सद्गुरु

വലിച്ചുനീട്ടപ്പെട്ട ഇലാസ്റ്റിക്ക് എത്ര ദിവസത്തേക്ക് അതിന്‍റെ പ്രവര്‍ത്തനം തുടരും? ഒരു ഘട്ടത്തിനു ശേഷം അതിന്‍റെ സ്വാഭാവികത ഇല്ലാതാകുമ്പോള്‍, പിന്നെ ചെറുതായി ഒന്നു വലിച്ചാല്‍പോലും പൊട്ടിപ്പോകാനിടയുണ്ട്.

ഈ സമൂഹത്തില്‍ നിങ്ങള്‍ എങ്ങനെയാണു വളര്‍ന്നതെന്ന് ഓര്‍ത്തുനോക്കൂ. മാതാപിതാക്കള്‍, അദ്ധ്യാപകര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ തുടങ്ങി എല്ലാവരും നിങ്ങള്‍ക്കു നന്മ വരാനായിട്ടാണ് എന്നു പറഞ്ഞ് എന്തൊക്കെയാണ് ചെയ്തുകൊണ്ടിരുന്നത്! ചുറ്റുമുള്ളവര്‍, എപ്പോഴും മറ്റുള്ളവരോടു താരതമ്യപ്പെടുത്തി നിങ്ങളെ ചെറുതാക്കി കാണിക്കുമായിരുന്നു. എന്തിന്?

മറ്റൊരാളുമായി താരതമ്യം ചെയ്യപ്പെടുമ്പോഴാണ് ഒരാളില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്. അത് അയാളെ ഉയരങ്ങളില്‍ എത്തിക്കും എന്നവര്‍ കരുതി. നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുള്ള വേറെ വഴികള്‍ നമ്മുടെ പൂരവ്വികര്‍ക്ക് അറിയാമായിരുന്നില്ല. ഒരു ഘട്ടത്തില്‍ അങ്ങനെ താരതമ്യപ്പെടുത്തുന്നതൊക്കെയും അവര്‍ നിര്‍ത്തി, പക്ഷേ താരതമ്യപ്പെടുത്തുക എന്ന ശീലത്തില്‍നിന്നും മനുഷ്യനെ വിമുക്തനാക്കാന്‍ അവര്‍ക്കു പറ്റിയില്ല.

ഒരിക്കല്‍ ശങ്കരന്‍പിള്ള തന്‍റെ ഭാര്യയോട് വഴക്കുണ്ടാക്കിയ ശേഷം ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിപ്പോയി. മൂന്നു ദിവസം പല സ്ഥലങ്ങളിലുമായി അലഞ്ഞു നടന്നു. നാലാമത്തെ ദിവസം രാവിലെ ഒരു ഭക്ഷണ ശാലയില്‍ കയറിച്ചെന്ന് സപ്ളയറെ വിളിച്ച് ,"കല്ലുപോലുള്ള തണുത്ത ഇഡ്ഢലിയും, ഒട്ടും രുചിയില്ലാത്ത സാമ്പാറും കട്ടിയില്ലാത്ത പാലൊഴിച്ചുണ്ടാക്കിയ തണുത്ത കാപ്പിയും കൊണ്ടു വരൂ" എന്നു പറഞ്ഞു.

"എത്ര മോശമായ ഓര്‍ഡര്‍ ആണിത്" എന്ന് സപ്ളയര്‍ അത്ഭുതം കൂറി.

അപ്പോള്‍ ശങ്കരന്‍പിള്ള പറഞ്ഞു. "കൂട്ടുകാരാ, ഞാന്‍ വിശപ്പു തീര്‍ക്കാന്‍ വേണ്ടിയല്ല ഇവിടെ വന്നത്. എനിക്ക് എന്‍റെ വീട് ഓര്‍മ്മയില്‍ വന്നതാണ്."

ഇങ്ങനെ പഴയ ശീലങ്ങളെ പെട്ടെന്നൊന്നും ഉപേക്ഷിക്കാന്‍ പറ്റാതെ നിങ്ങളും വിഷമിക്കുന്നു. അന്യനെ നിങ്ങളെക്കാള്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നിങ്ങളെക്കാള്‍ ഉയര്‍ന്നവനാണെന്നു വിചാരിച്ച്, അയാളെ ഒരു മാതൃകാ പുരുഷനായി നിങ്ങള്‍ കരുതുന്നു. അതുപോലെയാകണം എന്നാഗ്രഹിക്കുന്നു. ഇല്ലാത്ത ചിറകുകള്‍ കൊണ്ട് ചിറകടിക്കുന്നു. അയാളെക്കാളും വലിയവനാകാന്‍ വേണ്ടി ശ്രമിച്ച് അതുപോലെയാകും. പക്ഷേ അതിനുമുമ്പ് മറ്റൊരാള്‍ അയാളെക്കാള്‍ ഉയരത്തില്‍ നിന്ന് നിങ്ങളെ കളിയാക്കും. ഉടന്‍തന്നെ നിങ്ങള്‍ക്കും അത്രയും ഉയരത്തില്‍ എത്തണം എന്നാഗ്രഹിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ വിരട്ടാന്‍ വേണ്ടി ചാട്ടവാറുമെടുത്തു നില്‍ക്കും.

ഇത് എങ്ങനെ ഇരിക്കുന്നു എന്നറിയാമോ? ഒരു ഇലാസ്റ്റിക് റിബണിനെ ഇരുവശങ്ങളിലേക്കും വലിച്ചു പിടിച്ചാല്‍ അതു ടെന്‍ഷന്‍ സഹിക്കാന്‍ പറ്റാതെ രണ്ട് അറ്റങ്ങളും ഒന്നിനോടൊന്നു തൊടാന്‍ ശ്രമിക്കും. കൈയെടുത്തുകഴിഞ്ഞാല്‍ അറ്റങ്ങള്‍ ഒന്നിനോടൊന്ന് തൊട്ടു നില്‍ക്കും. പിന്നെയോ. രണ്ടറ്റവും വെറുതെ കിടക്കും. വീണ്ടും വലിച്ചു പിടിച്ചാല്‍ മാത്രമേ അതില്‍ സ്വാഭാവികമായ പ്രവര്‍ത്തനം കാണാന്‍ പറ്റുകയുള്ളൂ.

വലിച്ചുനീട്ടപ്പെട്ട ഇലാസ്റ്റിക്ക് എത്ര ദിവസത്തേക്ക് അതിന്‍റെ പ്രവര്‍ത്തനം തുടരും?

ഇങ്ങനെ, പുറമേയുള്ള ശക്തിയാല്‍ പ്രേരിപ്പിക്കപ്പെട്ട് ലക്ഷ്യത്തില്‍ എത്തിയാല്‍ അടുത്തതിനായി എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കും. അടുത്ത ലക്ഷ്യം കാണിച്ചു കൊടുത്താല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുകയുള്ളു. വലിച്ചുനീട്ടപ്പെട്ട ഇലാസ്റ്റിക്ക് എത്ര ദിവസത്തേക്ക് അതിന്‍റെ പ്രവര്‍ത്തനം തുടരും? ഒരു ഘട്ടത്തിനു ശേഷം അതിന്‍റെ സ്വാഭാവികത ഇല്ലാതാകുമ്പോള്‍, പിന്നെ ചെറുതായി ഒന്നു വലിച്ചാല്‍പോലും പൊട്ടിപ്പോകാനിടയുണ്ട്.

ദുര്‍ബലനായ ഒരാള്‍ ഇങ്ങനെയാണ്. സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ തങ്ങളുടെ ലക്ഷ്യം എത്തുന്നതിനു മുമ്പു തന്നെ ഹൃദയാഘാദം വന്ന് ആശുപത്രികളില്‍ ചെന്നു വീഴുന്നു. ജീവിതം മുഴുവന്‍ എന്തിനു മറ്റൊരാള്‍ നിങ്ങളെ തള്ളിക്കൊണ്ടു പോകണം? അതിനുള്ള അധികാരം നിങ്ങളെന്തിനു മറ്റുള്ളവര്‍ക്കു നല്‍കുന്നു?

നിങ്ങള്‍ക്ക് പര്‍വ്വതത്തില്‍ കയറണമെന്നു തോന്നിയാല്‍, അതിനുള്ള കഴിവ് നിങ്ങള്‍ വളര്‍ത്തിയെടുക്കണം. ആവശ്യമുള്ള ശക്തി കാലുകള്‍ക്ക് പകര്‍ന്നു കൊടുക്കണം. അപ്രകാരം ചെയ്യാതെ മറ്റൊരാളെ നോക്കി നിങ്ങളുടെ മനസ്സിനെ മര്‍ദ്ദിച്ചുകൊണ്ടിരുന്നാല്‍ മതിയോ? നിങ്ങള്‍ക്ക് പര്‍വ്വതത്തിന്‍റെ നെറുകയില്‍ ചെന്നെത്താന്‍ പറ്റുമോ? നിങ്ങള്‍ക്ക് എപ്പോഴാണ് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക? അന്യരുമായി താരതമ്യം ചെയ്യപ്പെടുമ്പോഴാണോ, അതോ സ്വബോധത്തോടുകൂടി ഇരുന്ന് പദ്ധതികള്‍ തയ്യാറാക്കുമ്പോഴാണോ? ശാന്തതയോടെ, നല്ല ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ ആഗ്രഹത്തിനു തടസ്സമായി നില്‍ക്കുന്ന സ്പീഡ് ബ്രേക്കര്‍ അല്ല. നിങ്ങളുടെ വളര്‍ച്ചയ്ക്ക് എതിരായുള്ള തടസ്സവാദങ്ങളുമല്ല. അതു നിങ്ങളെ ആഗ്രഹിക്കുന്ന ദിശയില്‍ സ്വാതന്ത്ര്യത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്ന ഊര്‍ജ്ജമാണ്.

സന്തോഷത്തോടെ, സമാധാനത്തോടെ ഇരിക്കുക എന്നതാണ് നിങ്ങളുടെ അടിസ്ഥാനപരമായ സ്വാഭാവികത എന്ന കാര്യം മറക്കാതിരിക്കുക. ആരാലും വിരട്ടിയോടിക്കപ്പെടാതെ ശാന്തനായിരിക്കുക. തിരഞ്ഞെടുത്ത പ്രവൃത്തിയില്‍ താല്‍പ്പര്യപൂര്‍വ്വം മുഴുകുക. ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിക്കുക. അപ്പോള്‍ മാത്രമേ വളര്‍ച്ചയെ ലക്ഷ്യമാക്കി നിങ്ങളെ നയിക്കുന്ന ഉള്‍ശക്തിയെ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അപ്രകാരമുള്ള ഉള്‍ശക്തി മാത്രം നിങ്ങളെ നയിക്കുന്ന ശക്തിയായിരിക്കട്ടെ. മറ്റൊരാള്‍ എത്തിപ്പെട്ട ഉയരങ്ങളില്‍ നിങ്ങള്‍ക്കു ചെന്നെത്താന്‍ കഴിഞ്ഞില്ലെന്നു വരും, പക്ഷേ നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഉയരത്തില്‍ നിങ്ങള്‍ എത്തിയിരിക്കും. അത് നിങ്ങള്‍ക്കു ശരിക്കും സന്തോഷം തരുന്നതുമായിരിക്കും.

ആത്മീയ കാര്യങ്ങളില്‍ തീണ്ടായ്മ എന്നത് സ്ത്രീകള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ളത് എന്തുകൊണ്ടാണ്?

പുരുഷനും സ്ത്രീയും ഒരേ വര്‍ഗ്ഗം തന്നെയാണ് എന്നുള്ള കാര്യം മറന്നുപോയവരുടെ വിഡ്ഡിത്തമാണത്. ആദ്യകാലങ്ങളില്‍ ശാരീരിക ബലം ഉണ്ടായിരുന്നതുകൊണ്ടാണ് പുരുഷന് സ്ത്രീയില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്നത്. എന്നാലും ഓരോ സെക്കന്‍റിലും ഒരു സ്ത്രീ തന്‍റെ ചിന്തകളെ ആക്രമിക്കുന്നത് അവന്‍ ശ്രദ്ധിച്ചിരുന്നു. ശാരീരിക ബലം ഉള്ളവനായിരുന്നെങ്കിലും മാനസികമായി ഒരു സ്ത്രീയുടെ അടിമയായിപ്പോകുമോ എന്ന ഭയം അവനെ അലട്ടിയിരുന്നു. ഇങ്ങനെയങ്ങു വിട്ടു കഴിഞ്ഞാല്‍ സ്ത്രീ അധികാരം കവര്‍ന്നുകൊള്ളുമോ എന്നു രാജാക്കന്മാര്‍ മാത്രമല്ല, മതഗുരുക്കന്മാരും ആശങ്കപ്പെട്ടു.

നിങ്ങള്‍ നിങ്ങളുടെ മാതാവിന്‍റെ ഉദരത്തില്‍ ഇരുന്ന പത്ത് മാസങ്ങളും മാതാവിന്‍റെ അശുദ്ധങ്ങള്‍ പുറത്തുപോയിട്ടില്ല.

അതുകൊണ്ട്, സ്ത്രീക്ക് ആയിരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതില്‍ ഒന്നാണ് രജസ്വലയായ സ്ത്രീക്കു കല്‍പ്പിച്ചിരുന്ന അയിത്തം. മാസത്തിലൊരിക്കല്‍ സ്ത്രീ അശുദ്ധയാകുന്നു, എന്നു പറയുന്നവര്‍ ഒരു കാര്യം സൗകര്യപൂര്‍വ്വം മറന്നുകളയുന്നു. നിങ്ങള്‍ നിങ്ങളുടെ മാതാവിന്‍റെ ഉദരത്തില്‍ ഇരുന്ന പത്ത് മാസങ്ങളും മാതാവിന്‍റെ അശുദ്ധങ്ങള്‍ പുറത്തുപോയിട്ടില്ല. അപ്പോള്‍ ആ അശുദ്ധങ്ങളിലൂടെയാണല്ലോ നിങ്ങള്‍ പടിപടിയായി രൂപം പ്രാപിച്ചത്. നിങ്ങളുടെ ശരീരത്തിലെ ഓരോ തുള്ളി രക്തവും, ഞരമ്പും, ദശയും, എല്ലും ആ അശുദ്ധത്തില്‍ നിന്നല്ലേ തയ്യാറാക്കപ്പെട്ടിട്ടുള്ളത്? ഒരു സ്ത്രീയെ അശുദ്ധ എന്നു പറഞ്ഞാല്‍ അവളില്‍നിന്നും ഉദ്പാദിപ്പിക്കപ്പെട്ടവര്‍ അവളേക്കാളും അശുദ്ധരായിരിക്കണമല്ലോ?

https://www.publicdomainpictures.net