പരിവര്‍ത്തനാത്മക നേതൃത്വം
മാറ്റത്തെയും നേതൃത്വത്തെയും അന്യോന്യം വേര്‍പെടുത്താന്‍ കഴിയില്ലെന്ന് സദ്ഗുരു പറയുന്നു. കാരണം, ഒരു നേതാവിന്റെ എല്ലാ പ്രവൃത്തികള്‍ക്കും നേരിട്ടോ അല്ലാതെയോ അനേകരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടു വരാന്‍ കഴിയും. എന്നാല്‍, മഹാനായ ഒരു നേതാവാകാനാഗ്രഹിയ്ക്കുന്ന ഒരാള്‍ തന്നില്‍ത്തന്നെ മാറ്റംവരുത്താന്‍ നിര്‍ബന്ധമായും യത്നിയ്ക്കേണ്ടതാണ്.

സദ്ഗുരു; ഒരാള്‍ക്കു നേതാവാകണമെങ്കില്‍, അയാള്‍ അവനവനെത്തന്നെ ഒരു വലിയ സാദ്ധ്യതയായി മാറ്റേണ്ടതാണ്. ഇവിടെ, അടിസ്ഥാനപരമായി വ്യക്തിപരമായ ഒരു കാര്യം ഒരര്‍ത്ഥത്തില്‍ കുറേക്കൂടി വലിയ ഒരു കാര്യമായിത്തീരുകയാണു ചെയ്യുന്നത്. ഒരു നേതാവില്‍നിന്നും ആളുകള്‍ പ്രതീക്ഷിയ്ക്കുന്നത്, അയാള്‍ മറ്റുറ്റള്ളവര്‍ക്കു കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുന്നവനായിരിയ്ക്കണമെന്നാണ്. ഇതിനയാള്‍ അതിമാനുഷനൊന്നും ആകണമെന്നില്ല. എല്ലാറ്റിനെക്കുറിച്ചും അറിവുണ്ടായിരിയ്ക്കണം എന്നുമില്ല. നമ്മുടെ ഭൂരിഭാഗം നേതാക്കന്മാരും ഏറെയൊന്നും അറിവുള്ളവരല്ല. മറ്റുള്ളവര്‍ മനസ്സിലാക്കാതെ പോകുന്ന ചില പ്രത്യേക കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നു. പൊതുവായ ഒരു സവിശേഷ ലക്ഷ്യം നേടുന്നതിനായി ആളുകളെ ഒരുമിച്ചു കൂട്ടുന്നതിനു കഴിവുള്ളവരാണവര്‍. അതവരെ നേതാക്കന്മാരാക്കുന്നു.
ഈ ലോകത്ത് നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയിലും നിങ്ങളാരെന്നുള്ളത്, അതായത്, നിങ്ങളുടെ മനസ്സും വികാരങ്ങളും തത്സമയത്തെ അവസ്ഥകളും, പ്രതിഫലിയ്ക്കുന്നതാണ്. ഒരിക്കല്‍ നിങ്ങള്‍ നേതൃപദവിയിലേയ്‌ക്കെത്തിയാല്‍, നിങ്ങളിലുളവാകുന്ന എല്ലാ ചിന്തയും വികാരവും നിങ്ങളുടെ എല്ലാ പ്രവൃത്തിയും, നിങ്ങളുടെ നേതൃത്വത്തിന്‍റെ സ്വഭാവമനുസരിച്ച്, നൂറുകണക്കിനോ ആയിരക്കണക്കിനോ മില്യണ്‍ കണക്കിനോ ആയ, അനേകമാളുകളെ സ്വാധീനിയ്ക്കുന്നു. അതുകൊണ്ട്, നേതാവാകാന്‍ ആഗ്രഹിയ്ക്കുന്ന ഒരാള്‍, ലോകത്തു താന്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നുവെന്നതു മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ. ഉള്ളുകൊണ്ട് താനെപ്രകാരമാണെന്നതിനെക്കുറിച്ചും അയാള്‍ ശ്രദ്ധ കൊടുക്കണം.
ആദ്യം അവനവനില്‍ മാറ്റംവരുത്തുക
ഒരിയ്ക്കല്‍ നിങ്ങള്‍ അനേകരുടെ ജീവിതത്തില്‍ വമ്പിച്ച സ്വാധീനമുളവാക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പദവിയിലെത്തിയെന്നു കരുതുക. അപ്പോള്‍, നേതൃസ്ഥാനമലങ്കരിയ്ക്കുന്ന ഒരാളെന്നനിലയില്‍ ആദ്യം അവനവനില്‍ത്തന്നെ മാറ്റം വരുത്തുന്നതിനു നിരന്തരം ശ്രമിയ്ക്കുകയാണു നിങ്ങള്‍ ചെയ്യേണ്ടത്. അതിനു നിങ്ങള്‍ തുനിയുന്നില്ലെങ്കില്‍ അത് ഉത്തരവാദിത്വമില്ലായ്മയാണ്. അടിസ്ഥാനപരമായി, നേതൃത്വമെന്ന പദത്തിന് രണ്ട് അര്‍ത്ഥതലങ്ങളുണ്ട്. ആളുകളുടെ ജീവിതത്തില്‍ നേതാവ് നേരിട്ടു മാറ്റംവരുത്തുന്നുവെന്നതാണ് ആദ്യത്തേത്. ആളുകളുടെ ജീവിതത്തില്‍ മാറ്റം സംഭവിയ്ക്കുന്നതിനു വഴിയൊരുങ്ങുന്ന വിധത്തില്‍ അയാള്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നുവെന്നതു രണ്ടാമത്തേതും. ഇക്കാരണത്താല്‍, മാറ്റത്തെയും നേതൃത്വത്തെയും അന്യോന്യം വേര്‍പെടുത്താന്‍ കഴിയില്ല.
നമുക്കുള്ള പൊതുവായ അഭിലാഷം
നിങ്ങള്‍ നയിക്കുന്നത് ഒരു കമ്പനിയെയോ ഒരു സമുദായത്തെയോ ഒരു നഗരത്തെയോ ഒരു രാജ്യത്തെയോവാകട്ടെ, നേതൃത്വമെന്നത് ഒരു കലയാണ്- ഉള്ളിന്‍റെയുള്ളിലെവിടെയോ നമ്മുടെ സകല അഭിലാഷങ്ങളുമൊന്നാണെന്ന തിരിച്ചറിവ് ആളുകളിലുളവാക്കുന്നതിനുള്ള കലാവൈഭവം. ഞാനാദ്യമായി ആഗോള സാമ്പത്തിക ഫോറത്തില്‍(world economic forum)പങ്കെടുത്തപ്പോള്‍, വളരെ നീരസത്തോടെയാണ് അവിടെക്കൂടിയിരുന്നവര്‍ എന്നെ വീക്ഷിച്ചത്. ഒരാള്‍ എന്നോടു ചോദിച്ചു;''സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു സമ്മേളനത്തില്‍ ഒരു യോഗിയ്‌ക്കെന്തു കാര്യം?''ഞാന്‍ അവരുടേതായ ഭാഷയില്‍ സംസാരിയ്ക്കണമെന്ന് അപ്പോള്‍ എനിക്കു തോന്നി. അതു കൊണ്ടു ഞാന്‍ ചോദിച്ചു; ''നിങ്ങളെന്തു ചെയ്യുന്നു? എന്താണു നിങ്ങളുടെ ബിസിനസ്സ്?''അദ്ദേഹം പറഞ്ഞു;''ങാ, ഞാന്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാണക്കമ്പനിയ്ക്കു വേണ്ടി ജോലി ചെയ്യുകയാണ്.'' ഞാന്‍ ചോദിച്ചു;''നിങ്ങള്‍ കമ്പ്യൂട്ടറുകളുണ്ടാക്കുകയാണോ... ''വാഹനനിര്‍മ്മാണരംഗത്തു പ്രവര്‍ത്തിയ്ക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു;''അദ്ദേഹം കാറുകളുണ്ടാക്കുകയാണ്. ഏതോ ഒരാള്‍ സെയ്ഫ്റ്റി പിന്നുകളുണ്ടാക്കുന്നു. നിങ്ങള്‍ കാറോ കമ്പ്യൂട്ടറോ സെയ്ഫ്റ്റി പിന്നോ ശൂന്യാകാശവാഹനമോ ആണു നിര്‍മ്മിയ്ക്കുന്നതെന്നതല്ല വിഷയം. എന്താണു നിങ്ങളുടെ അടിസ്ഥാനപരമായ ബിസിനസ്സ്?''അദ്ദേഹം പറഞ്ഞു;''എന്ത്? കമ്പ്യൂട്ടര്‍നിര്‍മ്മാണമാണ് എന്‍റെ ബിസിനസ്സ്''
ഞാന്‍ പറഞ്ഞു;''കമ്പ്യൂട്ടറല്ല നിങ്ങളുടെ ബിസിനസ്സ്. മനുഷ്യരുടെ ക്ഷേമമാണ് നിങ്ങളുടെ അടിസ്ഥാനപരമായ ബിസിനസ്സ്, അല്ലേ? നിങ്ങളെന്തിനു കമ്പ്യൂട്ടറുണ്ടാക്കുന്നുവെന്നത് ഒരു പക്ഷെ നിങ്ങള്‍ മറന്നുപോയിട്ടുണ്ടാകാം. അടിസ്ഥാനപരമായി, നിങ്ങള്‍ കമ്പ്യൂട്ടറുണ്ടാക്കുന്നത് മനുഷ്യജീവിതം മെച്ചപ്പെടുത്താനാണ്. അടിസ്ഥാനപരമായ ബിസിനസ്സെന്നത് മനുഷ്യരാശിയുടെ ക്ഷേമമാണ്. അതാണെന്‍റെയും ബിസിനസ്സ്. അതു കൊണ്ടു തന്നെയാണ് ഇപ്പോള്‍ ഞാനിവിടെ വന്നിരിക്കുന്നത്.''
ആര്‍ജ്ജവവും ഉള്‍ക്കാഴ്ചയും
ആളുകള്‍ ഒരു നേതാവില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നത്, സര്‍വ്വോപരി അദ്ദേഹം നേര്‍വഴിക്കാരനായിരിയ്ക്കണമെന്നാണ്. നിങ്ങള്‍ ആളുകളെ ചൂഷണം ചെയ്യുന്നത് അവര്‍ വക വെച്ചു തരില്ല. ഒരു നേതാവാകുന്നതിന് നിങ്ങളൊരു വലിയ ബുദ്ധിമാനോ ഒരു മഹാ പ്രതിഭാശാലിയോ ഒരതിമാനുഷനോ ആയിരിയ്ക്കണമെന്നില്ല. പക്ഷെ, നിങ്ങള്‍ നേര്‍വഴിയ്ക്കു നടക്കുന്നവനായിരിയ്ക്കണം, അതായത്, നിങ്ങളെപ്പോഴും ആര്‍ജ്ജവമുള്ളവനായിരിയ്ക്കണം. ചില കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് തനതു വീക്ഷണവും ഉള്‍ക്കാഴ്ചയുമുണ്ടായിരിയ്ക്കുകയും വേണം. അപ്പോള്‍ നിങ്ങളൊരു നേതാവായിത്തീരും.
നിങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായാല്‍, സ്വാഭാവികമായിത്തന്നെ നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉള്‍ക്കാഴ്ച്ച ലഭിക്കും. അപ്പോള്‍, ശരിയായ തരത്തിലുള്ള ആളുകള്‍ സ്വാഭാവികമെന്നോണം നിങ്ങള്‍ക്കു ചുറ്റും വന്നുചേരും. നിങ്ങളുടെ ആര്‍ജ്ജവം അവര്‍ തിരിച്ചറിയുന്നതാണ് ഇതിനു കാരണം. തീര്‍ച്ചയായും നിങ്ങളുടെ കഴിവിനനുസരിച്ച് കാര്യങ്ങള്‍ സംഭവിയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കൊരിയ്ക്കലും ആളുകളുടെ കഴിവുകള്‍ തുല്യമാണെന്നു വിലയിരുത്താന്‍ കഴിയില്ല. വ്യത്യസ്ത കഴിവുകളുമായാണ് ആളുകള്‍ വരുന്നത്. അതു നല്ലതു തന്നെ. എന്നാല്‍, ചോദ്യമിതാണ്; നിങ്ങളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്നതിനു ശേഷിയുള്ള ഒരുവനാണോ നിങ്ങള്‍? എല്ലാ ദിവസവും, സ്വയം ഒരു പ്രശ്‌നക്കാരനായ വ്യക്തിയാണു നിങ്ങളെങ്കില്‍, വെളിയിലുള്ള കുഴപ്പങ്ങള്‍ നിങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയില്ല. സ്വയം ഒരു കുഴപ്പക്കാരനല്ലാതായി മാറാന്‍ നിങ്ങള്‍ക്കു കഴിയുന്ന പക്ഷം, വെളിയിലുള്ള പ്രശ്‌നങ്ങള്‍ സ്വന്തം കഴിവിന്‍റെ പരമാവധിയുപയോഗിച്ച് നിങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയും. അപ്പോള്‍ നിങ്ങളുടെ നേതൃപാടവം, നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പിരിമുറുക്കമുളവാക്കാത്ത വിധത്തില്‍, അനായാസേന പ്രകടമാകും. അതാണ് പരിവര്‍ത്തനാത്മക നേതൃത്വം.