सद्गुरु

പെട്ടെന്നു ശിവ എന്നൊരു ചെറിയ പദ്യം സദ്ഗുരു ഞങ്ങള്‍ക്കായി ചൊല്ലുന്നു. ഹ്രസ്വമെങ്കിലും തീവ്രമായ അതിന്‍റെ അര്‍ത്ഥതലം സദ്ഗുരു ഞങ്ങള്‍ക്ക് വിശദമാക്കിത്തന്നു. സര്‍വ്വജീവജാലങ്ങള്‍ക്കും ആധാരമായിട്ടുള്ള ആ തലത്തിലേക്ക് ആണ്ടിറങ്ങാനുള്ള വഴിയായും കാണിച്ചുതരുന്നു. ആ പദ്യത്തിലെ ഓരോ ബിബത്തിനും വാക്കിനും അഗാധമായ ഭാവതലങ്ങളുണ്ട്. "വൈവിധ്യമാര്‍ന്ന വര്‍ണ്ണപ്പൊലിമകളുടെ ഒരു കളിയുടെയിടയില്‍ നിങ്ങള്‍ അതിന്‍റെ പശ്ചാത്തലം കാണാതിരിക്കരുത്...സദ്ഗുരു പറഞ്ഞു.

 

ശിവന്‍
ലിംഗഭേദമില്ലാത്ത ഈ ഭൂമിയില്‍
അതും ഇതുമായതെല്ലാം
അവനും, അവളും, നിങ്ങളും ഞാനുമടക്കമെല്ലാം
സദാ കളിച്ചുകൊണ്ടിരിക്കുകയാണ്
വര്‍ണ്ണ വൈവിധ്യത്തിന്‍റേതായ ഈ കളികളില്‍ ഭ്രമിച്ച്
അതിന് ആധാരമായിരിക്കുന്നതിനെ കാണാതിരിക്കരുത്.

 

ഓരോരുത്തരും ജീവിതത്തെ അനുഭവിക്കുന്നത് അവനവന്‍റെ മനോഭാവത്തെ അനുസരിച്ചായിരിക്കും. ചിലര്‍ക്ക് ഭക്ഷണത്തിലായിരിക്കും ഏറ്റവും അധികം താല്പര്യം വേറെ ചിലര്‍ക്ക് ശരീരത്തില്‍ കുറെപേര്‍ക്ക് സാഹിത്യം, സംഗീതം, ചിത്രരചന മുതലായ കലകളിലായിരിക്കും അഭിരുചി. അതുമല്ലെങ്കില്‍ ജീവിതവുമായി ബന്ധപ്പെട്ട മറ്റേതിലെങ്കിലും എന്തായാലും ബാഹ്യമായുള്ള സുഖങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. കാരണം, അതാണതിന്‍റെ പ്രകൃതം. ജീവിതത്തിന് ആധാരമായിരിക്കുന്നത് എന്താണോ അതുമാത്രമേ സ്ഥിരമായ സുഖം തരികയുള്ളൂ. ഈ അടിസ്ഥാന തത്വത്തെയാണ് നമ്മള്‍ ശിവന്‍ എന്നു പറയുന്നത്. നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇത് അറിഞ്ഞനുഭവിക്കാന്‍ യോഗ്യരാവുന്നുള്ളൂ. ഈ പ്രപഞ്ചചിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതലമാണ് ശിവതത്വം. ജീവിതത്തിന്‍റെ പരിമിതികളെക്കുറിച്ച് ബോധമുള്ള വ്യക്തിക്ക് ഈ ജീവിതമെന്ന നാടകം രസകരമായി കണ്ടിരിക്കാം. എന്നാല്‍ ജിവിതം മുഴുവന്‍ ഈ നാടകത്തില്‍ മുഴുകിയിരുന്നാല്‍ ഒരുനാള്‍ വലുതായി ദു:ഖിക്കേണ്ടി വരുമെന്നു തീര്‍ച്ച. ഭാഗ്യശാലികളായി ചിലരുണ്ട്. അവരുടെ മിഥ്യഭ്രമങ്ങള്‍ കാലേതന്നെ പൊളിച്ചുമാറ്റപ്പെടുന്നു. മറ്റുള്ളവര്‍ക്കെല്ലാം അതു ബോദ്ധ്യപ്പെട്ടത് മരണശയ്യയില്‍ വെച്ചാണ്. അപ്പോഴാണ് ജിവിതം പാഴാക്കി കളഞ്ഞുവല്ലോ എന്ന ചിന്തയാല്‍ മനസ്സു തളരുന്നത്.

നേരം ഏറെ വൈകുന്നതിനു മുമ്പായി ഇത് നോക്കികാണാന്‍ ഞാനാഗ്രഹിക്കുന്നു. ജീവിതത്തില്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് സങ്കല്പിക്കൂ. ജനിച്ച നാള്‍ മുതല്‍ ആ നിമിഷംവരെ ചെയ്ത കാര്യങ്ങളെല്ലാം ഓര്‍ത്തോര്‍ത്തു നോക്കൂ. അതില്‍ കൊളളാവുന്നതായി എന്തെങ്കിലുമുണ്ടൊ? എന്നാല്‍ ഇപ്പോള്‍ത്തന്നെ ജീവിതത്തെ വിലയിരുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നിശ്ചയമായും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ക്കതിനെ രൂപപ്പെടുത്താം. അങ്ങനെയാവുമ്പോള്‍ ജീവിതത്തിന്‍റെ നിറങ്ങളെകുറിച്ചുമാത്രമല്ല അതിന്‍റെ നിലനില്പിന് കാരണമായ പ്രതലത്തെകുറിച്ചും നിങ്ങള്‍ ബോധവാനാകും. ബഹുഭൂരിഭാഗം ജനങ്ങളുടെ മനസ്സിലും ജീവിതത്തെ കുറിച്ചുള്ളത് വളറെ വളരെ ബാലിശമായ കുറെ ധാരണകളാണ്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് സമൂഹത്തില്‍ "ഒരാളാവാന്‍" നിങ്ങളെ പ്രാപ്തനാക്കുന്നു. എന്നാല്‍ അദ്ധ്യാത്മിക സാധനയിലൂടെ നിങ്ങള്‍ നേടുന്നത് നിങ്ങളുടെ ആന്തരിക വ്യാപാരങ്ങളെ എങ്ങനെ ഉദാത്തമാക്കാം എന്ന അറിവാണ്. ഇത് നിങ്ങളുടെ ശ്രദ്ധ ഉള്ളിലേക്കു തിരിക്കുന്നു. ജീവിതത്തിന്‍റെ അടിവേരുകളെ തൊട്ടറിയാന്‍ സഹായിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അദ്ധ്യാത്മികാനുഷ്ഠാനങ്ങളിലൂടെ നിങ്ങള്‍ നേടുന്നത്. അതിനെ പ്രവര്‍ത്തിപ്പിക്കാനും നിവൃത്തിപ്പിക്കാനും അറിഞ്ഞിരിക്കണം. അങ്ങനെയുള്ള മനസ്സാണ് മനുഷ്യനു പ്രയോജനപ്രദമാകുന്നത്. നിയന്ത്രണാതീതമല്ലാത്ത മനസ്സ് ചിത്തഭ്രമത്തിന് ഹേതുവാകുന്നു. ജനങ്ങളില്‍ വലിയൊരു ഭാഗം ആ അവസ്ഥയില്‍ കഴിയുന്നവരാണ്.


വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് സമൂഹത്തില്‍ "ഒരാളാവാന്‍" നിങ്ങളെ പ്രാപ്തനാക്കുന്നു. എന്നാല്‍ അദ്ധ്യാത്മിക സാധനയിലൂടെ നിങ്ങള്‍ നേടുന്നത് നിങ്ങളുടെ ആന്തരിക വ്യാപാരങ്ങളെ എങ്ങനെ ഉദാത്തമാക്കാം എന്ന അറിവാണ്.

അവനവനെ സംബന്ധിച്ച് സ്വതവേ നിങ്ങളിലുള്ള ധാരണ നിശ്ശേഷം തുടച്ചുമാറ്റുക. അതാണ് അദ്ധ്യാത്മിക സാധനയുടെ ലക്ഷ്യം. സ്ത്രീയാണ്. പുരുഷനാണ് എന്ന ഭേദചിന്ത പോലും ഇല്ലാതാകണം. ജീവന്‍റെ ഒരു തുണ്ടുമാത്രമായി നിലനില്‍ക്കുക. പരിണാമത്തിന്‍റെ ഏറ്റവും മുന്നറ്റത്ത് എത്തിനില്‍ക്കുന്നവരാണ് മനുഷ്യര്‍ എന്നാണ് പറയപ്പെടുന്നത്. സ്വന്തം ജീവിതത്തെ ഏറ്റവും അലങ്കോലപ്പെടുത്തിയിരിക്കുന്നവരും അവരാണ്. മനുഷ്യര്‍ക്കു മനസ്സുണ്ട്. എന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിഞ്ഞുകൂടാ സംഭവിക്കുന്നതെല്ലാം അവന്‍റെ വിചാരവികാരങ്ങള്‍ നിരന്തരമാകുന്ന അര്‍ത്ഥശൂന്യങ്ങളായ നാടകങ്ങളാണ്. നിങ്ങളുടെ മനസ്സ് എത്രത്തോളം സുന്ദരവും ശുദ്ധവുമാണൊ അതിനനുസരിച്ചിട്ടായിരിക്കും നിങ്ങളുടെ ജീവിതത്തിന്‍റെ സ്വഭാവവും. ആരും ഇത് കാണേണ്ടതില്ല. ആരുടേയും അംഗീകാരവും ആവശ്യമില്ല. ആരുടേയും ശ്രദ്ധ അതിലേക്കു തിരിയണമെന്നുമില്ല. പക്ഷെ ഇതാണ് ഏറ്റവും കാതലായ കാര്യം.

ഈ സാഹചര്യത്തില്‍ "ശിവശംഭോ" എന്ന നാമോച്ചാരണം നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും. അതിനര്‍ത്ഥം ശിവന്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്നല്ല.അവിടുന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ഇടപെടുകയില്ല. ഇത് മതപരമായ ഒരനുഷ്ഠാനമായും കാണേണ്ടതില്ല. മനസ്സിലെ ദുശ്ചിന്തകളെ അകറ്റി, ശബ്ദം എന്ന ഉപാധിയിലൂടെ എങ്ങനെ ശുദ്ധമാക്കാം എന്നാണ് ഇത് കാട്ടിത്തരുന്നത്. ബോധപൂര്‍വ്വം "ശിവശംഭോ" എന്ന് ജപിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിന് ഉണര്‍വ്വും, ബുദ്ധിക്കു തെളിമയും കൈവരും. ഒപ്പം പ്രാണശക്തി കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. ജീവിതം ധന്യമാകുന്നതായി സ്വയം അനുഭവപ്പെടും.