ചോദ്യം: സദ്ഗുരു, എന്തുകൊണ്ടാണ് ധ്യാനലിംഗത്തിന് ഒരു കുംഭഗോപുരത്തിന്‍റെ ആകൃതി അതിന് ശാസ്ത്രീയമായ കാരണങ്ങള്‍ വല്ലതും ഉണ്ടോ?

സദ്ഗുരു: പ്രകാശം, താപം എന്നിങ്ങനെ ചുറ്റിലും പ്രസരിക്കുന്നതെന്തും ഒരു വൃത്താകാരത്തിലാണ് ഒളിചിതറുന്നത്. ചതുരാകൃതിയിലായിരുന്നു അതു പണിയുന്നതെങ്കില്‍ അതിനകത്ത് നിങ്ങള്‍ക്കൊരു സ്ഥാനഭ്രംശം സംഭവിച്ച പ്രതീതീയാണുണ്ടാവുക. ധ്യാനലിംഗത്തിന് വൃത്താകൃതി നല്‍കിരിക്കുന്നത് അതുകൊണ്ടാണ്.

പിന്നെ ഇതെല്ലാം ആര്‍ക്കുവേണ്ടിയാണോ പണിയുന്നത് ആ ആള്‍ (ആദിയോഗി ശിവന്‍) ആടയാഭരണങ്ങളും അലങ്കാരങ്ങളും അധികം ഇല്ലാത്ത ആളുമാണല്ലോ! പിന്നെ ഞങ്ങളാല്‍ സാധ്യമാവുന്നതൊക്കെ ചെയ്യുന്നു, അത്രതന്നെ.

ധ്യാനലിംഗ കെട്ടിട ശൃംഖലയുടെ രൂപകല്‍പ്പനയില്‍ എന്‍റെ മനസ്സ് വിട്ടുവീഴ്ചകള്‍ നടത്തിയ രീതി, ഓര്‍ക്കുമ്പോള്‍ ഞാന്‍ സ്വയം വിനയാന്വിതനാവുന്നു. ഓരോ തവണ അതില്‍ക്കൂടെ കടന്നുപോകുമ്പോഴും, എനിക്കറിയാം, അത് സത്യത്തില്‍ എപ്രകാരം ആവാമായിരുന്നുവെന്ന്‍. ഇപ്പോള്‍ ഞങ്ങള്‍ പണിത് തീര്‍ത്തത് എങ്ങനെയെന്നും. എല്ലാം സാമ്പത്തികവും സമയപരവുമായ പരിമിതകളുടെ ഫലമായിരുന്നു. ഭൂമിയില്‍ നിന്ന് 60 അടി താഴ്ചയിലായിരുന്നു ആദ്യം ധ്യാനലിംഗ കെട്ടിടത്തിന്‍റെ നിര്‍മ്മാണം സങ്കല്‍പ്പിച്ചിരുന്നത്. അതിനെ വലം ചെയ്തുകൊണ്ടൊരു കുളവും. അതു നിര്‍മിക്കാനുള്ള ഏറ്റവും മികച്ച രീതി അതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിന്‍റെ നിര്‍മാണ വേളയില്‍ എന്‍റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നുപോവകയായിരുന്നു. അതിനാല്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ എനിക്കതിന്‍റെ പണി പൂര്‍ത്തിയാക്കണമായിരുന്നു. പിന്നെ സമയവും സാമ്പത്തികവും പരിമിതമായതിനാല്‍ ഞാന്‍ രണ്ടാമത്തെ രൂപകല്‍പ്പനയ്ക്കു സമ്മതം മൂളി. പക്ഷേ അതും ചെലവേറിയ ഒന്നായതിനാല്‍ മൂന്നാമത്തെ മാതൃക സ്വീകരിച്ചു. ഇനിയിപ്പോള്‍ അതില്‍ പരമാവതി സാധ്യതകളെ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. പിന്നെ ഇതെല്ലാം ആര്‍ക്കുവേണ്ടിയാണോ പണിയുന്നത് ആ ആള്‍ (ആദിയോഗി ശിവന്‍) ആടയാഭരണങ്ങളും അലങ്കാരങ്ങളും അധികം ഇല്ലാത്ത ആളുമാണല്ലോ! പിന്നെ ഞങ്ങളാല്‍ സാധ്യമാവുന്നതൊക്കെ ചെയ്യുന്നു, അത്രതന്നെ.

വാസ്തുവിദ്യാപ്രകാരം ധ്യാനലിംഗ കുംഭഗോപുരത്തിന്‍റെ ആകൃതി അപൂര്‍വ്വമാണ്. പൊതുവെ അര്‍ദ്ധവൃത്താകൃതിയിലാണവ പണിയുക. താജ്മഹലും ഗോള്‍ഗുമ്പസും പോലെ. പക്ഷേ സ്റ്റീലും കോണ്‍ക്രീറ്റും സിമന്‍റും ഒന്നുമില്ലാതെ അണ്ഡാകാരത്തിന്‍റെ ഒരുഭാഗം കുത്തനെ നിര്‍ത്തുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. ഒറ്റ നോട്ടത്തില്‍ ഒരു അര്‍ദ്ധഗോളമായി തോന്നുമെങ്കിലും ഒരു അണ്ഡാകാരത്തിന്‍റെ പകുതി ഭാഗമാണത്. ഒരു ലിംഗവും അണ്ഡാകൃതിയില്‍ ആണല്ലോ, അതുകൊണ്ട് ശിവലിംഗ ഊര്‍ജ്ജത്തിന്‍റെ പ്രതീകമായി ഒരു അണ്ഡാകാര കുംഭഗോപുരം തന്നെയാണ് ഉചിതമെന്ന് ഞങ്ങള്‍ക്ക് തോന്നി.

സ്റ്റീലും കോണ്‍ക്രീറ്റും സിമന്‍റും ഒഴിവാക്കി ചുടുകട്ടകള്‍ മാത്രം ഉപയോഗിച്ചാണ് അതു പണിതത്. കാരണം ഏറ്റവും മികച്ച നിലവാരത്തില്‍ പണിത കോണ്‍ക്രീറ്റ് പോലും ഏതാണ്ട് 125 വര്‍ഷമൊക്കെയേ നിലനില്‍ക്കൂ. ഒരു പക്ഷെ അവിടെ താമസിക്കാവുന്ന വരും തലമുറയെ അപകടത്തിലാക്കരുതല്ലോ. ഒരു നൂറ് വര്‍ഷം കഴിയുമ്പോള്‍ ധ്യാനലിംഗാശ്രമത്തിന്‍റെ സിമന്‍റ് തൂണ് ആരുടെയെങ്കിലും മുകളില്‍ വീണാല്‍ എന്താവും കഥ? അതിനാല്‍ മൂവായിരമോ, അയ്യായിരമോ വര്‍ഷം നിലനില്‍ക്കും വിധമാണ് കെട്ടിടം പണിയുന്നത്. മൊസൊപ്പോട്ടോമിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെ ഉത്പന്നങ്ങള്‍ നോക്കിയാലറിയാം, കളിമണ്‍ പാത്രങ്ങളുടെ ശേഷിപ്പുകളാണ് അധികവും ലഭിക്കുന്നതെന്ന്. അവ കാലാകാലവും നിലനില്‍ക്കുന്നവയാണ്. ഇഷ്ടികകളും ഒരു തരത്തില്‍ കളിമണ്‍ പാത്രങ്ങള്‍ പോലെ കാലാതിവര്‍ത്തിയാണ്.

പുതിയ കാല കെട്ടിടങ്ങളിലെന്ന പോലെ മേല്‍ക്കൂരയും തറയും തമ്മിലുള്ള സമര്‍ദ്ദത്തിലല്ല ആശ്രമം പടുതുയര്‍ത്തിയിരിക്കുന്നത്. മിക്ക ആധുനിക കെട്ടിടങ്ങളിലും മേല്‍ക്കൂരയും തറയിലെ ഗുരുതാകര്‍ഷണ ശക്തിയും തമ്മില്‍ ശക്തമായൊരു പിടിവലി നടക്കുന്നുണ്ട്, മേല്‍ക്കൂരയെ താഴോട്ട് വലിച്ചിടാനാണ് ഗുരുത്വാകര്‍ഷണത്തിനിഷ്ടം. എന്നാല്‍ മേല്‍ക്കൂരക്ക് അതിനെ ഉയര്‍ത്തി നിര്‍ത്തണമെന്നും ആ വടംവലിയില്‍ ഒടുക്കം ഗുരുത്വാകര്‍ഷണം തന്നെ ജയിക്കും. ഇവിടെ ധ്യാനലിംഗ ഗര്‍ഭ ഗൃഹം പണിതിരിക്കുന്നത് ചുടുകട്ടകള്‍, ചളി, ചുണ്ണാമ്പ് കല്ല് മറ്റ് പ്രകൃതിദത്ത സാമഗ്രികള്‍ എന്നിവയാലാണ്. എല്ലാ ചുടുകട്ടകളും ഒരേ സമയം മുകളില്‍ നിന്ന് താഴോട്ട് വരാന്‍ ശ്രമിക്കുന്നതിനാല്‍ അവ അങ്ങിനെ അങ്ങ് താഴോട്ട് പതിക്കില്ല എന്നതാണ് അതിലെ ലളിതമായ യുക്തി. പത്താളുകള്‍ ഒരു വാതിലിലൂടെ ഒരുമിച്ച് കടക്കുവാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ആര്‍ക്കും കടക്കുവാനാകില്ല; ഒരാളെങ്കിലും അതില്‍ നിന്നും പിന്‍വാങ്ങാനുള്ള മര്യാദ കാണിക്കാത്തിടത്തോളം. അതുകൊണ്ട് മേല്‍ക്കൂരയിലെ ചുടുകട്ടകളില്‍ ഒന്നിനെങ്കിലും അങ്ങനെ ഒരു മര്യാദ തോന്നാന്‍ ഇടയില്ലാത്തിടത്തോളം അത് നിലം പൊത്തില്ലെന്ന് ആശ്വസിക്കാം.

മണലിന്‍റെ അടിത്തറക്ക് മേലാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. അടിയില്‍ ആഴത്തില്‍ കുഴിച്ച് ആദ്യം മണല്‍ നിറച്ചു. അതൊരു കുഷ്യന്‍ പോലെ പ്രവര്‍ത്തിക്കും. ഭൂമിയിലെ പ്രകമ്പനങ്ങളെയെല്ലാം അത് വലിച്ചെടുക്കും.

നന്നായി വേവിച്ചെടുത്തുവെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂര്‍ വെളളത്തില്‍ ഇട്ടുവെച്ചവയാണ് ഓരോ ചുടുകട്ടയും. വേവാത്ത ഇഷ്ടികകള്‍ വെളളത്തിലിട്ടാല്‍ വേഗം അലിഞ്ഞ് പോകും. 24 മണിക്കൂര്‍ വെള്ളത്തിലിട്ടിട്ടും അലിയാത്തവ നന്നായി ചുട്ടെടുത്തവയാണ്. നിര്‍മ്മാണത്തിന് ഉപയോഗിച്ച ചുടുകട്ടകള്‍ മില്ലിമീറ്റര്‍ തോതില്‍ ഞങ്ങള്‍ അളന്നു. വ്യത്യസ്തമായ വലിപ്പമാകുമ്പോള്‍ എളുപ്പത്തില്‍ വീഴും. ഒരു വലയത്തില്‍ ഇഷ്ടികകള്‍ ഓരോന്നായി നിരത്തിക്കൊണ്ട് പണി തുടങ്ങി. ഇഷ്ടികകളുടെ ഒരു നിര വെച്ച് തുടങ്ങിയാല്‍ അത് ആ ദിവസം തന്നെ പൂര്‍ത്തീകരിച്ചിരിക്കണം. അല്ലാത്ത പക്ഷം ഒരു രാത്രി കൊണ്ട് ഇടിഞ്ഞ് വീഴും. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം മുഴുമിപ്പിച്ചാല്‍ പിന്നെ വീഴുകയുമില്ല.

ഇഷ യോഗകേന്ദ്രം നിലനില്‍ക്കുന്നിടം ഭൂകചലന സാധ്യതയുളള പ്രദേശമാണ്. അതുകൊണ്ട് മണലിന്‍റെ അടിത്തറക്ക് മേലാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. അടിയില്‍ ആഴത്തില്‍ കുഴിച്ച് ആദ്യം മണല്‍ നിറച്ചു. അതൊരു കുഷ്യന്‍ പോലെ പ്രവര്‍ത്തിക്കും. ഭൂമിയിലെ പ്രകമ്പനങ്ങളെയെല്ലാം അത് വലിച്ചെടുക്കും.

ഒരു പൊടിക്ക് അഹങ്കാരം പറയുകയാണെങ്കില്‍, കുംഭഗോപുരത്തിന് ഒമ്പത് ഫൂട്ട് വലിപ്പത്തില്‍ ഒരു ദ്വാരവും ഞങ്ങള്‍ ഇട്ടിട്ടുണ്ട്. ചൂടുവായു പുറംതളളാനുള്ള ഒറ്റ സൂത്രപ്പണിയാണ്. പൊതുവേ, കുംഭഗോപുരങ്ങള്‍ക്ക് ദ്വാരം സാധ്യമല്ലെന്ന ഒരു ധാരണയുണ്ട്. 'കുംഭഗോപുരങ്ങള്‍ അടഞ്ഞതായിരിക്കണം,അല്ലെങ്കില്‍ ഇടിഞ്ഞ് വീഴും' എന്ന് അവര്‍ പറയും. 'പേടിക്കെണ്ടെന്ന, അത് നില്‍ക്കുന്നത് അതിന്‍റെ ബലത്തിലൊന്നുമല്ല' എന്ന് ഞാന്‍ ആശ്വസിപ്പിക്കും. ധ്യാനലിംഗ കുംഭഗോപുരം ഭൂമിയുടെ ശക്തികളുമായി രമ്യതയിലാണ്അത് വിശ്രമത്തിലാണ്. അല്ലെങ്കില്‍ ധ്യാനത്തിലാണെന്നും പറയാം! കാരണം ധ്യാനലിംഗ ഗര്‍ഭ ഗൃഹത്തിന്‍റെ ഉള്ളില്‍ യാതൊരു അസ്വസ്ഥകള്‍ക്കും ഇടയില്ല. 'കെട്ടിടത്തിനു പോലും ധ്യാനിക്കാമെങ്കില്‍, നിങ്ങള്‍ക്കതൊന്നും ഒരു പ്രശ്‌നമേയല്ലെന്ന്' ഞാന്‍ എല്ലാവരോടും പറയാറുമുണ്ട്.

ആശ്രമനിര്‍മ്മിതിക്ക് ഞങ്ങള്‍ ഉപയോഗിച്ച നൂറ്റിഎണ്‍പതിനായിരം ചുടുകട്ടകളും അളന്നതും പടുതുയര്‍ത്തിയതും വളണ്ടിയര്‍മാരാണ്. അവരെയെല്ലാം വിളിച്ചിരുത്തി ഞാന്‍ പറഞ്ഞു, ദേ നമ്മുടെ ആശ്രമം ഇപ്രകാരമുളള മാതൃകയിലാണ്. ഇനി അതിന്‍റെ ചുമതല നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്. ഏതെങ്കിലും ഒരു ചുടുകട്ട മില്ലിമീറ്റര്‍ കുറഞ്ഞുപോയാല്‍ മതി, സംഗതി ഒന്നടങ്കം നിലംപൊത്തും.' എന്നാല്‍ രാപ്പകല്‍ ഉറക്കമിളച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇഷ്ടികകള്‍ അളന്നു തിട്ടപ്പെടുത്തി. ഞാന്‍ ആഗ്രഹിച്ചതും അതായിരുന്നു. ഈശ്വരപ്രേമത്തില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന ഒരു ആശ്രമം, അല്ലാതെ ആരുടേയും നിര്‍ബന്ധത്താല്‍ അല്ല!.