നദികളെ സംരക്ഷിക്കാം – ഭാരതത്തിന്‍റെ ജീവനാഡികളെ

saving-indias-life-lines

सद्गुरु

നദികൾ എന്നെ എങ്ങിനെ ബാധിക്കുന്നു എന്ന് ചോദിച്ചാൽ – അവ നമ്മുടെ സംസ്കാരത്തിന്‍റെ തന്നെ ഉത്ഭവസ്ഥാനത്താണ് എന്നായിരിക്കും എന്‍റെ ഉത്തരം. ഹാരപ്പയും , മോഹന്‍ജദാരോയും ഉയർന്നു വന്നത് സിന്ധു, സത്ലജ്, പുരാതനമായ സരസ്വതി എന്നീ നദികളുടെ കരകളിലാണ്. ആ സംസ്കാരത്തിന്‍റെ തെക്കേ ഇന്ത്യയിലെ വളർച്ച, കൃഷ്ണ, കാവേരി, ഗോദാവരി എന്നീ നദികളുടെ തീരത്തായിരുന്നു.

ഈ നദികളും ഈ ഭൂമിയും ആണ് നമ്മെ അനേകായിരം വര്‍ഷങ്ങളായി പോറ്റി വളർത്തിക്കൊണ്ട് വന്നത്. പക്ഷെ വെറും രണ്ട് തലമുറകളുടെ കാലം കൊണ്ട് നാം ഈ ഭൂമിയെ മരുഭൂമിയാക്കി മാറ്റുകയാണ്. കുറച്ചു പതിറ്റാണ്ടുകൾ കൊണ്ട് തന്നെ നമ്മുടെ നദികൾ വളരെ അധികം നശിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യക്കു മുകളിലൂടെ പറക്കുമ്പോൾ വളരെ കുറച്ചു പച്ചത്തുരുത്തുകൾ മാത്രമേ ഇപ്പോൾ കാണാനുള്ളൂ; ബാക്കിയെല്ലാം വരണ്ടിരിക്കുന്നു

ഈ ഭൂമിയിലെ ഏറ്റവും ഭീഷണി നേരിടുന്ന നദികളാണ് ഗംഗയും, സിന്ധുവും. അമ്പതു വർഷത്തിന് മുൻപ് ഉണ്ടായിരുന്നതിന്‍റെ നാല്പതു ശതമാനം മാത്രമാണ് ഇന്ന് കാവേരിയുടെ വിസ്തൃതി. ക്ഷിപ്ര നദിയിൽ വെള്ളം ഇല്ലാതിരുന്നതു കൊണ്ട്, ഉജ്ജയിനിൽ ഇത്തവണത്തെ കുംഭ മേളക്കായി നര്‍മദയിൽ നിന്നും ജലം പമ്പ് ചെയ്ത് ഒരു കൃത്രിമ നദി ഉണ്ടാക്കേണ്ടി വന്നു; എന്നും ഒഴുകിക്കൊണ്ടിരുന്നു നദികളെല്ലാം ചില കാലങ്ങളിൽ മാത്രം ഒഴുകുന്നവയായി തീർന്നിരിക്കുന്നു. ചെറിയ നദികളും, അരുവികളും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

നമ്മുടെ നാട്ടിൽ പ്രശ്നങ്ങൾ അനവധി ഉണ്ടെങ്കിലും, ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം – നമ്മുടെ കർഷകർ 130 കോടി ആളുകൾക്ക് അത്യാവശ്യം വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടിൽ പ്രശ്നങ്ങൾ അനവധി ഉണ്ടെങ്കിലും, ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം – നമ്മുടെ കർഷകർ 130 കോടി ആളുകൾക്ക് അത്യാവശ്യം വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പക്ഷെ ഇത് ഇനി അധിക കാലം ചെയ്യുവാൻ സാധിക്കുകയില്ല. നാം നമ്മുടെ മണ്ണിനെയും ജല ശ്രോതസ്സുകളെയും ഇത്രയധികം നശിപ്പിക്കുന്നത് കൊണ്ട്, വരുന്ന പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോഴേക്കും നമുക്ക് ഇത്രയും ആളുകൾക്ക് വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുവാനോ, കുടിവെള്ളം നല്കുവാനോ കഴിയാതാകും. ഇത് ലോകാവസാനം പ്രവചിക്കലല്ല. ഈ ഒരു അവസ്ഥയിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത് എന്നതിന് സംശയാതീതമായ തെളിവുകളുണ്ട്.

നമ്മുടെ ജീവിതകാലത്തു തന്നെ ഈ നദികൾ വറ്റിപ്പോകുകയാണെങ്കിൽ, നമ്മുടെ നാട്ടിലെ വരും തലമുറകളെ കുറിച്ച് നമുക്ക് ശ്രദ്ധയില്ല എന്ന സന്ദേശമാണ് നാം നൽകുക. മനുഷ്യർക്ക് വേണ്ടത് അടിയന്തരമായ പരിഹാരങ്ങളാണ്. അതുകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഈ നദികളെ ഇനിയും എങ്ങിനെ ചൂഷണം ചെയ്യാം എന്നതാണ് അവർ ചിന്തിക്കുന്നത്. എന്നാൽ നദികളിൽ കൂടുതൽ ജലം എന്തിച്ചേരുവാനും, നദി കൊല്ലം മുഴുവനും നീരൊഴുക്കുള്ളതായി നില നിൽക്കുവാനും ഉള്ള വിശാലമായ പരിഹാര പദ്ധതിയാണ് നമുക്ക് ആവശ്യമുള്ളത്.

നദികളിൽ ജലം എത്തണമെങ്കിൽ, അവയുടെ ചുറ്റുമുള്ള മണ്ണ് നനവുള്ളതായിരിക്കണം. നമ്മുടെ നദികളിൽ അധികവും കാടുകളിൽ നിന്നും ജലം നേടുന്നവയാണ്. മഴക്കാടുകൾ തിങ്ങി വളർന്നിരുന്ന സമയത്ത്, ജലം മണ്ണിനടിയിലേക്കു ഊർന്നിറങ്ങുകയും, അരുവികളിലേക്കും, നദികളിലേക്കും ആ ജലത്തെ ഒഴുക്കി വിടുകയും ചെയ്തു. അതുകൊണ്ട് നദികളിൽ എല്ലാ കാലത്തും ജലം ഉണ്ടായിരുന്നു. ആളുകളുടെ വിചാരം ജലം ഉള്ളതുകൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണ്. എന്നാൽ വാസ്തവത്തിൽ മരങ്ങൾ ഉള്ളതുകൊണ്ടാണ് ജലം ഉണ്ടാകുന്നത്. കാടുകൾ ഇല്ലാതായാൽ കുറച്ചു കഴിയുമ്പോൾ നദികളും ഇല്ലാതാകും. ഇന്ത്യയുടെ ഒരു വലിയ ഭാഗം ഇന്ന് കൃഷി ഭൂമിയാണ്. അതിനെ കാടാക്കി മാറ്റുവാൻ സാധ്യമല്ല. ഇതിനൊരു പരിഹാരം നദിയുടെ ഇരു കരകളിലും ഒരു കിലോമീറ്റര്‍ വീതിയിൽ മരങ്ങൾ നട്ടു പിടിപ്പിക്കുക എന്നതാണ്. പോഷക നദികളാണെങ്കിൽ അര കിലോമീറ്റര് വീതിയിൽ. സർക്കാർ വക ഭൂമിയുള്ളിടത്തെല്ലാം കാട്ടു മരങ്ങൾ വെച്ച് പിടിപ്പിക്കുക. സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെങ്കിൽ, മണ്ണ് നശിപ്പിക്കുന്ന കൃഷിയിൽ നിന്നും മാറി മരങ്ങളെ ഉപയോഗിച്ചുള്ള തോട്ട കൃഷിയിലേക്കു തിരിയുക.

കർഷകർ അവരുടെ ഉപജീവനമാര്‍ഗ്ഗത്തിന് വേണ്ടിയാണു പണിയെടുക്കുന്നത്. വളർന്നു വന്നു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക ആഘാതത്തെ പറ്റി അവർക്ക് അറിവൊന്നുമില്ല. പക്ഷെ കർഷകരെ ഈ പരിപാടിയുടെ സാമ്പത്തിക വശത്തെ കുറിച്ച് ബോധവാന്മാരാക്കിയാൽ – അതായത് മരങ്ങൾ നടുന്നത് കൊണ്ട് ഇപ്പോഴത്തെ കൃഷിയിൽ നിന്നും കിട്ടുന്ന ലാഭത്തേക്കാൾ കൂടുതൽ ലാഭം നേടുവാൻ സാധിക്കുമെന്ന് അവരെ മനസ്സിലാക്കി കൊടുത്താൽ – അവർ അതിലേക്കു തിരിയുവാൻ സന്നദ്ധരായിരിക്കും. പക്ഷെ തോട്ട കൃഷിയിൽ നിന്നും ലാഭം ലഭിച്ചു തുടങ്ങുന്നത് വരെയുള്ള ആദ്യത്തെ കുറച്ചു വർഷത്തേക്ക് ഈ കർഷകർക്ക് സഹായ ധനം നൽകേണ്ടതാണ്. ഫലം ലഭിച്ചു തുടങ്ങിയാൽ ഇത്രയും ഏക്കർ തോട്ടങ്ങളിൽ നിന്നും വരുന്ന ഫലങ്ങൾ ഉപയോഗിച്ച് അനുബന്ധ വ്യവസായങ്ങൾ തുടങ്ങുവാൻ സ്വകാര്യ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും വേണം. നദിയുടെ ഇരുവശത്തും ഒരുകിലോമീറ്റർ ഭൂമിയിൽ ഉഴുകയോ രാസവളം ഇടുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കിയാൽ, അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നദികളിൽ ഇന്നുള്ളതിനേക്കാൾ ഇരുപതു ശതമാനം കൂടുതൽ നീരൊഴുക്ക് ഉണ്ടാകും.

സാരമായ ഒരു മാറ്റം വരുത്തണമെങ്കിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന ഒരു പദ്ധതി ആവശ്യമാണ്. ഇതിനായി ആദ്യം നമ്മുടെ ആളുകളെ ഇതിന്‍റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും എന്നിട്ടു പ്രായോഗിക പദ്ധതികൾ ആവിഷ്ക്കരിക്കുകയും വേണം. കഴിഞ്ഞ പത്തു കൊല്ലമായിട്ടു ഇത്തരമൊരു പദ്ധതിക്കായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശ് സർക്കാർ നർമദാ നദിയുടെ തീരത്ത് തോട്ട കൃഷിക്കായി മരങ്ങൾ നട്ടു വളർത്തുന്ന കർഷകർക്ക് സഹായധനം നൽകുവാൻ ആരംഭിച്ചിട്ടുണ്ട്.

നമ്മുടെ നദികളെ എങ്ങിനെ ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നും മാറി, അവയെ എങ്ങിനെ സംരക്ഷിക്കാം എന്ന് നാം ചിന്തിച്ചു തുടങ്ങേണ്ട സമയം വന്നിരിക്കുന്നു.

നമ്മുടെ നദികളെ എങ്ങിനെ ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നും മാറി, അവയെ എങ്ങിനെ സംരക്ഷിക്കാം എന്ന് നാം ചിന്തിച്ചു തുടങ്ങേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ നദികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവരെയും അറിയേക്കേണ്ടതുണ്ട്. ഇതിനായി സെപ്തംബര്‍ 3 മുതൽ ഒക്ടോബർ 2 വരെ ഞങ്ങൾ ഒരു നദിരക്ഷായാത്ര നടത്തുവാൻ ഉദ്ദേശിക്കുന്നു. അതിൽ ഞാൻ സ്വയം പതിനാറു സംസ്ഥാനങ്ങളിലായി ഏഴായിരം കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതായിരിക്കും. ഇതിനിടയിൽ ഇരുപത്തി മൂന്നു പ്രധാന നഗരങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം നമ്മുടെ നദികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യം ഉയർത്തി കാട്ടുവാനായിട്ടാണ്. ഈ റാലി ഡൽഹിയിൽ സമാപിക്കുമ്പോൾ, നദീ പുനരുദ്ധാരണ പദ്ധതിയുടെ രൂപരേഖ സർക്കാരിന് സമര്‍പ്പിക്കുന്നതാണ്. ഇതുവരെയും ഓരോ സംസ്ഥാനവും തനിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു ചേർന്ന് ഇതിനായി പ്രവർത്തിക്കുകയാണ് വേണ്ടത്.

ഇതിന്‍റെ സമവാക്യം വളരെ ലളിതമാണ്. നദികൾക്കടുത്ത് മരങ്ങൾ ഉണ്ടാകണം. പച്ചപ്പ്‌ നമ്മൾ ഉണ്ടാക്കി കൊടുത്താൽ ജലം അവിടെ ഊർന്നിറങ്ങുകയും നദികളിൽ നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യും. ഇതിനെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുകയും, പൊതുവായ ഒരു പദ്ധതി ആവിഷ്കരിക്കുകയും, അത് നടപ്പിലാക്കുവാൻ ആരംഭിക്കുകയും ചെയ്‌താൽ, അത് നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കും വരും തലമുറകളുടെ സൗഖ്യത്തിനും വേണ്ടിയുള്ള ഒരു നല്ല കാൽവെപ്പായിരിക്കും.

ജലം ഒരു വില്പന ചരക്കല്ല. അത് ജീവൻ നിലനിർത്തുന്നതിനുള്ള ഒരു വസ്തുവാണ്. മനുഷ്യ ശരീരത്തിൽ 72 % ജലമാണ്. അതായത് നിങ്ങൾ ഒരു ജലാശയം തന്നെയാണ്. ഈ ഭൂമിയിൽ നമ്മൾ ഏറ്റവും കൂടുതൽ അടുപ്പം സ്ഥാപിച്ചിട്ടുള്ളത് നദികളുമായിട്ടാണ്. ആയിരകണക്കിന് വര്ഷങ്ങളായിട്ട് നദികളാണ് നമ്മെ പോറ്റി വളർത്തിയിട്ടുള്ളത്. ഇന്നിപ്പോൾ നാം അവയെ സംരക്ഷിച്ചു വളർത്തേണ്ട സമയമാണ് വന്നിട്ടുള്ളത്.

സൂചന: സദ്ഗുരു നിങ്ങളുടെ നഗരത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയവും, , ഈ രാജ്യ വ്യാപകമായ പരിപാടിയിൽ താങ്കൾക്കു എങ്ങിനെ പങ്കെടുക്കാം എന്നും അറിയുന്നതിനായി RallyForRivers.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *