सद्गुरु

ഒരിക്കല്‍ എന്‍റെയടുത്ത് ഒരു ചെറുപ്പക്കാരന്‍ വന്നു. 'മദ്യപിക്കുമ്പോള്‍ പരിഭ്രമം കുറയുന്നു, സങ്കടങ്ങള്‍ മറന്നു സമാധാനമായി ഉറങ്ങാന്‍ കഴിയുന്നു. ദിവസേന ചെറിയ തോതില്‍ മദ്യപിച്ചാല്‍ ഹൃദ്രോഹം വരികയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതു വായിക്കാനിടയായി. ഇതു സത്യമാണോ?

"ദിവസേന ഒരാപ്പിള്‍ എന്നു പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അത് മദ്യം എന്ന് മാറ്റിപ്പറഞ്ഞുതുടങ്ങിയോ?"
മദ്യം കഴിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കുന്നത്? ശരീരത്തില്‍ ഒരു പ്രത്യേകരാസപ്രവര്‍ത്തനം നടക്കുന്നു. നിങ്ങളുടെ വെപ്രാളം കുറയുന്നു. അത് സ്വസ്ഥതയായി നിങ്ങള്‍ തെറ്റിദ്ധരിക്കുന്നു. ഒരു ഗ്ലാസ് മദ്യം കഴിക്കുമ്പോള്‍ ഇത്രയും മനസമാധാനം ലഭിക്കുമെങ്കില്‍ ഒരു ബാരല്‍ മദ്യം കുടിച്ചാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി സമാധാനം ലഭിക്കേണ്ടതല്ലേ? കുടിച്ചു നോക്കൂ. എന്തു സംഭവിക്കും? യഥാര്‍ത്ഥത്തില്‍ മദ്യം നിങ്ങളെ സ്വസ്ഥമാക്കുകയല്ല, ചിന്തയെ മന്ദീഭവിപ്പിക്കുകയാണു ചെയ്യുന്നത്. ജീവിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അതോ മന്ദീഭവിച്ചുകിടക്കാനാണോ? ബോധമില്ലാതെയിരിക്കാനാണോ?

സാധാരണയായി വളരെ മര്യാദക്കാരായി, ശാന്തരായി, ഇരിക്കുന്ന പലരും മദ്യപിച്ചു കഴിയുമ്പോള്‍ ഉണ്ടാക്കുന്ന ബഹളങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മദ്യപിച്ചു ലക്കുകെട്ട്, കുറ്റവാളികളായി, കാരാഗ്രഹവാസം അനുഭവിച്ചവരോട് ചോദിച്ചുനോക്കൂ. അവര്‍ പറഞ്ഞുതരും മദ്യത്തിന്‍റെ ദോഷത്തെപ്പറ്റി.
മദ്യപാനം കൊണ്ടു നന്മയാണോ, തിന്മയാണോ ഉണ്ടാവുന്നത് എന്നു സൂക്ഷ്മമായി നിരീക്ഷിക്കൂ.
നിങ്ങളെപ്പറ്റിയുള്ള ശ്രദ്ധ നിങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ് ജീവിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നത്. ജീവിതം തീവ്രമാവണമെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും തീവ്രമാവണം.

മദ്യംപോലെയുള്ള ലഹരിവസ്തുക്കള്‍ നിങ്ങളുടെ ജാഗ്രതാവസ്ഥയെ തീവ്രമാക്കുന്നുണ്ടോ, മന്ദമാക്കുന്നുണ്ടോ എന്നു ചിന്തിക്കുക. അറിഞ്ഞുകൊണ്ടു തന്നെ അതിനെ മന്ദീഭവിപ്പിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായ രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നില്ല എന്നാണ് അര്‍ത്ഥം.

മദ്യപാനം കൊണ്ടു നന്മയാണോ, തിന്മയാണോ ഉണ്ടാവുന്നത് എന്നു സൂക്ഷ്മമായി നിരീക്ഷിക്കൂ. നിങ്ങളെപ്പറ്റിയുള്ള ശ്രദ്ധ നിങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ് ജീവിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നത്. ജീവിതം തീവ്രമാവണമെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും തീവ്രമാവണം.

ശങ്കരന്‍പിള്ള ഒരിക്കല്‍ മദ്യപിക്കാന്‍ ബാറില്‍ കയറി. അപ്പോള്‍ അവിടെ ഒരു അമേരിക്കക്കാരന്‍ വന്നു.
'നിറുത്താതെ പത്തു കുപ്പി ബിയര്‍ കുടിക്കുന്ന ആളിന് ഇരുനൂറു ഡോളര്‍ സമ്മാനം' എന്ന് അയാള്‍ പ്രഖ്യാപിച്ചു.
ആരും അതു ശ്രദ്ധിച്ചില്ല. ശങ്കരന്‍പിള്ള പെട്ടെന്ന് എഴുന്നേറ്റു പുറത്തുപോയി. മുപ്പതു മിനിട്ടു കഴിഞ്ഞ് തിരികെയെത്തി. പന്തയത്തിനു തയ്യാര്‍ എന്ന് അറിയിച്ചു.

ഇടതടവില്ലാതെ പത്തു കുപ്പി ബിയര്‍ കുടിച്ചു തീര്‍ത്ത അയാളെക്കണ്ട് അമേരിക്കക്കാരന് അത്ഭുതമായി.
സമ്മാനത്തുക നല്‍കിയിട്ട് അയാള്‍ ശങ്കരന്‍പിള്ളയോടു ചോദിച്ചു "നിങ്ങള്‍ എന്തിനാണ് പുറത്തുപോയത്"?
"ഈ പന്തയത്തില്‍ ജയിക്കാന്‍ കഴിയുമോ എന്ന് മറ്റൊരു ബാറില്‍ ചെന്ന് പത്തുകുപ്പി ബിയര്‍ വാങ്ങിക്കഴിച്ച് പരീക്ഷിച്ചു നോക്കി."

ഇത്തരക്കാര്‍ സ്വസ്ഥതയ്ക്കുവേണ്ടിയാണോ മദ്യപിക്കുന്നത്?
മദ്യപാനികള്‍ നല്ലവരാണോ, കെട്ടവരാണോ എന്നൊരു വിധി പ്രസ്താവനയൊന്നും ഞാന്‍ ചെയ്യുന്നില്ല. എന്നാല്‍ മദ്യപാനം നല്ലതാണോ, ചീത്തയാണോ എന്ന ശ്രദ്ധിക്കാനാണു പറഞ്ഞത്.

നിങ്ങള്‍ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ശരീരത്തിന് വിശ്രമം ആവശ്യമാണ്, എന്നാല്‍ ഉറക്കം അത്രയ്ക്ക് ആവശ്യമുള്ളതല്ല എന്ന കാര്യമാണ്. ദിവസത്തില്‍ നാലുമണിക്കൂറിനുമേല്‍ ഞാന്‍ ഉറങ്ങാറില്ല. പക്ഷേ എന്‍റെ ശരീരംശരിക്കും വിശ്രമിച്ച, തൃപ്തിയോടെ, നിതാന്തമായ ജാഗ്രതയോടെയാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ ഭാവനകള്‍ക്കപ്പുറത്തുള്ള ഒരു അത്ഭുത യന്ത്രമാണ് ഈ ശരീരം. അതു സദാസ്വസ്ഥമാക്കിവച്ചിരുന്നാലേ അതിനെക്കൊണ്ടു മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാവൂ. അതിന്തികഞ്ഞ ശ്രദ്ധ ആവശ്യമാണ്.
ദു:ഖം, വിരക്തി, ക്ഷോഭം, കുഴപ്പം തുടങ്ങിയ വികാരങ്ങളെപ്പോലെ മദ്യവും ഈ ശ്രദ്ധയ്ക്കു മങ്ങലേല്‍പ്പിക്കും.
എല്ലാ ജീവജാലങ്ങളുടെയും സ്വാഭാവികമായ അവസ്ഥ സന്തോഷമാണ്. നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെയാണ്. അനാവശ്യമായ ചിന്തകളാല്‍ മനസ്സൊരു ചവര്‍കൂനയാക്കി വച്ചിട്ട്, മദ്യപിച്ചാല്‍ സമാധാനം കിട്ടും എന്നു ചിന്തിക്കുന്നത് എന്തു വിഡ്ഢിത്തമാണ്!

സന്തോഷമായിട്ടിരിക്കാന്‍ നിങ്ങള്‍ക്ക് ഒന്നിന്‍റേയും സഹായം വേണ്ട. എന്നാല്‍ സുഖിക്കാന്‍ ഏതിന്‍റെയെങ്കിലും സഹായം വേണം. അങ്ങനെ സുഖം തേടി പോകുമ്പോഴാണ് ആ സുഖപ്രദായിയായ കാര്യങ്ങള്‍ ശരീരത്തിനു ദോഷം ചെയ്യുന്നത്. പക്ഷേ നിങ്ങള്‍ ഈ കാര്യം സുഖാന്വേഷണത്തിനിടയില്‍ ചിന്തിക്കുന്നേയില്ല.
ആഹ്ലാദം ഒരിക്കലും ബാഹ്യവസ്തുക്കള്‍കൊണ്ടു സൃഷ്ടിക്കപ്പെടുന്നില്ല.ഉള്ളില്‍നിന്നും ഉത്ഭവിക്കുന്ന ജീവചൈതന്യമാണത്. മദ്യം, പുകവലി തുടങ്ങിയ ബാഹ്യപ്രേരണകള്‍കൊണ്ട് ആഹ്ലാദം ജനിക്കുന്നില്ല ഈ ദുശ്ശീലങ്ങള്‍കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്നത് ആനന്ദമല്ല മറിച്ച് താല്‍ക്കാലികമായ ഒരു സുഖം. ഈ സുഖം ശീലിച്ച് നിങ്ങള്‍ അതിന് അടിമയായിത്തീരുന്നു.

അടിമത്തം ആനന്ദമല്ല

'സന്തോഷമായിട്ടിരിക്കണമെങ്കില്‍ ദു:ഖങ്ങള്‍ മറക്കണം. ദു:ഖങ്ങള്‍ മറക്കാനാണ് ഞാന്‍ മദ്യപിക്കുന്നത്" എന്നു പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു.

മദ്യം കൊണ്ടു ലഭിക്കുന്ന ലഹരി താല്‍ക്കാലികമാണ്. അതിന്‍റെ കെട്ട് അടങ്ങുമ്പോള്‍ അടക്കി വെച്ചിരിക്കുന്ന സങ്കടങ്ങള്‍ വീണ്ടും വീറോടെ ഉയര്‍ത്തെഴുന്നേല്‍ക്കില്ലേ?
രണ്ടു ചെറുപ്പക്കാര്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരുവന്‍ പറഞ്ഞു "നമുക്കു വേണ്ടി രണ്ടുപെണ്‍കുട്ടികളെ ഞാന്‍ നോട്ടമിട്ടിട്ടുണ്ട്".
"അവള്‍ സുന്ദരിയാണോ", അടുത്തവന്‍ ചോദിച്ചു.

"കുറച്ചു വിസ്കി അകത്തു ചെന്നാല്‍ പിന്നെ ആരെക്കണ്ടാലും സുന്ദരിയാണെന്നേ തോന്നൂ".
രണ്ടുപേരും ആടിയാടി നിര്‍ദ്ദിഷ്ട വീട്ടിലെത്തി, കതകു തട്ടിത്തുറപ്പിച്ചു. കതകുതുറന്ന പെണ്ണിനെ കണ്ട ഒന്നാമന്‍ ചോദിച്ചു
'എങ്ങനെയുണ്ട്, സുന്ദരിയാണോ?"

മറ്റവന്‍ ദീര്‍ഘശ്വാസത്തോടെ പറഞ്ഞു "അതിന് ഗ്ലാസ്സില്‍ മദ്യപിച്ചാല്‍ പോരാ, ബാരലുകണക്കിന് അകത്താക്കണം."

നിങ്ങളുടെ വിഷമങ്ങളും അപ്രകാരമാണ്. കപ്പുകളില്‍ കുടിക്കുന്നവനോട് ബാരല്‍ കണക്കിനു കുടിക്കാന്‍ അവ ആവശ്യപ്പെടും.

വിഡ്ഢിയേപ്പോലെ സുഖം അന്വേഷിച്ചുപോകുന്നതിനും ആനന്ദമായി ഇരിക്കുന്നതിനും ഇടയില്‍ പല കോടി സൂര്യന്മാരുടെ അകലമുണ്ട്.

ലഹരി വസ്തുക്കളുടെ സഹായത്താല്‍ ആനന്ദം അനുഭവിക്കാന്‍ ശ്രമിക്കുന്നവന്‍ സമുദ്രത്തിന്‍റെആഴം അരയടി സ്കെയില്‍കൊണ്ട് അളക്കുന്നവനേപ്പോലെയാണ്.

ലഹരി വസ്തുക്കളുടെ സഹായത്താല്‍ ആനന്ദം അനുഭവിക്കാന്‍ ശ്രമിക്കുന്നവന്‍ സമുദ്രത്തിന്‍റെആഴം അരയടി സ്കെയില്‍കൊണ്ട് അളക്കുന്നവനേപ്പോലെയാണ്.
പുകവലിക്കുമ്പോഴും മദ്യപിക്കുമ്പോഴും നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നില്ല. ശരിക്കു മദ്യപിച്ചു ബോധംകെട്ടപ്പോള്‍ നിങ്ങളുടെ വിഷമങ്ങള്‍ ഒഴിഞ്ഞുനീങ്ങിയോ? ഇല്ല. അത് അവിടെത്തന്നെ ഉറച്ചിരിപ്പുണ്ടായിരുന്നു. പക്ഷേ മദ്യക്കുപ്പി കയ്യില്‍പ്പിടിച്ച് നിങ്ങള്‍ അതിനു പുറംതിരിഞ്ഞു നിന്നു. അത്രതന്നെ. ഇങ്ങനെ ചെയ്യുന്നത് വിഡ്ഢിത്തം തന്നെ.സിംഹത്തില്‍നിന്നും രക്ഷപ്രാപിക്കാന്‍ അതിന്‍റെതന്നെ നിഴലില്‍ ഒളിഞ്ഞിരിക്കുന്നതുപോലെയാണ് പ്രശ്നങ്ങളില്‍നിന്നു രക്ഷനേടാന്‍ മദ്യപിക്കുന്നതും. പ്രശ്നങ്ങളെമുഖാമുഖം നേരിട്ടു തീര്‍ക്കുന്നതാണ് ബുദ്ധി.

നിങ്ങള്‍ സന്തോഷിക്കുന്നത് ഏതിന്‍റെയെങ്കിലും സഹായത്താലാണെങ്കില്‍, ആ സഹായം ഏതു നിമിഷവും ഇല്ലാതെയാകാം. ഏതു തുണയുടെ തണലിലാണോ നിങ്ങള്‍ സന്തോഷിക്കുന്നത് ആ തുണയും നിങ്ങളെ ഉപേക്ഷിച്ചുപോയെന്നിരിക്കാം.

മദ്യമോ മറ്റു ലഹരിവസ്തുക്കളോ ആണ് ഈ സന്തോഷദായകര്‍ എങ്കില്‍, അതിനെ വിരട്ടിയോടിക്കാന്‍ ഡോക്ടര്‍മാരോ, സര്‍ക്കാരോ, നിങ്ങളുടെ ബന്ധുക്കളോ ശ്രമിക്കും. അങ്ങനെ അതു നിങ്ങള്‍ക്ക് ലഭിക്കാതെയാവും. അപ്പോള്‍ അതുവഴി കിട്ടിയ സന്തോഷവും നിലയ്ക്കും. ഇതു കൈവിട്ടുപോയല്ലോ എന്നു ചിന്തിച്ച് നിങ്ങള്‍ ദു:ഖിക്കുകയും ചെയ്യും.

ഒരു ക്ലബ്ബില്‍ ഉടല്‍ ശോഷിച്ച ഒരുവന്‍ ചുമച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
അയാളുടെ സമീപത്തേക്ക് മറ്റൊരു ചെറുപ്പക്കാരന്‍ വന്നു.

നിങ്ങള്‍ ദിവസേന നാല്‍പതു സിഗററ്റ് വലിക്കുന്നുണ്ട്.ആറു ഗ്ലാസ് മദ്യം കഴിക്കുന്നുണ്ട്. അതെല്ലാം കഴിച്ചിട്ടും ഈ പ്രായംവരെ ജീവിച്ചിരിക്കുന്നു. എന്നെ എപ്പോഴും ഉപദേശിക്കുന്ന എന്‍റെ അച്ഛന് നിങ്ങളെ പരിചയപ്പെടുത്തണം. അതിന് എന്‍റെയൊപ്പം വരു മുത്തശ്ശാ.

'മുത്തശ്ശനോ" എനിക്ക് ഇരുപത്തിരണ്ടുവയസ്സേ ആയിട്ടുള്ളൂ".
ഇങ്ങനെ ഇരുപത്തിരണ്ടു വയസ്സില്‍ത്തന്നെ നിങ്ങളുടെ ഉടലിന് അറുപതു വയസ്സിന്‍റെ മൂപ്പു വരണമോ. ഒന്ന് ചിന്തിക്കൂ. സുഖമെന്നു കരുതി ചെയ്യുന്ന പ്രവര്‍ത്തിതന്നെ നിങ്ങളുടെ ദു:ഖത്തിനു നിദാനമാവുന്നു.
ഇത്തരം വ്യാജസുഖമല്ല നിങ്ങള്‍ക്കു വേണ്ടത്. സുഖം നിങ്ങളെ മന്ദീഭവിപ്പിക്കരുത്. അതേസമയം ആഹ്ലാദിപ്പിക്കണം. അങ്ങനെ സദാ ആഹ്ലാദചിത്തനായി, ഒപ്പം തികഞ്ഞ ഉന്‍മേഷാവസ്ഥയില്‍ കഴിയാം. ഈശയിലേക്ക് വരൂ.

ചോദ്യം:- എത്ര ശ്രമിച്ചിട്ടും പുകവലി നിറുത്തുവാന്‍ കഴിയുന്നില്ല

ഗുരു:- നിര്‍ബന്ധിച്ച് വേണ്ടാ എന്നു പറയുമ്പോള്‍ മനസ്സു മുഴുവന്‍ ആ കാര്യം തന്നെ നിറഞ്ഞിരിക്കും. വരുന്ന അഞ്ചു മിനിട്ടില്‍ കുരങ്ങ് എന്ന വാക്ക് ചിന്തിക്കാനേ പാടില്ല എന്നു സ്വയം ആജ്ഞാപിച്ചുനോക്കൂ! പിന്നെയുള്ള സമയം ആയിരക്കണക്കിനു കുരങ്ങുകള്‍ മനസ്സിനേയും ചിന്തയേയും ആക്രമിച്ചു നിറയും.

ചീത്ത സ്വഭാവം മാറ്റണം എന്നു തീവ്രമായി ചിന്തിക്കുന്നവര്‍ വേറെ ചില ശീലങ്ങളില്‍ ചെന്നു ചാടുന്നു. മദ്യപാനവും, പുകവലിയും ഒന്നും കളയാന്‍ തീവ്രമായി യത്നിക്കണ്ടാ. ഈ രണ്ടും ഉപയോഗിക്കമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് ആ സമയത്തുതന്നെ ജാഗ്രതയോടെ നിരീക്ഷിക്കൂ. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ ശീലങ്ങള്‍ സ്വയം ഒഴിഞ്ഞുപോകും.