വെള്ളിയങ്കിരി മലയടിവാരത്തിലെ ധ്യാനലിംഗം എന്ന ക്ഷേത്രം

dhyanalinga 8

सद्गुरु

ധ്യാനാനുഭവത്തെക്കുറിച്ച്‌ അജ്ഞരായവരെപ്പോലും ധ്യാനലിംഗത്തിന്‍റെ ശക്തിയേറിയ പ്രകമ്പനങ്ങള്‍, തീവ്രമായ ധ്യാനാവസ്ഥയിലേക്കു നയിക്കുന്നു.

 

കോയമ്പത്തൂരില്‍ നിന്നും 30 കിലോമീറ്ററകലെയാണ്‌ വെള്ളിയങ്കിരി മല സ്ഥിതിചെയ്യുന്നത്‌. ഏഴു മലകളുള്ള വെള്ളിയങ്കിരി മല നീലഗിരി മലകളുടെ തുടര്‍ച്ചയാണ്‌. സിദ്ധന്മാരും മഹര്‍ഷിമാരും സഞ്ചരിച്ച പുണ്യഭൂമിയാണ്‌ ഈ മല. ഈ മലയ്ക്ക് ദക്ഷിണ കൈലാസം എന്നൊരു നാമവുമുണ്ട്‌. ഈ മലയുടെ താഴ്‌വരയിലാണ് ഈശായോഗാ സെന്റര്‍. ഈശാ എന്നാല്‍ അരൂപിയായ ദൈവത്വം. രൂപമില്ലാത്ത ശക്തിയെ ശാസ്‌ത്രജ്ഞനായ ഐന്‍സ്റ്റീന്‍ “ഈ” (E) എന്നു പറഞ്ഞു.

കിഴക്കോട്ടു ദര്‍ശനമായിരിക്കുന്നതായാണ്‌ ധ്യാനലിംഗം പ്രതിഷ്‌ഠിച്ചിരിക്കുന്നത്; വര്‍ഷം മുഴുവന്‍ സൂര്യോദയം നേരിട്ടു വാതായനത്തില്‍ പതിക്കുന്ന രീതിയിലാണ്‌ ഈ താഴികക്കുടം നിര്‍മിച്ചിട്ടുള്ളത്

ഈശായോഗ കേന്ദ്രത്തില്‍ പ്രവേശിക്കുമ്പോള്‍ കിഴക്കോട്ടു ദര്‍ശനമായിരിക്കുന്നതായാണ്‌ ധ്യാനലിംഗം പ്രതിഷ്‌ഠിച്ചിരിക്കുന്നത്; വര്‍ഷം മുഴുവന്‍ സൂര്യോദയം നേരിട്ടു വാതായനത്തില്‍ പതിക്കുന്ന രീതിയിലാണ്‌ ഈ താഴികക്കുടം നിര്‍മിച്ചിട്ടുള്ളത്‌. പ്രധാന കവാടത്തിള്‍ കൂടി അകത്തു പ്രവേശിച്ചാലുടന്‍ നമ്മള്‍ കാണുന്നത്‌ പതിനേഴടി ഉയരമുള്ള സര്‍വധര്‍മ സ്‌തംഭമാണ്‌. ധ്യാനലിംഗം മതേതരമാണെന്നും അതിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവിക്കാന്‍ ദൈവവിശ്വാസം പോലും ആവശ്യമില്ല എന്നുമുള്ള അടിസ്ഥാനതത്വത്തെ ബോധിപ്പിക്കുന്ന തരത്തിലാണത്‌ സ്ഥാപിച്ചിരിക്കുന്നത്‌. പല മത ചിഹ്നങ്ങളും ഇതിന്‍റെ മൂന്നുവശങ്ങളിലും കൊത്തിവച്ചിട്ടുണ്ട്‌. മറ്റൊരു വശത്ത്‌ മനുഷ്യ ശരീരത്തിലെ ഏഴു ചക്രങ്ങളും കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്‌. അജ്ഞാനം എന്ന ഇരുളകറ്റി ആത്മ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോലാണ്‌ ധ്യാനലിംഗം, എന്നു വിളിച്ചു പറയുന്ന രീതിയില്‍ സൂര്യന്‍ മുകളില്‍ പുഞ്ചിരിക്കുന്നു.

ഈ സ്‌തംഭത്തെ ദര്‍ശനം ചെയ്‌തശേഷം അകത്തു പ്രവേശിക്കുമ്പോള്‍ മൂന്നു പൊക്കം കൂടിയ കല്‍പടവുകള്‍ മൊട്ടുകളുടെ രൂപത്തില്‍ കാണപ്പെടുന്നു. അവ മനുഷ്യരുടെ ക്ഷോഭം, ശാന്തം, വിനയം എന്നീ സ്വഭാവ വിശേഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്‌. അവ പാദങ്ങള്‍ വഴി നിങ്ങളുടെ ഞരമ്പുകളെ ഉത്തേജിപ്പിച്ച്‌ നിങ്ങളെ ധ്യാനത്തിനു തയ്യാറാക്കുന്നു. അതുകഴിഞ്ഞ്‌ ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ അവിടെ ഇടതു ഭാഗത്തായി യോഗശാസ്‌ത്രത്തിന്‍റെ പിതാവായി കരുതപ്പെടുന്ന പതഞ്‌ജലി മഹര്‍ഷിയുടെ പതിനൊന്നടി ഉയരമുള്ള ശില്‍പം കാണാം. ആ ശില്‍പം പകുതി സര്‍പ്പ രൂപവും പകുതി മനുഷ്യ രൂപവുമാണ്‌. ജീവശക്തിയായ കുണ്ഡലിനിശക്തിയുടെ പ്രതീകമാണ്‌ ആ രൂപം. ധ്യാനലിംഗത്തിന്‍റെ പ്രകമ്പനങ്ങളില്‍ പുരുഷ സ്വഭാവം അധികമായി കാണപ്പെടുന്നു എന്ന കാരണത്താല്‍ അതിനെ തുലനം ചെയ്യിക്കാനായി പതഞ്‌ജലി മഹര്‍ഷിയുടെ മുന്നില്‍ സ്‌ത്രീ സ്വഭാവം വെളിപ്പെടുത്തുന്ന വിധത്തില്‍ ‘വനശ്രീ’ രൂപം ഒരു വൃക്ഷത്തിന്‍റെ ഘടനയില്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ വൃക്ഷ രൂപത്തില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ഇലയുണ്ട്‌. പതഞ്‌ജലി മഹര്‍ഷി, വനശ്രീ, ധ്യാനലിംഗം എന്നീ മൂന്നും ചേര്‍ന്ന്‍ ത്രികോണ രൂപത്തിലാണു സ്ഥാപിച്ചിട്ടുള്ളത്‌. വീണ്ടും നടക്കുമ്പോള്‍ ഇരുഭാഗത്തും ഭംഗിയുള്ള ശില്‍പങ്ങള്‍ കാണപ്പെടുന്നു. സിദ്ധന്മാരുടേയും ഈശ്വരാരാധന നടത്തിയിരുന്ന ജ്ഞാനികളുടേയും പ്രവൃത്തികളെ പ്രകീര്‍ത്തിക്കുന്ന വിധം സ്ഥാപിച്ചിരിക്കുകയാണ്‌ അവ.

ഒരു രാജാവിന്‍റെ പത്‌നിയായ അക്കമ്മ എന്ന സ്‌ത്രീയുടെ ശില്‍പവും അവിടെയുണ്ട്‌. കടുത്ത പരീക്ഷണങ്ങള്‍ വന്നപ്പോഴും, ഭര്‍ത്താവ്‌ കഠിനമായ ശകാരവാക്കുകള്‍ ഉച്ചരിച്ചപ്പോഴും, ശിവഭക്തി ഉപേക്ഷിക്കാതെ അചഞ്ചലയായി നിന്ന വിശുദ്ധയായ സ്‌ത്രീയാണ്‌ അക്കമ്മ. അടുത്തതായി കാളത്തിനാഥന്‌ സ്വന്തം കണ്ണുകൊടുത്ത കണ്ണപ്പനായനാരുടെ ശില്‍പം. തന്നെ ഹനിക്കാന്‍ വന്നവന്‍ ശിവനടിയാരുടെ വേഷത്തില്‍ വന്നതിനാല്‍ ഗ്രാമാതിര്‍ത്തിവരെ സുരക്ഷിതത്വത്തോടെ കൊണ്ടു ചെന്നാക്കിയ മെയ്‌പ്പൊരുള്‍ നായനാരുടെ ശിലയാണ്‌ അടുത്തത്‌. വലതുഭാഗത്ത്‌ സദാശിവ ബ്രഹ്മേന്ദ്രന്‍; സ്വന്തം കരങ്ങള്‍ വെട്ടപ്പെട്ട അവസ്ഥയിലും ശരീര ചിന്തയില്ലാതെയിരിക്കുന്ന കാഴ്‌ച അവിടെ കാണാം. അതിനടുത്തായി സ്വന്തം ഹൃദയത്തെ ക്ഷേത്രമാക്കി അതില്‍ ഈശ്വരനെ പ്രതിഷ്‌ഠിച്ച്‌ അഭിഷേകം നടത്തിയ പൂശലാരുടെ ശില്‍പം കാണാം. അതു കഴിഞ്ഞാല്‍ സദ്‌ഗുരു, രണ്ടു ജന്മങ്ങള്‍ക്കു മുമ്പ്‌ ശിവയോഗിയായി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഗുരുവായിരുന്ന പഴനിസ്വാമികള്‍ ആഗ്നാ ചക്രത്തെ തുറന്ന്‍ ധ്യാനലിംഗത്തിനു വിത്തുപാകിയ സംഭവത്തെ ചിത്രീകരിക്കുന്ന ശിലാചിത്രം വളരെ മനോഹരമായി സ്ഥാപിച്ചിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ ജ്ഞാനികളെ ദര്‍ശിച്ച ശേഷം ധ്യാനലിംഗത്തിന്‍റെ അരികിലെത്താം. ധ്യാനലിംഗത്തെ നിലത്തു കിടന്ന് നമസ്‌കരിക്കുന്ന രീതിയില്‍ ഒരു യോഗിയുടെ ശില്‍പം തറയില്‍ കൊത്തിവച്ചിരിക്കുന്നു. ഇതിനു ശേഷം ഗുഹയ്ക്കകത്തോട്ടു കേറുന്നത് പോലെയുള്ള ഒരു കവാടം. ഗുഹാമുഖത്തില്‍ കുണ്ഡലിനിയുടെ പ്രതീകമായി ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴു തലകളുള്ള സര്‍പ്പം കാണാം. ഗുഹ കടന്നാല്‍ കാണുന്നതാണ്‌ ധ്യാനലിംഗ ഗര്‍ഭഗൃഹം. 76 അടി വ്യാസവും 33 അടി ഉയരവും ഉള്ളത്‌. ഏഴു ചക്രങ്ങളുടെ പ്രതീകമായി ഏഴു ചെമ്പു വളയങ്ങള്‍. മെര്‍ക്കുറി നിറച്ച ചെമ്പുകുഴല്‍ മദ്ധ്യത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌. `ആവുടയാര്‍’ എന്നു പറയപ്പെടുന്ന അടിഭാഗം ഏഴു ചുറ്റുകളുള്ള സര്‍പ്പാകൃതിയിലാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഏഴു ചക്രങ്ങളുടെയും ശക്തിയെ തന്നില്‍ ആവാഹിച്ച്‌, അതിന്‍റെ പ്രകമ്പനങ്ങളെ ഉത്തേജിപ്പിക്കുന്ന ധ്യാനലിംഗത്തിനു ചുറ്റും 28 ധ്യാനഗുഹകള്‍ ഉണ്ട്‌.

ധ്യാനലിംഗത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവിച്ചറിയാനാനായി, ആനന്ദം ആസ്വദിക്കാനായി മിഴികളടച്ച്‌ ധ്യാനനിരതരായിരിക്കുകയാണ് ജനങ്ങള്‍. ആദ്യമായി, എവിടെ നിന്നോ പതിഞ്ഞ മുരള്‍ച്ച പോലെ ഒരു ശബ്‌ദം മാറ്റൊലികള്‍ കടന്ന് നമ്മുടെ ചെവികളിലൂടെ ഹൃദയത്തില്‍ പതിക്കുന്നു. തുടര്‍ന്ന്‍ പലതരത്തിലുള്ള വാദ്യോപകരണ ശബ്‌ദങ്ങളുടെ തലോടല്‍. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പാലം പോലെ വാക്കുകളില്ലാത്ത ശബ്‌ദസംഗീതം. ഈ ജൂഗല്‍ബന്ദിയുടെ സംഗമം അടുത്ത ഇരുപതു മിനിട്ടുകള്‍ക്കകം നമ്മെ മറ്റൊരു തലത്തിലേക്കു നയിക്കുന്നു. ഇതാണ്‌ നാദാരാധന.

നാദാരാധന സമയങ്ങളില്‍ നാദലഹരിയില്‍ മുഴുകിയിരിക്കുമ്പോള്‍, ലിംഗത്തിന്‍റെ സ്വഭാവം, അതില്‍ നിന്നു പുറത്തുവരുന്ന പ്രകമ്പനങ്ങള്‍ തുടങ്ങിയവ നമുക്ക്‌ വ്യക്തമായി അനുഭവിച്ചറിയാന്‍ കഴിയും.

ഈ പ്രപഞ്ചം മുഴുവന്‍ പല തരത്തിലുള്ള ശക്തിനിലകളുടെ പ്രകമ്പനങ്ങള്‍ തന്നെയാണെന്ന്‍ ശാസ്‌ത്രം കണ്ടുപിടിച്ചിട്ടുണ്ട്‌. ഇങ്ങനെയുള്ള പ്രകമ്പനങ്ങളില്‍ നിന്നുയരുന്ന പലതരം ശബ്‌ദങ്ങള്‍. നാദാരാധന സമയങ്ങളില്‍ നാദലഹരിയില്‍ മുഴുകിയിരിക്കുമ്പോള്‍, ലിംഗത്തിന്‍റെ സ്വഭാവം, അതില്‍ നിന്നു പുറത്തുവരുന്ന പ്രകമ്പനങ്ങള്‍ തുടങ്ങിയവ നമുക്ക്‌ വ്യക്തമായി അനുഭവിച്ചറിയാന്‍ കഴിയും. ഇതിനു പ്രധാനമായും വേണ്ടത്‌ തുറന്ന മനസ്സോടു കൂടി നാം ധ്യാനലിംഗത്തെ സമീപിക്കണം എന്നതാണ്‌. ധ്യാനലിംഗത്തിന്‍റെ അടിഭാഗത്ത്‌ ഖര രൂപത്തിലാക്കപ്പെട്ട മെര്‍ക്കുറിയുണ്ട്‌. മെര്‍ക്കുറിയില്ലാത്ത ലിംഗം പുരുഷത്വമില്ലാത്ത പുരുഷനു സമമാണെന്ന്‍ യോഗശാസ്‌ത്രത്തില്‍ പറയുന്നു.

അവനവന്റെതന്നെ ഉള്ളിലേക്കു നോക്കി സഞ്ചരിക്കുന്നവര്‍ക്ക്‌ അമാവാസിയും പൌര്‍ണമിയും വളരെ പ്രധാനമാണ്‌. അങ്ങനെയുള്ള ദിവസങ്ങളില്‍ മനുഷ്യന്‍റെ ശക്തിനില അല്‍പ്പം കൂടിയ അവസ്ഥയിലായിരിക്കും. പ്രത്യേകിച്ചും അമാവാസി ദിവസം പുരുഷന്മാര്‍ക്ക് അര്‍ദ്ധരാത്രിവരെയും, പൌര്‍ണമി ദിവസം സ്‌ത്രീകള്‍ക്ക് അര്‍ദ്ധരാത്രിവരെയും ധ്യാനം ചെയ്യുവാന്‍ അനുവദിക്കപ്പെടുന്നു. ധ്യാനലിംഗ ക്ഷേത്രത്തില്‍ നിന്ന്‍ പുറത്തേക്കു വരുമ്പോള്‍ നമ്മുടെ ശരീരവും മനസ്സും സംതൃപ്‌തമാണെന്നു നാം മനസ്സിലാക്കും. ഒരിടത്ത്‌ വെറും അഞ്ചുമിനിട്ടു സമയം വെറുതേയിരിക്കാന്‍ ക്ഷമയില്ലാത്തവര്‍പോലും അവിടെ ഇരുപതു മിനിട്ടു നേരം ശരീരം മറന്ന്‍ ഇരിക്കുന്നത്‌ ഒരു പുതിയ അനുഭവമാണ്‌. ധ്യാനാനുഭവത്തെക്കുറിച്ച്‌ അജ്ഞരായവരെപ്പോലും ധ്യാനലിംഗത്തിന്‍റെ ശക്തിയേറിയ പ്രകമ്പനങ്ങള്‍, തീവ്രമായ ധ്യാനാവസ്ഥയിലേക്കു നയിക്കുന്നു.

ധ്യാനാനുഭവത്തെക്കുറിച്ച്‌ അജ്ഞരായവരെപ്പോലും ധ്യാനലിംഗത്തിന്‍റെ ശക്തിയേറിയ പ്രകമ്പനങ്ങള്‍, തീവ്രമായ ധ്യാനാവസ്ഥയിലേക്കു നയിക്കുന്നു.

ആത്മീയ യാത്ര, ഉള്ളിലേക്കുള്ള സഞ്ചാരം ഇവയൊക്കെ ഒരു വശത്തിരിക്കട്ടെ. ദൈനംദിന ജീവിതത്തിലെ അപസ്വരങ്ങള്‍ ഇല്ലാതാക്കാന്‍ ധ്യാനലിംഗം ഏതു രീതിയിലാണ്‌ സഹായിക്കുന്നത്‌ എന്ന ചോദ്യം ജനങ്ങളുടെ ഇടയില്‍ ഉണ്ടാകുന്നത്‌ സ്വാഭാവികം മാത്രമാണ്‌. അങ്ങനെ ചോദിക്കുന്നവര്‍ക്ക്‌ മറുപടി പറയുന്ന തരത്തിലാണ്‌ ധ്യാനലിംഗത്തിന്‍റെ പ്രകമ്പനങ്ങള്‍. മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും സഹായിക്കുന്ന പ്രകമ്പനങ്ങളാണവ.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert2 Comments

Leave a Reply

Your email address will not be published. Required fields are marked *