യുവജനങ്ങള്‍, പാശ്ചാത്യ സംസ്‌ക്കാരത്തിന്‍റെ സ്വാധീനവലയത്തില്‍

06 - Today’s youth… under the grip of the western culture(1)

सद्गुरु

യുവജനങ്ങളില്‍ വലിയൊരു വിഭാഗം പാശ്ചാത്യ സംസ്‌ക്കാരത്തിന്‍റെ സ്വാധീനവലയത്തില്‍പെട്ട് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുത തികച്ചും യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ, ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മളും പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നില്ലേ…

നമ്മുടെ യുവജനങ്ങളില്‍ വലിയൊരു വിഭാഗം പാശ്ചാത്യ സംസ്‌ക്കാരത്തിന്‍റെ സ്വാധീനവലയത്തില്‍പെട്ട് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം വളരെ നാളുകളായി കേട്ടുവരുന്ന ഒരു പരാതിയാണ്‌. ഇതിനെന്താണൊരു പോംവഴി? ആ വഴിയിലേക്കാണ്‌ സദ്‌ഗുരു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.

സദ്ഗുരു : വാസ്‌തവം പറഞ്ഞാല്‍, ഭാരതത്തിന്‍റെ സ്ഥായിത്വത്തിനുതന്നെ അതിവേഗം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഭക്ഷണം, വസ്‌ത്രധാരണം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തികമായ വളര്‍ച്ച ഇങ്ങിനെ ഏതെടുത്തുനോക്കിയാലും നമുക്ക്‌ തനിമ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. എന്നുവെച്ചാല്‍ നമ്മള്‍ ഒരാഗോളവ്യവസ്ഥിതിയുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്‌ എന്നതു തന്നെ. എങ്കിലും ഒരു കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ യുവതലമുറ അവരുടെ സ്വന്തമായ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം മറക്കാന്‍ ഇടയാകരുത്‌. ഓരോ മുതിര്‍ന്ന ഭാരതീയന്‍റെ മനസ്സിലും കൂടുതല്‍ കൂടുതല്‍ കൂര്‍ത്തുമൂര്‍ത്തുവരുന്ന ഒരാശങ്കയാണിത്‌.

നമ്മുടെ യുവതലമുറ അവരുടെ സ്വന്തമായ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം മറക്കാന്‍ ഇടയാകരുത്‌.

യഥാര്‍ത്ഥത്തില്‍, യുവ തലമുറ വഴി മാറി സഞ്ചരിക്കുന്നു എന്നു പറയാന്‍ വയ്യ, അത്‌ മുതിര്‍ന്നവരുടെ മനസ്സില്‍ പറ്റിപ്പിടിച്ചു കയറുന്ന ഒരു പരിഭ്രാന്തി മാത്രമാണ്‌. ഓരോ തലമുറയ്ക്കുമുണ്ടാകും ഇങ്ങനെയുള്ള ഉല്‍കണ്‌ഠകള്‍. നിങ്ങളുടെ അച്ഛന്‍റെ മനസ്സില്‍ നിങ്ങളെക്കുറിച്ച്‌ ഇതേവിധമുള്ള ആശങ്കയുണ്ടായിരുന്നു. തന്‍റെ മകനെക്കുറിച്ച്‌ അദ്ദേഹത്തിന്‍റെ അച്ഛനും ഇതേപോലെ വേവലാതിപ്പെട്ടിരുന്നിരിക്കാം. അതിനുമുമ്പുള്ള തലമുറയേയും അലസോരപ്പെടുത്തിയിരുന്നിരിക്കാം ഈ മട്ടിലുള്ള ഭയാശങ്കകള്‍. അതുകൊണ്ട്, ഇതൊന്നും പുതിയൊരു കാര്യമല്ല. അതിനെക്കുറിച്ചാലോചിച്ച്‌ നമ്മളാരും ഉറക്കമൊഴിക്കേണ്ടതുമില്ല. ഒന്നുമാത്രം മനസ്സിലാക്കിയാല്‍ മതി, ഓരോ യുവാവും യുവതിയും സ്വയം കണ്ടെത്താനുളള ശ്രമത്തിലാണ്‌. അവനവന്‍റേതായ ഒരു പാത അല്ലെങ്കില്‍ അവനവന്‍റേതായ ഒരിടം കണ്ടെത്താന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്‌. ഈയൊരു കാര്യത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും സാരമായി സംഭാവന ചെയ്യുവാന്‍ സാധിക്കുമൊ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അത്‌ ചെയ്‌തിരിക്കണം. അവരുടേതായ രീതിയില്‍ അവര്‍ അത്‌ ഉള്‍ക്കൊണ്ടു കൊള്ളും. ആ കാര്യത്തില്‍ സംശയം വേണ്ട. ഒരു പക്ഷെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന രീതിയിലായില്ല എന്നു വരാം, അതിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല.

യൌവനം എന്നു പറയുമ്പോള്‍ത്തന്നെ നമുക്കറിയാം, പൂര്‍ണമായും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു അവസ്ഥയാണ്‌ അതെന്ന്. അവര്‍ പ്രത്യേകിച്ചൊന്നും ആയിത്തീര്‍ട്ടിന്നില്ല, വളര്‍ച്ചയുടെ വഴികളിലൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അവനവന്‍റെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു കഴിഞ്ഞവരുടെ മുന്നില്‍ തെളിഞ്ഞു കാണുന്നതിനേക്കാള്‍ വളരെയേറെ സാദ്ധ്യതകളുണ്ട്, അവരെ പിന്‍തുടര്‍ന്ന് വരുന്നവര്‍ക്ക്‌. നിങ്ങള്‍ നിങ്ങളുടേതായ കൊമ്പുകളില്‍ ചേക്കേറി കഴിഞ്ഞവരാണ്‌. അവരോ? സ്വന്തമായി, സ്ഥിരതയുള്ള ഒരു സ്ഥാനം തേടിക്കൊണ്ടിരിക്കുന്നവരാണ്‌, എത്തിപ്പിടിക്കാനൊരു കൊമ്പ്‌ കണ്ടെത്താനായി അവര്‍ ചുറ്റും പരതികൊണ്ടിരിക്കുകയാണ്‌. അതു കണ്ട് നമ്മള്‍ പരിഭ്രമിക്കുന്നു. കുട്ടികള്‍ വെറുതെ ജീവിതം പാഴാക്കിക്കളയുന്നല്ലൊ, വഴിതെറ്റി പോകുന്നല്ലൊ എന്നെല്ലാമോര്‍ത്ത് സങ്കടപ്പെടുന്നു. ചെറുപ്പകാലത്ത്‌ നിങ്ങള്‍ കാട്ടിക്കൂട്ടിയിരുന്നതൊക്കെ കണ്ട് നിങ്ങളുടെ അച്ഛനമ്മമാരും ഇതുപോലെ ആവലാതിപ്പെട്ടിരുന്നിരിക്കാം. ഒരു പ്രായം കഴിഞ്ഞാല്‍, പഴയത്‌ പലതും നമ്മള്‍ മറന്നുപോകുന്നത്‌ സ്വാഭാവികം. അവനവന്‍ നടന്നു നീങ്ങിയ വഴികള്‍ പലപ്പോഴും നമ്മുടെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും!

നിങ്ങള്‍ നിങ്ങളുടേതായ കൊമ്പുകളില്‍ ചേക്കേറി കഴിഞ്ഞവരാണ്‌. അവരോ? സ്വന്തമായി, സ്ഥിരതയുള്ള ഒരു സ്ഥാനം തേടിക്കൊണ്ടിരിക്കുന്നവരാണ്‌.

ഒരു കാര്യം പറയാതെ വയ്യ, കഴിഞ്ഞ തലമുറകള്‍, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്‍, യുവജനങ്ങള്‍ക്ക്‌ ശരിയായ ദിശാബോധം നല്‍കുന്നതില്‍ വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിട്ടില്ല. നമ്മുടെ തനതായ സാംസ്‌കാരിക സമ്പത്തിന്‍റെ വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രദ്ധവെച്ചിട്ടില്ല. ഒരു പക്ഷെ അതിനു കാരണം, അതൊന്നും സ്വയം തൊട്ടറിയാന്‍ അവര്‍ക്കും അവസരങ്ങളുണ്ടായില്ല എന്നതാകാം. മഹത്തായ ആ പാരമ്പര്യത്തിന്‍റെ സ്വാധീനം നമ്മുടെ ജീവിതത്തെ എത്രത്തോളം സ്‌പര്‍ശിച്ചിട്ടുണ്ട്? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ. നമ്മളും ഏറെക്കുറെ അന്ധമായി പാശ്ചാത്യരെ അനുകരിക്കുകയല്ലേ ചെയ്‌തത്‌? നമ്മള്‍ ധരിക്കുന്ന ഷര്‍ട്ടും, പാന്‍റും പാശ്ചാത്യരുടേതല്ലേ? മുടിവെട്ടി കോതിവെക്കുന്നത്‌ ആരുടെ രീതിയായിരുന്നു? ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മള്‍ പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നു. നമ്മുടെ മക്കള്‍ ആ പരിധിയും കടന്ന് അല്‍പം കൂടി മുമ്പോട്ടുപോയി എന്നു മാത്രം. അതെപ്പോഴും അങ്ങിനെയാണ്‌. പുതിയ തലമുറ, കടന്നുപോയ തലമുറയേക്കാള്‍ ഏതാനും ചുവടുകള്‍ കൂടി മുമ്പോട്ട് വെക്കാന്‍ ശ്രമിക്കുന്നു. നമുക്കു കയറി പറ്റാന്‍ ധൈര്യമില്ലാതിരുന്ന ഉയരങ്ങളിലേക്ക്‌ നമ്മുടെ കുഞ്ഞുങ്ങള്‍ കയറിപ്പറ്റണം. അതല്ലേയതിന്‍റെ ശരി?
സ്വന്തം കാര്യമെടുക്കൂ. തികച്ചും ഭാരതീയം എന്നു പറയാന്‍ നിങ്ങളില്‍ എന്തൊക്കെയുണ്ട്? നിങ്ങള്‍ ഇപ്പോഴും തനി നാടന്‍ ഭക്ഷണമാണ്‌ കഴിക്കുന്നത്‌ എന്നതാണോ? നിങ്ങളുടെ മക്കള്‍ക്കിഷ്‌ടം മറ്റു പലതുമാണ്‌ എന്നതാണോ? അവര്‍ മാക്‌ഡോണാള്‍ഡ്‌ വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കുമ്പോള്‍, നിങ്ങള്‍ ചോറും സാമ്പാറുമായി ഒരു മൂലയില്‍ ഒതുങ്ങുന്നു. തലമുറകള്‍ തമ്മിലുള്ള വ്യത്യാസം വാസ്‌തവത്തില്‍ ഇത്രയൊക്കെയേയുള്ളൂ. അത്‌ ഇത്ര വലിയൊരു പ്രശ്‌നമാക്കേണ്ടതുണ്ടോ?

കഴിഞ്ഞ തലമുറകള്‍, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്‍, യുവജനങ്ങള്‍ക്ക്‌ ശരിയായ ദിശാബോധം നല്‍കുന്നതില്‍ വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിട്ടില്ല.

നമുക്കൊരു ശ്രമം നടത്താം. നമുക്ക്‌ നമ്മുടേതായ ആ നിധി കുംഭത്തിലേക്കൊന്ന് കൈയ്യിട്ടു നോക്കാം. അതില്‍ നിന്നും വിലയേറിയ ഒരു പിടി മുത്തും പവിഴവും നമുക്ക്‌ വാരിയെടുക്കാം. അമേരിക്കയില്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ, രണ്ടാം തലമുറയില്‍പ്പെട്ട ചിലര്‍ ഇപ്പോള്‍ എന്‍റെകൂടെ ഇന്ത്യയിലേക്കു തിരിച്ചുവരികയാണ്‌. കാരണം സ്വന്തം പൈതൃകസമ്പത്തിന്‍റെ വില അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്‍റെ വിലയും നിലയും മനസ്സിലാക്കാന്‍ അവര്‍ക്ക്‌ അവസരങ്ങളൊരുക്കി കൊടുക്കൂ. അല്ലാതെ വല്ലതുമൊക്കെ പറഞ്ഞ്‌ അവരുടെ മനസ്സ്‌ മാറ്റാന്‍ ശ്രമിക്കുകയല്ല വേണ്ടത്‌. സ്വയം അറിഞ്ഞതും, അനുഭവിച്ചതും അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കൂ. “പിസ്സ തിന്നരുത്‌, ദോശ തിന്നാല്‍ മതി” എന്നു വാശി പിടിച്ചതുകൊണ്ടു കാര്യമില്ല. അതിന്‍റെ ഗുണദോഷങ്ങള്‍ അവരുടെ മനസ്സില്‍ പതിയണം. അപ്പോഴേ അവരുടെ കൈ പിസ്സ വിട്ട് ദോശയുടെ നേരെ നീളു, അല്ലാത്ത പക്ഷം അവര്‍ പിസ്സ തന്നെ തിന്നുകൊണ്ടിരിക്കും, ഒരു പക്ഷെ കൂടുതല്‍ വാശിയോടെ…

Photo credit to : https://pixabay.com/en/silhouette-woman-girl-movement-702195/
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert