सद्गुरु

നിങ്ങളുടെ ക്ഷോഭത്തിന് അടിസ്ഥാന കാരണം മറ്റുള്ളവരല്ല, നിങ്ങള്‍ തന്നെയാണെന്നു മനസ്സിലാക്കി കഴിഞ്ഞാല്‍ ആ ക്ഷോഭം എത്രത്തോളം വിഡ്ഢിത്തമാണെന്നത് നിങ്ങള്‍ക്കു മനസ്സിലാകും.

ഒരു വൃക്ഷമോ, ചെടിയോ, വണ്ടോ, പ്രാണിയോ മറ്റുള്ളവരില്‍ മാറ്റം വരുത്താനായി പ്രവര്‍ത്തിക്കുന്നില്ല, സമ്മര്‍ദ്ദത്തിനിരയാകുന്നില്ല. അതുകൊണ്ട് അവ തങ്ങളുടെ സ്വാഭാവികതയോടെ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ മനുഷ്യന്‍ മാത്രം സ്വന്തം ആദര്‍ശങ്ങളെ മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അതിനു കൂട്ടു നില്‍ക്കാത്തവരോട് അവര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നു. നിങ്ങള്‍ക്ക് അനിഷ്ടകരമായ പ്രവൃത്തികള്‍ ഒരാള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കത് സഹിക്കാന്‍ പറ്റുന്നില്ല. നിങ്ങള്‍ക്കു ലഭ്യമായ അധികാരം ഉപയോഗിച്ച് നിങ്ങള്‍ അവരോട് ദേഷ്യപ്പെടുന്നു, ഭീഷണിപ്പെടുത്തുന്നു, ചിലപ്പോള്‍ ശിക്ഷിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്കും മറ്റൊരാള്‍ക്കും ഇടയ്ക്കു കത്തിച്ചുവയ്ക്കുന്ന ഒരു പടക്കത്തിരിയായി മാറിയേക്കാം.

നിങ്ങള്‍ക്ക് അനിഷ്ടകരമായ പ്രവൃത്തികള്‍ ഒരാള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കത് സഹിക്കാന്‍ പറ്റുന്നില്ല

നിങ്ങളുടെ ക്ഷോഭം ഒരു പാറയുടെ മേലായിരിക്കും, ദൈവത്തിനോടായിരിക്കും, സ്നേഹിതനോടായിരിക്കും, ഗുരുവിനോടായിരിക്കും. മറ്റുള്ളവര്‍ കാരണമാണ് നിങ്ങള്‍ക്കു ക്ഷോഭം വരുന്നത് എന്നു നിങ്ങള്‍ കരുതുന്നുവോ, എന്നാല്‍ ക്ഷോഭം എന്ന ഗുണം ആരുടേതാണ്. അത് എവിടെ ഉത്പാദിപ്പിക്കപ്പെടുന്നു, പുറത്താണോ?

അല്ല, അതു നിങ്ങളുടെ ഉള്ളിലാണ് വേരുറപ്പിച്ചിരിക്കുന്നത്. അതിനെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഉള്ളില്‍ കൊണ്ടുവന്നത്. ക്ഷോഭത്തെ ഒരു കഴിവ് എന്നു നിങ്ങള്‍ തെറ്റായി ധരിച്ചിരിക്കുന്നു. ക്ഷോഭം കൊണ്ട് എന്തൊക്കെയോ നേടാന്‍ കഴിയുമെന്നു നിങ്ങള്‍ വിചാരിക്കുന്നു. ക്ഷോഭം ഒരു ആയുധമാണെന്നു കരുതുന്നു, എന്നാല്‍ ആ ആയുധം മറ്റുള്ളവരുടെ നേരെ ഉപയോഗിക്കുമ്പോള്‍ അവരെ അതെത്രത്തോളം ബാധിക്കുന്നുവോ അതിനേക്കാളും കൂടുതല്‍ നിങ്ങളെ ബാധിക്കുകയല്ലേ. ക്ഷോഭിച്ചിരിക്കുമ്പോള്‍ ബുദ്ധി നേരെ ചൊവ്വേ പ്രവര്‍ത്തിക്കുകയില്ല. അതു കാരണം പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

ഒരു റോസാപ്പൂവിനെ കാണുന്ന മാത്രയില്‍തന്നെ ഒരാള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയാല്‍ പ്രശ്നം ആരുടേതാണ്, അയാളുടെതാണോ, പൂവിന്‍റേതാണോ?

അപ്പോള്‍ നിങ്ങളുടെ ക്ഷോഭത്തിന് അടിസ്ഥാന കാരണം മറ്റുള്ളവരല്ല, നിങ്ങള്‍ തന്നെയാണെന്നു മനസ്സിലാക്കി കഴിഞ്ഞാല്‍ ആ ക്ഷോഭം എത്രത്തോളം വിഡ്ഢിത്തമാണെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. ഇങ്ങനെ ഞാന്‍ പറയുമ്പോള്‍ "ദേഷ്യപ്പെടാതിരുന്നാല്‍ തെറ്റു ചെയ്തവര്‍ എങ്ങനെ അവരുടെ തെറ്റു മനസ്സിലാക്കും?" എന്നു നിങ്ങള്‍ ചോദിച്ചേക്കാം.

ഒരിക്കല്‍ ശങ്കരന്‍ പിള്ള അങ്ങാടിയില്‍ പോയി ഒരു കഴുതയെ കണ്ട് ഇഷ്ടപ്പെട്ട് അതിന്റെ വില ചോദിച്ചു. "ദയവുചെയ്ത് ഈ കഴുതയെ അടിക്കുകയും മറ്റും ചെയ്ത് ഇതിനെക്കൊണ്ട് പണിയെടുപ്പിക്കരുത്. സ്നേഹപൂര്‍വ്വം പറഞ്ഞാല്‍ അതനുസരിക്കും." കഴുതവ്യാപാരി പറഞ്ഞു.
"ങ്ഹാ സ്നേഹം കാണിച്ചാല്‍ അനുസരിക്കുന്ന കഴുതയോ"എന്നതിശയിച്ചുകൊണ്ട് കൂടുതല്‍ വിലകൊടുത്ത് അതിനെ വാങ്ങി ശങ്കരന്‍പിള്ള വീട്ടില്‍ കൊണ്ടുവന്നു.

അടുത്ത ദിവസം ശങ്കരന്‍പിള്ള കഴുതയുടെ അരികില്‍പോയി അതിനെ തലോടിയിട്ട്, "വരൂ ഓമനേ, പണിക്കു പോകാം" എന്നു സ്നേഹപൂര്‍വ്വം വിളിച്ചു.

കഴുത അനങ്ങിയില്ല. ശങ്കരന്‍പിള്ള അപേക്ഷിച്ചു. കഴുത അനുസരിച്ചില്ല. ശങ്കരന്‍പിള്ള കഴുതവ്യാപാരിയെ വിളിച്ചു കാര്യം പറഞ്ഞു. കഴുത വ്യാപാരി വന്ന് ഒരു വടിയെടുത്ത് കഴുതയെ അടിച്ചു.

കഴുത ഉടന്‍തന്നെ എണീറ്റ് പണി ചെയ്യാന്‍ തയ്യാറായി. ശങ്കരന്‍പിള്ളയ്ക്ക് ദേഷ്യം വന്നു.

"ഒരു മുരടനായ കഴുതയെപ്പോലും ഇത്ര ശക്തിയായി ഞാന്‍ അടിച്ചിട്ടില്ല. എന്നിട്ട് നീ ഇതിനെ ഇങ്ങനെ അടിച്ചുവല്ലോ. സ്നേഹപൂര്‍വ്വം പറഞ്ഞാല്‍ അനുസരിക്കും എന്നു പറഞ്ഞു നീ എന്നെ ചതിച്ചു, അല്ലേ?" എന്നു ചോദിച്ചു.

"അല്ല. ഞാനിപ്പോഴും പറയുന്നു. സ്നേഹവാക്കുകള്‍ പറഞ്ഞാല്‍ മതി. പക്ഷേ കഴുതയുടെ ശ്രദ്ധയെ നമ്മിലേക്ക് തിരിക്കണമെങ്കില്‍ ആദ്യം ഒന്നു രണ്ടു അടികള്‍ ആവശ്യമാണ്" കഴുത വ്യാപാരി പറഞ്ഞു.

മറ്റുള്ളവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ചിലപ്പോള്‍ ഇങ്ങനെ ചെയ്യേണ്ടിവരും, പക്ഷേ അതിനു ക്ഷോഭം ആവശ്യമില്ല. നിങ്ങളുടെ താഴെയുള്ള ആള്‍ ഓഫീസിലെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു ചിലപ്പോള്‍ മൗനമായിരിക്കാന്‍ സാധിക്കില്ല, നടപടികള്‍ എടുക്കേണ്ടി വരും. ആദ്യം മുതല്‍ തന്നെ നിങ്ങള്‍ അയാളോട് സ്നേഹത്തോടുകൂടിയാണ് ഇടപെട്ടിരുന്നതെങ്കില്‍ അയാള്‍ക്കു നിങ്ങളുടെ മേല്‍ വിശ്വാസം ഉണ്ടായിരിക്കും. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ടുമാത്രമാണ് നിങ്ങള്‍ക്ക് വിഷമത്തോടുകൂടി ആ തീരുമാനം എടുക്കേണ്ടിവന്നത് എന്ന് അയാള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങളോടുള്ള ബഹുമാനം ഒട്ടും കുറയില്ല, സൗഹൃദവും കുറയില്ല. എന്നാല്‍ നിങ്ങള്‍ അധികാരം പ്രയോഗിച്ച് അതില്‍ നിന്നും കിട്ടുന്ന അല്‍പ സന്തോഷത്തിനുവേണ്ടി നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍, അയാള്‍ക്കു നിങ്ങളോട് വെറുപ്പു തോന്നാം. അയാള്‍ നിങ്ങളെ വീഴ്ഹത്തുവാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യും.

ലോകത്തില്‍ അധികാരപ്രമത്തത കാണിച്ചു ഭരിക്കാമെന്ന് കരുതുന്ന സ്ഥലങ്ങളില്‍ പല വിപ്ലവങ്ങളും ഇങ്ങനെയാണ് പൊട്ടിത്തെറിക്കുന്നത്. നിങ്ങളെ ഭരിക്കുന്ന ആളെയാണോ നിങ്ങള്‍ക്ക് ഇഷ്ടം അതോ നിങ്ങളുടെ തോളില്‍ കൈ ചേര്‍ത്തു നടക്കുന്ന സുഹൃത്തിനെയാണോ നിങ്ങള്‍ക്കിഷ്ടം? ഓരോ സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയില്‍ പ്രവൃത്തിക്കേണ്ടിവരും, എന്നാല്‍ നിങ്ങളുടെ അടിസ്ഥാനതത്വമായ സ്നേഹം ഒരിക്കലും പ്രവൃത്തിയില്‍ കാണപ്പെടാതെ പോകരുത്. അപ്പോള്‍ മാത്രമേ ആരെയും വേദനിപ്പിക്കാതെ നിങ്ങള്‍ക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

സഹജീവിയേക്കാളും നിങ്ങള്‍ ഉയരത്തിലാണെന്ന് അഹങ്കരിക്കുന്ന സ്വഭാവം നിങ്ങള്‍ക്ക് ഒരിക്കലും പുരോഗമനം തരില്ല

ഞാന്‍ കാരുണ്യത്തോടുകൂടി കാര്യങ്ങളെ സമീപിക്കുമ്പോള്‍ മറ്റുള്ളവര്‍ നന്ദി കാണിക്കുന്നതിനു പകരം അതെന്‍റെ ദൗര്‍ബല്യമാണെന്നു കരുതുന്നു., അതെന്തുകൊണ്ട്?

നിങ്ങള്‍ മഹാമനസ്ക്കനാണെന്നുള്ള വിചാരം എപ്പോഴാണ് നിങ്ങള്‍ക്കുണ്ടാകുന്നത്, അന്യരെ ഭിക്ഷക്കാരനാണെന്നു കരുതുമ്പോഴല്ലേ? ഒരാളിനോടു കരുണ കാണിക്കുമ്പോള്‍, നിങ്ങളുടെ ഉള്ളില്‍ ക്രൂരത ഉണ്ടായിരുന്നിട്ടും നിങ്ങള്‍ അതു പ്രയോഗിക്കുന്നില്ല എന്നുള്ള അഹങ്കാരം അല്ലേ വാസ്തവത്തില്‍ തെളിയുന്നത്. ഒരാളിനോടു ക്ഷമിച്ചു എന്നു നിങ്ങള്‍ അഹങ്കരിക്കുമ്പോള്‍ അയാളെ കുറ്റവാളിയായി കാണുന്നു എന്നല്ലേ അര്‍ത്ഥം വരുന്നത്? നിങ്ങളോടു മറ്റുള്ളവര്‍ നന്ദി പ്രകടിപ്പിക്കണം എന്ന പ്രതീക്ഷ, നിങ്ങള്‍ അയാളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു എന്നല്ലേ തെളിയിക്കുത്?
നിങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന മൃഗത്തിന് അപ്പോഴപ്പോള്‍ കരുണ, മാപ്പ്, നന്ദി തുടങ്ങിയ വസ്ത്രങ്ങള്‍ അണിയിച്ച് നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

സഹജീവിയേക്കാളും നിങ്ങള്‍ ഉയരത്തിലാണെന്ന് അഹങ്കരിക്കുന്ന സ്വഭാവം നിങ്ങള്‍ക്ക് ഒരിക്കലും പുരോഗമനം തരില്ല. ഞാന്‍ വേറെ. അയാള്‍ വേറെ എന്നല്ല. ഉള്ളത് എല്ലാവരും പങ്കിട്ടെടുക്കാന്‍ വേണ്ടിയാണ് വന്നിരിക്കുന്നത് എന്ന മഹാസത്യം മനസ്സിലാകുംവരെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ദൗര്‍ബല്യം തന്നെയാണ്.

https://www.publicdomainpictures.net