ജീവിതം സന്തോഷകരവും തൃപ്തികരവുമാക്കാന്‍….പത്താശയങ്ങള്‍

11 – To make life more happy and content

सद्गुरु

മനുഷ്യന്‍ പ്രകൃത്യാ സന്തോഷവാനാണ്‌. അങ്ങനെയാവാന്‍വേണ്ടി വിശേഷിച്ചൊന്നും ചെയ്യേണ്ടതില്ല. പക്ഷെ ഒരായുഷ്ക്കാലം മുഴുവന്‍ അനാവശ്യമായി വലിയ വിഴുപ്പുകളേറ്റി നടന്നവന്, തലയിലൊരു ചെറിയ ഭാണ്ഡക്കെട്ടെങ്കിലും ഇല്ലെങ്കില്‍, അവന്‍ ജീവിക്കുന്നില്ല എന്ന തോന്നലാണ്.

സദ്ഗുരു : സന്തോഷവാന്‍ – ഈ ഒരവസ്‌തയിലെത്തുമ്പോള്‍ ജീവിതത്തിനാകമാനം വലിയ വലിയ മാറ്റങ്ങള്‍ വന്നിരിക്കും. ബാഹ്യലോകവുമായി പ്രതികരിക്കുന്നവിധം, അതിനെ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിധം, അങ്ങനെ എല്ലാറ്റിലും സാരമായ മാറ്റമുണ്ടാകും. ചെയ്യുന്നതൊ, ചെയ്യാതിരിക്കുന്നതൊ ആയ പ്രവൃത്തികളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ കറ പിടിക്കുകയില്ല. നേട്ടങ്ങളായാലും, അനിഷ്ടങ്ങളായാലും, മനസ്സിന്‍റെ സ്വസ്ഥത നഷ്‌ടപ്പെടുന്നില്ല. സംഭവിച്ചതിനെക്കുറിച്ചോ സംഭവിക്കാത്തതിനെക്കുറിച്ചോ ആലോചിച്ച് മനസ്സ്‌ വേവലാതിപ്പെടുന്നില്ല. സദാ സന്തോഷവാനായിരിക്കും. അങ്ങനെയുള്ള ഒരാള്‍ ചെയ്യുന്നതെന്തും, സാമാന്യ നിലയില്‍നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ഒരു വ്യാപ്തിയിലായിരിക്കും.

സന്തുഷ്ടമായ മനസ്സുണ്ടെങ്കില്‍ മാത്രമേ മറ്റെല്ലാ സാദ്ധ്യതകളും പൂര്‍ണമായി വിടര്‍ന്നു വികസിക്കുകയുള്ളു.

സന്തോഷം സ്വതസിദ്ധമാണ്‌ , ജന്മാവകാശമാണ്‌.സദാ സന്തോഷവാനായി കഴിയുക എന്നത് ഓരോ വ്യക്തിയുടേയും പ്രാഥമികമായ കടമയാണത്‌. സന്തോഷം കൈവരിക്കുക നമ്മുടെ പരമമായ ലക്ഷ്യമാണെന്ന്‍ തെറ്റിദ്ധരിക്കേണ്ട, അത്‌ നമ്മുടെ അടിസ്ഥാനസ്വഭാവമാണ്‌. മനസ്സില്‍ സന്തോഷമില്ലാത്തവന് ജീവിതംകൊണ്ടെന്തു കാര്യം? സന്തുഷ്ടമായ മനസ്സുണ്ടെങ്കില്‍ മാത്രമേ മറ്റെല്ലാ സാദ്ധ്യതകളും പൂര്‍ണമായി വിടര്‍ന്നു വികസിക്കുകയുള്ളു. നമ്മള്‍ ചെയ്യുന്നതെന്തായാലും അവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌ നമ്മുടെ ആന്തരികവാസനകളാണ്‌. അത്‌ സമ്മതിച്ചു തരാന്‍ ഒരു പക്ഷെ നിങ്ങള്‍ തയ്യാറാവില്ലായിരിക്കും, എങ്കിലും സത്യം അതാണ്‌. വിലയേറിയ സംഭാവനകള്‍ ലോകത്തിനു നല്‍കാന്‍ നിങ്ങള്‍ക്കാവും. അതുകൊണ്ട് ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം ചെയ്യേണ്ടതിതാണ് – സ്വയം സന്തോഷവാനായിരിക്കുക

സന്തോഷം സഹജഭാവമാണ്.നിങ്ങള്‍ എന്തുചെയ്യുന്നു എന്നത്‌ കാര്യമാക്കേണ്ട. അത്‌ കൃഷിയോ, കച്ചവടമോ, അദ്ധ്യാപനമൊ, രാജ്യഭരണമൊ മറ്റെന്തെങ്കിലും ഉദ്യോഗമോ ആയിരിക്കാം, എന്തായാലും സാധാരണഗതിയില്‍, അത്‌ നിങ്ങള്‍ക്ക്‌ സംതൃപ്തിയും സന്തോഷവും തരുന്നതാണ്‌ എന്നൊരു തോന്നല്‍ ഉള്ളിലെവിടെയോ ഉണ്ടായിരിക്കും. ഈ ലോകത്ത്‌ നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും സംതൃപ്തി നേടാന്‍ വേണ്ടിയുള്ളതാണ്‌, കാരണം അത്‌ നമ്മുടെ സഹജമായ ഭാവമാണ്‌. കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ എപ്പോഴും സന്തോഷവാനായിരുന്നു, സ്വന്തം പ്രകൃതി നിങ്ങള്‍ക്കു കൈമോശം വന്നിരുന്നില്ല. ഇപ്പോള്‍ അതെല്ലാം എവിടെപ്പോയി? സന്തോഷത്തിന്‍റെ ഉറവിടം സ്വന്തം മനസ്സുതന്നെയാണ്‌. അത്‌ നിങ്ങള്‍ വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു.
ജീവിക്കുന്ന പ്രകൃതിയെ ആസ്വദിക്കാന്‍ ശ്രമിക്കു

ശ്രദ്ധിച്ചുവോ എത്ര മനോഹരമായിരുന്നു ഇന്നത്തെ സൂര്യോദയം! എങ്ങും പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. നക്ഷത്രങ്ങളൊന്നും താഴേക്കു വീണിട്ടില്ല. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അവയുടെ സ്ഥാനത്തുതന്നെയുണ്ട്‌. എല്ലാം മുറപോലെ നടക്കുന്നു. ഈ പ്രകൃതിയാകെത്തന്നെ അതിന്‍റെ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എത്ര വിസ്‌മയകരമാണീ പ്രപഞ്ചം! എന്നിട്ടും നിങ്ങളതൊന്നും കാണുന്നില്ല. ഏതോ പ്രശ്നത്തിന്റെ നിഴല്‍ നിങ്ങളുടെ മനസ്സില്‍ അരിച്ചുകൊണ്ടിരിക്കുന്നു. ജോലിസ്ഥലത്തെ, കുടുംബത്തിലെ, ബന്ധുമിത്രാദികള്‍ക്കിടയിലെ, ചെറുതും വലുതുമായ പ്രശ്നങ്ങള്‍… സമാധാനമില്ല, ഉറക്കമില്ല, ഒരുതരം ആധി.

ഓരോരുത്തരും മനസ്സുകൊണ്ട്‌ അവനവന്‍റെതായ ഒരു ലോകം സൃഷ്‌ടിച്ചിരിക്കുന്നു. പുറത്തുള്ള ഈ വിശാലമായ ലോകത്തേക്കാള്‍ മുന്‍തൂക്കം അവനവന്‍ ചമച്ച ലോകത്തിന്‌ നല്‍കുകയും ചെയ്യുന്നു.

ജീവിതം എന്താണെന്നതിനെക്കുറിച്ച്‌ അധികംപേര്‍ക്കും ശരിയായ ഒരു ധാരണയില്ല, അതിന്‍റെ ഫലമാണ്‌ മനുഷ്യന്‍ അനുഭവിക്കുന്ന യാതനകളിലേറെയും. ഓരോരുത്തരും മനസ്സുകൊണ്ട്‌ അവനവന്‍റെതായ ഒരു ലോകം സൃഷ്‌ടിച്ചിരിക്കുന്നു. പുറത്തുള്ള ഈ വിശാലമായ ലോകത്തേക്കാള്‍ മുന്‍തൂക്കം അവനവന്‍ ചമച്ച ലോകത്തിന്‌ നല്‍കുകയും ചെയ്യുന്നു. പ്രപഞ്ചസ്രഷ്‌ടാവ്‌ നിര്‍മ്മിച്ച ഈ ലോകം നിങ്ങളുടെ കണ്ണില്‍ നിസ്സാരമാണ്‌. മനുഷ്യന്‍ അനുഭവിക്കുന്ന പലവിധ ദുരിതങ്ങള്‍ക്കും പ്രധാന കാരണം തെറ്റായ ഈ കാഴ്‌ചപ്പാടാണ്‌. നമ്മള്‍ ഈ ലോകത്തില്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നു, അതുതന്നെ എത്രയോ വലിയൊരു അത്ഭുതമാണ്‌!

അതു മനസ്സിലാക്കാന്‍ ആര്‍ക്കും സമയമില്ല. മനസ്സിലെ ഒരു ചിന്ത, അല്ലെങ്കില്‍ ഒരാശയം, എല്ലാ അനുഭവങ്ങളുടേയും നിറം പാടെ മാറ്റുന്നു. ഈ പ്രകൃതിതന്നെയാണ്‌ ഏറ്റവും വലിയ അത്ഭുതം, എന്നിട്ടും അതു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ സ്വന്തം വിചാരവികാരങ്ങളുടെ തീരെ ഇടുങ്ങിയ ആ ലോകത്ത്‌ കുടുങ്ങി കിടക്കുകയാണ് നിങ്ങളുടെ മനസ്സ്.
മനസ്സിനെ മനസ്സിലാക്കു

“എന്‍റെ മനസ്സ്‌” എന്ന്‍ അധികാരത്തോടെ നിങ്ങള്‍ പറയുന്ന ആ വസ്തു യഥാര്‍ത്ഥത്തില്‍ നിങ്ങളുടേതല്ല. നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു മനസ്സില്ല എന്നതാണ്‌ സത്യം. ഞാന്‍ പറയുന്നത് ശ്രദ്ധ വച്ചു മനസ്സിലാക്കാന്‍ ശ്രമിക്കൂ – നിങ്ങള്‍ പറയുന്ന ഈ മനസ്സ്‌, വാസ്‌തവത്തില്‍ ഈ സമൂഹത്തിന്‍റെ ഒരു ചവറ്റുകൊട്ടയാണ്‌. നിങ്ങളുടെ അരികില്‍കൂടി കടന്നുപോകുന്ന ഓരോരുത്തരും എന്തെങ്കിലുമൊരു പാഴ്‌വസ്‌തു അതിലേക്കു വലിച്ചെറിയുന്നു. ചവറ്റുകൊട്ടയില്‍ വന്നു വീഴുന്ന വസ്തുക്കളെ നിങ്ങള്ക്ക് തടുക്കാനാവില്ല. പക്ഷെ അതില്‍ നിന്ന് എന്ത്‌, എത്രത്തോളം സ്വീകരിക്കണം, അത്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ സ്വതന്ത്ര്യമില്ലെ?

ചവറ്റുകൊട്ടയില്‍ വന്നു വീഴുന്ന വസ്തുക്കളെ നിങ്ങള്ക്ക് തടുക്കാനാവില്ല. പക്ഷെ അതില്‍ നിന്ന് എന്ത്‌, എത്രത്തോളം സ്വീകരിക്കണം, അത്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ സ്വതന്ത്ര്യമില്ലെ?

ഉള്ളില്‍ വന്നുവീഴുന്ന വസ്‌തുക്കള്‍ വേണ്ട വിധത്തില്‍ തരംതിരിച്ച്‌, വേണ്ടത് പ്രയോജനപ്പെടുത്താനും വേണ്ടാത്തതു വലിച്ചെറിഞ്ഞു കളയാനും ആകണം. “ഇയാളെ എനിക്ക്‌ ഇഷ്‌ടമില്ല” എന്നു പറഞ്ഞ്‌ ആരെയെങ്കിലും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍, നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ചവറു വന്നുവീഴുന്നത്‌ അയാളില്‍നിന്നായിരിക്കും. പലരില്‍നിന്നും പലപ്പോഴായി വീണുകിട്ടുന്ന അറിവുകളും വിവരങ്ങളും, ഈ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും, പക്ഷെ, യഥാര്‍ത്ഥത്തിലുള്ള നിങ്ങളുടെ വളര്‍ച്ചയെ അത്‌ ഒരുതരത്തിലും സഹായിക്കുന്നില്ല.
തുടരും…

Photo credit to : https://pixabay.com/en/girl-happy-blue-eyes-young-child-671385/

******************************************************************************************************

മലയാള ദൃശ്യ മാധ്യമ രംഗത്തില്‍ ആദ്യമായി ഒരു ടി. വി. ചാനൽ “സദ്ഗുരു”വുമായുള്ള ഇന്റര്‍വ്യു സംപ്രേക്ഷണം ചെയ്യുന്നു…കാണുക “ചോദ്യം ഉത്തരം” മാതൃഭൂമി ചാനലിൽ — വ്യാഴം രാത്രി 10pm ശനിയാഴ്ച 9.00am & 12.30pm…

For the first time Malayalam Media, Mathrubhumi channel, will be telecasting an interview with Sadhguru in its program “Chodyam Utharam”. Timings will be10/9/2015(Thursday) 10 pm, 12/9/2015(Saturday) 9am & 12.30 Pm.

******************************************************************************************************
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert1 Comment

Leave a Reply

Your email address will not be published. Required fields are marked *