ചോദ്യം: ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഭക്ഷണത്തിന്‍റെ പങ്കെന്താണ്? സസ്യാഹാരമാണ് നല്ലതെന്ന് ചിലര്‍ പറയുന്നു. ഭക്ഷണത്തില്‍ കുറച്ചെങ്കിലും മാംസം ഉള്‍പ്പെടുത്തണമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. ഇല്ലെങ്കില്‍ ആരോഗ്യം രക്ഷിക്കാന്‍ സാധിക്കില്ലത്രേ. ഇതു വല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

സദ്ഗുരു: നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല, നിങ്ങളുടെ ശരീരത്തിന്‍റെ ആവശ്യമനുസരിച്ചാണ് ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. സദാചാരബോധത്തിനും മൂല്യബോധത്തിനും ഇതില്‍ കാര്യമില്ല. ഭക്ഷണം ശരീരത്തിന് മാത്രമുള്ളതാണ്. അതിനെപ്പറ്റി ഡോക്ടറോടോ പോഷകാഹാര വിദഗ്ദരോടോ ചോദിക്കാതിരിക്കുകയാണ് ഭേദം. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ അവര്‍ അഭിപ്രായം മാറ്റും. പലതരം ഭക്ഷണസാധനങ്ങള്‍ പരീക്ഷിക്കുക. എന്നിട്ട്, ശരീരം ഓരോന്നിനോടും എങ്ങനെ പ്രതികരിക്കുന്നുവെന്നു നിരീക്ഷിക്കുക. ശരീരത്തിന് ചൊടിയും ചുണയും ലാഘവവും തോന്നുന്നുണ്ടെങ്കില്‍ മനസ്സിലാക്കൂ, നിങ്ങളുടെ ശരീരം ഉന്മേഷത്തിലാണ്. ശരീരത്തിന് തളര്‍ച്ച തോന്നുന്നു, ഉണര്‍ന്നിരിക്കാന്‍ വേണ്ടി അത് കാപ്പിയുടെയും പുകയിലയുടേയും സഹായം കാംക്ഷിക്കുന്നു എങ്കില്‍ മനസ്സിലാക്കൂ, നിങ്ങളുടെ ശരീരം വിഷമത്തിലാണ്.

നിങ്ങളുടെ ശരീരം പറയുന്നത് ശ്രദ്ധിച്ചാല്‍ ഏതു തരം ഭക്ഷണമാണ് അതിനു വേണ്ടതെന്നു മനസ്സിലാകും. ഇപ്പോള്‍ നിങ്ങളുടെ മനസ്സ് പറയുന്നതാണ് നിങ്ങള്‍ കേള്‍ക്കുന്നത്. അത് എപ്പോഴും നുണയേ പറയൂ. ഇതിനു മുന്‍പും മനസ്സ് നിങ്ങളോട് നുണ പറഞ്ഞിട്ടില്ലേ? ഇന്ന് അത് ഒരു കാര്യം പറയും. നിങ്ങള്‍ അത് വിശ്വസിക്കും ; നാളെ ഇന്നലത്തെ വിശ്വാസത്തിന്‍റെ പേരില്‍ അതു നിങ്ങളെ വിഡ്ഢിയാക്കും. അതിനാല്‍ മനസ്സു പറയുന്നത് ശ്രദ്ധിക്കാതെ ശരീരം പറയുന്നത് കേള്‍ക്കാന്‍ പഠിക്കുകയാണ് യുക്തം.

മനുഷ്യനല്ലാതെ ഏതു ജീവിക്കും എന്ത് കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ അവബോധമുണ്ട്. ഈ ലോകത്തില്‍ ഏറ്റവും ബുദ്ധിയുള്ള ജീവി എന്നു വിശ്വസിക്കപ്പെടുന്ന മനുഷ്യനാകട്ടെ, എന്താണ് കഴിക്കേണ്ടതെന്നു പോലും അറിയില്ല.

മനുഷ്യനല്ലാതെ ഏതു ജീവിക്കും എന്ത് കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ അവബോധമുണ്ട്. ഈ ലോകത്തില്‍ ഏറ്റവും ബുദ്ധിയുള്ള ജീവി എന്നു വിശ്വസിക്കപ്പെടുന്ന മനുഷ്യനാകട്ടെ, എന്താണ് കഴിക്കേണ്ടതെന്നു പോലും അറിയില്ല. നിരീക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന്‍റെ ഭാഷ മനസ്സിലാകൂ. അതറിഞ്ഞാല്‍ എന്തു കഴിക്കണമെന്നത് നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.

ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണം കണക്കാക്കുകയാണെങ്കില്‍ സസ്യാഹാരമാണ് മാംസാഹാരത്തേക്കാള്‍ നല്ലത്. ഇവിടെ ധാര്‍മികബോധത്തിന്‍റെ പ്രശ്നമേ ഉദിക്കുന്നില്ല. ശരീരത്തിന്‍റെ സൗഖ്യമാണ് മുഖ്യം. ശരീരത്തിന് സുഖം പകരുന്നതാണോ, അത്തരത്തിലുള്ള ഭക്ഷണം വേണം കഴിക്കാന്‍. നിങ്ങള്‍ വ്യാപാരിയാണെങ്കിലും വിദ്യാര്‍ഥിയാണെങ്കിലും മറ്റേതെങ്കിലും മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തിയാണെങ്കിലും ശരീരത്തിന് സ്വാസ്ഥ്യമുണ്ടായേ തീരൂ. ശരീരത്തിന് വേണ്ടത്ര സുകരത്വവും പരിരക്ഷയും പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഭക്ഷണമേതാണോ, അതാണ് നാം കഴിക്കേണ്ടത്‌.

ഇതൊന്നു പരീക്ഷിച്ചു നോക്കൂ, ജീവനുള്ള അഥവാ ഓജസ്സുള്ള സസ്യാഹാരം കഴിക്കൂ. എന്നിട്ട് നിരീക്ഷിക്കൂ. അപ്പോള്‍ വ്യത്യാസം മനസ്സിലാവും. കഴിയുന്നതും സചേതനമായ ഭക്ഷണം എന്ന് വെച്ചാല്‍ പാകം ചെയ്യാത്ത ഭക്ഷണം വേണം കഴിക്കാന്‍. ജീവനുള്ള ഒരു കോശത്തില്‍ പരിപോഷണത്തിനാവശ്യമായതെല്ലാം ഉണ്ട്. സചേതനമായ ഒരു കോശം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്‍പെങ്ങുമുണ്ടാവാത്ത വിധം ആരോഗ്യനിലയില്‍ വ്യത്യാസമനുഭവപ്പെടും. പാകം ചെയ്യുമ്പോള്‍, ഭക്ഷണത്തിലെ ജീവന്‍ നശിപ്പിക്കപ്പെടുന്നു. ശരീരത്തിന് വേണ്ടത്ര ഊര്‍ജം നല്‍കാന്‍ ചേതനയറ്റ ഭക്ഷണത്തിന് സാധിക്കുകയില്ല. എന്നാല്‍, ജീവനുള്ള ഭക്ഷണം ശരീരത്തിന് സവിശേഷമായ ഒരൂര്‍ജം പകരുന്നു. നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ നാല്‍പതു ശതമാനമെങ്കിലും മുളപ്പിച്ച ധാന്യങ്ങളും പഴങ്ങളും വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികളും ഉള്‍പ്പെടുത്തുകയാണെങ്കില്‍, നിങ്ങളുടെ ഉള്ളിലുള്ള ജീവന്‍ ഭംഗിയായി പരിപാലിക്കപ്പെടും.