सद्गुरु

എല്ലാറ്റിനോടും ആത്മാര്‍ത്ഥത പുലര്‍ത്താം, എന്നാല്‍ ആഗ്രഹങ്ങളുമായി താദാത്മ്യം പ്രാപിക്കരുത്. ഈയൊരു ബോധം ഉള്ളിലുറച്ചു കഴിഞ്ഞാല്‍, അതുതന്നെയാണ് ഗൗതമബുദ്ധന്‍ സൂചിപ്പിച്ച ആഗ്രഹരഹിതമായ മനസ്സ്.

സദ്‌ഗുരു: "കാമരഹിതമായ മനസ്സ്" നമ്മള്‍ എപ്പോഴും അങ്ങനെയൊരു മനോഭാവത്തെ ബന്ധിപ്പിക്കുന്നത് ഗൗതമബുദ്ധനുമായാണ്. എന്നാല്‍ ഒന്നാലോചിക്കണം, യാതൊരു തരത്തിലുള്ള ആഗ്രഹവും മനസ്സില്‍വെച്ചു പുലര്‍ത്താതെ ഒരാള്‍ക്ക് ഈ ലോകത്തില്‍ ജീവിക്കാനാകും എന്നു വിശ്വസിക്കാന്‍ തക്കവണ്ണം ഒരു മണ്ടനായിരുന്നില്ല ഗൗതമബുദ്ധന്‍. അദ്ദേഹം സൂചിപ്പിച്ച കാമമില്ലായ്മയുടെ അര്‍ത്ഥം കൂടുതല്‍ ആഴമുള്ളതാണ്. ആഗ്രഹം എന്നൊന്നില്ല എങ്കില്‍ നിലനില്‍പുതന്നെയില്ല എന്നതാണ് സത്യം. ആഗ്രഹങ്ങളില്ലാതെ ജീവിക്കണം എന്ന ആഗ്രഹം അതുതന്നെ വലിയൊരു ആഗ്രഹമല്ലേ? നിങ്ങളുടെ ആഗ്രഹങ്ങള്‍ ആസക്തികള്‍, വികാരങ്ങള്‍, മാറിമാറിവരുന്ന ഭാവങ്ങള്‍, ഇതെല്ലാംതന്നെ നിങ്ങളില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ഊര്‍ജ്ജത്തിന്‍റെ ഫലമായി ഉണ്ടാകുന്നവയാണ്. ആഗ്രഹങ്ങളില്ലാത്ത അവസ്ഥ എന്നാല്‍ ആഗ്രഹങ്ങളുമായി താന്‍ താദാത്മ്യം പ്രാപിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

ആഗ്രഹം എന്നൊന്നില്ല എങ്കില്‍ നിലനില്‍പുതന്നെയില്ല എന്നതാണ് സത്യം. ആഗ്രഹങ്ങളില്ലാതെ ജീവിക്കണം എന്ന ആഗ്രഹം അതുതന്നെ വലിയൊരു ആഗ്രഹമല്ലേ?

ആഗ്രഹങ്ങള്‍ ഏതാണ്ട് കളിപ്പാട്ടങ്ങള്‍ പോലെയാണ്. ഒന്നെടുത്ത് കുറെ നേരം കളിക്കുന്നു, മുഷിയുമ്പോള്‍ അത് താഴെയിട്ട് മറ്റൊന്ന് കൈയിലെടുക്കുന്നു. കളിപ്പാട്ടമില്ലാതെ കളിയില്ല എന്നു പറയുന്നതുപോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കാനും സാദ്ധ്യമല്ല. അവ ഒന്നൊന്നായി വന്ന് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അവയെ തീര്‍ത്തും വേണ്ടെന്നു വെക്കാന്‍ നമുക്കാവില്ല. വേണ്ടത് വേണ്ടതുപോലെ യഥാസമയം നിര്‍വഹിക്കുക, അതേ നമുക്കു ചെയ്യാനാവൂ. എല്ലാറ്റിനോടും ആത്മാര്‍ത്ഥത പുലര്‍ത്താം, എന്നാല്‍ ആഗ്രഹങ്ങളുമായി താദാത്മ്യം പ്രാപിക്കരുത്. ഈയൊരു ബോധം ഉള്ളിലുറച്ചു കഴിഞ്ഞാല്‍, അതുതന്നെയാണ് ഗൗതമബുദ്ധന്‍ സൂചിപ്പിച്ച ആഗ്രഹരഹിതമായ മനസ്സ്. അങ്ങനെയുള്ളവര്‍ക്ക് കര്‍മ്മബന്ധം എന്ന ദോഷമുണ്ടാകുന്നില്ല, അയാള്‍ ചെയ്യുന്നതൊന്നും കര്‍മ്മവുമാകുന്നില്ല. ഒരു മഹായുദ്ധത്തില്‍ പങ്കെടുത്താല്‍തന്നേയും അയാളെ കര്‍മ്മം ബന്ധിക്കുന്നില്ല, കാരണം കര്‍മ്മത്തിലോ കര്‍മ്മഫലത്തിലോ അയാള്‍ക്കാശയില്ല, അയാള്‍ ചെയ്യുന്ന കര്‍മ്മത്തിന് പ്രത്യേകിച്ചൊരു രാഗമോ ദ്വേഷമോ ഹേതുവാകുന്നില്ല. തന്‍റെ കടമകള്‍ യഥാവിധി നിര്‍വഹിക്കുന്നു എന്നൊരു മനോഭാവം മാത്രമായിരിക്കും അയാള്‍ക്കുണ്ടാവുക.

ഇതുതന്നെയാണ് ഗീതയുടെ സാരാംശവും. ശ്രീകൃഷ്ണന്‍ വീണ്ടും വീണ്ടും നൈഷ്കര്‍മ്യത്തെ കുറിച്ച് ഊന്നി പറയുന്നുണ്ട്. കര്‍മ്മമൊന്നും ചെയ്യേണ്ടതില്ല എന്ന് ഉറപ്പിച്ചു പറയുമ്പോഴും അര്‍ജ്ജുനന്‍ സ്വധര്‍മ്മം അനുഷ്ഠിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. ഗൗതമബുദ്ധന്‍ ഉപദേശിക്കുന്ന കാമമില്ലായ്മയെ കുറിച്ചുതന്നെയാണ് ഭഗവാന്‍ കൃഷ്ണനും പറയുന്നത് മറ്റൊരു ഭാഷയിലാണെന്നു മാത്രം, സാഹചര്യങ്ങളിലും അവിടെ വ്യത്യാസമുണ്ട്. "ഞാന്‍" എന്നും "എന്‍റേതെന്നും” ഉള്ള അവകാശബോധം ഒഴിവാക്കികൊണ്ടുള്ള കര്‍മം, അതുതന്നെയാണ് നൈഷ്കര്‍മ്യത, കാമരഹിതമായ മനസ്സും അതുതന്നെ.

ആഗ്രഹങ്ങളെ നേര്‍വഴിയിലേക്കു നയിക്കുക:

ആഗ്രഹങ്ങളേയും വികാരങ്ങളേയും പൊരുതി ജയിക്കാന്‍ ശ്രമിക്കേണ്ട. കൂടുതല്‍ മല്ലടിക്കുന്തോറും അവ പെരുകി വരികേയുള്ളൂ. പുരാണ കഥയില്‍ രക്തബീജാസുരനെകുറിച്ചു പറയുന്നുണ്ട്. അവന്‍റെ ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം നിലത്തു വീണാല്‍ അതില്‍നിന്നും ഒരായിരം അസുരന്‍മാര്‍ ഉടലെടുക്കും. ആഗ്രഹങ്ങളുടേയും വികാരങ്ങളുടേയും കാര്യവും ഇതുതന്നെയാണ്. അവയുടെ തലവെട്ടാന്‍ ശ്രമിച്ചാല്‍ താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും ഒരായിരം അസുരന്മാരെന്നപോലെ, എണ്ണമറ്റ ആഗ്രഹങ്ങളും വികാരങ്ങളും പൊന്തിവരും. അവയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വ്യഥാവിലാകും. പിന്നെ ചെയ്യേണ്ടതെന്താണ്? അവയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത് നേര്‍വഴിക്കു തിരിച്ചുവിടുക.

അവയുടെ തലവെട്ടാന്‍ ശ്രമിച്ചാല്‍ താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും ഒരായിരം അസുരന്മാരെന്നപോലെ, എണ്ണമറ്റ ആഗ്രഹങ്ങളും വികാരങ്ങളും പൊന്തിവരും

വല്ലാതെ ദേഷ്യം തോന്നുന്നു എന്നു വിചാരിക്കൂ, അവനവന്‍ വിശ്വസിക്കുന്ന ഉയര്‍ന്ന മൂല്യങ്ങളുടെ നേരെ അതിനെ തിരിച്ചു വിടൂ. നിങ്ങളുടെ കോപം സമൂഹത്തിലെ അധര്‍മ്മത്തിനും അനാചാരങ്ങള്‍ക്കും നേരെയാകട്ടെ. നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ വികാരപ്രകടനങ്ങളോരോന്നും നിങ്ങളുടെതന്നെ ഊര്‍ജത്തിന്‍റെ ഭാവഭേദങ്ങളാണ്. അവനവന്‍റെ ഊര്‍ജ്ജത്തെ കാമമായും, ക്രോധമായും, മറ്റു പലതായും രൂപപ്പെടുത്തുന്നത് താന്‍ തന്നെയാണ്. ഒരുപക്ഷെ, അതിനെക്കുറിച്ച് നിങ്ങള്‍ ബോധവാനായിരിക്കുകയില്ല, ആണെങ്കില്‍ തന്നേയും അവയെ നിയന്ത്രിക്കാന്‍ നിങ്ങള്‍ പ്രാപ്തനായിരിക്കുകയില്ല. എന്തായാലും അതെല്ലാം ഉടലെടുക്കുന്നത് നിങ്ങളുടെ ഉള്ളില്‍നിന്നു തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഓരോ വ്യക്തിയിലും സഹജമായിട്ടുള്ള പ്രാണോര്‍ജ്ജം അതിന്‍റെതായ രീതിയില്‍ പിടിമുറുക്കാന്‍ തുടങ്ങുന്ന ശ്രമങ്ങളാണ് ഇവയെല്ലാം – കാമക്രോധാദികള്‍. ജീവിതാനുഭവങ്ങളെ അവ കൂടുതല്‍ കൂടുതല്‍ വ്യാപ്തമാക്കുന്നു. മനസ്സ് പല പല വിഷയങ്ങളിലേക്കു ചെന്നു പറ്റുന്നു. അവ സ്വന്തമാക്കണമെന്ന ആഗ്രഹം നാമ്പിടുന്നു. ആഗ്രഹ സാഫല്യത്തിന് ഏതെങ്കിലും വിധത്തില്‍ തടസ്സം സംഭവിക്കുമ്പോള്‍ മനസ്സ് അശാന്തമാകുന്നു. ഫലം നിരാശയും ക്രോധവും, എന്നാല്‍ ശ്രദ്ധ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കാനായാല്‍ ഫലപ്രാപ്തി എളുപ്പത്തിലാവും.

അതുകൊണ്ടാണ് പറയുന്നത് ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും ഉദാത്തമായതുതന്നെ നേടണമെന്നാഗ്രഹിക്കു. എല്ലാ ഊര്‍ജ്ജവും ആ ദിശയിലേക്കുതന്നെ തിരിച്ചുവിടൂ. ദേഷ്യമുളള്ളപ്പോള്‍ ആരേയും സ്നേഹിക്കാനാവില്ല. ദേഷ്യത്തെ ഞൊടിയിടയില്‍ സ്നേഹമാക്കി മാറ്റാനുമാവില്ല. ദേഷ്യത്തെ ധാര്‍മിക മൂല്യങ്ങളുടെ വഴിയിലേക്കു തിരിച്ചുവിടാന്‍ നിങ്ങള്‍ക്കാകും. അത് ആര്‍ക്കും സ്വയം ചെയ്യാനാവുന്നതാണ്, ഒരാളേയും അതിനായി ആശ്രയിക്കേണ്ടതില്ല. ക്രോധം, വലിയ ഊര്‍ജ്ജം തന്നെയാണ്. അതുപോലെത്തന്നെയാണ് കാമവും. അവയെ ശരിയായ മാര്‍ഗത്തിലേക്ക് ഒഴുക്കിവിടൂ. സ്വന്തം ഇഷ്ടവും, താല്‍പര്യവും, വികാരവും ഒന്നിനെപ്രതി മാത്രമാകുമ്പോള്‍, എല്ലാ ഊര്‍ജ്ജവും ആ ഒന്നില്‍ത്തന്നെ കേന്ദ്രീകരിക്കുമ്പോള്‍, വിജയം ഒരിക്കലും അകലെയല്ല. പ്രയാസമുള്ളതുമല്ല.

https://i.ytimg.com/vi/vZqGmlXk7FE/maxresdefault.jpg