सद्गुरु

അമ്പേഷി : സദ്‌ഗുരു, വ്യക്തിപരമായ ബന്ധങ്ങളില്‍ എന്നും ഞാന്‍ പരാജയപ്പെട്ടിട്ടേയുള്ളു. ഈശ്വരനെ സംബന്ധിച്ചും ഞാന്‍ എവിടെ നില്‍ക്കുന്നു എന്നെനിക്കറിയില്ല. അങ്ങയെ ഞാന്‍ അത്യധികം സ്‌നേഹിക്കുന്നു. മോചനത്തിനായി ആഗ്രഹിക്കുന്നു. അതേ സമയം, മറ്റുള്ള അവസരങ്ങളിലേതുപോലെ ഇതും ആയിത്തീരരുതേ എന്നും ആഗ്രഹിക്കുന്നു

സദ്‌ഗുരു : സ്‌നേഹം ഒരു ആവശ്യകതയാണ്‌. എനിക്ക്‌ അതിന്‍റെ ആവശ്യമില്ലെങ്കിലും, നിങ്ങള്‍ സ്‌നേഹിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക്‌ വളര്‍ച്ചയുണ്ടാകില്ല. അത്യുന്നതിയിലുള്ള മാനസിക വളര്‍ച്ചയുണ്ടെങ്കിലേ ഒരാള്‍ക്ക്‌ 'വെറുതെ’ സ്‌നേഹിക്കാനാവൂ. സ്‌നേഹിക്കാന്‍ എല്ലായ്‌പ്പോഴും ഒരു വസ്‌തു ആവശ്യമാണ്‌. അപ്പോള്‍ ഏതു തരത്തിലുള്ള വസ്‌തു തിരഞ്ഞെടുക്കണം? അതുമായി ഒട്ടിച്ചേര്‍ന്നു പോവാന്‍ സാധ്യതയില്ലാത്ത വസ്‌തുവിനെ തിരഞ്ഞെടുക്കുക. "ഞാന്‍ എന്‍റെ ഭാര്യയേയും കുട്ടികളേയും സ്‌നേഹിക്കുന്നു” എന്നു പറയുമ്പോള്‍, നിങ്ങള്‍ അവരോട്‌ ഒട്ടിനില്‍ക്കുമെന്നു മാത്രമല്ല, അവരും നിങ്ങളോട്‌ ഒട്ടിനിന്നേക്കാം, നിങ്ങള്‍ക്കതാവശ്യമല്ലെങ്കിലും. നാളെ ഈ കുരുക്ക്‌ അഴിക്കണമെന്ന്‍ നിങ്ങള്‍ ആഗ്രഹിച്ചാലും മറുഭാഗം അതിന്‌ അനുവദിക്കണമെന്നില്ല. ഒരു കല്ലിനെയോ തൂണിനെയോ സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍, അചേതന വസ്‌തുക്കളേയും സ്‌നേഹിക്കാനായാല്‍, അത്‌ വിസ്‌മയകരമാവും, എന്നാല്‍ മിക്കവര്‍ക്കും അത്‌ ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.

സ്‌നേഹിക്കാന്‍ എല്ലായ്‌പ്പോഴും ഒരു വസ്‌തു ആവശ്യമാണ്‌. അപ്പോള്‍ ഏതു തരത്തിലുള്ള വസ്‌തു തിരഞ്ഞെടുക്കണം? അതുമായി ഒട്ടിച്ചേര്‍ന്നു പോവാന്‍ സാധ്യതയില്ലാത്ത വസ്‌തുവിനെ തിരഞ്ഞെടുക്കുക

ഹിമാലയത്തില്‍ നടന്ന ഒരു സംഭവമാണ്. ഗംഗയുടെ തീരത്ത്‌ സാധനകള്‍ ചെയ്‌തു കൊണ്ടിരുന്ന ഒരു കൂട്ടം സന്യാസിമാര്‍ ഉണ്ടായിരുന്നു. ഒരു ദിവസം സന്യാസിമാരിലൊരാള്‍ നദിയിലൂടെ ഒരു കമ്പിളിപ്പുതപ്പ്‌ ഒഴുകി വരുന്നത്‌ കണ്ടു. അയാള്‍ ചിന്തിച്ചു, "ഈ കമ്പിളി കിട്ടിയാല്‍ മഞ്ഞു കാലത്ത്‌ എനിക്ക്‌ തണുപ്പകറ്റാം.” നന്നായി നീന്താനറിയാമായിരുന്ന അയാള്‍ നദിയിലേക്ക്‌ ചാടി കമ്പിളിയുടെ പുറകേ നീന്താന്‍ തുടങ്ങി. കമ്പിളിയില്‍ കൈവച്ച അയാള്‍ സഹായത്തിനുവേണ്ടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. അയാള്‍ ഒഴുക്കില്‍പ്പെട്ടതാവുമെന്ന്‍ വിചാരിച്ച്‌ കരയില്‍ നിന്ന സന്യാസിമാര്‍ അയാളോട്‌ വിളിച്ചു പറഞ്ഞു, "എടോ വിഡ്‌ഢീ, പുതപ്പ്‌ ഉപേക്ഷിച്ച്‌ തിരിച്ചു വരൂ” എന്ന്‍.
ഇതു കേട്ട സന്യാസി വിളിച്ചു പറഞ്ഞു, "എനിക്ക്‌ ഇതിനെ വിടുവിക്കുവാന്‍ കഴിയുന്നില്ല, അതെന്നെ പിടികൂടിയിരിക്കുകയാണ്‌. ഇതൊരു പുതപ്പല്ല, ഹിമക്കരടിയാണ്‌.”

അതുകൊണ്ട് ‌ നിങ്ങള്‍ എന്തിന്‍റെ പുറകേയാണോ പോകുന്നത്‌ അത്‌ എന്താണെന്ന്‍ നല്ല നിശ്ചയം വേണം. സ്വന്തമായി ധാരാളം ആവശ്യങ്ങളുള്ള ഒരാളെയാണ്‌ നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍, നിങ്ങള്‍ കരടിയുടെ പിടിയിലാണ്‌ പെട്ടിരിക്കുന്നത്‌ എന്ന്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും. അതിനാലാണ്‌ ഗുരുശിഷ്യ ബന്ധത്തെ നമ്മുടെ സംസ്‌കാരത്തില്‍ ഇത്രയധികം ശ്രേഷ്ഠമായി ഘോഷിക്കുന്നത്‌. ഗുരുവിന്‌ സ്വന്തമായി ആവശ്യങ്ങള്‍ ഒന്നുമില്ല, അതിനാല്‍ അതില്‍ ഒരു കെണിയും ഇല്ല.

പലരും പറയും “ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‍”. എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല. അങ്ങിനെ സംഭവിക്കുകയില്ല എന്ന്‍ ഞാന്‍ പറയുകയില്ല, എന്നാല്‍ അതിനുള്ള സാധ്യത വിദൂരമാണ്‌. നിങ്ങള്‍ക്കു ദൈവത്തില്‍ നിന്നും പ്രതീക്ഷയാണ്. ദൈവം നിങ്ങള്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്‌തു തരണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണെങ്കില്‍, അത് അത്യന്തം സുന്ദരമായിരിക്കും. എന്നാല്‍, സത്യം അതല്ല. ദൈവം എന്ന് നിങ്ങള്‍ കാണുന്നത് നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാനുള്ള ഒരാശ്രയമായാണ്‌, നിങ്ങളുടെ പ്രതീക്ഷയാണ്‌, നിങ്ങള്‍ ഭയക്കുന്ന എന്തോ ആണ്. ഇങ്ങിനെ സ്വയം വഞ്ചനയ്ക്ക്‌ വിധേയനാകാതെ, “ഞാന്‍ ഭയക്കുന്നതിനാലാണ്‌ അങ്ങയുടെ അടുത്തു വരുന്നത്‌” എന്നു തുറന്നു പറയുന്നതാണ്‌ നല്ലത്‌; അതാണ്‌ നേരായ മാര്‍ഗം. എന്താണ്‌ ആത്മീയതയിലേക്കുള്ള വഴി എന്നതു നിങ്ങള്‍ക്കറിയില്ലെങ്കില്‍ അതിനെ ന്യായീകരിക്കാനാകും. പക്ഷെ, നേരായ രീതിയില്‍ എങ്ങിനെയാണ്‌ പെരുമാറേണ്ടത് എന്നത് എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കണം, അത്‌ വളരെ വളരെ പ്രധാനമാണ്‌.

ഓരോ ചിന്തകളിലും ഓരോ വികാരങ്ങളിലും, നിങ്ങള്‍ നിങ്ങളോടു തന്നെ സത്യസന്ധത പുലര്‍ത്തിയില്ലെങ്കില്‍, അത്‌ സ്വയം വഞ്ചനയാണ്‌. ഒന്നിനും നിറവും രൂപവും നല്‍കാതിരിക്കുക. വൃത്തികെട്ടതിനെ വൃത്തികെട്ടതായി തന്നെ കാണുക. ജീവിതം എങ്ങനെയാണോ അങ്ങനെതന്നെ അതിനെ കാണുക. ഇത്‌ വളരെ പ്രധാനപ്പെട്ട വിഷയമാണ്‌. അങ്ങിനെ കണ്ടില്ല എങ്കില്‍ നിങ്ങളുടെ വളര്‍ച്ച അസംഭാവ്യമാണ്‌, അതിനെ എന്നന്നേക്കുമായി മറക്കുന്നതാണ് നല്ലത്. നിങ്ങള്‍ നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുകയും, നേര്‍വഴിക്ക്‌ ചിന്തിക്കുകയും ചെയ്‌തില്ലെങ്കില്‍, വളര്‍ച്ചയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. സ്വന്തം പ്രതീക്ഷകളും ഭയങ്ങളും അതിമോഹങ്ങളും സ്‌നേഹമാണെന്ന്‍ കരുതുന്നവര്‍ക്ക്‌ വളര്‍ച്ച അസാധ്യമാണ്‌.

ആളുകള്‍ കൂട്ടുകൂടുന്നത്‌ സ്‌നേഹം കൊണ്ടല്ല, അവരുടെ അത്യാഗ്രഹം കൊണ്ടാണ്‌. അവര്‍ക്ക്‌ എന്തൊക്കെയോ ആവശ്യമുണ്ട്. അത്‌ ശാരീരികമോ, മാനസികമോ, വൈകാരികമോ, സാമ്പത്തികമോ ആവാം. ഏതായാലും വലിയ വ്യത്യാസമൊന്നുമില്ല. സ്വന്തം കാര്യ സാധ്യത്തിനായി രണ്ടുപേര്‍ ഒത്തു കൂടുന്നു, ഒന്നിച്ചു നിന്നാല്‍ മാത്രമേ കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയൂ എന്ന്‍ കരുതുന്നു. ഈ നാടകം തുടര്‍ന്നു കൊണ്ടേയിരിക്കും. മറ്റേയാളുടെ എല്ലാ ആവശ്യങ്ങളും നിങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍, എല്ലാ ബന്ധങ്ങളും അതോടെ തകരുന്നു, ശരിയല്ലേ? നേരെ മറിച്ചും. അതുകൊണ്ടാണ്‌ പറഞ്ഞത്‌ നിങ്ങള്‍ സ്‌നേഹം കൊണ്ടല്ല, അത്യാഗ്രഹം കൊണ്ടാണ്‌ ഒത്തുകൂടിയത്‌ എന്ന്‍. ഈ സംഗതി വളച്ചുകെട്ടില്ലാതെ കാണാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ആദ്ധ്യാത്മികതയെക്കുറിച്ച്‌ മറന്നേക്കൂ. നിങ്ങളുടെ ഗതി നേര്‍വഴിക്കല്ല എങ്കില്‍ സ്‌നേഹത്തിന്‍റെ ആസ്വാദ്യത ഒരിക്കലും നിങ്ങള്‍ അറിയുകയില്ല – സ്‌നേഹം അനുഭവിക്കണമെങ്കില്‍ ആത്മാര്‍ത്ഥതയുള്ളവനാകണം. ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ സ്‌നേഹിക്കാന്‍ കഴിയുകയില്ല. ആത്മാര്‍ത്ഥത എന്ന്‍ പറയുന്നത്‌ മറ്റാരെങ്കിലും കാട്ടിത്തന്ന ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുള്ള പ്രവൃത്തിയല്ല, നിങ്ങളുടെ ഉള്ളില്‍തന്നെ ആത്മാര്‍ത്ഥത ഉണ്ടാവണം.

ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ സ്‌നേഹിക്കാന്‍ കഴിയുകയില്ല. ആത്മാര്‍ത്ഥത എന്ന്‍ പറയുന്നത്‌ മറ്റാരെങ്കിലും കാട്ടിത്തന്ന ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുള്ള പ്രവൃത്തിയല്ല, നിങ്ങളുടെ ഉള്ളില്‍തന്നെ ആത്മാര്‍ത്ഥത ഉണ്ടാവണം

അമ്പേഷി : സദ്‌ഗുരോ, കാലംതന്നെ നിശ്ചലമായി നില്‍ക്കുന്ന ഒരുതരം ശാന്തത ഞാന്‍ അങ്ങില്‍ ദര്‍ശിക്കുന്നു, എന്നാല്‍ അതിന്‍റെ കൂടെ അടിയൊഴുക്കായി ഒരു തിടുക്കവും കാണുന്നുണ്ട്‌. ഈ വൈരുദ്ധ്യങ്ങള്‍ എന്താണ്‌?

സദ്‌ഗുരു: ശരിയാണ്‌, ഈ തിടുക്കം ഒരു വരമോ അല്ലെങ്കില്‍ ഒരു ശാപമോ ആവാം. ഈ തിടുക്കം കാരണം ഒന്നുകില്‍ ആളുകള്‍ വേഗത്തില്‍ വളരും, അല്ലെങ്കില്‍ കൊഴിഞ്ഞുപോവും. ഈ തിടുക്കം അവര്‍ക്ക്‌ താങ്ങാനാവില്ല, ഈ വേഗതയും അവര്‍ക്ക്‌ താങ്ങാനാവില്ല. പലര്‍ക്കും ഇതൊരു തരത്തിലുള്ള ഭ്രാന്തായി തോന്നും. എന്നോട്‌ വളരെയടുത്ത്‌ പെരുമാറിയിരുന്ന പലരും ഈ തിടുക്കം താങ്ങാന്‍ സാധിക്കാതെ, വിട്ടുപോയിട്ടുണ്ട്‌. അവര്‍ എവിടെയോ വായിച്ചിട്ടുണ്ടാവും, ഗുരുക്കന്മാര്‍ ഒരിക്കലും ധൃതി കാട്ടാറില്ല എന്ന്‍. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ്‌ കാണുന്നത്‌, അദ്ദേഹം വളരെ ധൃതിയിലാണ്‌... ഉന്മാദിയെപ്പോലെ...

Photo credit to : http://orig06.deviantart.net/dcd7/f/2012/177/a/6/pony_pov_series_if_you_love_something_set_it_free_by_kendell2-d54xrrd.jpg