അജ്ഞതയില്‍ നിന്നുളവാകുന്ന ദൈവവിശ്വാസവും നിരീശ്വരവാദവും
ഉണ്ണി ബാലകൃഷ്ണന് : മനുഷ്യ ചരിത്രത്തിലെല്ലാം എല്ലാ കാലത്തും ഉയര്‍ന്നുവന്നിട്ടുള്ള ഒരു ചോദ്യമാണ്, ദൈവമുണ്ടോ, മുകളിലേക്ക് നോക്കിയാല്‍ ദൈവത്തെ കാണാനാകുമോ എന്നൊക്കെയുള്ളത്. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. സദ്ഗുരു ഏതുപക്ഷത്ത് നില്ക്കുന്നു?


നമുക്കറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് തുറന്ന് പറയാന്‍ മാത്രം സത്യസന്ധത നമുക്കില്ലാത്തതു കൊണ്ടാണ് നമ്മള് എന്തെങ്കിലുമൊന്നില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നത്.
സദ്ഗുരു : മുകളിലേക്ക് നോക്കുന്നതിനെകുറിച്ചല്ലേ ചോദ്യം? ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ? നമ്മള് ഗോളാകൃതിയിലുള്ള ഒരു ഗ്രഹത്തിലാണ് കഴിയുന്നത്. അത് കറങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഗ്രഹത്തില്‍ എവിടെ നിന്ന് മുകളിലേക്ക് നോക്കിയാലും ആത്യന്തികമായി നമ്മള് നോക്കുന്നത് തെറ്റായ ദിശയിലേക്കായിരിക്കും. ഈ പ്രപഞ്ചത്തില്‍ ഏത് ദിശയാണ് മുകളിലേക്കെന്ന് നിങ്ങള്‍ക്കറിയാമോ? “ഇത് മുകള്ഭാഗം” എന്ന് പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ടോ? മുകളില്‍, താഴെ എന്നതൊക്കെ നമ്മള് ഈ മുറിയിലിരിക്കുമ്പാള് ശരിയാണ്, പക്ഷേ, ബൃഹത്തായ നമ്മുടെ അസ്തിത്വത്തില്‍ ഏതാണ് മുകള്‍ വശം, ഏതാണ് താഴ്വശം, ഏതാണ് പിന്‍വശം, ഏതാണ് മുന്‍വശം? നമുക്കറിയാന്‍ കഴിയുന്നത് അകവും പുറവും മാത്രമാണ്.
പുറത്തേക്ക് നോക്കിയാല്‍ ഒരു പരിധിക്കപ്പുറത്തു എന്താനുള്ളതെന്നു നമുക്ക് കാണാന്‍ കഴിയുകയില്ല. അകത്തേക്ക് ഒന്നു നോക്കാന്‍ ശ്രമിക്കു, അപ്പോള്‍ മനസ്സിലാകാന്‍ കഴിയും സ്വന്തം ഉള്ളില്‍ തന്നെയുള്ള, നിങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങള്‍ അവിടെയുണ്ടെന്ന്. ആ പ്രശ്നത്തിനല്ലേ പരിഹാരം കാണേണ്ടത്? നിങ്ങള്‍ കുഞ്ഞായിരുന്നപ്പോള്‍ എത്ര ചെറുതായിരുന്നു, ഇപ്പോള്‍ ഇത്രയും വലുതായില്ലേ? അതുള്ളില്‍ സംഭവിച്ചതല്ലേ? അതായത് സൃഷ്ടി നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. സൃഷ്ടിയുടെ ഉറവിടത്തെയല്ലേ ദൈവം എന്ന് വിളിക്കേണ്ടത്? സൃഷ്ടിയെന്ന മഹാപ്രതിഭാസത്തിനെപ്പറ്റി നമുക്ക് വിശദീകരണങ്ങളില്ലാത്തതുകൊണ്ടാണ് മനുഷ്യബോധത്തില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ടാവുന്നത്. ആ ദൈവത്തെ പുറത്ത് കാണുന്നു. ലളിതമായ ഒരു വിശദീകരണമല്ലേ അത് തരുന്നത് – “മുകളിലിരിക്കുന്ന ആ വലിയവന്‍ ഇതെല്ലാം ചെയ്യുന്നു.”
ചുരുക്കത്തില്‍ നമ്മുടെ ദൈവസങ്കല്പ്പം പൂര്‍ണമായും സാംസ്കാരികമാണ്. ഒരു വലിയവന്‍ മുകളിലിരുന്ന് എല്ലാം തീരുമാനിക്കുന്നു എന്ന് പറയുന്നത് ലളിതമായ ഒരു ആശയമാണ്. വളര്‍ച്ചയെന്നത് ശാരീരികമല്ല, വളര്‍ച്ചയെന്നത് സാമ്പത്തിക വിഷയവുമല്ല, വളര്ച്ചയെന്നതിന് അറിവുമായി ബന്ധമൊന്നുമില്ല. വളര്‍ച്ചയെന്നത് കാഴ്ചപ്പാടുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്താനായാല്‍, സൃഷ്ടിയുടെ കാര്യത്തില്‍ കൃത്യമായ വിശദീകരണം ഇല്ലാത്തതുകൊണ്ടാണ് ദൈവത്തേകുറിച്ച് അതുമിതും സംസാരിക്കുന്നതെന്ന് മനസ്സിലാകും.
ശാസ്ത്രത്തിനോ മതത്തിനോ ഈ വിശദീകരണം നല്കാന് കഴിഞ്ഞിട്ടില്ല. നമ്മള് അതിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷത്തിലാണ്. സ്വയം ഉള്ളിലേക്ക് നോക്കിയാല്‍, സൂഷ്മതയോടെ സ്വന്തം ഉള്ള് നിരീക്ഷിച്ചാല്‍ , എന്താണ് ഇതിന്റെ ഉറവിടമെന്നത് തിരിച്ചറിയാനാകും. നമ്മള് ഒരുപിടി ആഹാരം കഴിച്ചാല്‍ അത് നമ്മുടെ ശരീരമായി മാറുന്നു, ഒരു സൃഷ്ടികര്ത്താവിന് മാത്രമല്ലേ ഇത് ചെയ്യാന്‍ കഴിയൂ? ഈ വളര്‍ച്ച നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. ഇപ്പറയുന്നതെല്ലാം കേള്‍ക്കുകയും, വിശ്വസിക്കുകയുമല്ല, അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ് വേണ്ടത്.
ഇനി, ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം:
നമ്മള് എന്തുകൊണ്ടാണ് എന്തെങ്കിലുമൊന്നില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നത്? നമുക്കറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് തുറന്ന് പറയാന്‍ മാത്രം സത്യസന്ധത നമുക്കില്ലാത്തതുകൊണ്ടാണത്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അടിസ്ഥാനം തന്നെ അറിവില്ലായ്മയിലാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് തനിക്കറിയാവുന്നത് അറിയാമെന്നും അറിയാത്തത് അറിയില്ലായെന്നും പറയാനുള്ള ലാളിത്യം, അതിനുള്ള സത്യസന്ധത ഉണ്ടാകാത്തത്? അതിന് ഒരേയൊരു കാരണമേയുള്ളു - മിക്ക മനുഷ്യരും അവന്റെ അറിവില്ലായ്മ എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. അറിയാത്തത് തിരിച്ചറിഞ്ഞാല്‍ അറിയാനുള്ള ആഗ്രഹവും വളരും, അറിവിനു വേണ്ടിയുള്ള അന്വേഷണവും ഉണ്ടാവും, അറിയാനുള്ള സാധ്യതയും ഏറും. അന്വേഷണമുണ്ടാകേണ്ടതിന് പകരം നമ്മള് വിശ്വസിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. ഒരാള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കന്നു, മറ്റൊരാള്‍ ഇല്ലെന്ന് വിശ്വസിക്കുന്നു. ഒന്ന് പോസിറ്റീവായ വിശ്വാസം മറ്റൊന്ന് നെഗറ്റീവായ വിശ്വാസം, രണ്ടും ഒന്ന് തന്നെയാണ്.
ഉണ്ണി ബാലകൃഷ്ണന് : എന്തുകൊണ്ടാണ് നെഗറ്റീവായ വിശ്വാസം ഉണ്ടാകുന്നത്? താങ്കള്‍ അതിനെ നെഗറ്റീവായ വിശ്വാസമെന്ന് വിളിക്കുന്നത് എന്തു കൊണ്ടാണ്?
സദ്ഗുരു : അതവരുടെ ജീവിതാനുഭവങ്ങള്‍, വിദ്യാഭ്യാസം, ബോധതലം അങ്ങനെ പല സംഗതികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുമല്ലെങ്കില്‍ മതത്തിന്റെ പേരില്‍ അവര്‍ക്കു ചുറ്റും നടക്കുന്ന സംഘട്ടനങ്ങള്‍ അവരെ അസ്വസ്ഥരാക്കിയതുകൊണ്ടുമാകാം. അങ്ങിനെ പല കാരണങ്ങളുണ്ട്. പിന്നെ, ഞാന്‍ നെഗറ്റീവ് എന്നു പറയുമ്പോള്‍ ചീത്ത എന്ന അര്‍ഥത്തിലല്ല. ഞാന്‍ പറയുന്നത് സത്യത്തില്‍ ഈ വിശ്വാസവും അവിശ്വാസവും രണ്ടല്ല എന്നാണ്.
ഉണ്ണി ബാലകൃഷ്ണന് : അപ്പോള്‍ ഒരു നിരീശ്വരവാദി നെഗറ്റീവാണെന്നാണോ?
സദ്ഗുരു : അല്ലല്ല. അതാണ് ഞാന്‍ പറഞ്ഞത്, ഞാന്‍ നെഗറ്റീവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തിയേയോ, ഏതെങ്കിലും സ്വഭാവരീതിയെയോ അല്ല. ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ വിശ്വസിക്കുന്നില്ല എന്നൊക്കെ നിങ്ങള്‍ പറയുമ്പോള്‍ ഇല്ല എന്ന വാക്ക് ഭാഷാപരമായി നെഗറ്റീവ് ആണ്. ദൈവ വിശ്വാസിയും നിരീശ്വരവാദിയും രണ്ടു കൂട്ടരും സത്യത്തിനായി അന്വേഷണം നടത്താനുള്ള ധൈര്യമോ താത്പര്യമോ ഇല്ലാത്തവരാണെന്നാണ് ഞാന്‍ പറയുന്നത്. സത്യത്തെ തീര്‍പ്പാക്കാനാണ് അവരുടെ താത്പര്യം. ഒരാള്‍ വിശ്വസിക്കുന്നു ദൈവമുണ്ടെന്ന്, മറ്റൊരാള്‍ വിശ്വസിക്കുന്നു ദൈവമില്ലെന്ന്, എന്നാല്‍ രണ്ടു കൂട്ടര്‍ക്കും സതൃം അറിയില്ലെന്നതാണ് വസ്തുത. മറിച്ച്, ‘എനിക്കറിയില്ല’ എന്നൊരു ബോധം നമുക്കുണ്ടായാല്‍ അറിയാനുളള ഒരു ആഗ്രഹം ഉടലെടുക്കും. അറിയാനുളള ഒരേയൊരു വഴി തന്റെ തന്നെ ഉള്ളിലേക്ക് നോക്കുക എന്നതാണ്, കാരണം, ജീവിതം അനുഭവിച്ചറിയാനുള്ള നിങ്ങളുടെ ശേഷി നിങ്ങളുടെ ഉള്ളിലാണ്. ഇരുട്ടായാലും വെളിച്ചമായാലും അത് നിങ്ങളുടെ ഉള്ളിലാണ്, സന്തോഷമായാലും ദു:ഖമായാലും നിങ്ങള്‍ക്കുള്ളിലാണ്. നോവും ആവേശവും നിങ്ങള്ക്കുള്ളില്മാത്രമാണ് ഉള്ളത്. എന്തു സംഭവിക്കുന്നതും നിങ്ങളുടെ ഉള്ളിലാണ്. സുഖവും ദു:ഖവും ഒക്കെ പുറത്തുള്ള സാഹചര്യങ്ങള്‍ കാരണമാകാം, പക്ഷെ ആ വികാരങ്ങള്‍ നാമ്പെടുക്കുന്നത് നിങ്ങളുടെ ഉള്ളില്‍ തന്നെയാണ്.
അവിടെ നടക്കുന്നതെന്തെന്ന് അനുഭവിച്ചറിയാനുള്ള ശേഷി നിങ്ങള്‍ക്കില്ല. നിങ്ങള്‍ ഇപ്പോള്‍ ഇവിടെ എന്നെയിങ്ങിനെ കാണുന്നുണ്ടെന്ന് കരുതുന്നു, പക്ഷേ, അതല്ല സത്യം. നിങ്ങളുടെ മനസ്സില്‍ എന്റെ രൂപം എങ്ങിനെ പ്രതിഫലിച്ചിരിക്കുന്നു, ആ രീതിയില്‍ മാത്രമാണ് നിങ്ങളെന്നെ കാണുന്നത്. അതിനപ്പുറം അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഉള്ളിലേക്ക് നോക്കാന്‍ നിങ്ങള്‍ പഠിച്ചില്ലെങ്കില്‍, അതിനുള്ള ശേഷി നിങ്ങള്‍ ഉണ്ടാക്കിയെടുത്തില്ലെങ്കില്‍, നിങ്ങള്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ മാത്രമേ ചെയ്യൂ. അത് സാമൂഹികമായ ഒരു വാദം മാത്രമാണ്, അതിനപ്പുറം അതിനൊരു അസ്തിത്വവുമില്ല, ഒരു പ്രാധാന്യവുമില്ല.
Photo credit : https://upload.wikimedia.org/wikipedia/commons/b/bf/Atheist_Bus_Campaign_Citaro.jpg