സദ്ഗുരു: ഇപ്പോള്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, മനസ്സിന് കൗശലത്തിന്‍റേതായ ധാരാളം പാളികള്‍ ഉണ്ട്. ഇപ്പോള്‍ത്തന്നെ, നിങ്ങളുടെ ഉള്ളിലേക്കു നോക്കുക. നിങ്ങളുടെ മനസ്സിന്‍റെ ഒരു ഭാഗം നിങ്ങള്‍ ഒരു വിഡ്ഢിയാണെന്നു വളരെ ബുദ്ധിചാതുര്യത്തോടെ സമ്മതിക്കുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു വിഡ്ഢിയായിരുന്നെങ്കില്‍, അക്കാര്യം നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ പോലും കഴിയുമായിരുന്നില്ല.

അങ്ങനെ മനസ്സ് ഇത്തരം പല കളികളും കളിച്ചുകൊണ്ടേയിരിക്കും. 'ഓ, എനിക്കറിയാം ഞാന്‍ വിഡ്ഢിയാണെന്ന്; അതു ഞാന്‍ എല്ലാവരോടും വിളിച്ചു പറഞ്ഞു കഴിഞ്ഞു.' ഇതു വലിയ മിടുക്കാണ്, നിങ്ങള്‍ക്കറിയാമോ? അതുകൊണ്ട് നിങ്ങളുടെ മനസ്സില്‍ നിന്നും മോചനം നേടുക - എന്നതുപോലെയുള്ള കാര്യങ്ങളിലേക്കൊന്നും പോകാതിരിക്കുക. എന്തിനാണു നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍നിന്നും മോചിതനാകാന്‍ ആഗ്രഹിക്കുന്നത്?

പരിമിതികള്‍ ഉപയോഗിച്ച് അപരിമേയമായതിനെ അഥവാ അനന്തമായതിനെ എത്തിപ്പിടിക്കാന്‍ കഴിയുകയില്ല. അത്രയും കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍, നിങ്ങളുടെ മനസ്സു പറയുന്ന കാര്യങ്ങള്‍ക്ക് അത്ര വളരെ പ്രാധാന്യം നിങ്ങള്‍ നല്‍കുകയില്ല.

കാരണം, ആരോ നിങ്ങളോടു പറഞ്ഞിരുന്നു; ബുദ്ധന്‍ തന്‍റെ മനസ്സിനെ അതിജീവിച്ചിരുന്നുവെന്ന്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അങ്ങനെയൊന്നില്ല. മനസ്സ്, ഇതുവരെ അറിഞ്ഞ പരിമിതമായ കാര്യങ്ങള്‍ വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, മനസ്സിന്‍റെ പ്രവര്‍ത്തനത്തിന് അതു വളരെ വളരെ പരിമിതമാണെന്നും മനസ്സിലാക്കുക മാത്രമാവണം ഇപ്പോഴത്തെ നിങ്ങളുടെ ലക്ഷ്യം. ഈ പരിമിതികള്‍ ഉപയോഗിച്ച് അപരിമേയമായതിനെ അഥവാ അനന്തമായതിനെ എത്തിപ്പിടിക്കാന്‍ കഴിയുകയില്ല. അത്രയും കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍, നിങ്ങളുടെ മനസ്സു പറയുന്ന കാര്യങ്ങള്‍ക്ക് അത്ര വളരെ പ്രാധാന്യം നിങ്ങള്‍ നല്‍കുകയില്ല.

നിങ്ങള്‍ അവ അടക്കാനോ ഒഴിവാക്കാനോ ശ്രമിച്ചാല്‍, അതിനു പുറത്തുപോകാന്‍ ശ്രമിച്ചാല്‍, അതു ജീവിതകാലം മുഴുവനുമുള്ള അവസാനമില്ലാത്ത ഒരുതരം വഞ്ചനയാണെന്നു ഞാന്‍ പറയും. കാരണം അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കില്ല.

നിങ്ങള്‍ മനസ്സിന്‍റെ പരിമിതികള്‍ മനസ്സിലാക്കി അവ അംഗീകരിക്കുകയും, മനസ്സിന്‍റെ പരിമിതമായ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതു രൂപപ്പെടുത്തുന്ന അഭിപ്രായങ്ങളെ വിലമതിക്കുകയും, ബാക്കിയുള്ള സമയം ജീവിതത്തിലെ മറ്റു വശങ്ങളെക്കുറിച്ചു മനസ്സിന് ഒരു ഗ്രാഹ്യവും ഇല്ല എന്നു കാണുകയും, തുറന്നമനസ്സോടെ ഇരിക്കുകയും ചെയ്താല്‍, എന്താണോ സംഭവിക്കേണ്ടത് അതു സംഭവിച്ചുകൊള്ളും.

പക്ഷേ ഏതെങ്കിലും വിധത്തില്‍ മനസ്സിനെ കൊല്ലാനോ ഒഴിവാക്കാനോ ശ്രമിച്ചുകൊണ്ടേയിരുന്നാല്‍ അത് നിഷ്ഫലമായ ഒരു പ്രയത്‌നമായിരിക്കും. യഥാര്‍ത്ഥത്തില്‍ പ്രയത്‌നമെന്നൊന്നില്ല, നിങ്ങള്‍ മനസ്സിനെ പോഷിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.

ആരും വിഡ്ഢികളാകാന്‍ ആഗ്രഹിക്കാറില്ല. ആര്‍ക്കും അതിനു കഴിയില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍, അവര്‍ അതിസാമര്‍ത്ഥ്യം കാട്ടുവാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അവരുടെ ചുറ്റും സാമര്‍ത്ഥ്യത്തിന്‍റെ ഒരു പരിവേഷമെങ്കിലും ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നു.

ആരും വിഡ്ഢികളാകാന്‍ ആഗ്രഹിക്കാറില്ല. ആര്‍ക്കും അതിനു കഴിയില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍, അവര്‍ അതിസാമര്‍ത്ഥ്യം കാട്ടുവാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അവരുടെ ചുറ്റും സാമര്‍ത്ഥ്യത്തിന്‍റെ ഒരു പരിവേഷമെങ്കിലും ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നു.

ആളുകള്‍ മനഃപൂര്‍വ്വം വിഡ്ഢികളായി നടിക്കുന്നത് അത് ഒരു മിടുക്കാണെന്നു കരുതിക്കൊണ്ടാണ്. നിങ്ങളുടെ പ്രവൃത്തികളെല്ലാം മനസ്സിലൂടെ ആയിരിക്കുന്നിടത്തോളം കാലം, നിങ്ങളുടെ പരിശ്രമം മിടുക്ക് കാട്ടുന്നതിനായിരിക്കും. അതിനെതിരായി പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കരുത്; അതുകൊണ്ട് ഒരു കാര്യവുമില്ല. നിങ്ങളുടെ സാമര്‍ത്ഥ്യം വളഞ്ഞ വഴികളിലൂടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന് മാത്രം. അതിനാല്‍, അക്കാര്യത്തില്‍ നേരായ മാര്‍ഗ്ഗം സ്വീകരിക്കുക. ശരിയാണ്, നിങ്ങള്‍ക്കു സമര്‍ത്ഥനാകണം; നിങ്ങള്‍ വിഡ്ഢിയാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അതേസമയം മനസ്സിന്‍റെ പ്രവര്‍ത്തനത്തിലുള്ള പരിമിതികളെക്കുറിച്ചു മനസ്സിലാക്കുകയും വേണം.

നോക്കൂ, നമ്മുടെ ഡ്രൈവര്‍ ഗോപാലന്‍ വളരെ നല്ലയാളാണ്, വളരെ സമചിത്തതയുള്ള നല്ലൊരു ഡ്രൈവര്‍. അയാള്‍ ഫോര്‍മുല വണ്‍ ഓടിക്കുന്ന ഡ്രൈവര്‍ ഒന്നും അല്ലായിരിക്കാം, എന്നാല്‍ കൂടെ സഞ്ചരിക്കാന്‍ പറ്റിയ ഒരു ഡ്രൈവറാണ്. ചില ഡ്രൈവര്‍മാര്‍ക്കൊപ്പം ഈ റോഡുകളിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍, അവര്‍ പല പ്രാവശ്യം പരിഭ്രമിച്ച് ബ്രേക്കു ചവിട്ടുന്നതു കാണാം. കാരണം ചില സ്ഥലങ്ങളില്‍ വേഗത കൂടിപ്പോയതു കൊണ്ടാവാം, അല്ലെങ്കില്‍ മറ്റുചില ഡ്രൈവര്‍മാര്‍ അവരെ വെട്ടിച്ചു കടന്നു പോകാന്‍ ശ്രമിക്കുന്നതു കൊണ്ടുള്ള ആവേശം കൊണ്ടാവാം. ഏതായാലും ഗോപാലന്‍ അങ്ങനെയൊന്നും ചെയ്യുന്നത് നിങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല. അയാള്‍ സമചിത്തതയുള്ള ഒരാളാണ്, വളരെ നല്ല ഒരു ഡ്രൈവറാണ്. എന്നാല്‍ അയാളെ നിങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയുടെ ഉപദേഷ്ടാവാക്കൂവാന്‍ കഴിയുമോ? അതു വിഡ്ഢിത്തമാണ്, അല്ലേ?

അതുപോലെ, നിങ്ങളുടെ മനസ്സ് ചില കാര്യങ്ങളില്‍ വളരെ നല്ലതായിരിക്കാം; അതിനെ അക്കാര്യത്തിന് ഉപയോഗിക്കുക. നിങ്ങള്‍ എല്ലാ കാര്യത്തിനും അതിന്‍റെ ഉപദേശം തേടിയാല്‍, അത് ഒട്ടും നല്ലതല്ല. അതുകൊണ്ട് മനസ്സിന്‍റെ പരിമിതികളെ തിരിച്ചറിയുക. അതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അതിനോട് ചോദിക്കരുത്. അതിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ക്ക് അതിനെ ഉപയോഗിക്കുക.