सद्गुरु

അമ്പേഷി : സദ്‌ഗുരോ, പാരമ്പര്യം നമ്മെ എപ്പോഴും പഠിപ്പിക്കുന്നത്‌ ദൈവത്തെ ആരാധിക്കുവാനാണ്‌, എന്നാല്‍ മീരാഭായ്‌, അക്കാ മഹാദേവി തുടങ്ങി മറ്റു പല ദിവ്യാത്മാക്കളും ഈശ്വരനെ ഒരു കമിതാവായി കണ്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു മനോഭാവവുമായിട്ടെങ്ങിനെ പൊരുത്തപ്പെട്ടു പോകാന്‍ കഴിയും?

സദ്‌ഗുരു : സ്‌നേഹം ഇല്ലാത്തിടത്ത്‌ ആരാധന എങ്ങിനെ ഉണ്ടാവും? സ്‌നേഹം അതിന്‍റെ പാരമ്യത്തിലെത്തുമ്പോള്‍ ആരാധനയായിത്തീരുന്നു. സ്‌നേഹമില്ലാതുള്ള ആരാധനയെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ക്ക്‌ രണ്ടിനെക്കുറിച്ചും അറിയില്ല എന്നതാണ് പരമാര്‍ത്ഥം. അവര്‍ക്ക്‌ അറിയാവുന്നത്‌ ഭയം മാത്രം. നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌ ദൈവഭയമുള്ളവരെക്കുറിച്ചായിരിക്കും. മീരാ ഭായ്‌, അക്കാ മഹാദേവി, അനസൂയ തുടങ്ങി നിരവധി ദിവ്യചക്ഷുക്കള്‍ ഈശ്വരനെ ഈ രീതിയില്‍ ആരാധിക്കുവാന്‍ കാരണം അവര്‍ക്ക്‌ അത്‌ ഏറ്റവും അനുയോജ്യമായി തോന്നിയതിനാലാണ്‌. ബുദ്ധിയില്‍ കൂടിയുള്ളതിനെക്കാള്‍, വൈകാരികമായ രീതിയായിരുന്നു അവര്‍ക്കെളുപ്പം. പരമാത്മാവിനെ പ്രാപിക്കാന്‍ അവര്‍ തങ്ങളുടെ വികാരങ്ങളെ ഉപയോഗപ്പെടുത്തി. വികാരങ്ങളുപയോഗിച്ച്‌ ഈശ്വര സാക്ഷാത്‌കാരം നേടുന്നതിനെയാണ്‌ 'ഭക്തി യോഗ’ എന്ന്‍ വിളിക്കുന്നത്‌; ദൈവാരാധനയുടെ വ്യത്യസ്ഥമായ ഒരു രീതിയാണിത്‌.

സ്‌നേഹമില്ലാതുള്ള ആരാധനയെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ക്ക്‌ രണ്ടിനെക്കുറിച്ചും അറിയില്ല എന്നതാണ് പരമാര്‍ത്ഥം. അവര്‍ക്ക്‌ അറിയാവുന്നത്‌ ഭയം മാത്രം.

എല്ലാ സംസ്‌കാരങ്ങളിലും വ്യത്യസ്‌ത രീതിയിലുള്ള ആരാധനകളുണ്ട്‌. ചിലര്‍ സ്വയം അടിമയായി ഈശ്വരനെ യജമാനനായി ആരാധിക്കുന്നു, മറ്റു ചിലര്‍ ദൈവത്തെ ഭൃത്യനായിട്ടോ പങ്കാളിയായിട്ടോ കാണുന്നു, ഇനിയും ചിലര്‍ ഈശ്വരനെ സുഹൃത്തായിട്ടോ, കമിതാവായിട്ടോ, പുത്രനായിട്ടോ (ഉണ്ണിക്കണ്ണന്‍)ആരാധിക്കുന്നു. സാധാരണയായി അവനവനെ സ്‌ത്രീയായും, ദൈവത്തെ പരമ പുരുഷനായും കാണുന്നു. അതിനാല്‍ നിങ്ങള്‍ എങ്ങനെ ആരാധിക്കുന്നു എന്നതു വിഷയമല്ല, എങ്ങനെയാണ്‌ ആശയ വിനിമയം ചെയ്യുന്നത്‌ എന്നതും വിഷയമല്ല; എത്ര മാത്രം അഗാധമാണ്‌ ആ ബന്ധം എന്നത്തിനാണ് പ്രസക്തി. ഏതു രീതിയില്‍ നിങ്ങളോടു പെരുമാറിയാലും, അദ്ദേഹത്തില്‍നിന്ന്‍ ഒരു പ്രതികരണവും ഉണ്ടാവുന്നില്ല എങ്കിലും, നിങ്ങള്‍ക്ക്‌ കോപമോ നിരാശയോ ഒന്നുംതന്നെ ഉണ്ടാവുന്നില്ല. മറുഭാഗത്തു നിന്ന്‍ ഒന്നും പ്രതീക്ഷിക്കാത്ത പ്രേമബന്ധമാണത്‌. നിങ്ങള്‍ എല്ലായ്പ്പോഴും കേണപേക്ഷിക്കുന്നു; മറ്റൊന്നിനു തന്നെക്കാള്‍ വളരെയധികം പ്രാധാന്യം കൊടുക്കുമ്പോള്‍, കെഞ്ചുക മനുഷ്യന്റെ സ്വയചിത്തമായ ശൈലിയാവുന്നു. ആ രൂപം അല്ലെങ്കില്‍ ആ വ്യക്തി നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ, നിങ്ങളെ മനസ്സിലാക്കുന്നുണ്ടോ എന്നത്‌ പോലും പ്രശ്‌നമല്ല, അതാണ്‌ ഭക്തിയുടെ അടിസ്ഥാന തത്വം.

ഭക്തിമാര്‍ഗത്തിലെ പ്രധാനമായ ഒരു സംഗതി മറ്റൊന്നിന്‌ തന്നെക്കാള്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ്‌. അക്കാ മഹാദേവി, മീരാ ഭായ്‌ തുടങ്ങിയവരുടെ ഭക്തി അത്തരത്തിലുള്ളതായിരുന്നു. ആ രീതിയിലുള്ള ആരാധനയാണ്‌ അവര്‍ സ്വീകരിച്ചത്‌. അവര്‍ ഈശ്വരനെ, പ്രത്യേകിച്ചും ശിവനെ, തങ്ങളുടെ ഭര്‍ത്താവായി കണ്ട് ‌ ആരാധിക്കുവാന്‍ കാരണം, അക്കാലത്തെ ഭാരതീയ സമ്പ്രദായ പ്രകാരം ഒരു പെണ്‍കുട്ടി പ്രായമായാല്‍ വിവാഹം നിര്‍ബന്ധമായിരുന്നു. ഈശ്വരനെത്തന്നെ ഭര്‍ത്താവായി തിരഞ്ഞെടുത്തിരുന്ന ഈ സാധ്വികള്‍ക്ക്‌ മറ്റൊരാളുമായുള്ള വൈവാഹിക ജീവിതം ഒഴിവാക്കണമായിരുന്നു. മറ്റൊരു തരത്തിലുള്ള ബന്ധങ്ങളും അവര്‍ തങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നില്ല. ഭക്തിമാര്‍ഗത്തിന്‍റെ ലക്ഷ്യം ഈശ്വരനില്‍ ലയിക്കുകയാണ്‌. ഭക്തി എന്ന വാക്കുതന്നെ ലയനത്തില്‍ നിന്നുല്‍ഭവിച്ചതാണ്‌. ഒരു ഭക്തന്‍റെയോ ഭക്തയുടെയോ ലക്ഷ്യം തങ്ങളുടെ ആരാധനാമൂര്‍ത്തിയില്‍ ലയിച്ചു ചേരുക എന്നതാണ്‌. അതിനാല്‍ അവര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നുള്ളത്‌ പ്രശ്‌നമല്ല. അവര്‍ക്ക്‌ എളുപ്പമുള്ള മാര്‍ഗത്തിലൂടെ അവര്‍ ബന്ധപ്പെടുന്നു.

നിങ്ങള്‍ ഈ ചോദ്യം ചോദിക്കാന്‍ കാരണം, ആരാധനാ രൂപത്തിലുള്ള സ്‌നേഹം, അത്‌ കാമുകനോടുള്ളതായാലും ഭര്‍ത്താവിനോടുള്ളതായാലും, ശാരീരികവുമല്ലേ എന്ന സംശയം കൊണ്ടാണ്‌. ആരാധിക്കുന്ന ഒരാളുമായി ശാരീരികമായി എങ്ങിനെ ബന്ധപ്പെടാന്‍ കഴിയും? സ്‌നേഹിക്കുന്നവര്‍ പരസ്‌പരം ആരാധനാ ഭാവത്തോടെ പെരുമാറാത്തതാണ്‌ മനുഷ്യദുരന്തങ്ങള്‍ക്ക്‌ കാരണം. അത്തരത്തിലുള്ള സ്‌നേഹത്തിന്‍റെ ലക്ഷ്യംതന്നെ മറ്റൊരാളില്‍ ലയിച്ചു ചേരുക എന്നതാണ്‌. “Fall in Love” എന്ന ഇംഗ്ലീഷ്‌ പ്രയോഗം വളരെ ഉചിതവും സുന്ദരവുമാണ്‌. “ഞാന്‍ പ്രേമത്തില്‍ വീണുപോയി” എന്നു പറയുമ്പോള്‍ത്തന്നെ ഗാഢമായ പ്രേമഭാവം നിങ്ങളില്‍ ഉണര്‍ത്തപ്പെടുന്നു. ഇതിനാലാണ്‌ ആരും ‘ഞാന്‍ പ്രേമത്തില്‍ നില്‍ക്കുന്നു, ഞാന്‍ പ്രേമത്തില്‍ കയറുന്നു, ഞാന്‍ പ്രേമത്താല്‍ പറക്കുന്നു’ എന്നൊന്നും പറയാത്തത്‌. എന്തുകൊണ്ടെന്നാല്‍, ഞാന്‍ എന്നു നിങ്ങള്‍ കരുതുന്നത്‌ വീണുപോയാല്‍ മാത്രമേ അവിടെ അഗാധമായ സ്‌നേഹം ഉറവെടുക്കുകയുള്ളു.

പ്രേമം അതിന്‍റെ പാരമ്യത്തിലെത്തുമ്പോള്‍ ആരാധനാഭാവമുണരുന്നതും ഒന്നായിത്തീരുന്നതും സ്വഭാവികം മാത്രം. നിങ്ങള്‍ സ്വയം അലിഞ്ഞു ചേരാന്‍ ആഗ്രഹിക്കുന്നത്‌ എന്തിനു വേണ്ടിയായാലും, അത്‌ ഭക്തിപൂര്‍വ്വമായിരിക്കണം.

പ്രേമത്തെ ഒരു വികാരമായി കരുതിയാല്‍, ഒന്നായിത്തീരാനുള്ള ഒരു ഉപാധിയാണ്‌ പ്രേമമെന്നു കാണാം. പ്രേമത്തിന്‍റെ ഉദ്ദേശ്യംതന്നെ ഒന്നാകലാണ്‌. മറ്റൊന്നുമായി ഒന്നാകാനുള്ള അതിയായ മോഹത്തെയാണ്‌ നാം പ്രേമമെന്നു വിളിക്കുന്നത്‌. പ്രേമം അതിന്‍റെ പാരമ്യത്തിലെത്തുമ്പോള്‍ ആരാധനാഭാവമുണരുന്നതും ഒന്നായിത്തീരുന്നതും സ്വഭാവികം മാത്രം. നിങ്ങള്‍ സ്വയം അലിഞ്ഞു ചേരാന്‍ ആഗ്രഹിക്കുന്നത്‌ എന്തിനു വേണ്ടിയായാലും, അത്‌ ഭക്തിപൂര്‍വ്വമായിരിക്കണം. അങ്ങിനെയല്ലെങ്കില്‍ ലയിക്കണമെന്ന നിങ്ങളുടെ ആഗ്രഹം എങ്ങനെ അര്‍ത്ഥവത്താകും? സ്‌നേഹം നിങ്ങളുടെ ഉപയോഗത്തിനോ കാര്യസാധ്യത്തിനോ ആകുമ്പോള്‍ അവിടെ സ്‌നേഹമില്ല, എന്തുകൊണ്ടെന്നാല്‍ സ്‌നേഹത്തിന്‍റെ ഉദ്ദേശ്യംതന്നെ അലിഞ്ഞില്ലാതാവുക എന്നതാണ്‌.

Photo credit to : https://upload.wikimedia.org/wikipedia/commons/f/f3/Krishna_N_Radha.jpg