ധ്യാനലിംഗം - മരണമില്ലാത്ത, ജീവന് തുടിക്കുന്ന യോഗിയുടെ പ്രതിരൂപം
യോഗികളും മഹര്‍ഷിമാരും യുഗയുഗാന്തരം കണ്ടിരുന്ന സ്വപ്‌നം വെള്ളിയങ്കിരി മലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്, ജീവന് തുടിക്കുന്ന മരണമില്ലാത്ത ഒരു യോഗിയുടെ പ്രതിരൂപം.


മനുഷ്യ പ്രയത്‌നത്തിന് പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടാണ് സദ്‌ഗുരു ജഗ്ഗി വാസുദേവ് മരണമില്ലാത്ത ഒരു ഗുരുവിന്റെ സങ്കല്പത്തില്‍ ധ്യാനലിംഗം നിര്‍മിച്ചിരിക്കുന്നത്.
നദിയുടെ ഗതി ഒരേ ദിശയിലേക്കായിരിക്കും. പക്ഷേ അതില്‍കൂടെ ഒഴുകി നടക്കുന്ന വള്ളങ്ങള്‍ രണ്ടു ദിശകളിലേക്കും യാത്ര ചെയ്യും. നദിയില്‍ ജീവിക്കുന്ന മത്സ്യങ്ങളോ, നാലു ദിശകളിലേക്കും തുള്ളിച്ചാടും. മത്സ്യത്തെ പിടിക്കുന്ന പക്ഷി എട്ടു ദിശകളിലും പറക്കും. എന്നാല്‍ തീരത്തിരുന്ന്‍ ഇതൊക്കെ വീക്ഷിക്കുന്ന മനുഷ്യമനസസ്സു മാത്രം ദിശകള്‍ തിട്ടപ്പെടുത്താനാകാത്ത ഇടത്തോട്ടെല്ലാം ചിറകടിച്ചു പറക്കും. പ്രക്ഷുബ്‌ധമായ ഈ മനസ്സിനെ നിയന്ത്രണ വിധേയമാക്കി, ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തുവാന്‍ വേണ്ടിയുള്ളതാണ് യോഗയും ധ്യാനവും.
നിറഞ്ഞു കവിയുന്ന തടാകത്തില്‍ ജലത്തിന്‍റെ നിരപ്പു കുറയ്ക്കാനായി ഓരോരോ ഷട്ടറുകളായി തുറന്നുവിടാറുണ്ട്. ഒരു ഷട്ടര്‍ തുറന്ന ഉടന്‍ ശീഘ്രഗതിയിലും, തീവ്രതയോടെയും പുറത്തുവരുന്ന ജലപ്രവാഹത്തിന്‍റെ ശക്തി ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഈ കുണ്ഡലിനിയും അതുപോലെ തന്നെയാണ്. മനുഷ്യന്‍ സ്വന്തം ഉള്ളിലേക്കു നോക്കി യാത്ര ചെയ്യുമ്പോള്‍, ഈ ശക്തി ഉത്തേജിതമാക്കപ്പെടുന്നു. വേഗതയുള്ള ഈ പ്രവാഹം ഓരോ ചക്രത്തേയും ഉത്തേജിപ്പിക്കുന്നു. അപ്പോള്‍ മനുഷ്യനുതന്നെ അപരിചിതമായ ആ നിര്‍ജീവമായിക്കിടക്കുന്ന ശക്തി സടകുടഞ്ഞു പുറത്തേക്കു വരുന്നു.
ഇപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നേക്കാം! സാധാരണ രീതിയില്‍, ലൌകീക ജീവിതത്തില്‍ പല കാരണങ്ങളാലും അസ്വസ്ഥനായിരിക്കുന്ന മനുഷ്യന് യോഗയും ധ്യാനവും ചെയ്‌താല്‍ മാത്രമെ ഈ ചക്രങ്ങളെ ചലിപ്പിക്കാന്‍ സാധിക്കുകയുള്ളോ എന്ന്? ഭൂരിഭാഗം ജനങ്ങളും, യോഗ മുറതെറ്റാതെ അഭ്യസിക്കുന്നവര്‍പോലും, മൂലാധാരം, സ്വാധിഷ്‌ഠാനം, മണിപ്പൂരകം തുടങ്ങിയ ചക്രങ്ങള്‍ വരെ ചലിപ്പിക്കപ്പെട്ട ശേഷം അതിനപ്പുറത്തേക്ക് കടക്കാനാകാതെ, പ്രയത്നം പൂര്‍ണമാക്കാതെ തന്നെ മരിച്ചുപോകുന്നു. അനാഗതംവരെ എത്തുന്നവര്‍ വിരളമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ അപൂര്‍ണമായ അവസ്ഥയുണ്ടാകുന്നത്?
ഇവിടെയാണ് നമുക്ക് ഗുരുവിന്‍റെ കാരുണ്യവും ദീക്ഷയും ആവശ്യമായി വരുന്നത്. ഗുരുവിന്‍റെ സഹായമില്ലെങ്കില്‍ ചില ചക്രങ്ങളെ തൊടുന്ന കുണ്ഡലിനി പഴയ സ്ഥിതിയിലേക്കു ചെന്ന്‍ വിശ്രമിക്കാന്‍ തുടങ്ങും. പ്രത്യേകിച്ചും സഹസ്രഹാരം വരെ എത്തിച്ചേരാന്‍ തീര്‍ച്ചയായിട്ടും ഗുരുവിന്‍റെ അനുഗ്രഹം വേണം. പക്ഷേ ഒരു ഗുരുവിന് തന്‍റെ ജീവിതത്തില്‍ എത്രപേര്‍ക്ക് പ്രകാശം പകര്‍ന്നു കൊടുക്കാന്‍ കഴിയും? ഒരു ഗുരുവിന് ധാരാളം പേര്‍ക്ക് ഇതുപോലെയുള്ള ആത്മീയാനുഭവത്തിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയുള്ള പരിശീലനം നല്‍കുവാന്‍ അത്യന്തമായ ആഗ്രഹം കാണുമെങ്കിലും, മനുഷ്യ പ്രയത്‌നത്തിന് പരിമിതികള്‍ ഉണ്ടല്ലോ. അദ്ദേഹവും മരണത്തിനതീതമല്ല. അതുകൊണ്ടാണ് സദ്‌ഗുരു ജഗ്ഗി വാസുദേവ് മരണമില്ലാത്ത ഒരു ഗുരുവിന്റെ സങ്കല്പത്തില്‍ ധ്യാനലിംഗം നിര്‍മിച്ചിരിക്കുന്നത്.
ധ്യാനലിംഗം എന്നാല്‍ എന്താണ്?
യോഗശാസ്‌ത്രത്തിന്‍റെ വിലമതിക്കാനാകാത്ത ഒരംശമായി നിലനിന്നുകൊണ്ട്, നമ്മെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന സാക്ഷാത്ക്കാരമാണ് ധ്യാനലിംഗം. നാം നേരത്തേ മനസ്സിലാക്കിയ ഏഴു ചക്രങ്ങളും ഉത്തേജിതമായിരിക്കുന്ന നിലയിലുള്ളതാണ് ധ്യാനലിംഗം. ധ്യാനലിംഗത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ഗ്രഹിക്കുവാനാഗ്രഹിക്കുന്ന ഒരാള്‍ തുറന്ന മനസ്സോടെ സമീപിച്ചാല്‍, അത് അയാളെ സ്വയം ഗ്രഹിക്കുവാനുതകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഇതു പ്രസരിപ്പിക്കുന്ന പ്രകമ്പനങ്ങള്‍ ഒരു ഗുരു അരികിലിരുന്നു വഴി കാട്ടുന്നതിനു സമമാണ്. യോഗികളും മഹര്‍ഷിമാരും യുഗ യുഗാന്തരം കണ്ടിരുന്ന സ്വപ്‌നം ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.
ധ്യാനലിംഗം ഒരു മതത്തിനും സ്വന്തമല്ല. അത് മതാതീതമാണ്. അതിനെ മനസ്സിലാക്കാന്‍ ദൈവ വിശ്വാസം പോലും ആവശ്യമില്ല. മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് ശാസ്‌ത്രം. പക്ഷേ ശരീരം, മനസ്സ് എന്നിവ ഉയര്‍ന്ന ബോധാവസ്ഥയില്‍ എത്തി, ശക്തി പ്രകടിപ്പിക്കാന്‍ സഹായിക്കുന്നതാണ് സത്യമായ അറിവ്. ആ അറിവിന്‍റെ ശാസ്‌ത്രമാണ് ധ്യാനലിംഗം. ധ്യാനലിംഗം ഒരു മതത്തിനും സ്വന്തമല്ലെങ്കില്‍ പിന്നെ, ഹിന്ദുമത ദൈവം എന്നറിയപ്പെടുന്ന ശിവന്‍റെ പ്രതീകമായ ലിംഗരൂപത്തില്‍, ധ്യാനലിംഗം എന്തുകൊണ്ടാണു നിര്‍മിച്ചിരിക്കുന്നത് എന്നൊരു സംശയം പലര്‍ക്കും ഉണ്ടായേക്കാം.
ദൈവവുമായി ഒരു ബന്ധമുണ്ടാക്കാന്‍ വേണ്ടിയാണ് മനുഷ്യന്‍ വിഗ്രഹാരാധനയും വഴിപാടുകളും ആരംഭിച്ചത്. പരമ്പരാഗതമായ ആചാരങ്ങളും ചടങ്ങുകളും മേല്‍ക്കുമേല്‍ കൂട്ടി കൂട്ടി, ക്ഷേത്രങ്ങള്‍ക്കു പിന്നിലുള്ള ശാസ്‌ത്രീയവശം എല്ലാവരും മറന്നു പോയി എന്നതാണ് സത്യം. “ശിവം” എന്ന വാക്കിന്‍റെ അര്‍ത്ഥം “ഇല്ലാത്ത ഒന്ന്‍” എന്നാണ്. ലിംഗരൂപം എന്നത് ക്രിസ്‌തു ജനിക്കുന്നതിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മനുഷ്യര്‍ക്കു പരിചയപ്പെടുത്തപ്പെട്ടതാണ്. മഹാരാഷ്‌ട്രയിലെ `എല്ലോറ’ ഗുഹയില്‍ ശിവന്‍ തന്നെ ലിംഗാരാധാന ചെയ്യുന്നതുപോലുള്ള ചിത്രം വരയ്ക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ പുരാണങ്ങളില്‍ രാവണന്‍ ലിംഗാരാധന ചെയ്‌തതായി പറയുന്നുണ്ട്. അതേ സമയം, ശിവനെ നേരിട്ട് യുദ്ധം ചെയ്‌തിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. ലിംഗ തത്വത്തിന്‍റെ അടിസ്ഥാനപരമായ വസ്‌തുത എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയിലാണ് കര്‍ണാകര്‍ണികയായി നമ്മുടെ ഇടയില്‍ പ്രചരിച്ചു വരുന്ന കഥകള്‍. മതാതീതമായ ഒരു പൊതു തത്വമാണ് ലിംഗം. അഗ്നിജ്വാല ലിംഗ രൂപത്തെയാണു കാണിക്കുന്നത്. അതിനാല്‍ അജ്ഞാനം എന്ന ഇരുളിനെ അകറ്റുന്ന രൂപമായിട്ടാണ് ലിംഗത്തെ നമ്മുടെ മഹര്‍ഷിമാര്‍ കണ്ടിരുന്നത്. ലിംഗം എന്നാല്‍ സ്വയം പ്രകാശം ചൊരിയുന്നത് എന്നൊരര്‍ത്ഥവുമുണ്ട്.
രൂപം, അരൂപം ഇവ രണ്ടും കലര്‍ന്നതാണ് ലിംഗം. ഘടന എന്നൊരര്‍ത്ഥവും ഇതിനുണ്ട്. വിഗ്രഹാരാധനയില്‍ തുടങ്ങി, ഉള്ളിലേക്കുള്ള യാത്രയുടെ പാരമ്യത്തിലെത്തുമ്പോള്‍, ദൈവത്വത്തെ അരൂപിയായ സ്ഥിതിയിലായിരിക്കും ഗ്രഹിക്കുവാന്‍ സാധിക്കുക. അപരിമിതമായ ശക്തിയെ അനന്തകാലം ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന ശക്തിരൂപമാണ് ലിംഗം. ഈ അഭിപ്രായം ഈ ശാസ്‌ത്രയുഗത്തിനും യോജിക്കുന്നതായിട്ടാണു കാണാന്‍ സാധിക്കുന്നത്. തെര്‍മല്‍ പവര്‍ പ്ലാന്റിലെ (Thermal Power Plant) റിയാക്‌ടറുകള്‍ (Reactor) ലിംഗരൂപത്തിലാണു കാണപ്പെടുന്നത്.
ലിംഗത്തില്‍തന്നെ പല വകഭേദങ്ങളുണ്ട് – സ്ഥാവരലിംഗം, ജംഗമലിംഗം, ഒരു പ്രത്യേക ആവശ്യത്തിനായി സ്ഥാപിച്ച് പിന്നീട് ജലത്തില്‍ ലയിപ്പിക്കുന്ന ക്ഷണികലിംഗം എന്നിവ. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാന്ത്രികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ടെറകോട്ടാ ലിംഗങ്ങളും കാണുന്നുണ്ട്. ഗ്രീസില്‍ ഭൂമിയുടെ ഉള്ളില്‍ ഒരു ലിംഗം സ്ഥാപിച്ചിട്ടുണ്ട്. അതിനെ ഭൂമിയുടെ പൊക്കിള്‍ എന്നു പറയുന്നു. മണിപ്പൂരക ചക്രം പൊക്കിളിന്‍റെ അരികില്‍ കാണപ്പെടുന്നതു വച്ചു നോക്കിയാല്‍ ആ ലിംഗത്തിന്‍റെ പ്രകമ്പനങ്ങള്‍ മണിപ്പൂരകത്തെ ചലിപ്പിക്കും എന്ന് അനായാസേന പറയുവാന്‍ സാധിക്കും. യോഗശാസ്‌ത്രത്തില്‍ ആദ്യ രൂപവും അവസാന രൂപവും ലിംഗം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. ഒരാള്‍ ശരിയായ ധ്യാനാവസ്ഥയില്‍ ഇരിക്കുകയാണെങ്കില്‍ അയാളുടെ ശക്തിഘടന ലിംഗരൂപത്തിലായിരിക്കും.
ഒരിക്കല്‍ അമേരിക്കയില്‍ ഒരു സംഭവം നടന്നു. ഒരു ദിവസം സദ്‌ഗുരു ധ്യാനക്ലാസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി അദ്ദേഹത്തെ നോക്കി ഒരു ചിത്രം വരച്ചു. വരച്ചശേഷം ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയ ആ വിദ്യാര്‍ത്ഥിനിക്ക് ഒന്നും മനസ്സിലായില്ല. എന്തോ ഒരു പുതുമയുള്ളതായി മാത്രമേ തോന്നിയുള്ളു. ആ ചിത്രം ഒരു പ്രവേശന കവാടത്തിന്റേതുപോലെ തോന്നി. ഒന്നും മനസ്സിലാകാതെ ആ വിദ്യാര്‍ത്ഥിനി ആ ചിത്രം സദ്‌ഗുരുവിനെ കാണിച്ചു. സദ്‌ഗുരുവിന്‍റെ ശക്തിനിലയുടെ അടിസ്ഥാനത്തെ അദ്ദേഹത്തിന്‍റെ ഉള്ളുണര്‍വ് മനസ്സിലാക്കി, ആ വിദ്യാര്‍ത്ഥിനി വളരെ നന്നായി വരച്ചിരുന്നത് ലിംഗ രൂപത്തെയായിരുന്നു. പക്ഷേ ആ വിദ്യാര്‍ത്ഥിനിക്ക് ധ്യാനലിംഗത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു.
ധ്യാനലിംഗത്തിന്‍റെ പ്രകമ്പനങ്ങളുടെ സഹായത്തോടുകൂടി, തന്‍റെ ആന്തരിക പ്രയാണ വേളയില്‍, ഒരാള്‍ക്ക് തന്‍റെ അടിസ്ഥാന ഘടന ലിംഗഘടനയാണ് എന്ന്‍ അനുഭവിച്ചറിയാനുള്ള സാധ്യതകള്‍ കൂടുതലുണ്ട്. തുറന്ന മനസ്സോടു കൂടി വരുന്ന ആര്‍ക്കായാലും ഈ അനുഭവം ലഭിക്കുന്നതായിരിക്കും.
അങ്ങനെയുള്ള മനസ്സുമായി നമുക്ക് വെള്ളിയങ്കിരിക്കു പോകാം.