക്ക് സ്വയം നൽകിയാൽ, ഒരു വ്യക്തിയെ അലിയിപ്പിച്ചില്ലാതാക്കാനുള്ള ശക്തി ആ ഗാനത്തിന് ഉണ്ട്.

    Share

Related Tags

ശിവ തത്വംശിവന്റെ കഥകൾ

Get latest blogs on Shiva

Related Content

മഹാ മൃത്യുഞ്ജയ മന്ത്രം