सद्गुरु

സ്വകാര്യ - പൊതു പങ്കാളിത്തത്തിന്‍റെ സാദ്ധ്യതകള്‍, പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍, അതിനെക്കുറിച്ചാണ് സദ്ഗുരു ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇതൊരു ധര്‍മ്മപ്രവൃത്തിയല്ല, ഭാവിയിലേക്കുള്ള നിക്ഷേപമാണ്.

ചോദ്യം:- സ്വകാര്യ - പൊതു പങ്കാളിത്ത മാതൃക പലപ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമായി കാണപ്പെടുന്നു. അതില്‍ അത്രയും സാദ്ധ്യതകളുണ്ട് എന്ന് അവിടുന്ന് കരുതുന്നുണ്ടൊ?

സദ്ഗുരു:- ആ മാതൃകയുമായി മുന്നോട്ടു പോകുക നല്ലകാര്യം ന്നെ. ചില മേഖലകളില്‍ അത് പ്രത്യേകിച്ചും ഗുണകരമായിരിക്കും. എന്തായാലും അടിസ്ഥാനഘടന സര്‍ക്കാര്‍ വകയായിയുണ്ട്. അതുകൊണ്ട് ആ മേഖലയില്‍ സമാന്തരമായൊരു പദ്ധതിയുടെ ആവശ്യമില്ല. ഉദാഹരണത്തിന് "ഈശാവിദ്യാ" യുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട്ടിലെ ഓരോ ജില്ലയിലും ഓരോ സ്ക്കൂള്‍ പണിയാനാണ് ഞങ്ങള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. അത് ഞങ്ങളുടെ ഗ്രാമീണ വിദ്യാഭ്യാസസംരംഭത്തിന്‍റെ പദ്ധതിയാണ്. അതൊരു മാതൃകാവിദ്യാലയമായിരിക്കും. ഇത് സമ്പൂര്‍ണ്ണമായ ഒരു പരിഹാരമായിരിക്കുമെന്ന് പറയാന്‍ വയ്യ. കാരണം, അടിസ്ഥാനഘടന സൃഷ്ടിക്കുക എന്നതുതന്നെ വലിയൊരു ജോലിയാണ്.

അതുകൊണ്ട് സര്‍ക്കാറുമായി സഹകരിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ഞങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി ഞങ്ങള്‍ 516 സര്‍ക്കാര്‍ സ്ക്കൂളുകള്‍ ദത്തെടുത്തു. സര്‍ക്കാര്‍ സ്ക്കൂളിന് അതിന്‍റേതായ ഭൂമിയും, കെട്ടിടവും, അദ്ധ്യാപകരുമുണ്ടായിരിക്കും. അദ്ധ്യാപകരില്‍ നിരവധിപേര്‍ തികച്ച അര്‍പ്പണബോധമുള്ളവരാണ്. ഈ സംരംഭത്തിന്‍റെ ഭാഗമായി ഞങ്ങള്‍ പുതിയൊരു സംഘം അദ്ധ്യാപകരെ രംഗത്തേക്കു കൊണ്ടുവന്നു. പാഠ്യേതരവിഷയങ്ങളില്‍ നൈപുണ്യം നേടിയവര്‍. ശുചിത്വപരിപാലനത്തിനായി ഞങ്ങള്‍ പുതിയ സംവിധാനങ്ങളൊരുക്കി. ആവശ്യമുള്ള ഇടങ്ങളിലെല്ലാം പഠനസൗകര്യങ്ങള്‍ വിപുലമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. പുതിയ സ്ക്കൂള്‍ കെട്ടിടം പണിയാനായി ഇനി ഞങ്ങള്‍ക്കു മിനക്കെടേണ്ടതില്ല. അത് സര്‍ക്കാര്‍ വക ഉള്ളതാണല്ലൊ. ഇതുപോലെയുള്ള കാര്യങ്ങളില്‍ സ്വകാര്യ-പൊതുപങ്കാളിത്തം തീര്‍ച്ചയായും വിജയിക്കും.


ഞങ്ങള്‍ പുതിയൊരു സംഘം അദ്ധ്യാപകരെ രംഗത്തേക്കു കൊണ്ടുവന്നു. പാഠ്യേതരവിഷയങ്ങളില്‍ നൈപുണ്യം നേടിയവര്‍. ശുചിത്വപരിപാലനത്തിനായി ഞങ്ങള്‍ പുതിയ സംവിധാനങ്ങളൊരുക്കി. ആവശ്യമുള്ള ഇടങ്ങളിലെല്ലാം പഠനസൗകര്യങ്ങള്‍ വിപുലമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ കമ്പനികള്‍ക്ക് പങ്കാളികളാവാം. തല്‍ക്കാലം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖല അക്കങ്ങളുടെ ഒരു കളിയാണ്. നമ്മള്‍ അഞ്ചുലക്ഷത്തോളം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതില്‍ 5000പേര്‍ പോലും വേണ്ടത്ര യോഗ്യതയുള്ളവരല്ല. തൊഴില്‍ നൈപുണ്യമൊ അറിവോ അവര്‍ക്കില്ല. വിവാഹച്ചന്തയില്‍ പ്രദര്‍ശിപ്പിക്കാനൊരു ഡിഗ്രി. അതുമാത്രമാണ് അവരുടെ കൈയ്യിലുള്ളത്. വേറൊരിടത്തും അതു പ്രയോജനപ്പെടുത്താനാവില്ല. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മതാക്കളായ ഒരു കമ്പനിയുടെ ഇന്ത്യന്‍ ഓഫീസില്‍ ഒരിക്കല്‍ ഞാന്‍ പ്രസംഗിക്കുകയുണ്ടായി. അവര്‍ ഏതെങ്കിലും ഒരു എന്‍ജിനിയറിങ്ങ് കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം എന്നായിരുന്നു എന്‍റെ നിര്‍ദേശം. രണ്ടാംവര്‍ഷം മുതല്‍ തന്നെ അവരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം കൊടുത്തു തുടങ്ങണം. അങ്ങനെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിപരിചയവും, ഗുണമേന്മയും, തൊഴിലിനെ പ്രതി ഉണ്ടായിരിക്കേണ്ട മൂല്യബോധവും ഉറപ്പുവരുത്താനാകും. കമ്പനിക്ക് നേരിട്ട് അതിന്‍റെ ഗുണം ലഭിക്കുകയും ചെയ്യും.

മൂന്നുവര്‍ഷത്തെ പഠിപ്പു കഴിഞ്ഞ് കമ്പനിയിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ ആവശ്യത്തിനുതകുന്ന വിധത്തില്‍ പാകപ്പെടുത്തിയെടുക്കാനുള്ള ധന - സമയ നഷ്ടങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. കമ്പനി നേരിട്ടു പരിശീലനം നല്കിയതുകൊണ്ട് അവക്ക് കമ്പനിയെ പ്രതി കൂടുതല്‍ കൂറും പ്രതിബദ്ധതയും നിശ്ചയമായും ഉണ്ടായിരിക്കും. ഇതുവരെ കമ്പനികള്‍ ചെയ്തുവന്നിരുന്നത് തങ്ങള്‍ക്കാവശ്യമുള്ളവരെ ഏറ്റവും നല്ല കോളേജുകളില്‍ നിന്ന് കണ്ടെത്തുക എന്ന രീതിയായിരുന്നു. മറ്റു കോളേജുകളിലും നല്ല പ്രതിഭകളുണ്ട് എന്ന കാര്യം മറക്കരുത്. അതു തെളിയിക്കാന്‍ വേണ്ട വേദിയും അവസരവും അവര്‍ക്കു ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

സ്വകാര്യ-പൊതു പങ്കാളിത്തത്തിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന മറ്റൊരു മേഖല കുട്ടികള്‍ക്ക് പോഷകാഹാരം നല്കുന്നതാണ്. നാലുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഇന്ത്യയില്‍ നല്കിവരുന്ന ആഹാരത്തിന്‍റെ പോഷകമൂല്യം നന്നേ ശോചനീയമാണ്. മെഡിക്കല്‍ സയന്‍സു പ്രകാരം ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. കാരണം, കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ അവനു ലഭിക്കുന്ന പോഷകമൂല്യമാണ് അവന്‍റെ ശരീര മനോബുദ്ധികളുടെ വികാസത്തിന് ആധാരമായിരിക്കുന്നത്. ഈ അടിസ്ഥാനത്തിന് വേണ്ടത്ര ദൃഢതയില്ല എങ്കില്‍ പിന്നീടെന്തു തന്നെ ചെയ്താലും അതിനു വലിയ പ്രയോജനമുണ്ടാകില്ല. ഈ ചിന്തയുടെ ഭാഗമായി ഞങ്ങള്‍ യു.എസ്സിലെ ഒരു സംഘവുമായി സംസാരിച്ചു. ചെറിയ വിറ്റമിന്‍ ട്യൂബുകളുണ്ടാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. നല്ല മധുരമുള്ള ഒരു ദ്രാവകം. ഒരു കുഞ്ഞിന് അത് ഈമ്പികുടിക്കാം. അവന്‍റെ വളര്‍ച്ചക്ക് ആവശ്യമുള്ള എല്ലാ പോഷകങ്ങളും അതില്‍ അടങ്ങിയിട്ടുണ്ടാകും. ഈ വിറ്റമിന്‍ ട്യൂമ്പ് കുഞ്ഞിന് വളരെയധികം ഗുണം ചെയ്യും. വിലയും കുറവാണ്. അങ്ങിനെ കുഞ്ഞിന്‍റെ നിര്‍ണ്ണായകമായ ആദ്യത്തെ നാലുവര്‍ഷങ്ങള്‍, വേണ്ടവിധത്തില്‍ പാലിക്കപ്പെടും. ഏതാനും വര്‍ഷം മുമ്പ് ചിലവ് കണക്കാക്കിയപ്പോള്‍ ഒരു കുഞ്ഞിന് 27 പൈസ എന്നാണ് കണ്ടത്. ഒരു ദിവസത്തേക്കാവശ്യമുള്ള വിറ്റാമിന്‍റെ വില. എല്ലാ ദിവസവും കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വേണ്ട, ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കൊടുത്താല്‍ മതി. അതുതന്നെ അവന്‍റെ വളര്‍ച്ചയെ സാരമായി സഹായിക്കും. കൂടുതല്‍ ആരോഗ്യമുള്ള വ്യക്തികളെ അങ്ങനെ നമുക്ക് വളര്‍ത്തിയെടുക്കാനാവും.

തൊഴില്‍ നൈപുണ്യമുള്ള യോഗ്യരായ മനുഷ്യരെ കണ്ടെത്തുക, ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയായിരിക്കും അത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നമ്മള്‍ ശ്രദ്ധാപൂര്‍വം നിക്ഷേപങ്ങള്‍ നടത്തണം. അത് ഭാവിയിലെ വ്യവസായ - വ്യാപാരമേഖലകളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും.


തൊഴില്‍ നൈപുണ്യമുള്ള യോഗ്യരായ മനുഷ്യരെ കണ്ടെത്തുക, ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയായിരിക്കും അത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നമ്മള്‍ ശ്രദ്ധാപൂര്‍വം നിക്ഷേപങ്ങള്‍ നടത്തണം. അത് ഭാവിയിലെ വ്യവസായ - വ്യാപാരമേഖലകളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും.

ഇന്ന് ഗ്രാമങ്ങളില്‍ വസിക്കുന്നവരില്‍ 60% പേരുടെയും അസ്ഥിവ്യൂഹം പരിശോധിച്ചാല്‍, അത് പൂര്‍ണ്ണമായ വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നു മനസ്സിലാക്കാം. സാധാരണയായി നമ്മുടെ ധാരണ ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ ശരീരഘടന നല്ല ഉറപ്പുള്ളതാണ് എന്നാണ്. എന്നാല്‍ പതിനെട്ട് - ഇരുപതു വയസ്സുപ്രായമുള്ള ഗ്രാമീണയുവാക്കളെ ശ്രദ്ധിച്ചുനോക്കൂ. അവരുടെ ശരീരം ആകെ ചുരുങ്ങിയതു പോലെയാണ് കാണപ്പെടുക. ശരീരത്തിന്‍റെ അടിസ്ഥാനഘടകത്തിനു തന്നെ പൂര്‍ണ്ണവളര്‍ച്ച നേടാനാവുന്നില്ലെങ്കില്‍ പിന്നെ തലച്ചോറിന്‍റെ കാര്യം പറയാനുണ്ടൊ? ഇപ്പോള്‍ സമൂഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് നിലവാരം കുറഞ്ഞ വലിയൊരു കൂട്ടം മനുഷ്യരെയാണ്. ഇത് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു വന്‍വിപത്തുതന്നെയാണ്. സുനാമിയേക്കാള്‍, ഭൂകമ്പത്തേക്കാള്‍ ഭയാനകം, യാതൊരു ഒച്ചയും ബഹളവുമുണ്ടാക്കാതെ അത് വാ പിളര്‍ന്ന് നമ്മെ സമീപിച്ചുകൊണ്ടിരിക്കുകയാണ്, വളരെവേഗത്തില്‍, ആരോഗ്യത്തിന്‍റേയും വിദ്യാഭ്യാസത്തിന്‍റേയും കാര്യത്തില്‍ നമ്മള്‍ ഫലപ്രദവും സത്വരവുമായ നടപടികള്‍ എടുക്കുക തന്നെ വേണം. അല്ല എങ്കില്‍ മുമ്പേ സൂചിപ്പിച്ച മഹാവിപത്ത് നമ്മെ കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

നമ്മുടെ നാടിന് ഒട്ടേറെ സാമ്പത്തിക പ്രതീക്ഷകളുണ്ട്. രാജ്യത്തെമ്പാടും ശക്തമായൊരു സാമ്പത്തിക കുതിപ്പും നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ നിര്‍ണ്ണായകമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ അതെല്ലാം നിഷ്ഫലമായിപ്പോകുമെന്ന് തീര്‍ച്ച. ജീവിതം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ ആരോഗ്യവും, പോഷകാഹാരവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കൂടിയേതീരൂ. സ്വകാര്യകമ്പനികള്‍ ഈ മേഖലകളില്‍ കാര്യമായ നിക്ഷേപം നടത്താന്‍ ഇനിയും വൈകിച്ചു കൂട. ഇതിനെ ഒരു ധര്‍മ്മപ്രവൃത്തിയായി കാണരുത്. ഭാരതത്തിന്‍റെ ഭാവിക്കുവേണ്ടിയുള്ള ഒരു മുതല്‍മുടക്കാണിത്. പരോപകാരം തത്കാലത്തേക്കുള്ളൊരു സഹായമാണ്. അതുകൊണ്ട് ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാനാവില്ല. എന്നാല്‍ നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് അറിവും, കഴിവും, തൊഴില്‍സാമര്‍ത്ഥ്യവും പ്രദാനം ചെയ്യാനാവുമെങ്കില്‍ അത് വളരെയേറെ പ്രയോജനപ്രദമാകും. ഒരു കൃഷിക്കാരന്‍ ഒരു തെങ്ങിന്‍ തൈ നട്ടാല്‍, അതിന്‍റെ ഫലം കിട്ടാനായി പത്തുവര്‍ഷത്തോളമെങ്കിലും കാത്തിരിക്കണം. ഇതും അതുപോലെയുള്ള ഒരു നിക്ഷേപമായി കാണേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഭാവി ശോഭനമാക്കാനുള്ള മുതല്‍മുടക്ക്.