सद्गुरु

"ഗൃഹഭരണം നടത്തുന്ന ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്‍മാര്‍ അവരുടെ കഴിവിനനുസരിച്ച്‌ മാസശമ്പളം നല്‍കേണ്ടതാണ്‌”- ഭാരത്‌ സര്‍ക്കാരിന്റെ ഒരു ബില്ലിലുള്ള പ്രഖ്യാപനമായിരുന്നു അത്. മാസന്തോറും ശമ്പളം നല്‍കിയതുകൊണ്ടുമാത്രം, സമൂഹത്തില്‍ ഒരു സ്ത്രീക്കുള്ള സ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുവാനാകുമൊ?.

ഇന്ത്യയിലെ വനിതാ – ശിശു ക്ഷേമ വകുപ്പിന്റെ മന്ത്രിയായിരുന്ന ശ്രീമതി കൃഷ്‌ണാ തീര്‍ത്ഥ്‌ ഒരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. ഗൃഹഭരണം നടത്തുന്ന ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്‍മാര്‍ അവരുടെ കഴിവിനനുസരിച്ച്‌ മാസശമ്പളം നല്‍കേണ്ടതാണ്‌. മന്ത്രി നല്ല ഉദ്ദേശ്യത്തോടുകൂടി തന്നെയാണ്‌ ആ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്ന കാര്യത്തിനു യാതൊരു സംശയവുമില്ല. പത്രമാദ്ധ്യമങ്ങള്‍ അത്‌ വളരെ പ്രാധാന്യത്തോടെ ജനശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്‌തു.

കുടുംബിനികളായി ഒതുങ്ങികഴിയുന്നവര്‍, വിവാഹമോചിതരാവുകയോ, വിധവകളാവുകയോ ചെയ്യുന്നതോടെ സമൂഹത്തില്‍ അവരുടെ നില വളരെ പരിതാപകരമായിത്തീരുന്നു.

കുടുംബിനികളായി ഒതുങ്ങികഴിയുന്നവര്‍, വിവാഹമോചിതരാവുകയോ, വിധവകളാവുകയോ ചെയ്യുന്നതോടെ സമൂഹത്തില്‍ അവരുടെ നില വളരെ പരിതാപകരമായിത്തീരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മാര്‍ഗങ്ങളില്ലാതെ പലരും നട്ടം തിരിയുന്നു. പത്രങ്ങളില്‍ എഴുതിയിരിന്നത്‌ തികച്ചും ശരിയാണ്‌. തനതായ വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത സ്‌ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ സംരക്ഷിക്കപ്പെടേണ്ടവര്‍തന്നെയാണ്‌. പക്ഷെ അതിന്‌ പ്രത്യേകിച്ചൊരു നിയമം വേണമെന്നു പറയുന്നതിനോടു പൊരുത്തപ്പെടാന്‍ കഴിയുമോ?

മേല്‍പ്പറഞ്ഞ ബില്ലിനെകുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വന്നതുമുതല്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും അതിനെച്ചൊല്ലി നിശിതമായ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങി. സ്‌ത്രീകളും പലയിടത്തുനിന്നും ആ ബില്ലിനെ എതിര്‍ക്കുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്നൊരു ലേഖനത്തില്‍ ഇങ്ങനെ എഴുതിക്കണ്ടു.

"സ്‌ത്രീകള്‍ ചെയ്യുന്ന വീട്ടുജോലികള്‍ക്ക്‌ വിലയിടാന്‍ ആര്‍ക്കാണാവുക? എല്ലാ ദിവസവും സാധാരണ രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്ന ഒരു വീട്ടമ്മ, വിശേഷാവസരത്തില്‍ അതിനു യോജിച്ച വിശേഷാല്‍ വിഭവങ്ങളൊരുക്കിയാല്‍, അതിനായി അവര്‍ക്ക്‌ പ്രത്യേകം പ്രതിഫലം നല്‍കണമെന്നാണോ?”
ഹിന്ദുപത്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തയായ മായാ ജോണ്‍ തികച്ചും വ്യത്യസ്‌തമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു, "ഭര്‍ത്താവ്‌ ഭാര്യയ്ക്ക്‌ വീട്ടുജോലികള്‍ ചെയ്യുന്നതിന്‌ വേതനം നല്‍കുന്നതിനു പകരം, സര്‍ക്കാര്‍ സ്‌ത്രീകള്‍ക്കായി ജോലികള്‍ ഉണ്ടാക്കിക്കൊടുക്കണം. അങ്ങനെ സ്‌ത്രീശാക്തീകരണത്തിനുവേണ്ടി വഴിയൊരുക്കണം.”

ഈശാ യോഗാ കേന്ദ്രത്തില്‍ ഈ വിഷയം സദ്‌ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഉടന്‍തന്നെ അദ്ദേഹത്തിന്റെ പ്രതികരണവുമുണ്ടായി. ആ വിഷയത്തെകുറിച്ച്‌ അന്നു സദ്‌ഗുരു പറഞ്ഞ ശ്രദ്ധേയമായ സംഗതികള്‍ നമ്മുടെ ചിന്തയ്ക്കും വിഷയമാകട്ടെ:–
സദ്‌ഗുരു : – ഏതൊരു സമൂഹത്തിലേയും ഏറ്റവും അടിസ്ഥാനപരമായ ഘടകം കുടുംബമാണ്‌. ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ കുടുംബകാര്യങ്ങളില്‍ കൈകടത്താതെ വിവേകപൂര്‍വം ഒഴിഞ്ഞു നില്‍ക്കുകയാണ്‌ ഇതുവരെ ചെയ്‌തിട്ടുള്ളത്‌. കാരണം, തൊട്ടാല്‍ പൊള്ളുന്ന കാര്യമാണെന്ന് അവര്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. എന്നാല്‍ ഇപ്പോള്‍, സ്‌ത്രീകള്‍ക്ക്‌ നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായി അവര്‍ തന്നെ നമ്മുടെ പടിക്കു പുറത്തു നില്‍ക്കുകയാണ്‌. ഏതു നിമിഷവും അവര്‍ അകത്തേക്ക്‌ കടന്നു കയറിയേക്കാം. ഒരു കാര്യം നമ്മള്‍ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്‌. സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യുന്നതിന്‌ ഒരു സ്‌ത്രീ ശമ്പളം കൈപറ്റുന്നു എന്നു വരികില്‍, ഏതു നിമിഷവും അവളെ ആ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ അവള്‍ക്കു ശമ്പളം കൊടുക്കുന്നയാള്‍ക്ക് അധികാരവുമുണ്ടായിരിക്കും. അതിന്‌ വിവാഹമോചനത്തിന്റെ ആവശ്യമില്ല.

"ഭക്ഷണം പാകം ചെയ്യുന്നത്‌ ശരിയാവുന്നില്ല. അതുകൊണ്ട്‌ നാളെ മുതല്‍ പണിയ്ക്കുവരേണ്ട" അത്രയേ പറയേണ്ടതുള്ളു, അടുത്ത ദിവസം മുതല്‍ മറ്റാരേയെങ്കിലും പണിക്കു നിര്‍ത്തുകയുമാവാം. അങ്ങനെയൊരു സാഹചര്യം നിലവില്‍ വന്നാല്‍ കുടുംബം എന്ന സങ്കല്‍പത്തിന്റെ പവിത്രത തന്നെ പാടെ നഷ്‌ടപ്പെടും, തീര്‍ച്ച. ഭര്‍ത്താവു മാത്രമല്ല മക്കളും അമ്മയെ ചോദ്യംചെയ്യാന്‍ തുടങ്ങും,
"ശമ്പളം തരുന്നുണ്ടല്ലോ, പിന്നെന്തിനാ പരാതി? മര്യാദക്കു പണിയെടുത്തുകൂടേ?”
അതോടെ ഭാര്യ, അമ്മ, ഗൃഹനാഥ എന്നീ നിലകളില്‍ അവര്‍ക്കുള്ള നിലയും വിലയും നിശ്ശേഷം ഇല്ലാതാകും. വീട്ടമ്മയായ സ്‌ത്രീ മാസശമ്പളം പറ്റുന്ന വെറുമൊരു ജോലിക്കാരി മാത്രമാകും. ശമ്പളം നല്‍കുന്നവരുടെ ശകാരത്തിനും പരിഹാസത്തിനും അവര്‍ പാത്രമാകും. ഏതൊരു കുടുംബത്തിലും അവശ്യം ഉണ്ടായിരിക്കേണ്ട സ്‌ത്രീ സാന്നിദ്ധ്യത്തിന്റെ അര്‍ത്ഥവും ഭാവവും നഷ്‌ടപ്പെട്ടുപോകും. ഒരു കുടുംബത്തിനകത്തെ കാര്യങ്ങള്‍ എങ്ങനെയെല്ലാമാണ്‌ നിര്‍വഹിക്കപ്പെടേണ്ടതെന്ന് തീരുമാനിക്കേണ്ടത്‌ പുറത്തുള്ള ഒരാളല്ല, അത്‌ നിശ്ചയിക്കേണ്ടതും നിര്‍വഹിക്കേണ്ടതും വീട്ടിനകത്തുള്ളവര്‍ തന്നെയാണ്‌. കുടുംബകാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഒരാളും കൈകടത്തിക്കൂട.

സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യുന്നതിന്‌ ഒരു സ്‌ത്രീ ശമ്പളം കൈപറ്റുന്നു എന്നു വരികില്‍, ഏതു നിമിഷവും അവളെ ആ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ അവള്‍ക്കു ശമ്പളം കൊടുക്കുന്നയാള്‍ക്ക് അധികാരവുമുണ്ടായിരിക്കും. .

ഇന്നത്തെ സാമൂഹീക സാഹചര്യത്തില്‍, ഉദ്യോഗസ്ഥയായ വനിതയേക്കാള്‍ ഒരുപടി താഴെയാണ്‌ വീട്ടമ്മ മാത്രമായ സ്‌ത്രീയുടെ സ്ഥാനം. പൊതുവെ കണ്ടുവരുന്നതങ്ങനെയാണ്‌. വീട്ടമ്മയ്ക്ക്‌ മാസന്തോറും ശമ്പളം നല്‍കിയതുകൊണ്ടുമാത്രം, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുവാനാകുമൊ? അവര്‍ക്ക്‌ സമൂഹത്തില്‍ കൂടുതല്‍ ആദരവും അംഗീകരാവും അങ്ങനെ ലഭ്യമാക്കാന്‍ സാധിക്കുമൊ?
ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ സദ്‌ഗുരു തരുന്നുണ്ട്‌. കാത്തിരിക്കുക "സ്‌ത്രീ സാന്നിദ്ധ്യം" എന്ന വിഷയത്തില്‍ അദ്ദേഹം തുടര്‍ന്നു പറയുന്നത്‌ അടുത്ത ലക്കത്തില്‍ നിങ്ങള്‍ക്ക്‌ വായിക്കാം.