കഥ മനസ്സിലാക്കണമെങ്കില്‍ കഥാപാത്രങ്ങളെ നെഞ്ചോടുചേര്‍ക്കേണ്ടതുണ്ട്.

സദ്ഗുരു :- കഥയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും അലിഞ്ഞുചേരണം. ഏതോ ചരിത്രകഥയുടെ ഒരു ഭാഗം എന്നു വിചാരിക്കരുത്. സ്വന്തം കഥയാണെന്ന തോന്നലുണ്ടാവണം. നിങ്ങളും അതിന്‍റെയൊരു ഭാഗമാവണം. ആ കഥയുടെ ഉള്‍വിളികളിലൂടെ സഞ്ചരിക്കണം. മറ്റാരുടേയോ കഥ കേള്‍ക്കുന്നു എന്ന ഭാവമരുത്. നിങ്ങളുടെ നീതിബോധം, സദാചാരമൂല്യം, ധര്‍മ്മചിന്ത ഇതൊന്നും അളവുകോലായി അയ്യായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ജനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കരുത്. അത് ഞാന്‍ മുമ്പേതന്നെ പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ അവരായി മാറണം. അവരെപോലെ ചിന്തിക്കണം. അതേ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകണം. ഇന്ന് നിങ്ങള്‍ വിചാരിക്കുന്നതു പോലെ വിചാരിക്കരുത്. അത് അങ്ങനെയൊരു കാലമായിരുന്നു. ഭൂമിയെന്ന ഗ്രഹവും മറ്റു ജീവജാലങ്ങളുമായുള്ള വ്യവഹാരങ്ങള്‍ പതിവായിരുന്ന കാലം.

ഇന്ന് വായിക്കുമ്പോള്‍ മഹാഭാരതത്തിലെ പല കഥാസന്ദര്‍ഭങ്ങളും നമുക്ക് ആവിശ്വസനീയമായി തോന്നാം. എന്നാല്‍ അതൊന്നും വിശ്വസിക്കാതിരിക്കരുത്. കാരണം നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്. ചേര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ നമ്മള്‍ വില കല്‍പ്പിക്കുന്നത് വിഘടിച്ചു നില്‍ക്കുന്നതിനാണ്. എന്നാല്‍ ദാ....ഇവിടെ ഈ കഥയേയും ഇതിലെ കഥാപാത്രങ്ങളേയും നിങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ മനുഷ്യരും, മൃഗങ്ങളും, യക്ഷന്‍മാരും, കിന്നരന്‍മാരും, ഗണങ്ങളും, ദേവന്‍മാരും, ദേവിമാരും, ഈശ്വരന്‍മാരും ഒക്കെയുണ്ട്. അപ്പോഴേ നിങ്ങള്‍ക്ക് തീര്‍ത്തും മനസ്സിലാവൂ ആ കാലം അങ്ങനെയായത് എന്തു കൊണ്ടാണെന്ന്, എല്ലാത്തിനും ഉപരിയായി അതിന് ഈ കാലത്തും പ്രസക്തിയുള്ളത് എന്തു കൊണ്ടാണെന്ന്. കീറി മുറിച്ചു പരിശോധിക്കുമ്പോള്‍, ഒരു പക്ഷെ യഥാര്‍ത്ഥ സത്ത എന്താണെന്ന് അറിയാതെ പോയേക്കാം.

 

ബ്രഹസ്പതി ഇന്ദ്രന്‍റെ മുഖ്യപുരോഹിതന്‍

ആയിരമായിരം ആണ്ടുകള്‍ക്കു മുമ്പ് അതിശ്രേഷ്ഠനും, ജ്ഞാനിയുമായ ഒരാചാര്യനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് ബൃഹസ്പതി. സ്വാഭാവികമായും ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ അദ്ദേഹത്തെ തന്‍റെ മുഖ്യപുരോഹിതനായി അവരോധിച്ചു. അത് ദ്വാപര യുഗമായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ജനജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പുരോഹിതന്‍റെ സ്ഥാനവും വളരെ ഉയര്‍ന്നതായിരുന്നു. അവര്‍ പലവിധ മാര്‍ഗങ്ങളും, പദാര്‍ത്ഥങ്ങളും പ്രയോജനപ്പെടുത്തി, സ്വന്തം ജീവിതത്തേയും സാഹചര്യങ്ങളേയും സ്വാധീനിക്കാന്‍ പഠിച്ചിരുന്നു. മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും അവര്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ആചാരാനുഷ്ഠാനപരമായ ആ സംസ്‌കാരത്തിന്‍റെ ശേഷിപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും ഇപ്പോഴും കാണാം. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതലായി ഈ സംസ്‌കാരം അതിന്‍റെ തനിമയും, വിശുദ്ധിയും നഷ്ടപ്പെടാതെ കേരളത്തില്‍ നിലനില്‍ക്കുന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

പ്രാചീന ഭാരതത്തില്‍ എല്ലാ വൈദീകവിധികളിലും പുരുഷനോടൊപ്പംതന്നെ സ്ത്രീക്കും സ്ഥാനമുണ്ടായിരുന്നു. സ്ത്രീയെ കൂടാതെ പുരുഷന് വൈദീക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാവില്ല എന്നായിരുന്നു അവസ്ഥ.

ഹസ്പതിയുടെ പത്‌നിയായിരുന്നു താര. വ്യാഴം എന്ന ഗ്രഹത്തെയാണ് ബൃഹസ്പതി പ്രതിനിധാനം ചെയ്യുന്നത്. താര എന്നാല്‍ നക്ഷത്രം എന്നാണര്‍ത്ഥം. പ്രാചീന ഭാരതത്തില്‍ എല്ലാ വൈദീകവിധികളിലും പുരുഷനോടൊപ്പംതന്നെ സ്ത്രീക്കും സ്ഥാനമുണ്ടായിരുന്നു. സ്ത്രീയെ കൂടാതെ പുരുഷന് വൈദീക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാവില്ല എന്നായിരുന്നു അവസ്ഥ. അതുകൊണ്ട് ബാഹ്യമായ സാഹചര്യങ്ങള്‍ എത്രത്തോളം പരുഷമായിരുന്നാലും പുരുഷനോട് തുല്യമായൊരു സ്ഥാനം ഈ വ്യവസ്ഥ സ്ത്രീക്ക് ഉറപ്പു വരുത്തി. ഭാര്യാസമേതനായല്ലാതെ പുരുഷനു മാത്രമായി അനുഗ്രഹങ്ങള്‍ സിദ്ധിച്ചിരുന്നില്ല. അതുപോലെ ഭാര്യയോടു കൂടിയല്ലാതെ പുരുഷന് സ്വര്‍ഗം പൂകാനും സാധിക്കുമായിരുന്നില്ല, അതായത് പത്‌നിയോടു കൂടി മാത്രമേ പുരുഷന്‍ മോക്ഷപ്രാപ്തിക്കര്‍ഹനായിരുന്നുള്ളൂ.

ഒരു നിലക്കും സമൂഹത്തിന് സ്ത്രീയെ അവഗണിക്കാനാവില്ല. ആ നിലക്കാണ് വൈദീക വിധികളൊക്കെയും ചിട്ടപ്പെടുത്തിയിരുന്നത്. ഇന്ന് സ്ത്രീകള്‍ക്ക് അല്പം സ്വാതന്ത്ര്യമൊക്കെയുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ മുമ്പുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ഈ സ്വാത്രന്ത്യത്തോടെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറെക്കുറെ പുരുഷനു തുല്യമായ അവകാശങ്ങള്‍ ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. ''ഏറെക്കുറെ എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട് നിയമപരമായ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ ഇപ്പോഴും ''ഏറെക്കുറെ'' എന്നേ പറയാനാവൂ.

സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം എന്ന സ്ഥിതിയിലേക്കു സംഗതികള്‍ മാറിയത് മനുഷ്യന്‍റെ മനോഭാവത്തില്‍ മാറ്റം വന്നതു കൊണ്ടാണ് എന്നു പറയാന്‍ വയ്യ. സാങ്കേതികതയുടെ ഈ കാലഘട്ടം സാഹചര്യങ്ങളെ ആ വിധത്തില്‍ നിരപ്പാക്കിയിരിക്കുന്നു എന്നതാണ് വാസ്തവം. ബ്രഹസ്പതിയുടെ കാലത്തെ സ്ഥിതി വേറെയായിരുന്നു. ഒരുവിധത്തിലും സ്ത്രീകളെ നിന്ദിക്കുകയൊ, അവഗണിക്കുകയൊ, ചൂഷണം ചെയ്യുകയോ അരുത് എന്ന് അന്നത്തെ നിയമ സംഹിത - ധര്‍മ്മം - കര്‍ശനമായി വിലക്കിയിരുന്നു. അതിനു കാരണം ഒരു പുരുഷന്‍റെ ജീവിതത്തില്‍ സ്ത്രീ അത്രയും നിര്‍ണ്ണാകമായ പങ്കുവഹിക്കുന്നു എന്നതായിരുന്നു. കായിക ശക്തി കൊണ്ടും, പേശീ ബലം കൊണ്ടും അവന്‍ അവള്‍ക്കു മേലെയാകാം. എന്നാല്‍ അവള്‍ ഓരം ചേര്‍ന്നിരുന്നില്ലെങ്കില്‍ അവന് അദ്ധ്യാത്മികമായ ഉന്നതി കൈവരിക്കാനാവില്ല എന്നതും സത്യമായിരുന്നു. അതു കൊണ്ട് പുരുഷന്‍റെ ജീവിതത്തില്‍ സ്ത്രീയുടെ സ്ഥാനത്തിന് വളരെയധികം ഗൗരവമുണ്ടായിരുന്നു.

 

താര ചന്ദ്രദേവനുമായി പ്രണയത്തിലായി

ദേവേന്ദ്രന്‍റെ മുഖ്യ പുരോഹിതനായിരുന്നല്ലോ ബൃഹസ്പതി. എങ്കിലും പത്‌നിയായ താര അരികത്തില്ലാതെ ഒരു വൈദീകകര്‍മ്മവും അദ്ദേഹത്തിന് അനുഷ്ഠിക്കാനാവില്ലായിരുന്നു, തന്‍റെ പദവി നഷ്ടപ്പെട്ടാലോ എന്ന ഭയം. ബൃഹസ്പതി താരയെ മുറുകെ പിടിച്ചു. അതേസമയം അദ്ദേഹം പല സ്ത്രീകളുമായി ആവശ്യത്തിലധികം ഇടപഴകുകയും ചെയ്തു. ഈ സംഗതി താരക്കറിയാമായിരുന്നു. വിഷാദം പൂണ്ട താര ഒരു രാത്രി പൂര്‍ണ്ണചന്ദ്രനെ നോക്കി നെടുവീര്‍പ്പിട്ടു. അവളറിയും മുമ്പേ ചന്ദ്രനില്‍ അനുരക്തയായി. ചന്ദ്രദേവന്‍ സ്വയം ഭൂമിയിലേക്കിറങ്ങി വന്നു. അവര്‍ പ്രണയത്തിലായി. ഒരുനാള്‍ ആരുമറിയാതെ താര ചന്ദ്രനോടൊപ്പം സ്ഥലം വിടുകയും ചെയ്തു.

ബൃഹസ്പതി ക്രുദ്ധനായി, പത്‌നി നഷ്ടപ്പെട്ടു എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. ഇന്ദ്രന്‍റെ പുരോഹിതന്‍ എന്ന പദവിയും, സമൂഹത്തിലുള്ള ഉന്നതമായ സ്ഥാനവും കൂടി അതിനോടൊപ്പം നഷ്ടമാവുമല്ലോ എന്ന ആശങ്കയും ദേവ ഗുരുവിനെ ക്ഷുഭിതനാക്കി. അങ്ങനെയാണെങ്കില്‍ ഇനിയൊരിക്കലും ദേവലോകത്തേക്ക് ഒരു തിരിച്ചു വരവ് സാധിക്കുകയുമില്ല. അദ്ദേഹം ദേവേന്ദ്രനോടാവശ്യപ്പെട്ടു, ''അങ്ങ് ഏതു വിധേനയും എന്‍റെ ഭാര്യയെ തിരിച്ചു കൊണ്ടു വന്നു തരണം അല്ലെങ്കില്‍ ഇനി മുതല്‍ അങ്ങേക്കു വേണ്ടി യജ്ഞഹോമാദികളൊന്നും ഞാന്‍ ചെയ്യുകയില്ല.'' ''തിരിച്ചു വരൂ'' ഇന്ദ്രന്‍ താരയോടാജ്ഞാപിച്ചു. ''ഇല്ല'' താര ശഠിച്ചു നിന്നു. ''എന്‍റെ പ്രണയം അങ്ങ് ആകാശത്തിലാണ്.

ആദ്യമായി ഒരാള്‍ മറ്റൊരാളുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുകയായിരുന്നു. ''നിന്‍റെ മനോവികാരങ്ങള്‍ എന്തുമാകട്ടെ.'' ദേവേന്ദ്രന്‍ സ്വരം കടുപ്പിച്ചു. ''നീ ഭൂമിയിലേക്കു തിരിച്ചു വന്നേ മതിയാവൂ. നീ കൂടെയില്ലാതെ ബൃഹസ്പതിക്ക് യാഗാദികര്‍മ്മങ്ങള്‍ ചെയ്യാനാവില്ല. അത് വേണ്ട വിധം നടന്നില്ലെങ്കില്‍ എന്‍റെ യശസ്സിന് കോട്ടം തട്ടും. അതു കൊണ്ട് നീ തിരിച്ചു വരിക തന്നെ വേണം.

 

താരയും ചന്ദ്രന്‍റെ കുഞ്ഞും.

ആ സമയം താര ഗര്‍ഭവതിയായിരുന്നു. കുഞ്ഞ് ആരുടേതാണെന്ന് ബ്രഹസ്പതിക്കു സംശയം. താര ഒരക്ഷരം മിണ്ടിയില്ല. ജനങ്ങള്‍ ചുറ്റും കൂടി. എന്നിട്ടും താര മൗനം ഭഞ്ജിച്ചില്ല. അന്നേരം അവളുടെ ഉദരത്തില്‍ നിന്നൊരു സ്വരമുയര്‍ന്നു. ഗര്‍ഭസ്ഥശിശു ചോദിച്ചു, ''സത്യത്തില്‍ ഞാന്‍ ആരുടെ കുഞ്ഞാണ്?'' അമ്മയുടെ ഗര്‍ഭത്തിലിരുന്ന് ആ ശിശു ചോദിച്ച ചോദ്യം എല്ലാവരേയും അതിശയിപ്പിച്ചു. ഇത്രയും തന്‍റേടവും, ബുദ്ധിയും, വിവേകവുമുള്ളൊരു ജീവന്‍ തന്‍റെ പിതാവ് ആരാണെന്നറിയാന്‍ നിശ്ചയമായും അര്‍ഹനാണ്. ജനം താരയെ നിര്‍ബന്ധിച്ചു. ''ഭര്‍ത്താവിന്‍റേയും, ദേവേന്ദ്രന്‍റെയും, ഈശ്വരന്‍റെ തന്നേയും ചോദ്യത്തിന് നിനക്ക് ഉത്തരം നല്‍കാതിരിക്കാം. എന്നാല്‍ ഇനിയും പിറന്നിട്ടില്ലാത്ത ഈ കുഞ്ഞിന് മറുപടി നല്‍കിയേ മതിയാവൂ.'' പിന്നെ താര മടിച്ചു നിന്നില്ല. ''ഇത് ചന്ദ്രന്‍റെ കുഞ്ഞാണ്.''  

ബൃഹസ്പതിക്ക് അത് സഹിക്കാനായില്ല. തന്‍റെ ഭാര്യയുടെ ഉദരത്തില്‍ മറ്റൊരു പുരുഷന്‍റെ കുഞ്ഞ്! അദ്ദേഹം ആ കുഞ്ഞിനെ ശപിച്ചു, ''നീ ഒരു നപുംസകമായി ജനിക്കട്ടെ.''

താര പ്രസവിച്ചു. കുഞ്ഞിന് ബുധ എന്നു പേരിട്ടു. ബുധ ഗ്രഹത്തിന്‍റെ പേരാണ്. തെല്ലു മുതിര്‍ന്നപ്പോള്‍ അവന്‍ അമ്മയോട് സങ്കടം പറഞ്ഞു. ''ഞാനെന്താണ് ചെയ്യേണ്ടത്. എന്‍റെ ധര്‍മ്മമെന്താണ്? പുരുഷനായി ജീവിക്കയാണോ, വേണ്ടത് അതോ സ്ത്രീയായോ? ഞാന്‍ ഗൃഹസ്ഥനാവണോ അതൊ വാനപ്രസ്ഥം സ്വീകരിക്കണമോ? ആരെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്, സ്ത്രീയേയോ പുരുഷനേയോ?

​​​​​​​താര മകനോട് പറഞ്ഞു, ''ആകാശത്തില്‍ കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ട്. അതിനു പുറമെ അനേകായിരം തരത്തില്‍പെട്ട ജീവികളും ഈ പ്രപഞ്ചത്തിലുണ്ട്. അവരെല്ലാം സ്ത്രീയൊ പുരുഷനോ, ദേവനോ പിശാചോ എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ.

താര മകനോട് പറഞ്ഞു, ''ആകാശത്തില്‍ കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ട്. അതിനു പുറമെ അനേകായിരം തരത്തില്‍പെട്ട ജീവികളും ഈ പ്രപഞ്ചത്തിലുണ്ട്. അവരെല്ലാം സ്ത്രീയൊ പുരുഷനോ, ദേവനോ പിശാചോ എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ. ഈ പ്രകൃതിയില്‍ എല്ലാറ്റിനും അതിന്‍റേതായ സ്ഥാനമുണ്ട്....അതുകൊണ്ട് മകനെ നീ ഒട്ടും വേവലാതിപ്പെടേണ്ട. നിനക്കും നിന്‍റേതായ ഒരു സ്ഥാനം ഇവിടെയുണ്ട്. നീ നീയായിരിക്കുക, ജീവിതത്തെ പ്രതി ആശങ്ക വേണ്ട. ജീവിതം നിന്‍റെ വഴിക്കു വന്നു കൊള്ളും.