सद्गुरु

ഭൌതികമായ അതിരുകളെ ഒക്കെയും ലംഘിച്ച്‌ അനന്തതയെ പുല്‍കാനാഗ്രഹിക്കുന്ന എന്തോ ഒന്ന്‍ നിങ്ങളുടെ ഉള്ളിലെവിടിയോ ഉണ്ട്‌. ആദ്ധ്യാത്മികമായി ഉണരാനും ഉയരങ്ങളിലെത്താനും അതെപ്പോഴും തുടിച്ചുകൊണ്ടിരിക്കുന്നു.

ശേഖര്‍ കപൂര്‍:– "അങ്ങ്‌ പല തവണപറഞ്ഞിട്ടുണ്ട്‌; ഓരോ വ്യക്തിയുടെയും പരമമായ ലക്ഷ്യം സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കലാണ്‌ എന്ന്‍. എന്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്‌ അങ്ങ്‌ ചൂണ്ടിക്കാട്ടുന്നത്?”

സദ്‌ഗുരു:– 1947നു മുമ്പുള്ളകാലം ഇന്ത്യക്കാര്‍ സാമാന്യമായി ധരിച്ചിരുന്നത്‌ സ്വാതന്ത്ര്യം എന്നാല്‍ ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നുള്ള മോചനം എന്നായിരുന്നു. അതു മാത്രമേ അന്നെല്ലാവരുടേയും ചിന്തയിലുണ്ടായിരുന്നുള്ളു. ബ്രിട്ടീഷുകാര്‍ എന്നോ ഇന്ത്യവിട്ടു പോയിക്കഴിഞ്ഞു. എന്നിട്ടിപ്പോള്‍ നമ്മള്‍ സ്വതന്ത്രരാണോ? രാഷ്‌ട്രീയമായി ആയിരിക്കാം, എന്നാല്‍ മറ്റുള്ള കാര്യങ്ങളെ സംബന്ധിച്ചടത്തോളമോ? ആര്‍ക്കും പറയാനാവില്ല താന്‍ നൂറു ശതമാനം സ്വതന്ത്രനാണ്‌ എന്ന്‍.

സ്വാതന്ത്ര്യം പല വിധത്തിലാണ്‌. അത് ഓരോരുത്തരുടെ സ്വഭാവത്തേയും ജീവിതസാഹചര്യങ്ങളേയും ആശ്രയിച്ചായിരിക്കും ഇരിക്കുന്നത്. ഓരോരോ സമയവും സ്ഥലവുമനുസരിച്ച്‌ അതു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. സ്വാതന്ത്ര്യത്തിന്‌ വിവിധ വശങ്ങളുണ്ട്‌, സാമ്പത്തികമായും രാഷ്‌ട്രീയമായുമുള്ള സ്വാതന്ത്ര്യത്തിനുപുറമേ അതിന്‍റെ നാനാര്‍ഥങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതാണ്‌. അതൊക്കെ മാറ്റിവെച്ചാല്‍, ഈ പ്രപഞ്ചത്തിലെ ഒരു ജീവി എന്ന നിലയില്‍, ഒട്ടേറെ പരിമിതികള്‍ക്ക്‌ നമ്മള്‍ അടിമകളാണ്‌ എന്ന്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. തീരെ ചെറിയൊരു വൃത്തത്തില്‍ നമ്മെ തളച്ചിട്ടിരിക്കുകയാണെന്ന വസ്തുതയും. അവനവന്‍റെ പരിമിതികളെ മറികടക്കാനുള്ള അന്തര്‍ദാഹം എപ്പോഴും നിങ്ങള്‍ അനുഭവിക്കുന്നില്ലേ? കുറച്ചുംകൂടി മെച്ചപ്പെട്ട ഒരു ഞാനാകാന്‍ നിങ്ങളുടെ മനസ്സ്‌ സദാ വെമ്പല്‍കൊള്ളുന്നില്ലേ?

അവനവന്‍റെ പരിമിതികളെ മറികടക്കാനുള്ള അന്തര്‍ദാഹം എപ്പോഴും നിങ്ങള്‍ അനുഭവിക്കുന്നില്ലേ? കുറച്ചുംകൂടി മെച്ചപ്പെട്ട ഒരു ഞാനാകാന്‍ നിങ്ങളുടെ മനസ്സ്‌ സദാ വെമ്പല്‍കൊള്ളുന്നില്ലേ?

ശേഖര്‍ കപൂര്‍: ഉണ്ട്, തീര്‍ച്ചയായും.

സദ്‌ഗുരു: ഒരുതരത്തിലുള്ള അതിരുകളേയും പരിമിതികളേയും മാനിക്കാന്‍ കൂട്ടാക്കാത്ത എന്തോ ഒന്ന്‍ നിങ്ങളുടെ ഉള്ളിലുണ്ട്‌, നിസ്സീമമായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സദാ കുതിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒന്ന്‍. നിസ്സീമമായ സ്വാതന്ത്ര്യം, അതെന്തായിരിക്കും? ഭൌതികമായൊരു വസ്‌തു, ചെറുതായാലും വലുതായാലും, അതിനെ നിസ്സീമമെന്ന്‍ ഒരുകാലത്തും പറയാനാവില്ല. ഭൌതികമായ അതിരുകളെ ഒക്കെയും ലംഘിച്ച്‌ അനന്തതയെ പുല്‍കാനാഗ്രഹിക്കുന്ന എന്തോ ഒന്ന്‍ നിങ്ങളുടെ ഉള്ളിലെവിടിയോ ഉണ്ട്‌. ആദ്ധ്യാത്മികമായി ഉണരാനും ഉയരങ്ങളിലെത്താനും അതെപ്പോഴും തുടിച്ചുകൊണ്ടിരിക്കുന്നു.

ആദ്ധ്യാത്മികത എന്നുവെച്ചാല്‍ മേലോട്ടോ കീഴ്‌പോട്ടോ നോക്കി മൌനം പൂണ്ടിരിക്കലല്ല, കൈകൂപ്പിയുള്ള പ്രാര്‍ത്ഥനയോ ക്ഷേത്രദര്‍ശനമോ ആണെന്നും ധരിക്കേണ്ട. സാമാന്യമായി പറഞ്ഞാല്‍ ആദ്ധ്യാത്മികത, ഭൌതീകമായ എല്ലാ അതിര്‍വരമ്പുകളേയും ലംഘിക്കുന്ന സവിശേഷമായ ഒരനുഭവമാണ്‌, മനോഭാവമാണ്‌. അതിരുകളേതുമില്ലാത്ത ഒരിടത്ത്‌ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന തോന്നല്‍; അനന്തവിഹായസ്സില്‍ എന്നു പറയുന്നതുപോലെ. എല്ലാ മനഷ്യമനസ്സിലുമുണ്ട് ഇങ്ങനെയുള്ള ഒരന്തര്‍ദാഹം. ചിലര്‍ ബോധപൂര്‍വ്വം ആ പരമലക്ഷ്യത്തിലേക്ക്‌ ഇടമുറിയാതെ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ചിലര്‍, സ്വയം അറിയാതെ ഘട്ടം ഘട്ടമായി അതിനെ സമീപിച്ചുകൊണ്ടിരിക്കുന്നു.

ശേഖര്‍ കപൂര്‍: അങ്ങനെയാണെങ്കില്‍, പരമമായ ആ ലക്ഷ്യം എന്തുകൊണ്ടാണ്‌ എന്‍റെ മനസ്സില്‍ ഇനിയും വ്യക്തമാവാത്തത്‌? അതിനെക്കുറിച്ച്‌ എനിക്കു സങ്കല്‍പിക്കാന്‍ പറ്റുന്നില്ലല്ലോ. ഭൌതികമായ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന, എന്തിനെക്കുറിച്ചും അങ്ങ്‌ പറയുമ്പോള്‍ എനിക്ക്‌ ഒരുവിധം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, എന്നാല്‍ എനിക്കു സങ്കല്‍പിക്കാന്‍ പോലുമാകാത്ത ആ സ്വാതന്ത്ര്യത്തെ എങ്ങനെയാണ്‌ ഞാന്‍ ഗ്രഹിക്കേണ്ടത്‌?

സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ സ്വാതന്ത്ര്യത്തെകുറിച്ച്‌ ചിന്തിക്കുകയേ അരുത്‌. നിങ്ങളെ കെട്ടിവരിഞ്ഞിരിക്കുന്ന കയറുകളെക്കുറിച്ചാണ്‌ നിങ്ങള്‍ ആലോചിക്കേണ്ടത്‌.

സദ്‌ഗുരു: അതുകൊണ്ടാണ്‌ അറിവുള്ളവര്‍ പറയുന്നത്‌, അവനവനെക്കൊണ്ട്‌ സങ്കല്‍പിക്കാനൊ മനസ്സിലാക്കാനൊ സാധിക്കാത്ത കാര്യങ്ങള്‍ ആഗ്രഹിക്കരുത്‌ എന്ന്‍. സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ സ്വാതന്ത്ര്യത്തെകുറിച്ച്‌ ചിന്തിക്കുകയേ അരുത്‌. നിങ്ങളെ കെട്ടിവരിഞ്ഞിരിക്കുന്ന കയറുകളെക്കുറിച്ചാണ്‌ നിങ്ങള്‍ ആലോചിക്കേണ്ടത്‌.

ആദ്യം അവനവന്‍റെ മേലുള്ള ചങ്ങലകെട്ടുകള്‍ പൊട്ടിച്ചെറിയുക. അങ്ങനെ കുറെയൊക്കെ സ്വാതന്ത്ര്യം നേടുക. അതോടെ നിങ്ങള്‍ക്കു മനസ്സിലാകും, വലിച്ചുപൊട്ടിക്കാന്‍ ചങ്ങലക്കെട്ടുകള്‍ വേറെയും പലതുമുണ്ട്, അതെല്ലാം അഴിച്ചുകഴിയുമ്പോള്‍ അല്‍പംകൂടി സ്വാതന്ത്ര്യമനുഭവപ്പെടുന്നതായി തോന്നും. എന്നാല്‍ പിന്നേയുമുണ്ടാകും കെട്ടുപാടുകള്‍ ഏറെ. അങ്ങനെ ബന്ധങ്ങള്‍ എത്രയെത്ര! എണ്ണംകൊണ്ട് പരിഭ്രമിക്കേണ്ട, കെട്ടുകള്‍ ഓരോന്നായി അഴിച്ചുമാറ്റാം. ഇനി പൊട്ടിച്ചെറിയാന്‍ ചങ്ങലകളൊന്നുമില്ലെന്ന്‍ ബോദ്ധ്യം വരുന്നതുവരെ ആ പണി തുടര്‍ന്നുകൊണ്ടിരിക്കാം. ചങ്ങലകളുടെ എണ്ണവും വണ്ണവും കാര്യമായെടുക്കേണ്ട, അതിനും ഒരവസാനമുണ്ടെന്ന്‍ ബോദ്ധ്യമുണ്ടായാല്‍ മതി.

അനന്തമെന്നു പറയാനാവുന്നത്‌ സ്വാതന്ത്ര്യത്തെ കുറിച്ചുമാത്രമാണ്‌. അത്‌ നിസ്സീമമായതാണ്‌. ഇത്‌ വെറുമൊരു പദപ്രയോഗമല്ല. കേവലമായ ഒരു ആശയവുമല്ല, അതൊരു അനുഭൂതിയാണ്‌. സ്വാതന്ത്ര്യത്തെകുറിച്ച്‌ അല്ലെങ്കില്‍ പരമമായ മുക്തിയെകുറിച്ച്‌ ആലോചിച്ചും സംസാരിച്ചും സമയം പാഴാക്കേണ്ട. ശരീരത്തിനും, മനസ്സിനും, വിചാരങ്ങള്‍ക്കുമൊക്കെ അതിന്‍റെതായ പരിമിതികളുണ്ട്, അതേസമയം അവ സാദ്ധ്യതകളുമാണ്‌.

സ്വയംമനസ്സിലാക്കാന്‍ ശ്രമിക്കു; നിങ്ങളെ കെട്ടിപ്പൂട്ടിയിരിക്കുന്ന ചങ്ങലകള്‍ ഏതൊക്കെയാണ്‌? ഏതു വിധത്തിലുള്ളതാണ്‌? ശ്രദ്ധാപൂര്‍വ്വം അവയെ അഴിച്ചു മാറ്റാനുള്ള ശ്രമം നടത്തികൊണ്ടിരിക്കു, അതുതന്നെയാണ്‌ ആത്മീയമായ പുരോഗതി, വളര്‍ച്ച.