सद्गुरु

ആഭരണങ്ങളും രത്നക്കല്ലുകളുമെല്ലാം സൂക്ഷിക്കുന്ന ഒരു സംഭരണശാല ഒരാള്‍ക്കുണ്ടെന്ന് കരുതുക. അയാള്‍ വായുവില്‍നിന്നും ഇതിലേതെങ്കിലും സൃഷ്ടിച്ച് നിങ്ങള്‍ക്കു തരുന്നതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അതിനെ മാറ്റുക മാത്രമാണ് ചെയ്യുന്നത്

അമ്പേഷി: അങ്ങ് ഗൂഢവിദ്യയെ (Mysticism) ഊര്‍ജത്തിന്‍റെ പ്രയോഗമായി നിര്‍വചിക്കുന്നു. ഏത് തരത്തിലുള്ള ഊര്‍ജത്തെപ്പറ്റിയാണ് അങ്ങ് പറയുന്നത്?

സദ്ഗുരു: പ്രാണമയകോശം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് യോഗക്രിയകള്‍ ചെയ്യുന്നതും ഒരു തരത്തില്‍ ഗൂഢവിദ്യയാണ്. എന്നാല്‍ മറ്റൊരു രീതിയില്‍ ഇവ രണ്ടും രണ്ടാണ്. കടുത്ത സാധനകള്‍ ചെയ്തിട്ടുള്ള പലരും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യരുടെ ഭാവി പ്രവചിക്കുന്നതിനോ, രോഗശാന്തി വരുത്തുന്നതിനോ, വേറെ എന്തിനെങ്കിലുമോ, അവനവന്‍റെ ഊര്‍ജത്തെ ഉപയോഗിക്കണമെങ്കില്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ സാധിക്കും. ഒരു സ്ഥലത്തിരുന്നുകൊണ്ട് വേണ്ടത്ര ധനം സമ്പാദിക്കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍ അവര്‍ മറ്റുള്ളവരുടെ മനസ്സു നോക്കാന്‍ ശ്രമിച്ചാല്‍പോലും ഞാന്‍ അവരെ ഒന്നിന് പത്തായി താഴേക്ക് തള്ളിമാറ്റും. അതവര്‍ക്കറിയാവുന്നുതുകൊണ്ട് ആരും അതിന് ശ്രമിക്കാറില്ല.

മറ്റുള്ളവരേക്കാള്‍ അനുകമ്പ തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു

മറ്റുള്ളവരേക്കാള്‍ അനുകമ്പ തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു. അങ്ങനെയുള്ള വിഡ്ഢിത്തം ചെയ്യാന്‍ ശ്രമിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ കര്‍മ്മങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഞാന്‍ അവരെ പഴയ രീതിയിലാക്കുന്നു. അവരെ മാത്രമേ ബാധിക്കുകയുള്ളു എങ്കില്‍ അവരുടെ വഴിക്ക് വിടാമായിരുന്നു. “അവരോടുള്ള അനുകമ്പ കാരണം, എനിക്കവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കണം. അതുകൊണ്ട് എനിക്ക് കൂടുതല്‍ കര്‍മ്മങ്ങള്‍ ഉണ്ടാവുന്നെങ്കില്‍ ഞാന്‍ സഹിച്ചോളാം” ഇങ്ങിനെയാവും നിങ്ങള്‍ ചിന്തിക്കുക, എന്നാല്‍ അതങ്ങനെയല്ല, നിങ്ങളോട് ഇടപെടുന്നവര്‍ക്കും നിങ്ങള്‍ ഹാനി വരുത്തുന്നു.

രണ്ടു തരത്തിലും ഇത് ദോഷകരമാണ്. കര്‍മ്മദോഷമുണ്ടായാല്‍ അതിനെ അപ്പോള്‍ത്തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടേയും, മറ്റുള്ളവരുടേയും മേല്‍ ആധിപത്യം പുലര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയാത്തിടത്തോളം നിങ്ങളെ അതിന് അനുവദിക്കുന്നതിലര്‍ത്ഥമില്ല. ഞാന്‍ ഗൂഢക്രിയകള്‍ ചെയ്യുകയാണെങ്കില്‍ അതുമൂലമുണ്ടാകുന്ന കര്‍മ്മദോഷത്തെ ഒരതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തി, അവിടെവച്ചുതന്നെ ഇല്ലാതാക്കുന്നു. അതിനുശേഷം മാത്രമേ ഞാന്‍ ആ മണ്ഡലത്തില്‍ കടക്കുകയുള്ളു. എന്നാല്‍ ആ കര്‍മ്മദോഷം ഇല്ലാതാക്കാതെ ഞാന്‍ അവിടെ നിന്നു പോയാല്‍, അതൊരു വലിയ കര്‍മ്മമായി അവശേഷിക്കും.

അമ്പേഷി: മോതിരം മുതലായ വസ്തുക്കള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കുന്നത് ഗൂഢക്രിയയാണോ?

സദ്‌ഗുരു: അതെ, തീര്‍ച്ചയായും. സൃഷ്ടിക്കുകപോലും വേണ്ട. ഇവരില്‍ കൂടുതല്‍ പേര്‍ക്കും വായുവില്‍ നിന്ന് ഒന്നും സൃഷ്ടിക്കാനുള്ള കഴിവില്ല. അവര്‍ ചെയ്യുന്നത് വസ്തുക്കളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക മാത്രമാണ്. വാച്ചുകള്‍, മോതിരങ്ങള്‍, സ്വര്‍ണ്ണ ചെയിനുകള്‍ എന്തിന് വിസ്കിക്കുപ്പികള്‍ പോലും 'മെയ്ഡ് ഇന്‍ ഹെവന്‍' ലേബലുമായി സൃഷ്ടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ ഒന്നും സൃഷ്ടിക്കുകയല്ല, ഒരിടത്ത് നിന്നും വേറൊരിടത്തെക്ക് അതിനെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. ഗൂഢക്രിയയിലെ ഒരു ചെറിയ നമ്പര്‍. വാച്ചുകളും ആഭരണങ്ങളും രത്നക്കല്ലുകളുമെല്ലാം സൂക്ഷിക്കുന്ന ഒരു സംഭരണശാല ഒരാള്‍ക്കുണ്ടെന്ന് കരുതുക. അയാള്‍ വായുവില്‍നിന്നും ഇതിലേതെങ്കിലും സൃഷ്ടിച്ച് നിങ്ങള്‍ക്കു തരുന്നതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അതിനെ മാറ്റുക മാത്രമാണ് ചെയ്യുന്നത്.

അത്ഭുതങ്ങളെക്കുറിച്ച് ഒരു കഥ പറയാം. ഒരിക്കല്‍ ഒരാള്‍ രണ്ടുകയ്യിലും ഊന്നുവടിയുമായി പള്ളിയില്‍ വന്നു. വിശുദ്ധജലത്തിന് മുന്‍പില്‍നിന്ന അയാള്‍ അതില്‍ കുറച്ച് തന്‍റെ കാലുകളില്‍ തളിച്ചശേഷം ഊന്നുവടി ദൂരെയെറിഞ്ഞു. ബലിപീഠത്തിനരികില്‍നിന്ന പരിചാരക ബാലന്‍ ഇതുകണ്ട് സ്തബ്ധനായി, വിവരം പുരോഹിതനെ അറിയിക്കുവാനായി ഓടിപ്പോയി. വിവരം അറിഞ്ഞ പുരോഹിതന്‍ "മകനേ, നീ കണ്ടത് ഒരു ദിവ്യാത്ഭുതമാണ്" എന്ന് പറഞ്ഞു. "അയാള്‍ എവിടെയുണ്ടെന്ന് എന്നോടുപറയുക.” “ഓ, അയാളോ, അയാളവിടെ തറയില്‍ കിടപ്പുണ്ട്, എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്" ബാലന്‍ പറഞ്ഞു.

വസ്തുക്കളെ സൃഷ്ടിക്കാനും അപ്രത്യക്ഷമാക്കാനും ഗൂഢവിദ്യയിലൂടെ സാധിക്കും. പൂര്‍ണ്ണമായും സൃഷ്ടി എന്നു പറഞ്ഞുകൂടാ, ഒന്നിനെ മറ്റൊന്നാക്കുകയാണ് ചെയ്യുന്നത്

അമ്പേഷി: എന്നാല്‍ സദ്ഗുരോ, അങ്ങ് ചോദ്യത്തിനുത്തരം നല്‍കിയില്ല. വസ്തുക്കള്‍ സൃഷ്ടിക്കുകയും മാറ്റുകയും ചെയ്യുന്നത് ഗൂഢവിദ്യയാണോ?

സദ്ഗുരു: അതെ. വസ്തുക്കളെ സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ സന്ദര്‍ഭങ്ങളിലും അവ മാറ്റപ്പെടുകയാണ്. വസ്തുക്കളെ സൃഷ്ടിക്കാനും അപ്രത്യക്ഷമാക്കാനും ഗൂഢവിദ്യയിലൂടെ സാധിക്കും. വസ്തുക്കളെ സൃഷ്ടിക്കുന്നത് പൂര്‍ണ്ണമായും സൃഷ്ടി എന്നു പറഞ്ഞുകൂടാ, ഒന്നിനെ മറ്റൊന്നാക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമായി നോക്കിയാല്‍ ഈ കല്ലിനും സ്വര്‍ണ്ണത്തിനും തമ്മില്‍ എന്താണ് വ്യത്യാസം? എല്ലാറ്റിലും അടങ്ങിയിരിക്കുന്നത് പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ ഇവയാണ്. എണ്ണത്തിലും ക്രമീകരണത്തിലുമുള്ള വ്യത്യാസം മാത്രമേയുള്ളൂ. ശരിയല്ലേ?

നിങ്ങളുടെ മനശക്തിയും ഊര്‍ജവുമുപയോഗിച്ച് ഈ ക്രമീകരണം മാറ്റാന്‍ കഴിയും. നിങ്ങള്‍ ഒരു കഷണം കല്ലു തന്നാല്‍ ഞാന്‍ അതിനെ സ്വര്‍ണ്ണമാക്കി തിരിച്ചുതരാം. അതിനാലാണ്, ഗോരഖ്നാഥ് അവജ്ഞയോടെ പറഞ്ഞത് “എന്‍റെ ഗുരുനാഥന് പാറയുടെ മേല്‍ മൂത്രമൊഴിച്ച് അതിനെ സ്വര്‍ണ്ണമാക്കി മാറ്റാന്‍ കഴിയും” എന്ന്.

അമ്പേഷി: അങ്ങ് ഈ ഗൂഢവിദ്യകള്‍ ധാരാളം പ്രയോഗിച്ചിട്ടുണ്ടോ? അതിനുവേണ്ടി അങ്ങ് പരിശീലനം നല്‍കിയിട്ടുണ്ടോ?

സദ്ഗുരു: ഞാന്‍ ആ വിധത്തില്‍ ഗൂഢവിദ്യകള്‍ പഠിച്ചിട്ടില്ല. നിങ്ങള്‍ക്ക് ആദ്ധ്യാത്മിക ഉണര്‍വുണ്ടാവുമ്പോള്‍ ഈ വിദ്യകളും നിങ്ങളുടെ പ്രജ്ഞയുടെ ഭാഗമായിത്തീരുന്നു. ഇവയ്ക്കുവേണ്ടി പ്രത്യേക സാധനകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ധ്യാനലിംഗത്തിന്‍റെ ഒരുഭാഗം ഗൂഢവിദ്യയുടെ ഒരു വലിയ മാതൃകയാണ്. അതേസമയം ഒരാള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും വസ്തുക്കള്‍ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യുന്ന ഗൂഢവിദ്യ ഞാന്‍ അഭ്യസിച്ചിട്ടില്ല, എന്നാല്‍ വേണമെന്ന് വിചാരിച്ചു ശ്രമിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ എന്താണെന്നറിയാവുന്നതിനാല്‍ എനിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ഞാന്‍ ഗൂഢവിദ്യയില്‍ പരിശീലനം നേടിയിട്ടില്ല.

https://www.publicdomainpictures.net