ചോദ്യം: സദ്ഗുരു, നമ്മള്‍ കൈലാസത്തിലേക്ക് പോകുന്നത് യാത്രക്കാരായാണെങ്കില്‍ അങ്ങോട്ടേക്കുള്ള പാതയില്‍ നമ്മള്‍ അല്പം കൂടുതല്‍ തേയ്മാനം വരുത്തുന്നതായും, എന്നാല്‍, തീര്‍ത്ഥാടകരായാണ് പോകുന്നതെങ്കില്‍ നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള എന്തോ ഒന്നിന് നമ്മള്‍ തേയ്മാനം സൃഷ്ടിക്കുന്നതായും അങ്ങ് പറയുന്നു. കൈലാസയാത്രയ്ക്കുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ നമ്മുടെ ഉള്ളിലുള്ള ഭാരം എങ്ങനെയാണ് കുറയ്ക്കുക?

സദ്ഗുരു: എന്തിനെയാണ് നിങ്ങള്‍ 'എന്നെ' എന്നു വിളിക്കുന്നത്? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു വസ്തുവല്ല. അനുഭവങ്ങളും യോഗ്യതകളും ചേരുവകളായ ഒരു ചിത്രമാണു നിങ്ങള്‍. നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടും തീര്‍ച്ചയായും ഇക്കൂട്ടത്തില്‍പ്പെടും. നിങ്ങള്‍ ഒരു അംശമാണ്. എല്ലാം മാറ്റിവെയ്ക്കുകയും ജീവിതത്തിന്‍റെ ഒരു കഷ്ണമായി നിങ്ങള്‍ നടക്കുവാന്‍ ശീലിക്കുകയാണെങ്കില്‍, മാതാപിതാക്കളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, കോളേജില്‍ നിന്നോ, യോഗ്യതകളില്‍ നിന്നോ ലഭിക്കാത്ത എന്തോ ഒന്ന്‍ നിങ്ങള്‍ക്കുണ്ടാകും. ആ ഒരു സംഗതിയെ അലങ്കരിക്കാന്‍ വേണ്ടി മാത്രമാണ് നമ്മുടെ ശരീരവും ജീവിതത്തിലെ മറ്റെല്ലാം നമ്മള്‍ സ്വരുക്കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ അലങ്കാരങ്ങള്‍ അത്രയേറെ വലുതായിരിക്കുന്നതിനാല്‍ എന്തിനെയാണോ അലങ്കരിക്കുന്നത്, അതിനെ നമ്മള്‍ മറന്നു പോയിരിക്കുന്നു.

ജീവിതത്തെ അലങ്കരിക്കല്‍

ഒരാള്‍ തന്‍റെ ജീവിതത്തില്‍ എന്തു ചെയ്യുന്നുവെന്നത് ഒരു വിഷയമല്ല. ഒരാള്‍ വൈകുന്നേരങ്ങളില്‍ മദ്യപിക്കുന്നു, അഭിരമിക്കുന്നു, വേറൊരാള്‍ അമ്പലത്തില്‍ ഭജന പാടുന്നു. ഇനിയുമൊരാള്‍ ധ്യാനിക്കുന്നു. മറ്റൊരാള്‍ കൈലാസത്തില്‍ പോകാനാഗ്രഹിക്കുന്നു. വേറൊരാള്‍ പണമുണ്ടാക്കുന്നതിന് വ്യഗ്രത കാണിക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുന്നതിലൂടെ സ്വന്തം ജീവിതം മെച്ചപ്പെടുത്താനാണ് ഇവരെല്ലാം ശ്രമിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം അതു നേടിത്തരുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.

ജീവിതം മെച്ചപ്പെടുത്താന്‍ നമ്മള്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം അതിനെ അലങ്കരിക്കലാണ്. നിങ്ങള്‍ ഒരു ജോഡി വസ്ത്രം ധരിക്കുകയാണെങ്കില്‍ അത് ആകര്‍ഷകം തന്നെ. മലമുകളിലാണെങ്കില്‍ കാലാവസ്ഥ ഹേതുവായി ഒന്നിന് മുകളില്‍ മറ്റൊന്നായി നാലു ജോഡി വസ്ത്രങ്ങള്‍ ധരിക്കാനിടയുണ്ട്. എന്നാല്‍ നിങ്ങളുടെ വകയായി ഇരുപത്തിയഞ്ച് ജോഡി വസ്ത്രങ്ങളുണ്ട് എന്നതുകൊണ്ട് മാത്രം ഒരേ സമയത്ത് അവ മുഴുവന്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകുമോ? പന്ത്രണ്ടു ജോഡി പാദരക്ഷകള്‍ എങ്ങനെയാണ് നിങ്ങള്‍ ഒരേ സമയത്ത് അണിയുക?

ഈ അലങ്കാരങ്ങള്‍ നാം അലങ്കരിക്കുന്ന വസ്തുവിനേക്കാള്‍ വലുതായി മാറുന്നു. കാരണം ഉള്ളിലെവിടേയോ നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്നത് വസ്തുക്കള്‍ കുന്നുകൂടുക വഴിക്ക് നമുക്ക് കൂടുതല്‍ വളരാമെന്നാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സുഖസൗകര്യങ്ങള്‍ കൈവരുത്താന്‍ സാധിക്കും, ജീവിതം മെച്ചപ്പെടുത്താന്‍ കഴിയില്ല. 'വസ്തുക്കള്‍' എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് ആളുകള്‍, ബന്ധങ്ങള്‍, സ്വന്തമെന്ന് നിങ്ങള്‍ കരുതുന്ന സംഗതികള്‍ എന്നിവയുള്‍പ്പെടെ എല്ലാറ്റിനേയുമാണ്. വലിയവനാകാമെന്ന ധാരണയില്‍ ഇത്തരം എല്ലാ വസ്തുക്കളും നിങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് ഉള്‍ച്ചേര്‍ത്തിയിരിക്കുകയാണല്ലോ. എല്ലാം തികഞ്ഞവനെന്ന മിഥ്യാബോധമാകും ഇത് നിങ്ങള്‍ക്ക് സമ്മാനിക്കുക. എന്നാല്‍ ഇതിന്‍റെ ഒരു ഭാഗം അടര്‍ന്ന് വീണാല്‍ താന്‍ ഒന്നുമല്ലാതായിരിക്കുന്നുവെന്ന തോന്നല്‍ ഉടന്‍ നിങ്ങള്‍ക്കുണ്ടാകുന്നു.

നിങ്ങള്‍ വഹിക്കുന്നത് ഒടു ടണ്‍ പാറക്കല്ലുകളോ, സ്വര്‍ണ്ണക്കട്ടികളോ എന്നതല്ല കാര്യം. ശിരസ്സിലിരിക്കുമ്പോള്‍ രണ്ടും ഒരേ അവസ്ഥയാകും ഉണ്ടാക്കുക.

ഈ ലോകത്ത് മരണപ്പെടുന്ന ഒരാള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ടവനാണെങ്കില്‍ പെട്ടെന്ന് എല്ലാം തകര്‍ന്നടിഞ്ഞതായി നിങ്ങള്‍ക്കു തോന്നുന്നു. ഇവിടെ ആകപ്പാടെ സംഭവിക്കുന്നത് 7.4 ബില്യണ്‍ ആളുകളില്‍ നിന്നും ഒരാള്‍ കുറയുന്നുവെന്നതാണ്. ഇങ്ങനെ പറയുന്നത് ക്രൂരവും വികാരരഹിതവുമാണെന്ന് തോന്നാം. എന്നാല്‍ അതല്ല കാര്യം, ഞാന്‍ വികാരങ്ങളില്ലാത്ത ഒരാളല്ല. ആളുകളുമായി മനോഹരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ എന്തുകൊണ്ടാണ് ഈയൊരാള്‍ മരിക്കുമ്പോള്‍ എല്ലാം തകര്‍ന്നതായി തോന്നുന്നത്? മറ്റാരെങ്കിലും മരണപ്പെടുമ്പോള്‍ അതു വിഷയമാകാതിരിക്കുന്നത്?

ഇവിടെയാണ് തീരെ കുട്ടിക്കാലം മുതല്‍ മുന്‍വിധിയുടെ കാലുഷ്യം നമ്മളില്‍ കുത്തിവെയ്ക്കപ്പെടുന്നത്. അവര്‍ നിങ്ങളോട് പറയുന്നു; നമ്മള്‍ മൂന്നു പേരും ഒന്നാണ്. മറ്റുള്ളവര്‍ നമ്മളോടൊപ്പമുളളവരല്ല. ഇതിനെയാണ് കുടുംബമെന്നു വിളിക്കുന്നത്. ഒന്നാമത്തെ കുറ്റകൃത്യമാണിത്. ഇത് പിന്നീട് പല അടരുകളായി പെരുകുന്നു. സമൂഹം, മതം, വംശം, രാഷ്ട്രം എന്നിങ്ങനെ. ആളുകള്‍ പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ ഇത്രയേറെ അക്രമോത്സുകത നിലനില്‍ക്കുന്നത് എന്തുകൊണ്ടെന്ന് നമ്മള്‍ അത്ഭുതം കൂറുന്നു. അതെ, നമ്മുടെ തന്നെ സൃഷ്ടിയാണ് ഇതെല്ലാം.

കല്ലോ സ്വര്‍ണ്ണമോയെന്നത് ഒരു വ്യത്യാസമുണ്ടാക്കുന്നില്ല

കെട്ടിടം ഭംഗിയുള്ളതോ വിരൂപമോയെന്നത് വിഷയമല്ല. നിങ്ങള്‍ ഒരു ടണ്‍ കല്ല്‌ ചുമക്കുന്നുവെന്നതാണ് പ്രശ്‌നം. അത് നിങ്ങളുടെ ശിരസ്സിലിരിക്കുമ്പോള്‍ ഭാരം ഭാരം തന്നെ. ഞാന്‍ നിങ്ങള്‍ക്ക് ഒടു ടണ്‍ സ്വര്‍ണ്ണം നല്‍കുന്നുവെന്ന് കരുതുക. അത് മുഴുവന്‍ നിങ്ങള്‍ ശിരസ്സില്‍ ചുമക്കുമോ?

നിങ്ങള്‍ വഹിക്കുന്നത് ഒടു ടണ്‍ പാറക്കല്ലുകളോ, സ്വര്‍ണ്ണക്കട്ടികളോ എന്നതല്ല കാര്യം. ശിരസ്സിലിരിക്കുമ്പോള്‍ രണ്ടും ഒരേ അവസ്ഥയാകും ഉണ്ടാക്കുക. രണ്ടും നിങ്ങളെ ഞെരിച്ച് കൊല്ലും. നിങ്ങള്‍ ചുമക്കുന്ന സംഗതി സുന്ദരമോ വിരൂപമോ ആകട്ടെ, അത് നിങ്ങളുടെ ശിരസ്സിലാണുള്ളതെങ്കില്‍ മാനുഷികമായി നിങ്ങളില്‍ ഉള്ളതിനെയെല്ലാം അത് അടച്ചമര്‍ത്തും.

വിഷാംശങ്ങളെ അരിച്ച് നീക്കല്‍

നിങ്ങള്‍ക്കുള്ള അധികഭാരം കയ്യൊഴിയുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വയം കുന്നുകൂട്ടിയിരിക്കുന്ന കാപട്യങ്ങളെ ഉപേക്ഷിക്കണമെന്നാണ്. നിങ്ങള്‍ സ്വയമേവ കരുപ്പിടിച്ചിരിക്കുന്ന സ്വന്തം വ്യക്തിത്വം പുറമേ നിന്നും നിങ്ങള്‍ സ്വരൂപിച്ചിട്ടുള്ള സംഗതികള്‍ കൂടിച്ചേര്‍ന്ന ഒരു വര്‍ണ്ണ ചിത്രമാണ്. ഇവയൊന്നും ഒരിക്കലും നിങ്ങളുടെ ഭാഗമല്ല, ആവുകയുമില്ല. ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നത് ഇവയെല്ലാമാണ് നിങ്ങളെന്നാണ്. ഇവയില്‍ നിന്നും എന്തെങ്കിലുമൊന്ന് നീക്കപ്പെട്ടാല്‍ ഒരു ഭാഗം തകര്‍ന്നതായി നിങ്ങള്‍ക്ക് തോന്നുന്നു. ഇതുമൂലം വളരെ ആഴത്തിലുള്ള വ്യഥയും വിഷാദവും മറ്റു വൈഷമ്യങ്ങളും ആളുകള്‍ അനുഭവിക്കുന്നു. ഒരു മനുഷ്യനെ ആകമാനം നശിപ്പിക്കാന്‍ കെല്‍പ്പുള്ളതാണിവ. എന്നാല്‍ ഈ സ്ഥിതിവിശേഷം നിങ്ങള്‍ തന്നെ സ്വന്തം മനസ്സില്‍ ഉണ്ടാക്കിയിട്ടുളളതാണ്. എങ്കില്‍പ്പോലും നിങ്ങളെ സമൂലം തകര്‍ത്തുകളയാനുളള ശേഷി ഇതിനുണ്ടെന്ന ബോദ്ധ്യം നല്ലൊരു പരിധി വരെ നിങ്ങള്‍ക്കുണ്ട്.

വിഷകാന്ത എന്നു ഭഗവാന്‍ ശിവനെ വിളിക്കുമ്പോള്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് എല്ലാവിധ വിഷാംശങ്ങളേയും അരിച്ചു നീക്കാന്‍ കഴിവുണ്ടെന്നാണ്. വിഷം എപ്പോഴും ഉള്ളില്‍ പ്രവേശിക്കുന്നത് നമ്മള്‍ കഴിക്കുന്ന ആഹാരത്തിലൂടെയോ കുടിക്കുന്ന വെള്ളത്തിലൂടേയോ അല്ല. കേവലമൊരു ചിന്തയ്‌ക്കോ, ആശയത്തിനോ, സ്വത്വസങ്കല്പത്തിനോ, വികാരത്തിനോ നിങ്ങളുടെ മുഴുവന്‍ ജീവിതത്തേയും വിഷമയമാക്കാന്‍ കഴിയും.

നിങ്ങള്‍ക്കുള്ള അധികഭാരം കയ്യൊഴിയുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വയം കുന്നുകൂട്ടിയിരിക്കുന്ന കാപട്യങ്ങളെ ഉപേക്ഷിക്കണമെന്നാണ്.

എന്തെല്ലാമാണ് നിങ്ങളെ വിഷലിപ്തമാക്കിയിട്ടുളളത്? ജീവിതത്തിന് നാശം വരുത്തുന്നുവെന്നത് കൊണ്ട് മാത്രമാണ് ഒരു കാര്യത്തെ നിങ്ങള്‍ വിഷമെന്നു വിളിക്കുന്നത്. നിങ്ങളുടെ ആശയങ്ങളേയും വികാരങ്ങളേയും ചിന്തകളേയും സ്വത്വസങ്കല്പങ്ങളേയും എടുക്കുക. ഏതെല്ലാം വിധത്തിലാണ് ഇവയൊക്കെ നശിപ്പിച്ചിട്ടുളളത്? ഒരു തരത്തിലുള്ള മാനസിക ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇവയെല്ലാം ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ശക്തനാവുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇപ്രകാരമൊന്നും സംഭവിക്കുന്നില്ല ഒരു ഘട്ടത്തില്‍ ഇവ നിങ്ങള്‍ക്ക് നിറവിന്‍റെതായ ഒരു മിഥ്യാബോധം പ്രദാനം ചെയ്യും. എന്നാല്‍ അനിവാര്യമായും മറ്റൊരു ഘട്ടത്തില്‍ ഇവ നിങ്ങളെ ആ മിഥ്യാസങ്കല്‍പ്പത്തില്‍ നിന്നും ഉണര്‍ത്തുകയോ അല്ലെങ്കില്‍ മരണം അപ്രകാരം ചെയ്യുകയോ ചെയ്യുന്നു. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു സംഭവിക്കും. അപ്പോള്‍ മാനുഷിക വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും വിലയില്ലെന്നാണോ? ഇതേക്കുറിച്ച് നിങ്ങളാല്‍ കഴിയും വിധം ആഴത്തില്‍ ചിന്തിക്കുക. നിങ്ങളുടെ വികാരത്തെയാണോ, ചിന്തയെയാണോ, ജീവിതത്തെയാണോ ഇപ്പോള്‍ നിങ്ങള്‍ വിലമതിക്കുന്നത്? ജീവിതത്തെ, അല്ലേ?

എന്നാല്‍ കേവലം ഒരു ചിന്തക്കോ, വികാരത്തിനോ വേണ്ടി നിങ്ങള്‍ മരിക്കാന്‍ തയ്യാറാകുന്നു. അപ്പോള്‍ നിങ്ങള്‍ ജീവിതത്തെ കാണുന്നത് തലകീഴായിട്ടാണ്. ജീവിതമെന്നത് വെറുതെ ജീവിച്ചിരിക്കുക എന്നല്ല അര്‍ത്ഥം. ഒട്ടുമെ മനസ്സാക്ഷി കുത്തില്ലാത്ത ആളുകള്‍ ജീവിച്ചിരിക്കാന്‍ വേണ്ടി മാത്രം തങ്ങള്‍ക്കുള്ളതെല്ലാം അടിയറ വെയ്ക്കും. അതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, ഇവിടെ ഒരു ജീവിതം കത്തിജ്വലിക്കുന്നതിനാലാണ്, ഒരു ചിന്തയും, ഒരു വികാരവും, ഒരു ശരീരവും ഒരു വസ്ത്രവും ഒരു ബന്ധവും മറ്റെല്ലാം വിഷമയമാവുന്നത്. ഒരിക്കല്‍ നിങ്ങള്‍ ഒരു പരിണിതഫലത്തെ അതിന്‍റെ മൂലകാരണമെന്ന് തെറ്റിദ്ധരിച്ചാല്‍ ഒരു വിത്ത് പാകുന്നതിന് പകരം ഒരു വൃക്ഷം തലകീഴായി നടുന്നു.

കാശിയാത്ര

ഇന്ത്യയില്‍ നിങ്ങള്‍ക്കറിയാവുന്ന ഒരു സമ്പ്രദായമുണ്ട്. ഈ കാലത്ത് നമ്മള്‍ കാശിക്കുപോകുന്നത് തീവണ്ടിയിലോ, റോഡുമാര്‍ഗത്തിലോ വിമാനത്തിലാ ആണല്ലോ, ഒരു കാലത്തില്‍ നമ്മള്‍ പോയിരുന്നത് കാല്‍നടയായിട്ടായിരുന്നു. ഇപ്പോഴും ഇന്ത്യയിലെ വിവാഹചടങ്ങുകളുടെ ഭാഗമായി പ്രതീകാത്മകമായ കാശിയാത്രയുണ്ട്. വിവാഹിതനാകാന്‍ പോകുന്നയാള്‍ താന്‍ കാശിക്ക് പോകാനാഗ്രഹിക്കുന്നതായി ഭാവിക്കുന്നു. ഇതിനര്‍ത്ഥം ഈ ബന്ധങ്ങളെല്ലാം അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടായിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്‍റെ പരമമായ പ്രകൃതമറിയാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവര്‍ അയാളെ വിവാഹം കഴിപ്പിക്കുന്നു. ആന്തരികമായ സ്വാസ്ഥ്യം തേടി ആളുകള്‍ വഴി മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കാല്‍നടയായി യാത്ര ചെയ്യണമെങ്കില്‍ അതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരിക്കണം. ആ ലക്ഷ്യം അവരെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് പ്രാധാന്യമുള്ളതുമാവണം.

മലകയറാന്‍ ആഗ്രഹിക്കുന്ന പക്ഷം നിങ്ങളുടെ മാറാപ്പ് എത്രയും ഭാരം കുറഞ്ഞതായിരിക്കുന്നുവോ അത്രയും നന്ന്.

അവര്‍ എപ്പോഴും നടന്നകലുകയും കാശിക്ക് പോവുകയും ചെയ്തിരുന്നു. കാശി ഏറെ ദൂരത്തായിരുന്നതിനാല്‍ അവര്‍ ഒരിക്കലും മടങ്ങി വന്നിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമാണ് കാശിക്ക് പോയ ഒരാള്‍ തിരിച്ച് വന്നിരുന്നത്. ഒരു നിശ്ചിത പ്രായത്തില്‍ ആണ് ആളുകള്‍ കാശിക്ക് പോയിരുന്നത്. പിന്നീട് ഒരിക്കലും അവര്‍ക്കു മടക്കമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇക്കാലത്ത് പോലും ആളുകള്‍ കാശിയില്‍ വെച്ച് മരിക്കാന്‍ ആഗ്രഹിക്കുന്ന പതിവ് തുടര്‍ന്ന് പോരുന്നത്. ഈ മുഴുവന്‍ പ്രക്രിയയും സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്താണെന്നുള്ളതും എന്തെല്ലാമാണ് നിങ്ങള്‍ സ്വരുക്കൂട്ടിയിട്ടുള്ളതെന്നും തമ്മില്‍ എവിടേയോ ഒരു വ്യത്യാസമുണ്ടെന്നത് നിങ്ങള്‍ മനസ്സിലാക്കുന്നുവെന്നാണ്.

ഭാരം കുറഞ്ഞ നടത്തം

മലകയറാന്‍ ആഗ്രഹിക്കുന്ന പക്ഷം നിങ്ങളുടെ മാറാപ്പ് എത്രയും ഭാരം കുറഞ്ഞതായിരിക്കുന്നുവോ അത്രയും നന്ന്. നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും, ക്ഷീണം മൂലം സാവധാനത്തില്‍ അണപ്പോടെ മല കയറുമ്പോള്‍ സ്വന്തം മാറാപ്പ് നിങ്ങള്‍ വലിച്ചെറിയും. സ്വന്തം മാറാപ്പില്‍ നിന്നും എന്തെല്ലാമാണ് എറിഞ്ഞു കളയേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കുക. ഞാന്‍ പറയുന്നില്ല. എങ്കിലും അധികമുള്ളതെല്ലാം ദയവായി എറിഞ്ഞു കളയുക. കാരണം അധികഭാരവുമായി മല കയറുന്നത് ഏറെ വേദനാകരമായിരിക്കും. നിങ്ങളുടെ നടത്തം ഭാരം കുറഞ്ഞതായിരിക്കട്ടെ. കാരണം വായു കനം കുറഞ്ഞതായിരിക്കും. അധികഭാരം വഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നടക്കാന്‍ കഴിയില്ല. ഇന്നു രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി കണ്ണുകള്‍ അടച്ച് അഞ്ചു മിനിറ്റ് നേരം ശാന്തമായിരിക്കുക. കുട്ടിക്കാലം മുതല്‍ ചിന്തകളായും, വികാരങ്ങളായും, വസ്തുക്കളായും, ആളുകളായും നിങ്ങള്‍ സ്വരൂപിച്ചിട്ടുളള എല്ലാ സംഗതികളേയും വെറുതെ മനസ്സില്‍ കാണുക. അമിത ഭാരം എന്ന് നിങ്ങള്‍ കരുതുന്നതെല്ലാം ഈ കൂടാരത്തിന് വെളിയില്‍ കളയുക. നാളെ പ്രഭാതത്തില്‍ നമുക്ക് നടത്തമാരംഭിക്കാം.