താദാത്മ്യം എന്ന മാലിന്യം

comparison

सद्गुरु

ജീവിതത്തില്‍ നിങ്ങള്‍ക്ക് നേരിട്ട് അനുഭവമില്ലാത്ത തരത്തിലുണ്ടാകുന്ന അറിവ് അത് ഏതിനെക്കുറിച്ചുള്ളതായാലും വെറും ചവറാണ്. ഒരുപക്ഷേ അതു വളരെ വിശുദ്ധമായിരിക്കാം. എന്നാല്‍ അത് നിങ്ങളെ മുക്തനാകാന്‍ സഹായിക്കില്ല. കുരുക്കില്‍ പെടുത്തുകയേ ഉള്ളൂ.

വേര്‍തിരിച്ചറിയല്‍ പ്രക്രിയ സംഭവിക്കുന്നത് ബുദ്ധിയുടെ പ്രവര്‍ത്തനം കൊണ്ടാണ്. ‘ബുദ്ധി’ എന്നത് ഒരു ശസ്ത്രക്രിയോപകരണം പോലെയാണ്. അത് എല്ലാറ്റിലും ആണ്ടിറങ്ങുന്നു. അതില്‍നിന്നു ചില അറിവുകള്‍ നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും. കത്തി നിഷ്പ്രയാസം ആ വസ്തുവിലൂടെ ആണ്ടിറങ്ങുകയാണെങ്കില്‍ മുറിക്കുന്ന വസ്തുവിന്‍റെ ഒരംശവും അതില്‍ പറ്റിപ്പിടിക്കുകയില്ല.

നിങ്ങള്‍ ഇന്നു ഒരു കത്തി ഉപയോഗിച്ച് കേക്ക് മുറിക്കുന്നുവെന്നിരിക്കട്ടെ. നാളം റൊട്ടിയായിരിക്കും മുറിക്കുക. മറ്റെന്നാള്‍ മറ്റെന്തെങ്കിലും മുറിച്ചെന്നിരിക്കും. ഇവയുടെയെല്ലാം അവശിഷ്ടം കത്തിയില്‍ പറ്റിപ്പിടിച്ചുവെന്നിരിക്കട്ടെ. കുറെക്കഴിയുമ്പോള്‍ അത് ഉപയോഗശൂന്യമായ ഒരു ഉപകരണമായിത്തീരും. ഇതു നിങ്ങള്‍ക്കുതന്നെ അറിയാന്‍ കഴിയും. നിങ്ങള്‍ ഒരു ഉള്ളിയാണ് മുറിക്കുന്നതെന്നിരിക്കട്ടെ. അതുകഴിഞ്ഞഅ മാങ്ങയോ ആപ്പിളോ മുറിക്കുക. അവയിലെല്ലാം ഉള്ളിയുടെ ചുവ ഉണ്ടായിരിക്കും. ആ കത്തി സഹായമെന്നിതിലുപരി ശല്യമായിത്തീരും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരിക്കല്‍ നിങ്ങളുടെ ബുദ്ധി എന്തെങ്കിലുമായി ഒട്ടിച്ചേര്‍ന്നാല്‍ അതുമായി ബന്ധിക്കപ്പെടും. അങ്ങനെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ അനുഭവത്തില്‍നിന്നും പൂര്‍ണമായി വിചലിതനാകും.

ഒരു കഥപറയാം. അക്ബര്‍ ചക്രവര്‍ത്തി കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ടു. സ്വന്തമായി ഒരു കുഞ്ഞുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയാണ് അക്ബറിനു മുലകൊടുക്കാനും വളര്‍ത്താനുമായി നിയോഗിച്ചത്. കുറെക്കഴിഞ്ഞ് മുലയൂട്ടിയതിന് പ്രതിഫലം നല്‍കി. അക്ബറിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്ന മറ്റേ കുട്ടിക്ക് ഏതാനും ഗ്രാമങ്ങള്‍ നല്‍കുകയും അവിടത്തെ രാജാവാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അക്ബര്‍ എല്ലാവരും അറിയുന്ന ചക്രവര്‍ത്തിയായിത്തീര്‍ന്നു. മറ്റേ കുട്ടിക്കു വേണ്‍ത്ര ബുദ്ധിയോ കഴിവോ ഇല്ലാതിരുന്നതിനാല്‍ എല്ലാം നശിച്ചു. അയാള്‍ക്ക് സ്വത്തൊന്നുമില്ലാതായി.

മുപ്പത്തിരണ്ട് വയസ്സായപ്പോള്‍ അയാള്‍ക്ക് ഒരു പുതിയ ആശയം ഉദിച്ചു. അക്ബര്‍ ചക്രവര്‍ത്തിയെയും എന്നെയും എന്‍റെ അമ്മയാണ് മുലയൂട്ടിവളര്‍ത്തിയത്. ഒരേ അമ്മയുടെ പാല്‍കുടിച്ചു വളര്‍ന്നവരാണ് രണ്ടുപേരും. അതിനാല്‍ രണ്ടുപേരും സഹോദരډാരാണ്. പക്ഷേ ഞാനാണ് മൂത്തവന്‍. അതിനാല്‍ എനിക്കും ചക്രവര്‍ത്തിയാകണം. മൂത്തവനായതുകൊണ്ട് യഥാര്‍ത്ഥ ചക്രവര്‍ത്തി ഞാനാണ്.

ഈ ആശയവും കൊണ്ട് അക്ബറുടെ മുന്നിലെത്തി അയാള്‍ പറഞ്ഞു: “എന്‍റെ അമ്മയാണ് അങ്ങയെ വളര്‍ത്തിയത്. രണ്ടുപേരും ഒരേ പാല്‍കുടിച്ചു വളര്‍ന്നു. ഞാനാണ് മൂത്തവന്‍. പക്ഷേ ഇപ്പോള്‍ ദരിദ്രനാണ്. എന്നെ അങ്ങ് ഉപേക്ഷിക്കുന്നതു ശരിയാണോ?” അക്ബര്‍ അയാളെ സ്വാഗതം ചെയ്തു. കൊട്ടാരത്തില്‍ത്തന്നെ താമസിപ്പിച്ചു. രാജാവിനെപ്പോലെ മാനിച്ചു. ഗ്രാമത്തില്‍ ജീവിച്ചവനായതുകൊണ്ട് കൊട്ടാരജീവിതമൊന്നും അയാള്‍ക്ക് പരിചിതമായിരുന്നില്ല. അതിനാല്‍ മണ്‍ത്തരങ്ങള്‍ പലതും ചെയ്തു. അയാള്‍ കുറേനാള്‍ അവിടെ താമസിച്ചപ്പോള്‍ ഗ്രാമത്തിലേക്കു പോകണമെന്നു പറഞ്ഞു. അക്ബര്‍ പറഞ്ഞു: “നിങ്ങള്‍ക്ക് ആ ഗ്രാമങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. പുതിയ അഞ്ചുഗ്രാമങ്ങള്‍ നിങ്ങള്‍ക്കു ഭരിക്കാനായി തരാം. അവിടത്തെ രാജനായി കഴിയാം.” അയാള്‍ പറഞ്ഞു: “അങ്ങ് ഇത്ര വിജയകരമായി കാര്യങ്ങള്‍ നടത്തുന്നത് മന്ത്രിമാരുടെ കഴിവുകൊണ്ടാണ്. എനിക്ക് അപ്രകാരമൊന്നുമില്ല. അതിനാലാണ് എല്ലാം നഷ്ടമായത്. വേണ്‍ത്ര ഉപദേശകരും മന്ത്രിമാരുമുണ്ടായിരുന്നെങ്കില്‍ അങ്ങയുടേതുപോലെ ഒരു സാമ്രാജ്യം ഞാനും സ്ഥാപിക്കുമായിരുന്നു. വളരെ സമര്‍ത്ഥനായ ബീര്‍ബല്‍ അങ്ങയുടെ കൂടെയുണ്ട് . അയാളെക്കൂടെ കിട്ടിയാല്‍ ഞാനും ഒരു ചക്രവര്‍ത്തിയായേനെ”. “എന്നാല്‍ ബീര്‍ബലിനെക്കൂടി കൊണ്ടു പൊയ്ക്കൊള്ളൂ” – അക്ബര്‍ പറഞ്ഞു. അയാള്‍ക്കു വളരെ സന്തോഷമായി. ബിര്‍ബലിനോട് തന്നോടൊത്തു വരാന്‍ ആവശ്യപ്പെട്ടു. “താങ്കള്‍ എന്‍റെ മൂത്ത സഹോദരനോടൊപ്പം പോകണം” – അക്ബര്‍ പറഞ്ഞു.

ബീര്‍ബല്‍ പറഞ്ഞു: “എനിക്കും ഒരു മൂത്തസഹോദരനുണ്ട് . എന്നെക്കാള്‍ ബലവാന്‍. അയാളെ എനിക്കുപകരം അയയ്ക്കാം”. അതൊരു നല്ല കാര്യമായി എല്ലാവര്‍ക്കും തോന്നി. പിറ്റേദിവസം യാത്രയ്ക്കു സമയമായപ്പോള്‍ ബിര്‍ബല്‍ ഒരു കൂറ്റന്‍ കാളയെയും കൊണ്ട് അവിടെ വന്നു. “എന്താണിത്?” അക്ബര്‍ ചോദിച്ചു. ബീര്‍ബല്‍ പറഞ്ഞു: “ഇതാണ് എന്‍റെ മൂത്തസഹോദരന്‍. ഞാനും ഇവനും ഒരമ്മയുടെ പാല്‍ കുടിച്ചാണ് വളര്‍ന്നത്!”
ഒരിക്കല്‍ നിങ്ങളുടെ ബുദ്ധി ഏതെങ്കിലും കാര്യത്തില്‍ താദാത്മ്യം പ്രാപിച്ചാല്‍ അതേ താദാത്മ്യത്തിലായിരിക്കും തടര്‍ന്നു പ്രവര്‍ത്തിക്കുക. ദിവ്യത്വത്തിലേക്കുള്ള ഒരു കോണിയായി പ്രവര്‍ത്തിക്കേണ്ട നിങ്ങളുടെ മനസ്സ് വഴിമധ്യേ സ്തംഭിച്ചുനില്‍ക്കുകയോ നേരിട്ടു നരകത്തിലേക്കു പോകുകയോ ചെയ്യും.

നിങ്ങളുടെ ചിന്തകളും വികാരങ്ങളും എന്തിനോടാണോ താദാത്മ്യം പ്രാപിച്ചിരിക്കുന്നത് അതില്‍നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ ഒരു മനുഷ്യനാണ് എന്നു കരുതുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും ഒഴുകുന്നത് ആ താദാത്മ്യത്തില്‍ നിന്നാണ്. നിങ്ങളുടെ താദാത്മ്യത ദേശീയതയോ മതമോ ഒക്കെയാണെങ്കില്‍ നിങ്ങള്‍ അതനുസരിച്ചു പ്രവര്‍ത്തിക്കും. എന്തൊക്കെ ചിന്തകളോ വികാരങ്ങളോ ആണ് നിങ്ങള്‍ക്കുള്ളത്. അവ തെറ്റായ ചില മുന്‍ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ മനസ്സുപോലും ഒരുതരം മുന്‍ധാരണയാണ്. നിങ്ങളല്ലാത്ത എന്തെങ്കിലുമായി താദാത്മ്യം പ്രാപിച്ചാല്‍ നിങ്ങളുടെ മനസ്സ് ഒരു എക്സ്പ്രസ്സ് ട്രെയിന്‍ പോലെ നിര്‍ത്താതെ പായും. മനസ്സിന് പൂര്‍ണമായ ഇന്ധനം നല്‍കിയിട്ട് ബ്രേക്കിടണമെന്നുവച്ചാല്‍ അത് നില്‍ക്കുകയില്ല. ബ്രേക്കിടുന്നതിനു മുമ്പുതന്നെ ഇന്ധനം നല്‍കല്‍ അവസാനിപ്പിക്കണം. നിങ്ങളല്ലാത്ത എല്ലാറ്റില്‍നിന്നും താദാത്മ്യത്തെ നീക്കുക. അങ്ങനെചെയ്താല്‍ മനസ്സ് ഒഴിഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. നിങ്ങള്‍ക്ക് അതിനെ ഉപയോഗിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. അല്ലെങ്കില്‍ അത് ഒഴിഞ്ഞുതന്നെയിരിക്കും. അങ്ങനെതന്നെയാണ് വേണ്ടത്.

നിങ്ങള്‍ ഏതൊക്കെ താദാത്മ്യത്തിലായിരുന്നാലും മരണത്തെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ അതൊക്കെ അവസാനിക്കും. നിങ്ങള്‍ക്ക് അല്പമെങ്കിലും അറിവുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഇതു പഠിപ്പിക്കണം. ഇപ്പോള്‍പഠിച്ചില്ലെങ്കില്‍ മരണം പഠിപ്പിക്കും. അതില്‍ ഒരു സംശയവുമില്ല.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *