എങ്ങനെ ഒരു ബ്രഹ്മചാരിയായി ജീവിക്കാം
ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതില്‍നിന്നും വ്യത്യസ്തമായി, ബ്രഹ്മചര്യമെന്നത് ഒരു വലിയ കാര്യം ചെയ്യലല്ല. നിങ്ങള്‍ നിലനില്ക്കുകയേ വേണ്ടൂ - ജീവന് എങ്ങനെയോ അതു പോലെ, സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എങ്ങനെയോ അതു പോലെ, സദ്ഗുരു വിവരിക്കുന്നു.
ചോദ്യം: നമസ്കാരം. എന്തെല്ലാമാണു ബ്രഹ്മചര്യത്തിന്റെ പാതയിലുള്ളത്? തനിക്ക് അതിനുള്ള കഴിവുണ്ടെന്ന് ഒരാള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും?
സദ്ഗുരു: ബ്രഹ്മചര്യമെന്നാലര്ത്ഥം ഇളങ്കാറ്റു പോലെ ആയിരിക്കുകയെന്നാണ് - അതായത് നിങ്ങള്‍ യാതൊന്നിലും പറ്റിപ്പിടിക്കുന്നില്ല. ഇളങ്കാറ്റ് എല്ലായിടത്തും സഞ്ചരിക്കുന്നു, എന്നാല്‍ ഇപ്പോഴത് എവിടെ നിന്നു വരുന്നുവെന്ന് നമുക്കറിയില്ല. തൊട്ടു മുന്‍പ് കടലുകള്‍ താണ്ടി വന്നതേയുള്ളൂ. ഇപ്പോള്‍ ഇവിടെയുണ്ട്, പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രഹ്മചര്യമെന്നതു കൊണ്ടുദ്ദേശിക്കുന്നത് ജീവചൈതന്യമായിരിക്കുകയെന്നാണ് - നിങ്ങള്‍ ജനിച്ചതു പോലെ ജീവിക്കുക - ഏകാകിയായി. നിങ്ങളുടെ അമ്മ ഇരട്ടക്കുട്ടികളെ പ്രസവിയ്ക്കാന്‍ ഇടയായെങ്കില്പ്പോലും, അപ്പോഴും നിങ്ങള്‍ ഏകാകിയായിട്ടാണു ജനിച്ചത്. അതു കൊണ്ട്, ബ്രഹ്മചര്യമെന്നത് ദൈവീകതയുമായി വളരെ അടുത്ത ബന്ധത്തിലായിരിക്കലാണ് - അതു പോലെ ജീവിക്കുകയെന്നര്‍ത്ഥം.ദൈവീക പാതയില്‍
ബ്രഹ്മചര്യം ഒരു വലിയ ചുവടുവയ്പ്പല്ല. ജീവചൈതന്യം എങ്ങനെയോ അതു പോലെ നിലനില്ക്കലാണത്. വിവാഹം ഒരു വലിയ ചുവടു വയ്പാണ് - നിങ്ങള്‍ വലിയൊരു കാര്യം ചെയ്യാന്‍ ശ്രമിക്കുകയാണ്! ചുരുങ്ങിയ പക്ഷം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നു. ബ്രഹ്മചര്യമെന്നതിനര്‍ത്ഥം നിങ്ങള്‍ ഒന്നും തന്നെ ചെയ്തില്ലെന്നാണ്. സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചതു പോലെ സ്വന്തം ജീവിതം ഇതള്‍ വിരിയാന്‍ അനുവദിക്കുകയാണു നിങ്ങള്‍ ചെയ്തത് - നിങ്ങള്‍ അതില്‍ നിന്നും യാതൊന്നും സൃഷ്ടിച്ചില്ല. അതു കൊണ്ട് യാതൊരു ചുവടുവയ്പ്പുമില്ല. നിങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളൊരു ബ്രഹ്മചാരിയാണ്.
എന്നാല്‍ സാധന ചെയ്യേണ്ടതുണ്ട്. മറ്റ് അഭ്യാസമുറകളുമുണ്ട്. എന്തിനു വേണ്ടിയാണിത്? അതായി നിലകൊള്ളാന്‍ നിങ്ങളെ സഹായിക്കുന്നതിനായി മാത്രമാണിത്. കാരണം, ഒരിക്കല്‍ നിങ്ങള്‍ ഈ ഭൂമിയില്‍ നിന്നും പദാര്‍ത്ഥങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞാല്‍ അതിന്റെ ഗുണങ്ങള്‍ നിങ്ങളില്‍ പ്രവേശിച്ച് നിങ്ങളെ ഭരിയ്ക്കാന്‍ തുടങ്ങും. ഒരിക്കല്‍ നിങ്ങള്‍ മണ്ണ് എടുത്തു കഴിഞ്ഞാല്‍ ആലസ്യമെന്ന അടിസ്ഥാനപരമായ ഗുണമുണ്ടാകുന്നു. രാവിലെ എഴുന്നേല്ക്കുന്ന കാര്യത്തില്‍പ്പോലും ആലസ്യമുണ്ടാകുന്നു. ദൈവീകതയുടെ പാതയിലായിരിക്കുകയെന്നതിനര്ത്ഥം ഭൂമിയുടെ രീതികള്‍ക്കു കീഴടങ്ങാതിരിക്കുകയെന്നാണ്.
ഒരു സംഗതി ആലസ്യമാണെങ്കില് മറ്റൊന്നുള്ളത് നിര്ബന്ധിതചലനമാണ്. നിങ്ങള്‍ ഈ ഭൂമിയില്‍ നിന്നും ഒരു കഷണം എടുക്കുകയാണെങ്കില്‍ നിങ്ങള്‍ ഭൂമിയെപ്പോലെയായിത്തീരുന്നു. അതു നിങ്ങളെ ചാക്രികതയില്‍ തളച്ചിടുന്നു. നിങ്ങള്‍ ഈ ഭൂതലത്തില്‍ ഭൗതികമെന്നു വിളിക്കുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം ചാക്രിക ചലനമാണ്.
നിങ്ങള്‍ ഒരു വൃത്തത്തിലൂടെ ചലിക്കുകയാണെങ്കില്‍, പ്രസ്തുത വൃത്തം എത്ര വലുപ്പമുള്ളതാണെങ്കിലും നിങ്ങളെപ്പോഴും തിരിച്ചെത്തുന്നു. നിങ്ങള്‍ ക്ഷണിക്കപ്പെട്ടില്ലെങ്കില്‍ പോലും! ലോകത്തിനു നിങ്ങളെ ആവശ്യമുണ്ടോ ഇല്ലയോയെന്നു നമുക്കറിയില്ല. എന്നാല്‍, എന്തായാലും നിങ്ങള്‍ തിരിച്ചെത്തും. കാരണം, നിങ്ങള്‍ ഒരു വൃത്തത്തിലാണ്. തങ്ങള്‍ വാസ്തവത്തില്‍ ഇവിടെ ചുറ്റിത്തിരിയാനാഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞവര്ക്കുള്ളതാണ്, ഋജുവായ പാതയിലായിരിയ്ക്കാന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ദൈവീകതയുടെ പാത. ഗ്രഹങ്ങളുടെ വക്രഗതിയുള്ള പാത അവര്‍ക്കുള്ളതല്ല. ഒരാള്‍ ബ്രഹ്മചര്യം സ്വീകരിക്കുന്നത് ഒരു പാതയും സാധനാക്രമവുമെന്ന നിലയ്ക്കാണ്, പ്രകൃതിസിദ്ധമായ ഒരു പ്രക്രിയയായിട്ടല്ല. ഇതു വഴി അവര്‍ ജീവിതത്തിന്റെ ചാക്രിക ചലനത്തില്‍ അകപ്പെടാതിരിക്കുന്നു. അവര്‍ അതിനു വഴങ്ങിക്കൊടുക്കുന്നതിന് ആഗ്രഹിക്കുന്നില്ല.
അത്ര ആഹ്ളാദകരമല്ലാത്ത ഒരു ചുറ്റിക്കറക്കം
ഇതിന് എന്തെല്ലാമാണു വേണ്ടത്? നിങ്ങള്‍ വളരെ ബോധവാനാണെങ്കില്‍ ഇതിന് ഒന്നും തന്നെ വേണ്ടതില്ലെന്ന് നിങ്ങള്‍ക്കു കാണാന്‍ കഴിയും. തത്സമയം ജനിച്ചതു പോലെ നിങ്ങള്‍ എല്ലാ പ്രഭാതത്തിലും ഉണരുകയും, മരണത്തിലേക്കെന്നതു പോലെ ഉറങ്ങാന്‍ പോകുകയും ചെയ്യുന്നു. ഇവക്കിടയില്‍ എല്ലാവര്ക്കും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു. കാരണം, പ്രവൃത്തി രഹിതനായി നിലകൊള്ളാന്‍ കഴിയുന്ന ആ തലത്തില്‍ നിങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല - നിങ്ങള്‍ എന്തെങ്കിലുമൊന്നു ചെയ്യേണ്ടിയിരിക്കുന്നു.
നിര്‍ദ്ദിഷ്ട പ്രവൃത്തി ഒരിക്കലും നിങ്ങളെ സംബന്ധിച്ചതാകരുത്. കാരണം, അങ്ങനെയായാല്‍ നിങ്ങള്‍ കെട്ടുപാടുകള്‍ വര്‍ദ്ധിപ്പിക്കും. അതു കൊണ്ട്, നിങ്ങള്‍ നിരന്തരം നിങ്ങളോടു ബന്ധമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുക. നിങ്ങള്‍ വളരെ കാര്യങ്ങള്‍ ചെയ്യുക. അപ്രകാരമായാല്‍, കിടക്കാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് അല്പം പോലും സമയമുണ്ടാകില്ല - മരിക്കുന്നതു പോലെ നിങ്ങള്‍ ഉറക്കത്തിലേക്കു വീഴുന്നു. പിന്നീട് പക്ഷികള്‍ക്കു മുന്‍പേ നിങ്ങള്‍ ഉണരുകയും പ്രവൃത്തികളില്‍ മുഴുകുകയും ചെയ്യുന്നു. ബാക്കികാര്യങ്ങള് ദൈവകൃപ നോക്കിക്കൊള്ളും.
നിങ്ങള്‍ വളരെയൊന്നും പ്രവര്‍ത്തിക്കേണ്ടതില്ല, കാരണം, ഒരു ബ്രഹ്മചാരിയെ 'നിര്‍മ്മിക്കുന്നതിന്' നമ്മള് ഒരളവോളം ഊര്‍ജ്ജം നിക്ഷേപിക്കുന്നുണ്ട്. വാസ്തവത്തില്‍ അതിന്റെയാവശ്യമില്ല, താന്‍ യാതൊന്നും ചെയ്യാതിരുന്നാലും അയാളവിടെയുണ്ടാകും. എന്നാല്‍, ഭൂമിയുടെ രീതികള്‍ അയാളെ ഉള്ളില്‍ നിന്നും ഭരിക്കുന്നു. കാരണം, സര്‍വ്വോപരി, നിങ്ങള്‍ക്കു സ്വന്തം ശരീരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയില്ല - അതിന് ഓര്‍മ്മകളുണ്ട്, കര്‍മ്മങ്ങളുടെ ഒരു വലിയ കൂമ്പാരമുണ്ട്. അതു കൊണ്ട് അതിന് അതിന്റേതായ പ്രവണതകളുമുണ്ട്.
ഈ പ്രവണതകള്‍ നിങ്ങളുടെ സത്തക്കു നൈസര്ഗ്ഗികമായുള്ളതല്ല. എന്നാല്‍ ഇപ്രകാരം പ്രവര്‍ത്തിക്കാനാണ് ഈ വാഹനത്തിനു - ശരീരത്തിനുള്ള പ്രവണത. നിങ്ങള്‍ ചക്രങ്ങളുടെ സംതുലനത്തിനു ചെറിയ തകരാറുള്ള ഒരു കാര്‍ ഓടിക്കുകയാണെന്നു കരുതുക. നിങ്ങളതു പരിഹരിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, അത് ഒരു പ്രത്യേക ദിശയിലേക്കു വലിച്ചു കൊണ്ടിരിക്കും. ശരീരത്തിനും ഇത്തരത്തിലുള്ള സംതുലന തകരാറുണ്ട്. തന്മൂലം അത് എല്ലായ്പ്പോഴും ഈ വിധം ചലിയ്ക്കാനാഗ്രഹിക്കുന്നു. ഒരിക്കല്‍ അത് വളയുകയോ തിരിയുകയോ ചെയ്താല്‍ തീര്‍ച്ചയായും അതു ചലനചക്രം പൂര്‍ത്തിയാക്കും, സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളൂ.
എന്നാല്‍, ഇതിന് ഒരു നിശ്ചിത കാലയളവ് ആവശ്യമാണെന്നതിനാലും, നിങ്ങളുടെ അവബോധം ഒരു ഉയര്‍ന്ന തലം കൈവരിച്ചിട്ടില്ലാത്തതു കൊണ്ടും, നിങ്ങള്‍ ഏതെങ്കിലുമൊരു സ്ഥലത്തൂ കൂടി കടന്നു പോകുന്ന ഓരോ തവണയും അതു നിങ്ങള്‍ക്ക് ഒരു പുതിയ സ്ഥലമാണെന്നു തോന്നിക്കുന്നു. ഉച്ച തിരിഞ്ഞ സമയത്ത് നിങ്ങള്‍ എവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ആ സ്ഥലം മുഴുവന്‍ ഒരു വിധത്തില്‍ കാണപ്പെടുന്നു. സന്ധ്യാസമയത്താണ് ഇരിക്കുന്നതെങ്കില്‍ അവിടം കാണപ്പെടുന്നത് വ്യത്യസ്ത രീതിയിലായിരിയ്ക്കും. പാതിരാത്രിയിലാണു വരുന്നതെങ്കില്‍ മറ്റൊരു വിധത്തിലായിരിയ്ക്കും കാണപ്പെടുക. അതു കൊണ്ട് ഓരോ തവണയും താന്‍ വരുന്നത് ഒരു പുതിയ സ്ഥലത്താണെന്നു നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങനെയല്ല. കേവലം സമയത്തിന്റെയും കാലത്തിന്റെയും ഹ്രസ്വമായ ഓര്‍മ്മയുടെയും മാത്രം പ്രശ്നമാണിത്.
നിങ്ങളുടെ ഭ്രാന്തിനെ അംഗീകരിക്കുക
നിങ്ങള്‍ക്കുള്ളത് ചക്രങ്ങളുടെ സംതുലനം നഷ്ടപ്പെട്ട ഒരു വാഹനമാണ്. അത് ചാക്രിക ചലനത്തിനായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഏര്‍പ്പെടുന്നത് പന്ത്രണ്ടു വര്‍ഷത്തെ ചാക്രിക ചലനമോ മൂന്നു മാസത്തെ ചാക്രിക ചലനമോ ആകട്ടെ, നിങ്ങളുടെ ഭ്രാന്തിന്റെ അനുപാതം എത്രയെന്നതാണ് ആകെക്കൂടിയുള്ള വ്യത്യാസം. നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് മൂന്നു മാസത്തെ ചാക്രിക ചലനത്തിലാണെങ്കില് ആളുകള്‍ക്കു തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍, നിങ്ങള്‍ സത്യസന്ധനാണെങ്കില്‍ തനിക്കു കിറുക്കാണെന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയും. നിങ്ങള്‍ക്കു കുഴപ്പമില്ലെന്ന് ആളുകളെക്കൊണ്ടു ചിന്തിപ്പിക്കുന്നതിലൂടെ അവരെ വിഡ്ഢിയാക്കാന്‍ കഴിയുമെന്നതാണ് ഒരേയൊരു നേട്ടം.
നിശ്ചയമായും നിങ്ങള്‍ സ്വയം സത്യസന്ധമായി വിലയിരുത്തണം - സമൂഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ ഇതേക്കുറിച്ച് ആരോടും ഏറ്റു പറയേണ്ടതില്ല - നിങ്ങളുടെയുള്ളില്‍ നിങ്ങള്‍ തികച്ചും ഭ്രാന്തുള്ളവനല്ലേ? ഇതേക്കുറിച്ചു സത്യസന്ധമായി ചിന്തിക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു. നിങ്ങള്‍ സത്യസന്ധതയുള്ളവനും അവനവനെക്കുറിച്ചു നേരായി ചിന്തിക്കുന്നവനുമാണെങ്കില്‍, നിങ്ങള്‍ക്കു തികഞ്ഞ ഭ്രാന്താണെന്നു മനസ്സിലാകും.
നിങ്ങള്‍ വളരെയധികം ഒരു സാമൂഹ്യമനുഷ്യനായി തീര്‍ന്നിരിക്കുന്നതിനാല്‍ സമൂഹത്തിന്റെ കണ്ണില്‍ നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നുവെന്നതു മാത്രമാണു കാര്യമെന്നും നിങ്ങള്‍ എങ്ങനെയാണെന്നുള്ളത് ഒരു വിഷയമല്ലെന്നുമാണെങ്കില് നിങ്ങള്‍ക്ക് അനേകം ജന്മങ്ങള് കടന്നു പോകേണ്ടി വരും. നിങ്ങള്‍ എങ്ങനെയാണെന്നതാണു നിങ്ങള്‍ക്കു വിഷയമെങ്കില്‍, നിങ്ങളുടെ സത്തയാണ് - ആരെങ്കിലും നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നതല്ല - നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമെങ്കില്‍, നിങ്ങള്‍ സ്വാഭാവികമായും ദൈവീകതയുടെ പാതയിലാണ്. മറ്റൊരാളുടെ അഭിപ്രായമല്ല, സ്വന്തം സത്തയുടെ പ്രകൃതമാണ് നിങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടത്.