सद्गुरु

ചോദ്യകര്‍ത്താവ്: സദ്ഗുരുജീ, മാനസിക അവബോധവും... അല്ല, അവബോധവും മാനസിക ജാഗ്രതയും തമ്മിലുള്ള വ്യത്യാസം എന്താണ്? അങ്ങേക്ക് ഉദാഹരണത്തിലൂടെ ഒന്നു വിശദീകരിക്കാമോ?

സദ്ഗുരു: മനസ്സിന് അവബോധത്തിലായിരിക്കാനുള്ള കഴിവില്ല. മനസ്സുകാരണം മാത്രമാണ് നിങ്ങള്‍ക്ക് അവബോധമില്ലാതായിത്തീര്‍ന്നത്. മനസ്സിന്‍റെ പ്രവര്‍ത്തനമാണ് നിങ്ങളില്‍ അവബോധമില്ലാതാക്കിയത്. അതിനാല്‍ മനസ്സും അവബോധവും ഒരുമിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ മനസ്സിന്‍റെ പരിമിതികള്‍ക്കപ്പുറം എത്തുമ്പോഴാണ്, നിങ്ങള്‍ക്ക് ശരിക്കും അവബോധമുണ്ടാകുന്നത്. മനസ്സിന് ഏകാഗ്രതയോടെയിരിക്കാനുള്ള കഴിവുണ്ട്, അതങ്ങനെ തന്നെയായിരിക്കുകയും വേണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഫലിതങ്ങള്‍ കൂടി നഷ്ടപ്പെടും. (ചിരി) നിങ്ങള്‍ക്കു ഫലിതങ്ങള്‍ പിടികിട്ടിയില്ലെങ്കില്‍, നിങ്ങള്‍തന്നെ ഒരു ഫലിതമായി മാറുന്നു. അങ്ങനെയല്ലേ? (ചിരി) നിങ്ങള്‍ക്കതു സംഭവിക്കാതിരിക്കട്ടെ. അതുകൊണ്ട് മനസ്സിനെ മൂര്‍ച്ചവരുത്തേണ്ടത് ആവശ്യമാണ്. പക്ഷെ നിങ്ങള്‍ക്കുള്ള പ്രശ്നമിതാണ് - നിങ്ങള്‍ക്കൊരു ഏകാഗ്രമായ മനസ്സുണ്ടാകുന്ന ആ നിമിഷംമുതല്‍, നിങ്ങള്‍ അതുമായി അങ്ങേയറ്റം താദാത്മ്യം പ്രാപിക്കുന്നു.

നോക്കൂ, നിങ്ങള്‍ ശരീരഭംഗിയില്ലാത്തയാളാണെങ്കില്‍ നിങ്ങള്‍ ശരീരമില്ലായ്മയെ പറ്റി ചിന്തിക്കും. (ചിരി) ഇപ്പോള്‍ നിങ്ങള്‍ക്കൊരു നല്ല ശരീരമുണ്ട്, ഒന്നുമില്ലെങ്കില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതരത്തിലുള്ള ശരീരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ശരീരമില്ലായ്മയെ പറ്റി ചിന്തിക്കുന്നില്ല. നിങ്ങള്‍ ശരീരത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു, അല്ലേ? അതാണ് എല്ലാ മനുഷ്യസംസ്ക്കാരങ്ങള്‍ക്കും സംഭവിച്ചത്. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ പ്രാധാന്യം ശരീരത്തിനു നല്‍കുമ്പോള്‍, അവരെ സംബന്ധിക്കുന്നതെല്ലാം ശരീരത്തെപറ്റിയുള്ളതായിത്തീരുന്നു. ഇപ്പോഴത് വ്യാപകമായി - മുഴുവനായുമില്ല, ഒരു വലിയ അളവില്‍ ഇത് പാശ്ചാത്യസമൂഹത്തില്‍ സംഭവിച്ചിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ഘടകം ശരീരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു സമൂഹത്തിലെ പരസ്യങ്ങളുടെ സംസ്ക്കാരം എടുത്താല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതെന്തൊണെന്നും, ജനങ്ങളുടെ മനസ്സിലുള്ള ഏറ്റവും പ്രധാനമായ കാര്യമെന്താണെന്നും നിങ്ങള്‍ക്കു മനസ്സിലാകും.

ഇപ്പോള്‍, നിങ്ങള്‍ ഇതു നോക്കൂ, പ്രചാരണത്തിന്‍റെ വശങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയാമല്ലോ... നോക്കൂ, ഒരു സമൂഹത്തിലെ പരസ്യങ്ങളുടെ സംസ്ക്കാരം എടുത്താല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതെന്തൊണെന്നും, ജനങ്ങളുടെ മനസ്സിലുള്ള ഏറ്റവും പ്രധാനമായ കാര്യമെന്താണെന്നും നിങ്ങള്‍ക്കു മനസ്സിലാകും. കാരണം പരസ്യം എന്നുപറഞ്ഞാല്‍ വില്പനയെക്കുറിച്ചാണ്. എന്തെന്നാല്‍ എന്തെങ്കിലും വില്‍ക്കണമെങ്കില്‍, അത് നിങ്ങളെ ആകര്‍ഷിക്കണം, അല്ലേ? നിങ്ങള്‍ എന്തുവേണമെങ്കിലും എടുത്തുനോക്കൂ. സുഗന്ധത്തെ പോലെ അത്രയും സൂക്ഷ്മമായത്, പക്ഷെ സുഗന്ധം ലൈംഗികതയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു, അല്ലേ? അങ്ങനെയല്ലേ? നമ്മള്‍ ചര്‍ച്ചചെയ്യുന്നതരം ഗന്ധവും, സുഗന്ധവുമെല്ലാം ലൈംഗികതയുണര്‍ത്തുന്നതോ, ലൈംഗികതയെ ഉത്തേജിപ്പിക്കുന്നവയോ മാത്രമാണ്, അങ്ങനെയല്ലേ? ഞാന്‍ സംസാരിക്കുന്നത് പരസ്യങ്ങളെ പറ്റിയാണ്. (ചിരി) എനിക്കറിയാം, ഒരുപക്ഷെ നിങ്ങള്‍ ഇന്നലെ ഇങ്ങോട്ട് വന്നിട്ടേയുള്ളായിരിക്കും... (ചിരിക്കുന്നു)

അങ്ങിനെ സുഗന്ധം ശാരീരികമായ ആനന്ദത്തിലേക്കുള്ള ഒരു പ്രധാന ഉപകരണമായിത്തീര്‍ന്നിരിക്കുന്നു, അല്ലേ? എന്നാല്‍ ഇതേ വസ്തു പൗരസ്ത്യ സംസ്ക്കാരത്തില്‍ ആത്മീയതയുടെ ഒരു സുപ്രധാനമായ ഭാഗമാണ്. ഏതൊരു ക്ഷേത്രത്തിലും, ഏതൊരു പ്രാര്‍ത്ഥനാലയത്തിലും, ഏതൊരു പൂജാമുറിയിലും, ഏതൊരു ചെറിയ പൂജാസ്ഥാനത്തും, ഒരു പ്രത്യേക സുഗന്ധമുണ്ടായിരിക്കും. അതിന് ശരീരവുമായി യാതൊരു സംബന്ധവുമില്ല. സാംസ്ക്കാരികമായി നോക്കിയാല്‍, ശരീരത്തിന് പ്രാധാന്യം കല്പിക്കുന്ന സമൂഹത്തിലായാലും, ഭൗതികാതീതകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമൂഹത്തിലായാലും ഗന്ധങ്ങളുടെ ഉപയോഗം നിലനില്‍ക്കുന്നതായി കാണാം.

എല്ലാറ്റിനെ സംബന്ധിച്ചും ഇതുശരിയാണ്. സംഗീതത്തിന്‍റെ കാര്യം തന്നെ എടുക്കാം. പുരോഗമന സംഗീതത്തിന്‍റെ പേരില്‍ ഒരു പുരുഷനും സ്ത്രീയും സ്റ്റേജില്‍ ലംബമായിനിന്നുകൊണ്ട് എന്തെല്ലാം ചെയ്യാമോ, അതെല്ലാം ചെയ്യുന്നു, തീര്‍ച്ചയായും തുണിയുടുത്തുകൊണ്ടുതന്നെ. അങ്ങനെയല്ലേ? ഇത് വേറൊന്നിനെ സംബന്ധിച്ചും അല്ല, മറിച്ച് ഭൗതികശരീരത്തെപ്പറ്റി മാത്രമാണ്, അല്ലേ? നിങ്ങള്‍ക്ക് നന്നായി പാടുവാന്‍ കഴിയുമെങ്കിലും ഇന്ന് നിങ്ങളൊരു സംഗീതജ്ഞനാകുകയില്ല. നിങ്ങള്‍ക്ക് ആടുവാനും കഴിയണം, ആണോ അല്ലയോ? ഇതാണ് ഇപ്പോഴത്തെ പ്രവണത. എല്ലാം എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ ഇപ്പോഴത്തെ പ്രധാന പ്രവണതകള്‍ ഉദാഹരണമായി എടുത്തുവെന്നുമാത്രം. ഞാന്‍ ആരെയും ഒന്നിനെയും അടച്ച് മുദ്രകുത്തുകയല്ല. എന്നാല്‍ ഇതേ ശാസ്ത്രീയ സംഗീതം എപ്പോഴും ശാരീരികപരിമിതികള്‍ക്കപ്പുറം പോകുന്നതിനെക്കുറിച്ചായിരുന്നു.

ഞാന്‍ കുറച്ചുമുമ്പ് 'റിഥംബര'യെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. റിഥംബര എന്നുപറഞ്ഞാല്‍ ഈ പ്രപഞ്ചത്തിന്‍റെ ഉറവിടമാണ്. റിഥ് എന്നാല്‍ ഈ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനം. ഈ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനമെന്നുപറഞ്ഞാല്‍ അതില്‍ നല്ലതും ചീത്തയും പെടും. ഇവിടെ നല്ലതെന്നോ ചീത്തയെന്നോ ഉള്ള തരംതിരിവില്ല. ഇവിടെ സൃഷ്ടിയെ 'സൃഷ്ടി'യായി മാത്രം കാണുന്നു. ഇവിടെ ഒന്നിനേയും സുന്ദരമെന്നോ വിരൂപമെന്നോ തരംതിരിക്കുന്നില്ല. നല്ലതെന്നോ ചീത്തയെന്നോ തരംതിരിച്ചുകാണുന്നില്ല. ഒന്നിനേയും ദൈവമെന്നോ ചെകുത്താനെന്നോ തരംതിരിച്ചുകാണുന്നില്ല. ഇവിടെ എല്ലാറ്റിനേയും അതെങ്ങനെയാണോ അങ്ങനെ തന്നെ കാണുന്നു. ഇതാണ് അവബോധം.

മനസ്സിന് വിവേചനബുദ്ധിയോടെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ മനസ്സ് ഉപയോഗശൂന്യമാണ്. മനസ്സ് എന്ന വൈഭവം നമുക്ക് ഉപകാരപ്രദമാകുന്നത് അതിന് നന്മയും തിന്മയും, ശരിയും തെറ്റും തമ്മില്‍ വിവേചിച്ചറിയാന്‍ കഴിയുന്നതുകൊണ്ടാണ്, അല്ലേ? അല്ലെങ്കില്‍ നിങ്ങളുടെ മനസ്സിനെ എന്തിനുകൊള്ളാം? നിങ്ങളുടെ മനസ്സ് ഒന്നിനും കൊള്ളാത്തതാണ്. മനസ്സൊരു കത്തിപോലെയാണ്. നിങ്ങളുടെ കൈവശം ഒരു കത്തിയുണ്ടെങ്കില്‍, അത് മൂര്‍ച്ചയുള്ളതായിരിക്കുന്നതാണ് നല്ലത്. മൂര്‍ച്ചയുള്ള കത്തി അപകടകരമാണെന്ന് നിങ്ങളോട് പലരും പറഞ്ഞിരിക്കും. അതുകൊണ്ട് മൂര്‍ച്ചയില്ലാത്ത കത്തികൊണ്ടുനടക്കുന്നു. പക്ഷെ അതൊന്നിനും കൊള്ളുകയില്ല.

ശരിയാണ്, മൂര്‍ച്ചയുള്ള കത്തി അപകടകാരിയാണ്. നിങ്ങള്‍ ആരെങ്കിലുമായി ഇടഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ ആരെ എങ്കിലും കൊല്ലുവാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ നിങ്ങളെത്തന്നെ അപായപ്പെടുത്തിയേക്കാം. പക്ഷെ നിങ്ങള്‍ക്കൊരു കത്തിയുണ്ടെങ്കില്‍, അത് ശരിക്കും മൂര്‍ച്ചയുള്ളതായിരിക്കണം, അല്ലേ? കാരണം നിങ്ങള്‍ക്കൊരു കത്തികൊണ്ട് കത്തിയുടെ ആവശ്യം നടക്കണമെങ്കില്‍, അത് മൂര്‍ച്ചയുള്ളതായിരിക്കണം. പക്ഷെ ഒരു മൂര്‍ച്ചയുള്ള കത്തിക്ക് മുറിക്കുവാനേ കഴിയൂ. സാധനങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ കഴിയുകയില്ല, ശരിയല്ലേ? മൂര്‍ച്ചയുള്ള കത്തിക്ക് വിഭജിക്കുവാനേ കഴിയൂ. ഒന്നിപ്പിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ടിത് യോഗയ്ക്ക് പറ്റിയ ഒരുപകരണമല്ല.

'യോഗ' എന്നു പറഞ്ഞാല്‍ ഒന്നിക്കലാണ്. യോഗ എന്നാല്‍ എല്ലാറ്റിനേയും ഒന്നിപ്പിക്കുന്നത് എന്നാണര്‍ത്ഥം.

'യോഗ' എന്നു പറഞ്ഞാല്‍ ഒന്നിക്കലാണ്. യോഗ എന്നാല്‍ എല്ലാറ്റിനേയും ഒന്നിപ്പിക്കുന്നത് എന്നാണര്‍ത്ഥം. നിങ്ങള്‍ക്ക് ഒന്നിനെയും കഷ്ണങ്ങളാക്കി മുറിച്ചുകൊണ്ട് ഒന്നാക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ എത്രത്തോളം അതിനു ശ്രമിക്കുന്നുവോ, അത്രത്തോളം കഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ഈ ലോകത്തിലെ ബുദ്ധിജീവികള്‍ക്കെല്ലാം സംഭവിച്ചത് ഇതാണ്. അവരാണ്, മറ്റാരെക്കാളും ചിന്താക്കുഴപ്പമുള്ളവര്‍, സ്വയം നഷ്ടപ്പെട്ടവര്‍. മൂര്‍ച്ചയില്ലാത്ത കത്തിയുള്ളവരാണ് കൂടുതല്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതം നയിക്കുന്നത്, അല്ലേ? മൂര്‍ച്ചയുള്ള കത്തിയുള്ളവര്‍ക്കാണ് ഏറ്റവും വലിയ നഷ്ടബോധം. കാരണം, അവര്‍ക്കതെവിടെ ഉപയോഗിക്കണം, എവിടെ ഉപയോഗിക്കാതിരിക്കണം എന്നറിയില്ല. അവര്‍ എല്ലാ കാര്യത്തിനും ഇതുപയോഗിക്കുന്നു. കാരണം അവര്‍ അതിന്‍റെ മൂര്‍ച്ചയുമായി താദാത്മ്യം പ്രാപിക്കുന്നു.

ആളുകള്‍ അവരുടെ ഗുരുക്കന്മാരുടെ നേര്‍ക്കും ഇതുപയോഗിക്കുന്നു, ഇല്ലേ? അത് ഏല്‍ക്കില്ല, എങ്കിലും അവരതുപയോഗിക്കുന്നു. (ചിരി) അവര്‍ക്ക് അദ്ദേഹത്തെയും കീറിമുറിച്ച് ശരിയും തെറ്റും കണ്ടെത്തണം. അതുകൊണ്ട് പ്രയോജനമില്ല, എന്നാലും അവരതു ചെയ്യും. എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം അവര്‍ എവിടെയും എത്താതാകുന്നു. കാരണം, നിങ്ങള്‍ എത്രത്തോളം നിങ്ങളുടെ കത്തി ഉപയോഗിക്കുന്നുവോ, ഈ ലോകം അത്രത്തോളം ചെറുകഷണങ്ങളാകുന്നു. പെട്ടെന്ന് നിങ്ങള്‍ക്കവിടെ നില്‍ക്കുവാന്‍ പോലും സ്ഥലമില്ലാതെ വരുന്നു, കാരണം എല്ലാം അത്രയും ചെറിയ കണികകളാകുന്നു.

അതുകൊണ്ട് നിങ്ങളില്‍ അവബോധമുണ്ടായാല്‍, നിങ്ങള്‍ ഈ അസ്തിത്വത്തിന്‍റെ ഏകത്വത്തിലെത്തിച്ചേരും. നിങ്ങള്‍ മനസ്സിലൂടെ കാണാന്‍ ശ്രമിച്ചാല്‍, ഈ ലോകത്തെ കീറിമുറിച്ച് കഷണങ്ങളാക്കാന്‍ നിങ്ങളുടെ വിവേചനബുദ്ധി ശ്രമിക്കും. ഇവരണ്ടും തികച്ചും വ്യത്യസ്തങ്ങളാണ്.