ഒരു തുണ്ട് മാംസത്തില്‍ നിന്നും ദൈവീകമായ ശക്തിയിലേക്ക്

from-a-peice-of-flush-to-divine-force

सद्गुरु

ശരീരത്തെ അബോധാവസ്ഥയില്‍നിന്നും ബോധാവസ്ഥയിലേക്ക് എങ്ങനെ ഉയര്‍ത്താം എന്ന് ഇവിടെ സദ്ഗുരു വിവരിക്കുന്നു. യോഗശാസ്ത്രമനുസരിച്ച് ശരീരം ദൈവീകമായിട്ടുള്ളതാണ്. എങ്ങനെയാണ് നമ്മുടെ ഓരോ പ്രവര്‍ത്തനത്തേയും ബോധപൂര്‍വമാക്കേണ്ടത്…? ചൈതന്യമില്ലാത്ത ഈ മാംസപിണ്ഡത്തെ എങ്ങനെയാണ് ദിവ്യമായൊരു ശരീരമാക്കി മാറ്റേണ്ടത്?

സദ്ഗുരു:- നമ്മുടെ ശരീരത്തില്‍ നമ്മള്‍ അറിയാതെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനെയൊക്കെയും നമ്മുടെ ബോധമണ്ഡലത്തിലേക്കു കൊണ്ടുവരിക. അതായത് എല്ലാ ആന്തരിക പ്രവര്‍ത്തനങ്ങളേയും നമ്മുടെ ഇച്ഛക്കനുസൃതമാക്കിമാറ്റുക. യോഗയുടെ മുഖ്യമായൊരു ലക്ഷ്യമാണിത്. നിങ്ങളുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, മറ്റു ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ സ്വഭാവികമായി നടക്കുന്നവയാണ്. അതു നമ്മുടെ അറിവും ഇടപെടലും കൂടാതെ സ്വതന്ത്രമായി നടന്നുപോകുന്നു. മാത്രമല്ല അതെല്ലാം നിര്‍ബന്ധപൂര്‍വ്വം നടന്നിരിക്കേണ്ട സംഗതികളുമാണ്. കാരണം ജീവന്‍ നിലനില്ക്കാന്‍ ആ വക പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരു. അതുകൊണ്ട് പ്രകൃതി തന്നെ ആ ഉത്തരവാദിത്വമേറ്റെടുത്തിയിരിക്കുകയാണ് …കാരണം, മനുഷ്യനിലുള്ള വിശ്വാസക്കുറവ്, ഇത്രയും നിര്‍ണായകമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിന്‍റെ ചുമതല നിങ്ങള്‍ക്കു വിട്ടുതന്നാല്‍…എന്തൊക്കെ ബുദ്ധിമോശമാണ് നിങ്ങള്‍ കാട്ടുക എന്നു പറയാനാവില്ല.

ശ്രദ്ധിച്ചിട്ടുണ്ടോ…? ചിലരുടെ മനസ്സ് നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അതിനെ അടക്കിയിരുത്താന്‍ അവര്‍ക്കാവില്ല. മനസ്സിനോടൊപ്പം അവരുടെ വിരലുകളും കൈകളും സദാ ചലിച്ചുകൊണ്ടിരിക്കും, അതിനേയും അവര്‍ക്കു നിയന്തിക്കാനാവില്ല. പ്രത്യേകിച്ചും ചെറുപ്പക്കാരുടെ ഇടയില്‍ ഇത് ധാരാളമായി കാണുന്നുണ്ട്. അവരുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ തന്നെ അവരുടെ കൈകളും, വിരലുകളും ചലിക്കാന്‍ തുടങ്ങുന്നു.

നിങ്ങളിലെ ബോധശക്തി ഉണര്‍ന്നു വികസിക്കുന്നതോടെ പ്രകൃതി നിങ്ങളെ വിശ്വസിക്കാന്‍ തുടങ്ങുന്നു. നിങ്ങളറിയാതെ, നിങ്ങളുടെ ഉള്ളില്‍ നടക്കുന്ന പലവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്രമേണ നിങ്ങള്‍ ബോധവാന്‍മാരാകുന്നു.

നിങ്ങളിലെ ബോധശക്തി ഉണര്‍ന്നു വികസിക്കുന്നതോടെ പ്രകൃതി നിങ്ങളെ വിശ്വസിക്കാന്‍ തുടങ്ങുന്നു. നിങ്ങളറിയാതെ, നിങ്ങളുടെ ഉള്ളില്‍ നടക്കുന്ന പലവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്രമേണ നിങ്ങള്‍ ബോധവാന്‍മാരാകുന്നു. അതുവരെ നിങ്ങളറിയാതെ നടന്നിരുന്ന കാര്യങ്ങള്‍ സാവധാനത്തില്‍ നിങ്ങളുടെ അറിവിന്‍റേയും, നിയന്ത്രണത്തിന്‍റേയും പരിധിയിലേക്കു വരുന്നു. ”അവനു ബോധം വെക്കുന്നുണ്ട്. കുറേശെയായി ഇനി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാം” പ്രകൃതി തീരുമാനിക്കുന്നു. ഏതൊരു പ്രവൃത്തിയും, ഒരിക്കല്‍ നിങ്ങളുടെ ബോധത്തിനു വഴങ്ങിക്കഴിഞ്ഞാല്‍, പിന്നെ സ്വന്തം ഇച്ഛക്കനുസരിച്ച് നിങ്ങള്‍ക്കതിനെ കൈകാര്യം ചെയ്യാനാവും.

അനിച്ഛാപൂര്‍വ്വം സംഭവിക്കുന്ന പ്രവൃത്തികളില്‍ ഒരുതരം നിസ്സഹായാവസ്ഥയുടെ അംശം കലര്‍ന്നിരിക്കും. നിങ്ങളുടെ ഇച്ഛക്കു വിധേയമായിരിക്കണം. അതിനു സാധിച്ചാല്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയം നേടി എന്നു പറയാം. ഇതൊരു സഞ്ചാരമാണ്… അനിച്ഛയില്‍ നിന്ന് ഇച്ഛയിലേക്കുള്ള യാത്ര.

നിങ്ങള്‍ സ്വേച്ഛയാ പ്രവര്‍ത്തിക്കുന്നവനാണോ? അതാണതിന്‍റെ അര്‍ത്ഥം. എല്ലാം നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്യുന്നു. സ്വന്തം ഇഷ്ടപ്രകാരം. ഒരു തരത്തിലുള്ള തള്ളലും അതിനു പുറകിലില്ല. അവനവന് ആവശ്യമുള്ളത് ചെയ്യുന്നു. ഇന്നമാതിരിയേ ഇരിക്കൂ എന്നില്ല. ഒരു കാര്യത്തിനും കൃത്യമായ ഒരു രീതിയും അളവുമില്ല. സംഗതി ആന്തരികമായാലും, ബാഹ്യമായാലും അതാതു സന്ദര്‍ഭത്തിന്‍റെ ആവശ്യമറിഞ്ഞ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു… ആവശ്യമായ രീതിയില്‍ അങ്ങനെ ചെയ്യുന്ന പ്രവൃത്തി എപ്പോഴും സഫലമായിരിക്കും. മറ്റുള്ളതെല്ലാം പാഴ്‌വേലകളുടെ ഗണത്തില്‍ പെടുന്നു.

ഞാനൊരു മലയുടെ മുകളിലേക്കു കയറിപ്പോവുകയാണെന്നു സങ്കല്‍പ്പിക്കൂ. ആ സമയം ഒരു പ്രത്യേകരീതിയിലായിരിക്കും എന്‍റെ ഹൃദയം മിടിക്കുക. എന്നാല്‍ സ്വസ്ഥമായി ഇരിക്കവേ ഹൃദയതാളം വേറൊരു വിധത്തിലായിരിക്കും, ഓര്‍ക്കേണ്ട കാര്യം ഇതാണ്, ശാന്തമായി ഇരിക്കുമ്പോഴും, മലകയറുമ്പോഴത്തെ രീതിയിലാണ് ഹൃദയം മിടിക്കുന്നതെങ്കില്‍… അതുശരിയല്ല… അവിടെ ഊര്‍ജം പാഴായിപോവുകയാണ്. അതു വൃഥാവേലയാണ്. ഈ പ്രവണത നിങ്ങളുടെ ഹൃദയത്തിന്‍റെയും, തലച്ചോറിന്‍റെയും, ശരീരത്തിന്‍റെ മറ്റുഭാഗങ്ങളുടേയും കാര്യത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍…ഒരു മനുഷ്യനെന്ന നിലയില്‍ നിങ്ങളുടെ ജീവിതം നിഷ്പ്രയോജനമാണ്.

സംഗതി ആന്തരികമായാലും, ബാഹ്യമായാലും അതാതു സന്ദര്‍ഭത്തിന്‍റെ ആവശ്യമറിഞ്ഞ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു… ആവശ്യമായ രീതിയില്‍ അങ്ങനെ ചെയ്യുന്ന പ്രവൃത്തി എപ്പോഴും സഫലമായിരിക്കും.

മനുഷ്യന്‍ അവനവനെകുറിച്ചുള്ള അറിവു നേടുന്നില്ല. അതിനുള്ള പ്രധാന കാരണം ഈ വക പാഴ് വേലകളില്‍ അവന്‍ മുഴുകിയിരിക്കുന്നു എന്നതാണ്. ആവിശ്യത്തിലധികം അനിച്ഛാ പ്രവൃത്തികള്‍ വ്യക്തിയുടെ അറിവു കൂടാതെയുള്ള – ശരീരത്തിനകത്തു നടക്കുന്നു. അങ്ങനെ വളരെയധികം ഊര്‍ജ്ജം പാഴായിപ്പോകുന്നു, അവനവന്‍റെ ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധമുണ്ടായിരിക്കുക, അതാണ് യോഗ. ആ അറിവില്ല എങ്കില്‍ യോഗയുമില്ല. യോഗ ആകാശത്തു നിന്നു പൊട്ടി വീണിട്ടുള്ളതല്ല… ഏതെങ്കിലും പുരാണത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളതല്ല. ഒരു മതത്തിന്‍റെയും തത്വശാസ്ത്രത്തിലും അതുള്‍പ്പെടുന്നില്ല. മനുഷ്യന്‍ എന്ന മഹായന്ത്രത്തെ സൂക്ഷ്മമമായി നിരീക്ഷിച്ച് മനസ്സിലാക്കിയതിന്‍റെ ഫലമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു ശാസ്ത്രമാണ് യോഗ…

അവയവങ്ങളുടെ രാജാവ്

യോഗിയെ സംബന്ധിച്ചിടത്തോളം ശരീരം വളരെ ദിവ്യമായിട്ടുള്ളതാണ്. അംഗരാജ് എന്നത് ശിവന്‍റെ ഒരു പര്യായപദമാണ്…തനതായൊരു ഭാവം, അതിനര്‍ത്ഥം അവയവങ്ങളുടെ രാജാവ് എന്നാണ്. നിങ്ങളില്‍ പലരും അംഗമര്‍ദ്ദനം ചെയ്യുന്നുണ്ടാകും, അത് അവയവങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടു വരാന്‍ സഹായിക്കുന്ന ഒരു ക്രിയയാണ്. ശിവനെ അംഗരാജന്‍ എന്നു വിളിക്കാന്‍ കാരണം, ശിവന് എല്ലാം അംഗങ്ങളിലും പൂര്‍ണ്ണമായി നിയന്ത്രണം ഉള്ളതുകൊണ്ടാണ്. അങ്ങനെ ആ ശരീരം മുഴുവനും തന്നെ ദിവ്യമായി തീര്‍ന്നിരിക്കുന്നു. ജഡമായ മനുഷ്യശരീരം നൂറു ശതമാനവും ചൈതന്യവത്തായി തീരുകയാണെങ്കില്‍… ശരീരം മുഴുവനും പൂര്‍ണ്ണബോധത്തോടു കൂടിയിട്ടുള്ളതാവുകയാണെങ്കില്‍… അതു ദിവ്യശരീരമായി. ശിവന്‍ അംഗരാജനാണെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അതാണ്. ജഡത്വം തീരെയില്ല…ഉള്ളത് നിറവാര്‍ന്ന ചൈതന്യം, ബോധം മാത്രം. കേവലം ഒരു മാംസംപിണ്ഡമായ ശരീരത്തെ ദിവ്യശരീരമാക്കി… ദേവതാസ്വരൂപമായി മാറ്റുക എന്നു പറയുന്നത് ഇതാണ്.

യോഗം ദേവന്മാരെ സൃഷ്ടിക്കുന്ന ശാസ്ത്രമാണ്. ഒരുയന്ത്രത്തെ അല്ലെങ്കില്‍ രൂപത്തെ സൃഷ്ടിക്കുന്നു. അതിലേക്ക് വിശേഷരീതിയിലുള്ള ഒരു ചൈതന്യത്തെ ആവാഹിക്കുന്നു. അങ്ങനെ ഒരു സാധാരണശിലയെ ദൈവികശക്തിയുടെ കേന്ദ്രമാക്കി മാറ്റുന്നു. ഒരു ശിലയെ ഇങ്ങനെ മാറ്റാമെങ്കില്‍ ഈ മനുഷ്യശരീരത്തെ എന്തുകൊണ്ട് അങ്ങനെ മാറ്റിയെടുത്തുകൂടാ? നിശ്ചയമായും അതു സാധിക്കാവുന്ന കാര്യമാണ്.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert