सद्गुरु

ഇന്നലെ യമ, നിയമ, ആസന, പ്രാണായാമ എന്നിവയെക്കുറിച്ച് വിശദീകരിച്ചിരുന്നു.അതിന്റെ തുടര്‍ച്ചയായി പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി എന്നിവയെക്കുറിച്ചു വായിച്ചു മനസ്സിലാക്കൂ.

ഈ തലമുറയിലെ ജനങ്ങള്‍ക്കുള്ളയത്രയും ശ്രദ്ധപതറല്‍ ചരിത്രത്തില്‍ ഏതു യുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കും ഉണ്ടായിരുന്നിരിക്കാനിടയില്ല.

പ്രത്യാഹാര

മുമ്പത്തേതില്‍നിന്നും വ്യത്യസ്‌തമായി ഇന്നത്തെ മനുഷ്യര്‍ക്ക്‌ പ്രത്യാഹാരയാണ്‌ യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളില്‍ ഒന്ന്‍. വളരെയധികം ആള്‍ക്കാര്‍ക്ക്‌ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും അതുതന്നെയാണ്. കാരണം പ്രത്യാഹാരയുടെ അര്‍ത്ഥം ഉള്ളിലേക്ക്‌ തിരിയുക എന്നാണ്‌, നിങ്ങളുടെ ശ്രദ്ധയെ പുറംലോകത്തില്‍ നിന്നെടുത്ത്‌ ഉള്ളിലേക്ക്‌ തിരിക്കുക. ഈ തലമുറയിലെ ജനങ്ങള്‍ക്കുള്ളയത്രയും ശ്രദ്ധപതറല്‍ ചരിത്രത്തില്‍ ഏതു യുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കും ഉണ്ടായിരുന്നിരിക്കാനിടയില്ല. പ്രകൃതിയുമായി എകീകരിച്ചു ജീവിച്ചിരുന്നുവെങ്കില്‍, എത്ര നേരം വേണമെങ്കിലുമിരുന്ന് ഒരു സൂര്യോദയമോ, സൂര്യാസ്‌തമനമോ ആസ്വദിക്കാനുള്ള ക്ഷമയും സമയവും നിങ്ങള്‍ കണ്ടെത്ത്തിയേനെ, കാരണം ഒരു ചെറിയ നിറവ്യത്യാസം കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിരും. ഇന്ന്‍ നിങ്ങള്‍ ടെലിവിഷനു മുന്നില്‍ ഇരിക്കുമ്പോള്‍, ഓരോ നിമിഷവും, ഭൂമിയിലെ ഓരോ നിറവും നിങ്ങളുടെ കണ്‍മുന്നില്‍ കാണുകയാണ്‌. ഇന്ദ്രിയങ്ങളുടെ ഉത്തേജനത്തിന്‍റെ ആധാരം മുമ്പത്തെപ്പോലെയേ അല്ല. മുമ്പൊരിക്കലും മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെ ഇന്നത്തെപ്പോലെ ഉത്തേജിതങ്ങളാല്‍ പ്രകോപിപ്പിക്കപ്പെട്ടിട്ടില്ല. തെറ്റോ, ശരിയോ, ആധുനിക സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിലേക്ക്‌ ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവന്നു.

അമിതതോതിലുള്ള ഉത്തേജനം പുറംലോകത്തുള്ളപ്പോള്‍, അതില്‍നിന്നും നിങ്ങളുടെ ശ്രദ്ധയെ എടുത്ത്‌, കണ്ണുകളടച്ച്‌, ഉള്ളിലേക്ക്‌ തിരിയുന്നത്‌ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. സാധാരണ മനുഷ്യന്റെ ശരീരവും മനസ്സും എല്ലായ്പോഴും പുറത്തേക്കു ശ്രദ്ധ തിരിച്ചിരിക്കുന്നതായാണ്‌ കണക്കാക്കുന്നത്‌. മനസ്സിനെയും ബുദ്ധിയേയും ഭ്രമിപ്പിക്കുന്ന ഇക്കണ്ട വകഭേദങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച്‌ ഉള്ളിലേക്ക്‌ തിരിയുന്നത്‌ നിങ്ങള്‍ക്ക്‌ സ്വമേധയാ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല, കാരണം ഉള്ളിലേക്ക്‌ തിരിഞ്ഞുനോക്കുവാന്‍ ഒന്നുമില്ല എന്നതുതന്നെ. നിങ്ങള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരേയൊരുകാര്യം പുറത്തോട്ടുള്ള ശ്രദ്ധ കുറയ്ക്കുക എന്നതാണ്‌. പ്രത്യാഹാര എന്നാല്‍ ഉള്ളിലേക്ക്‌ തിരിയുക എന്നാണ്‌. അത് സാധ്യമല്ലാത്തതുകൊണ്ട്‌ പുറത്തേക്കുള്ള ഒഴുക്ക്‌ കുറയ്ക്കാന്‍ ശ്രമിക്കുക.

ഒരു കാര്യം മനസ്സിലാക്കേണ്ടതായുണ്ട്, നിങ്ങള്‍ക്ക്‌ എന്തെങ്കിലും നിരീക്ഷിക്കണമെങ്കില്‍, കുറച്ച്‌ ഊര്‍ജ്ജം പുറത്തേക്കുവിടണം, അല്ലെങ്കില്‍ അത് കാണാനാവില്ല. അതുപോലെ നിങ്ങള്‍ക്ക്‌ എന്തെങ്കിലും കേള്‍ക്കണമെങ്കില്‍ കുറച്ച്‌ ഊര്‍ജം പുറത്തേക്കു കളയണം, അല്ലെങ്കില്‍ നിങ്ങള്‍ക്കത്‌ കേള്‍ക്കാനാവില്ല, എന്തെങ്കിലും അനുഭവിക്കണമെങ്കിലും കുറച്ച്‌ ഊര്‍ജ്ജം പുറത്തേക്കു കളയണം; അല്ലെങ്കില്‍ അതനുഭവിക്കാനാവില്ല. ഇന്ദ്രിയങ്ങള്‍ നിങ്ങളെ നിരന്തരം ഊറ്റിക്കൊണ്ടിരിക്കയാണ്‌; നിങ്ങളതിനെ കൂടുതല്‍ കര്‍മ്മോന്മുഖമാക്കുന്തോറും, അത്രയും കൂടുതല്‍ അത്‌ നിങ്ങളില്‍ നിന്നും ഊറ്റിയെടുക്കും. പ്രത്യാഹാര എന്നാല്‍, ഈ അഞ്ച് കവാടങ്ങളും അടയ്ക്കുക എന്നതാണ്‌; അപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ പതിയെ ഊര്‍ജം കൂടിക്കൂടി വരും.

ഒരു ദിവസം അത്താഴം കഴിക്കാതെ ഉറങ്ങാന്‍ പോയി നോക്കു, എന്നിട്ടവനവനെത്തന്നെ ശ്രദ്ധിച്ചു നോക്കു. ഉറങ്ങുമ്പോള്‍ ചെയ്യുന്നത്‌ ഇന്ദ്രിയങ്ങളെ അടയ്ക്കുക എന്നതാണ്‌. മറ്റെല്ലാം ഉണര്‍ന്നിരിക്കുന്നു, ശരീരം ഉണര്‍ന്നിരിക്കുന്നു, മനസ്സുണര്‍ന്നിക്കുന്നു, ലോകം ഉണര്‍ന്നിരിക്കുന്നു, എല്ലാം ഉണര്‍ന്നിരിക്കുന്നു. നിങ്ങള്‍ ആകെ ചെയ്‌തത്‌ പഞ്ചെന്ദ്രിയങ്ങളെ അടച്ചു എന്നതാണ്‌. അത്താഴം കഴിക്കാതിരുന്നിട്ടും, രാവിലെ ഉണരുമ്പോള്‍, വളരെയധികം ഊര്‍ജസ്വലരായാണ്‌ നിങ്ങളുണരുന്നത്‌, അത്രയും ഊര്‍ജ്വസ്വലത ഉറങ്ങാന്‍ പോയപ്പോളില്ലാതിരുന്നതാണ്‌. ഈ കവാടങ്ങളെ അടച്ച്‌ ഊര്‍ജം സംരക്ഷിക്കുക മാത്രമാണ്‌ നിങ്ങള്‍ ചെയ്‌തത്‌.

പ്രത്യാഹാര ചെയ്യാനോ, നിങ്ങളുടെ ഊര്‍ജം ഉള്ളിലേക്ക്‌ തിരിക്കുവാനോ നിങ്ങള്‍ക്ക്‌ കഴിയാത്തതിനാല്‍, നിങ്ങളെടുക്കേണ്ട ആദ്യപടി ഊര്‍ജത്തിന്‍റെ പുറത്തേക്കുള്ള പ്രവാഹം നിര്‍ത്തി അത്‌ വേണ്ടവണ്ണം വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ്‌. നിങ്ങളതിനെ പുറത്തേക്ക്‌ വിട്ടില്ലെങ്കില്‍, അത്‌ സ്വാഭാവികമായി ഉള്ളിലേക്ക്‌ തിരിയും. ഞാന്‍ ഉള്ളിലേക്കെന്നു പറയുമ്പോള്‍, ശരീരത്തിനും മനസ്സിനും അതീതമായാണ്‌ സംസാരിക്കുന്നത്‌, കാരണം ഈ ശരീരവും മനസ്സും പുറമെയുള്ളതിന്‍റെ കൂമ്പാരമാണ്‌; അവ പുറമെയുള്ളതാണ്‌.

ധാരണ

ഒരു ഗണ്യമായ സമയം എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അതുമായി ഒരു ബന്ധം ഉണ്ടാകും. ഈ ലോകത്ത് ജീവിക്കുന്ന ഒരു വലിയ ശതമാനം ആളുകള്‍ Attention Deficiency Syndrome കാരണം ദുരിതമനുഭവിക്കുന്നുവെന്ന്‍ ഞാന്‍ കരുതുന്നു. മിക്കവാറും ആള്‍ക്കാര്‍ക്ക്‌ ഈ പ്രശ്‌നമുണ്ട്‌. അവര്‍ക്ക്‌ ഒന്നിലും ശ്രദ്ധ വയ്ക്കാനാവില്ല. നാം അച്ചടിയെന്ന കല പഠിച്ച്‌, പുസ്‌തകങ്ങള്‍ ഉണ്ടാക്കിയപ്പോള്‍, ആള്‍ക്കാരവരുടെ ശ്രദ്ധ എന്തിലെങ്കിലും കേന്ദ്രീകരിക്കാനൊരു വഴി കണ്ടുപിടിച്ചു. ഉള്ളടക്കം എന്തായിരുന്നാലും, വായിക്കും. ഉള്ളടക്കമനുസരിച്ച്‌, ശ്രദ്ധയുടെ തീവ്രതയും കൂടും. ഒരു നോവല്‍ വായിക്കുകയാണെങ്കില്‍, ശ്രദ്ധ മുഴുവന്‍ അതില്‍ പതിപ്പിക്കും. ഒരു പ്രേമകഥ വായിക്കുകയാണെങ്കില്‍, മുഴുവനായും അതില്‍ മുഴുകിയിട്ടുണ്ടാവും. അങ്ങനെ ഏതുതരം പുസ്‌തകമായാലും, അറിയാതെ അവര്‍ ‘ധാരണ’ നടത്തുകയാണ്‌.

പക്ഷെ ഇപ്പോള്‍ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ പെരുകിയപ്പോള്‍, നമുക്കുണ്ടായിരുന്ന ആ കഴിവ്‌ വീണ്ടും നഷ്‌ടപ്പെടുകയാണ്‌. നമ്മളെന്ത്‌ ശ്രദ്ധിക്കുന്നുവോ, ക്രമേണ നാമതുമായി ബന്ധമുള്ളവരാകും. ഇതിനെ അന്തര്‍ബോധമെന്നു പറയാം .പൊതുവെ സ്‌ത്രീകളാണ്‌ ഇതിനെക്കുറിച്ച്‌ കൂടുതല്‍ അവബോധമുള്ളവര്‍. ശ്രദ്ധിക്കേണ്ട ആള്‍, ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്ന്‍ കണ്ടാല്‍, അവിടെയുള്ള സ്ത്രീകളാണ്‌ കൂടുതല്‍ ജാഗരൂകരാകുന്നത്‌. ശ്രദ്ധ നല്‍കാതിരിക്കുമ്പോള്‍ ബന്ധങ്ങള്‍ മുറിഞ്ഞുപോകുമെന്ന വസ്തുത കാര്യമായിയെടുക്കാത്ത പുരുഷന്മാര്‍ ഒരു ദുരന്തം സംഭവിക്കുന്നതുവരെ കാത്തിരിക്കും. ശ്രദ്ധ നല്‍കുമ്പോഴാണ്‌ ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നത്‌. നിങ്ങള്‍ എന്തിനെങ്കിലും ശ്രദ്ധ നല്‍കാതിരുന്നാല്‍ ആ ബന്ധം പൊട്ടിപ്പോകും. നിങ്ങള്‍ ശ്രദ്ധ നല്‍കുമ്പോള്‍ അവിടെ ബന്ധമുണ്ടാകും. ഇതാണ്‌ ‘ധാരണ’.

രണ്ട്‌ ഉണ്ടായിരുന്നു; ശ്രദ്ധ നല്‍കിയതുകാരണം അവ ബന്ധിക്കപ്പെട്ടു. ഇതാണ്‌ ധാരണ. അവ രണ്ടെന്നു പറയാന്‍ പറ്റാത്ത തരത്തില്‍ ബന്ധിക്കപ്പെട്ടു; അവയൊന്നായി. ഇതാണ്‌ ധ്യാനം.

ധ്യാനവും സമാധിയും

നിങ്ങള്‍ക്ക്‌ എന്നെ വെറുതെ ശ്രദ്ധിക്കാന്‍ കഴിയുമെങ്കില്‍, പതിയെ നിങ്ങള്‍ ഞാനുമായി ബന്ധപ്പെടും. രണ്ടുപേരുണ്ട് നിങ്ങളും ഞാനും, പക്ഷെ ഇതു രണ്ടും ബന്ധപ്പെട്ടിരിക്കും. ഈ ശ്രദ്ധ വളരെ ഏകാഗ്രമാകുമ്പോള്‍, അല്‍പ സമയത്തിനുശേഷം ഈ ബന്ധം, അല്ലെങ്കില്‍ ഈ അടുപ്പം, വളരെ ശക്തിപ്പെട്ട്‌ രണ്ടില്ല; ഒന്നേയുള്ളൂ എന്നാകും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ഇത്‌ ധ്യാനമാണ്‌. രണ്ട്‌ ഉണ്ടായിരുന്നു; ശ്രദ്ധ നല്‍കിയതുകാരണം അവ ബന്ധിക്കപ്പെട്ടു. ഇതാണ്‌ ധാരണ. അവ രണ്ടെന്നു പറയാന്‍ പറ്റാത്ത തരത്തില്‍ ബന്ധിക്കപ്പെട്ടു; അവയൊന്നായി. ഇതാണ്‌ ധ്യാനം. ഇത്‌ ഇനിയും തുടര്‍ന്നാല്‍, ഇത്‌ ഒരു നിശ്ചിത സമയത്തേക്ക്‌ നിലനിര്‍ത്തിയാല്‍, പിന്നെ ഒന്നും ഉണ്ടാവില്ല; അവ പരസ്‌പരം ലയിച്ചുചേരും, രണ്ടും ലയിക്കും. രണ്ടും അപ്രത്യക്ഷമാകും. അതീതമായ ഒന്നിന്‍റെ സാന്നിദ്ധ്യമുണ്ടാകും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍, അതിനെയാണ്‌ സമാധി എന്ന്‍ പറയുന്നത്.

സമ എന്നാല്‍ തുല്യത എന്നര്‍ത്ഥം, ധി എന്നാല്‍ ബുദ്ധി. ബുദ്ധി എന്നാല്‍ പ്രജ്ഞ. സമാധി - ബുദ്ധി തുല്യതയിലായി. നിങ്ങള്‍ എന്തിലെങ്കിലും തുടര്‍ച്ചയായി ശ്രദ്ധിക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ ഒട്ടും പതറാത്തതാണെങ്കില്‍, ഒരു കാലയളവില്‍ നിങ്ങള്‍ ആദ്യം ബന്ധപ്പെടുകയും, പിന്നെ രണ്ടും ഒന്നാകുകയും, ആ ഒന്ന്‍ അപ്രത്യക്ഷമാകുകയും, അതിനപ്പുറമുള്ള എന്തെങ്കിലും വാസ്‌തവമാകുകയും ചെയ്യും. ഇതാണ്‌ സമാധി എന്നറിയപ്പെടുന്നത്‌. ഇത്‌ സംഭവിക്കുന്നത് അവിഭാജ്യമായ ശ്രദ്ധകൊണ്ടാണ്‌, നിങ്ങളുടെ ബുദ്ധി തുല്യത നേടി; അതിന്‌ അതിന്‍റെ വിവേചനത്തിനുള്ള കഴിവ്‌ നഷ്‌ടപ്പെട്ടു.

ഇപ്പോള്‍, ആധുനിക ശാസ്‌ത്രം, ഈ മുഴുവന്‍ നിലനില്‍പും ഒരേ ഊര്‍ജമാണെന്ന്‍ നമുക്ക്‌ തെളിയിച്ചുതരികയാണ്‌. ഇതിനെയും അതിനെയും കുറിച്ചുള്ള നിങ്ങളുടെ ആശയം, നിങ്ങളും ഞാനും, ആണ് അല്ല, ഇവിടെയെന്ത്‌ അവിടെയെന്ത്‌, ഇവയെല്ലാം ആധുനിക ഭൌതികശാസ്‌ത്രമനുസരിച്ച്‌ ശരിയല്ല; നാഡീശാസ്‌ത്രമനുസരിച്ചും ശരിയല്ല.

സമയവും സ്ഥലവും നിങ്ങളുടെ ബുദ്ധിയുടെ സൃഷ്‌ടിയാണ്‌, കാരണം നിങ്ങളുടെ ബുദ്ധി എല്ലാറ്റിനെയും നിരന്തരം വിഭജിക്കുന്നു. അത്‌ നിങ്ങളുടെ നിലനില്‍പിനുവേണ്ടിയുള്ള വളരെ ശക്തമായ ഒരു ഉപകരണമാണ്‌. നിങ്ങളുടെ അതിജീവനത്തിനുള്ള സഹജവാസനകളെ മാറ്റിനിര്‍ത്തുമ്പോള്‍ മാത്രമെ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബുദ്ധിയെ ഉദാത്തമാക്കാനാകൂ.

ഒരു കണ്ണാടി പോലെയാകണം, വിവേചനമില്ലാതെ. ഒരു കണ്ണാടി എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു; അതില്‍ ഒന്നും പറ്റിപ്പിടിക്കുന്നില്ല

ഒരു കണ്ണാടി പോലെയാകണം, വിവേചനമില്ലാതെ. ഒരു കണ്ണാടി എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു; അതില്‍ ഒന്നും പറ്റിപ്പിടിക്കുന്നില്ല, ഒന്നും അവശേഷിക്കുന്നില്ല, അത്‌ പ്രതിഫലിപ്പിക്കുന്നതിന്‍റെ ശരിയായ രൂപത്തെ അതൊരുതരത്തിലും അന്വേഷിക്കുന്നില്ല; അത്‌ ആരെയും സുന്ദരനാക്കുന്നില്ല, ആരെയും വികൃതനാക്കുന്നില്ല; അത്‌ വെറുതെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ മനസ്‌ ഇതുപോലെയാകുമ്പോള്‍, നിങ്ങളുടെ ബുദ്ധി ഇതുപോലെയാകുമ്പോള്‍, നിങ്ങള്‍ സമാധിയുടെ ഒരു അവസ്ഥയിലാകും. അങ്ങനെ നിങ്ങള്‍ ഒരിക്കല്‍ സമാധിയുടെ അവസ്ഥയിലായാല്‍ ഇതെന്നോ അതെന്നോ ഇല്ല, ഇതൊന്നുമല്ലാത്ത മറ്റെന്തോ സാധ്യമാകും.

Photo credit to : https://upload.wikimedia.org/wikipedia/commons/9/9c/Patanjali_Statue.jpg