അധ്യാത്മിക കൂടിക്കാഴ്‌ചകൾ  

സ്വാമി ഗുരുഭിക്ഷ: അദ്ദേഹം എന്നെ നിര്‍ത്താതെ തുറിച്ച് നോക്കികൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ വലിയ, ആഴ്ന്ന അസാധാരണമായ ഇരുണ്ട കണ്ണുകള്‍ കഴിഞ്ഞ 10 മിനിട്ടുകളായി എന്നില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. “അദ്ദേഹത്തിന്‍റെ കൂടെ എന്നെയും കൂട്ടിക്കൊണ്ടു പോകുമോ?”- എന്‍റെ ഇളം മനസ്സില്‍ ഭയമുണ്ടാവുകയും ഞാന്‍ കരഞ്ഞ്, എന്‍റെ ഒപ്പം തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന എന്‍റെ മുത്തച്ഛന്‍റെ ശ്രദ്ധയകർഷിക്കാന്‍ ശ്രമിച്ചു. എന്നെ സമാധാനിപ്പിക്കാന്‍ മുത്തച്ഛന്‍ കുനിഞ്ഞപ്പോള്‍, അടുത്ത സ്റ്റേഷന്‍ എത്തുകയും, ഈ യോഗിയെ പോലെ കാണപ്പെട്ട മനുഷ്യന്‍ ഇറങ്ങാന്‍ വേണ്ടി എഴുന്നേല്‍ക്കുകയും ചെയ്തു. ഇറങ്ങാന്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പായി എന്‍റെ ചെവിയില്‍ അദ്ദേഹം, മുരുക ഭഗവാന്റെ നിശ്ചിതമായ ഒരു പേര് സാവകാശം മന്ത്രിച്ചു. എന്‍റെ മുത്തച്ഛനും കൂടെയുള്ള യാത്രക്കാര്‍ക്കും എന്നെ സമാശ്വസിപ്പിക്കാന്‍ കുറച്ച് സമയമെടുത്തു. ഞങ്ങള്‍ ഞങ്ങളുടെ സ്റ്റേഷനില്‍ എത്തിയിട്ട്, എന്നെ അതിശയിപ്പിക്കും വിധത്തില്‍, മുത്തച്ഛന്‍ എന്നെ അതേ പേരിലുള്ള മുരുകന്‍റെ ക്ഷേത്രത്തില്‍ കൊണ്ട് പോയി. അന്നെനിക്ക് അഞ്ച് വയസ്സ് മാത്രമാണ് പ്രായമെങ്കിലും ആ മുഖം- അത്രത്തോളമുള്ള അദ്ദേഹത്തിന്‍റെ മുഖത്തിലെ തീവ്രത, സദ്ഗുരു ശ്രീ ബ്രഹ്മയുടേത് പോലെ സാമ്യമുള്ളത്- കേവലം ഇന്നലെ നടന്നത് പോലെ, ആ സംഭവം എന്‍റെ ഓര്‍മ്മയില്‍ ഇന്നും മുഴങ്ങുന്നു. ഒരുപക്ഷെ, എന്‍റെയുള്ളില്‍ ഏതോ തരത്തിലുള്ള ആത്മീയതയ്ക്ക് അതൊരു തുടക്കമായിരുന്നിരിക്കാം. . 

swami gurubiksha side profile

എനിക്ക് 3 വയസ്സായപ്പോള്‍ എന്‍റെ അച്ഛനും, 20 വയസ്സായപ്പോള്‍ എന്‍റെ മുത്തച്ഛനും മരണമടഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ, കുടുമ്പ സ്വത്തിന്‍റെ തര്‍ക്കങ്ങളിലും ധനകാര്യങ്ങളിലെ ഇടപെടലുകളിലും മുഴുകാനും തുടങ്ങി. എന്‍റെ പ്രായത്തെക്കാള്‍ വേഗത്തില്‍ ഞാന്‍ മുതിര്‍ന്നു. ആ ദിവസങ്ങളിലാണ്‌ ഞാന്‍ യോഗിയായ റാം സൂരത് കുമാറുമായി പരിചയപ്പെട്ടത്. അദ്ദേഹം യഥാര്‍ത്ഥമായി ഒരു ഉയര്‍ന്ന തലത്തിലുള്ള വ്യക്തിയായിരുന്നു, ലൗകീക കടമ്പകളിലൂടെയുള്ള എന്‍റെ ജീവിതം അദ്ദേഹത്തിന്‍ റെശ്രദ്ധയിൽപ്പെട്ടു . എന്‍റെ പഠനത്തിന് ശേഷം ഞാന്‍ എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന- നിര്‍മ്മാണത്തെ സമ്പന്ധിച്ച ഉത്തരവാദിത്തങ്ങളിലെയ്ക്ക് പോകാന്‍ ആഗ്രഹിച്ചു- പക്ഷെ യോഗിയായ റാം അഭിപ്രായപ്പെട്ടത് ഞാന്‍ എന്‍റെ കുടുംബത്തിന്‍റെ പണം വായ്പ്പയുടെയും, ധനകാര്യ ഇടപാടുകളിലെ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട് പോകണം എന്നായിരുന്നു. എനിക്കറിയാമായിരുന്ന എന്നിലെ ആ സരളമായ കഴിവ്, വളര്‍ന്ന്‍ പന്തലിച്ച് കൊണ്ടിരിക്കുന്ന ഈശയിലെ സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടാന്‍ ഉപകരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. 1992 മുതല്‍ ഞാനും അതിന്‍റെ ഭാഗമായി മാറി.  

ആദ്യത്തെ അഞ്ചുപേരുടെ സംഘം

sanga of first five

കൗമാരത്തിന് മുന്‍പ് തന്നെ യോഗയുടെ വലിയ ആരാധകനായ ഞാന്‍ സദ്ഗുരുവിന്‍റെ യോഗ ക്ലാസ്സുകളില്‍ പങ്കെടുത്തത്, എനിക്ക് അതിനോട് വലിയ താല്പര്യം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് . എന്നിരുന്നാലും 1992-ലെ സംയമയ്ക്ക് ശേഷം, എനിക്ക് സദ്ഗുരുവിനെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി, അദ്ദേഹത്തിന്‍റെ ചുറ്റുവട്ടത്ത്‌ എവിടെയെങ്കിലും എനിക്ക് നില്‍ക്കണം. ഞാന്‍ ഉത്സാഹത്തോടെ തമിഴ്നാട്ടില്‍ ഉടനീളം അദ്ദേഹത്തിന്‍റെ ക്ലാസ്സുകളുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി, മാത്രമല്ല സിങ്ങനല്ലൂരില്‍ ഉള്ള കാര്യാലയത്തിലേക്ക് അതേ വര്‍ഷം മാറി. അക്കാലത്ത് മുഴുവന്‍ സമയ സനദ്ധപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ആദ്യത്തെ അഞ്ച് പേരിൽ ഏറ്റവും മുതിര്‍ന്നത് ഞാനായിരുന്നു.ഞങ്ങൾ ഒരു കുടുംബം പോലെ വഴക്കുണ്ടാക്കി ജീവിച്ചു . മിക്കവാറും സദ്ഗുരുവും വിജ്ജി അക്കയും ഞങ്ങള്‍ക്കായി പാചകം ചെയ്യുകയും, ഞങ്ങളുടെ വഴക്കുകളില്‍ മധ്യസ്ഥത വഹിക്കുകയും, ഞങ്ങളുടെ സരളമായ ആവശ്യങ്ങൾ പോലും ശ്രദ്ധിക്കുകയും ചെയ്തിരുന്നു - ചിലപ്പോള്‍ സ്വന്തം മാതാപിതാക്കള്‍ പോലും ശ്രദ്ധിക്കാത്തവ. എന്‍റെ ജീവിതത്തിലെ സര്‍വ്വശ്രേഷ്ടമായ കാലം അതായിരുന്നു.  

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെ കളിയാക്കാന്‍ സദ്ഗുരു ഒരവസരവും പാഴാക്കിയിരുന്നില്ല. ഒരിക്കല്‍ ഞാന്‍ തയ്യാറാക്കിയ ഔദൃോഗിക കടലാസുകളില്‍ സദ്ഗുരു ഒരു തെറ്റ് കണ്ടുപിടിച്ചു. അദ്ദേഹം ലാഘവത്തോടെ സ്വയം തന്നെ തെറ്റുതിരുത്തി, മറ്റ് പത്രത്തില്‍ ഒപ്പ് വയ്ക്കുന്നത് തുടര്‍ന്നു. “അതെന്താ നിങ്ങള്‍ ഞങ്ങളെയെല്ലാം കുറ്റം കണ്ടെത്തുന്നത് പോലെ, ഈ തെറ്റിന് അയാളെ ഒന്നും പറയാതിരിക്കുന്നത്?” തമാശയായി വിജ്ജി അക്ക എന്‍റെ മുന്നില്‍ വച്ച് തന്നെ ചോദിച്ചു. “ഞാന്‍ അയാളുടെ തെറ്റുകളെ വിശദീകരിക്കാന്‍ തുടങ്ങിയാല്‍, എനിക്ക് ഒരു ദിവസം മുഴുവനും സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടി വരും!” എന്നെ കളിയാക്കി പറഞ്ഞിട്ട് സദ്ഗുരു ഒപ്പ് വയ്ക്കുന്നത് തുടര്‍ന്നു. എന്റെ മേലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ ഞാൻ രസിച്ചിരുന്നുവെങ്കിലും അപ്പോഴും ‘ആരാണ് എന്‍റെ ഗുരു’ എന്ന എന്‍റെ സംശയം തീര്‍ന്നിരുന്നില്ല- യോഗി റാംസൂരത് കുമാറാണോ അതോ സദ്ഗുരു ആണോ? താമസിയാതെ തന്നെ അതും എനിക്ക് വ്യക്തമായി.

ഒരു അത്ഭുതവും ഒരു വഴിത്തിരിവും 

തുടര്‍ന്ന്‍ 1993-ല്‍, ഞാന്‍ എന്‍റെ നാട്ടിലേക്ക് ഒരു ചെറിയ സന്ദര്‍ശനം നടത്താമെന്ന്‍ ചിന്തിക്കുകയായിരുന്നു. “എന്നെപ്പറ്റി അന്വേഷിക്കുന്ന രണ്ടുപേരെ താന്‍ കണ്ടുമുട്ടും. , എനിക്ക് സുഖമാണെന്നും ഞാനും അവരെപ്പറ്റി അന്വേഷിച്ചെന്നും അവരോട് പറയണം,” ഞാന്‍ പുറപ്പെടാന്‍ തുടങ്ങുമ്പോള്‍, പ്രതീക്ഷിക്കാതെയാണ് സദ്ഗുരു ഇത് പറഞ്ഞതെന്ന്‍ മാത്രമല്ല, ഞാന്‍ വീട്ടിന് പുറത്ത് കാല്‍ വയ്ക്കുന്നതിന് മുന്‍പ് അദ്ദേഹം ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ആ പറഞ്ഞ വാക്യത്തില്‍ നിന്നും എന്താണ് മനസ്സിലാക്കെണ്ടതെന്നു എനിക്ക് മനസ്സിലായില്ലെങ്കിലും, എന്നോട് ആരെങ്കിലും സംസാരിച്ചാല്‍ ഞാന്‍ കൂടുതല്‍ ജാഗ്രതിലാവും- തീവണ്ടി യാത്രയിലാവട്ടെ, വീട്ടിലാവട്ടെ, അല്ലെങ്കില്‍ കടകളിലാവട്ടെ, അല്ലെങ്കില്‍ എവിടെയും ആയിക്കൊള്ളട്ടെ. ആരും തന്നെ എന്നോട് ഒന്നും ചോദിക്കാതെ ഒരു ദിവസം പോയെങ്കിലും, ഞാന്‍ ജാഗ്രതയോടെ തന്നെ കാത്തുനിന്നു. അടുത്ത ദിവസം ഞാന്‍ എന്‍റെ മാമനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം എന്നോട് ആദ്യം തന്നെ ചോദിച്ച കാര്യം , “യോഗ എങ്ങനെ പോകുന്നു?”എന്നായിരുന്നു. അദ്ദേഹം ചോദിച്ച രീതി ശ്രദ്ധിച്ചപ്പോള്‍, ഒരുപക്ഷെ അദ്ദേഹം സദ്ഗുരുവിനെ തന്നെയായിരിക്കാം ഉദ്ദേശിക്കുന്നത്. ഈ യോഗയും ജഗ്ഗിയും ഒന്ന്‍ തന്നെയണെന്നാണോ? ഞാന്‍ ഒരു നിമിഷത്തേയ്ക്ക് അതിശയിച്ചു നിന്നിട്ട് മറുപടി പറഞ്ഞു, “യോഗ നന്നായിരിക്കുന്നു!” തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോട് “യോഗ അങ്ങയെപ്പറ്റിയും അന്വേഷിച്ചിട്ടിട്ടുണ്ട്” എന്നൊന്നും പറഞ്ഞില്ല!  

“ഇനി ഒരാള്‍ കൂടിയുണ്ട്, ഒരുപക്ഷെ രണ്ടു പേര്‍ ഉണ്ടാവാം”, ശേഷിക്കുന്ന രണ്ടു ദിവസവും ഞാന്‍ വീട്ടില്‍ നിന്നപ്പോള്‍ ഇത് തന്നെയാണ് ചിന്തിച്ച് കൊണ്ടിരുന്നത്. ഒന്നും സംഭവിച്ചില്ല. കൊയമ്പത്തൂരിലേക്ക് തിരിച്ച് വരുമ്പോള്‍, എന്‍റെ സഹോദരിയെ കാണാന്‍ മദുരയില്‍ എത്തി. “ജിഗ്ഗി എങ്ങനെ ഇരിക്കുന്നു?” എന്ന്‍ സഹോദരിയുടെ ഭര്‍ത്താവ് ചോദിച്ചു. “ജഗ്ഗിയ്ക്ക് സുഖം തന്നെയാണ്,” ഞാനുടനെ മറുപടി പറഞ്ഞു, മാത്രമല്ല അദ്ദേഹം അങ്ങയെപ്പറ്റിയും അന്വേഷിച്ചു,” എന്നും ഞാന്‍ കൂട്ടിചേര്‍ത്തു. സദ്ഗുരു അദ്ദേഹത്തെപ്പറ്റിയും അന്വേഷിച്ചെന്നു അറിഞ്ഞപ്പോള്‍, ആകെ അതിശയം ആയിപ്പോയി. അദ്ദേഹത്തെ ആകെ  പരവശനായി കണ്ടപ്പോള്‍ ഞാന്‍ ഹൃദയം തുറന്ന്‍ ചിരിച്ചു. ശരി, ഒരാള്‍ യോഗയെപ്പറ്റിയും, ഒരാള്‍ ജിഗ്ഗിയെപ്പറ്റിയും പക്ഷെ ജഗ്ഗിയെപ്പറ്റി ആരും അന്വേഷിച്ചില്ല- തിരികെ സിംഗനല്ലൂര്‍ വരെ എത്തിയിട്ട് പോലും ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നു. . 

ഇനിയൊരു നിമിഷവും ഉള്ളില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാതെ ഞാന്‍ എല്ലാം തുറന്ന്‍ വിജ്ജി അക്കയോട് പറഞ്ഞു. അക്കയ്ക്കും ആകെ അതിശയമായിരുന്നു, എന്തിനാണ് സദ്ഗുരു ഇങ്ങനെ പറഞ്ഞത് എന്ന്‍. തുടര്‍ന്ന്‍ അന്നേ ദിവസം ഞാന്‍ സദ്ഗുരുവിന്റെ ക്ലാസ്സില്‍ സഹായിക്കാന്‍ പോയി. “ഞാന്‍ പറഞ്ഞ വളരെ സരളമായ ഒരു ജോലി പോലും നിനക്ക് കൃത്യമായി ചെയ്യാന്‍ പറ്റിയില്ല, അല്ലെ,” ഒരുമിച്ചിരിക്കാന്‍ സമയം കിട്ടിയ ഉടന്‍ സദ്ഗുരു ഗര്‍ജ്ജിച്ചു. എന്താണ് കൃത്യമായി ചെയ്യാത്തത്, എന്ന്‍ ഞാന്‍ ചിന്തിച്ചു. പക്ഷെ അടുത്ത നിമിഷം അദ്ദേഹം, പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു, “വിജ്ജി എന്നോട് എല്ലാം പറഞ്ഞു.”  

ഇന്നേ ദിവസം വരെ, ആ സംഭവിച്ചത് എന്താണെന്ന്‍ എനിക്കറിയില്ലെങ്കിലും, എന്‍റെ സാധാരണ മനസ്സിന് അതൊരു അത്ഭുതമായി തോന്നി, അദ്ദേഹത്തിന് കാര്യങ്ങളെ മുന്‍ക്കൂട്ടി കാണുവാന്‍ സാധിക്കും, മാത്രമല്ല സദ്ഗുരു തന്നെയാണ് എന്‍റെ ഗുരുവും എന്ന വസ്തുതയും. സദ്ഗുരുവിനായി ഉള്ള ആത്മ സമര്‍പ്പണത്തിന്‍ ഈ അദ്ധ്യായം എന്‍റെ ജീവിതത്തിലെ വഴിത്തിരിവായി മാറി.  

സദ്ഗുരുവിന്‍റെ വിനയവും ആത്മാര്‍ത്ഥതയും

ഫബ്രുവരി 1993- ഇല്‍ സദ്ഗുരു ആശ്രമത്തിനായുള്ള വസ്തു പ്രമാണ ഇടപാടുകള്‍ ഉറപ്പിച്ചു. അദ്ദേഹം ആശ്രമം നിര്‍മ്മിക്കാൻ സംഭാവന അഭ്യര്‍ഥിക്കാനായി തമിഴ്നാട്ടിലെ വളരെയധികം അനുയായികളുടെ വീടുകൾ സന്ദര്‍ശിച്ചു . ഈ ആവശ്യത്തിനായി ഒരിക്കല്‍ എനിക്കും സദ്ഗുരുവിനോപ്പം കരൂരിലേക്ക് പോകാനുള്ള സൗഭാഗ്യം ലഭിച്ചു. സദ്ഗുരു സംഭാവനയ്ക്കായി അഭ്യര്‍ത്ഥിക്കുന്ന കാഴ്ച കാണുന്നത് അസഹനീയം തന്നെയായിരുന്നു. പലരും വിശാലമായി നല്‍കിയപ്പോള്‍ ചിലര്‍ കുറച്ച് മാത്രം നല്‍കി, പക്ഷെ സദ്ഗുരു ഓരോരുത്തരോടും വകഭേദമില്ലാതെയുള്ള ഭക്തിയോടെ നമ്രശിരസ്കനായി. .

ഹോള്‍നസ്സ് പ്രോഗ്രാമിലെ അനുഭവങ്ങള്‍  

1994 ജൂലൈ 12- ന്, ഞങ്ങള്‍ ആശ്രമത്തിലേയ്ക്ക് ഹോള്‍നസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സദ്ഗുരുവിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. കനത്ത മഴ യിൽ ഇരുട്ടുപള്ളത്തിലെ അരുവി കരകവിഞ്ഞ് ഒഴുകിയതു കാരണം, ഞങ്ങളിലാര്‍ക്കും അത് കടക്കാന്‍ സാധിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് ആലന്തുറയില്‍ ചില വോളന്‍റിയര്‍മാരുടെ ഒപ്പം തങ്ങേണ്ട വരികയും, ഹോള്‍നസ്സ് പ്രോഗ്രാം ഒരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കേണ്ടി വരികയും ചെയ്തു. അതാണ് ഈശയുടെ ചരിത്രത്തില്‍ ആദ്യമായും ഒരേയൊരു പ്രാവശ്യത്തേക്ക് മാത്രവുമായി ഈശയുടെ പരിപാടി ഒരുദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നത്.  

എന്നെ സംബന്ധിച്ചിടത്തോളം, ഹോള്നെസ്സ് പ്രോഗ്രാം എന്നത് മറ്റേതോ ലോകത്തിലെ ആത്മീയ അനുഭവം മാത്രമായിരുന്നില്ല (മറ്റ് പലര്‍ക്കും അങ്ങനെയായിരുന്നു). സരളമായി അതെന്നെ എന്‍റെയുള്ളിലെ മറ്റൊരു തലത്തിലേയ്ക്ക് തന്നെ കൊണ്ട് പോയി- തീവ്രമായി ജീവിക്കുന്ന രീതിയിലേക്ക്. ആദ്യത്തെ 30 ദിവസത്തിന് ശേഷം സദ്ഗുരു, ഹോള്‍നസ്സ് പ്രോഗ്രാമിലെ പങ്കാളികളെ രണ്ടായി തിരിച്ചു. ഞങ്ങളില്‍ 7 പേര്‍ ഒരുമിച്ച് താമസിക്കുന്ന ഗ്രൂപ്പിലും, ശേഷിക്കുന്നവരെ ഈശ യോഗയുടെ അധ്യാപകരായി തയ്യാറാവാന്‍ “അധ്യാപന” ഗ്രൂപ്പിലെയ്ക്കും മാറ്റി. സദ്ഗുരു തന്‍റെ ഭൂരിഭാഗം സമയവും ടീച്ചേര്‍സ് ഗ്രൂപ്പിനൊപ്പം മാത്രം ചിലവഴിച്ചപ്പോള്‍, ഞങ്ങള്‍ കേവലമായി സാധനയും, പൂന്തോട്ടം നോക്കിനടത്തുന്നതും അവിടെയുള്ള മറ്റ് ചെറു ജോലികളും ചെയ്ത് സമയം തള്ളിനീക്കി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് നിരസിക്കപ്പെട്ടത് പോലെയും ഹൃദയം തകരുകയും ചെയ്തു കാരണം, സദ്ഗുരു എപ്പോഴും അവര്‍ക്കൊപ്പം ആയിരുന്നു, ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിച്ചിരുന്നതെയില്ല. “ദയവായി കുറച്ചെങ്കിലും സമയം ഞങ്ങള്‍ക്കൊപ്പവും ചിലവഴിക്കൂ സദ്ഗുരു,” ഞാന്‍ അദ്ദേഹത്തോട് ഒരു ദിവസം കരച്ചിലിന്‍റെ വക്കിലെത്തിയപ്പോള്‍ കേണുപറഞ്ഞു.  

സദ്ഗുരു എന്നെ വളരെ സ്നേഹത്തോടെ നോക്കുകയും, ഞങ്ങളെ കാണാന്‍ അടുത്ത ദിവസം എത്തുകയും ചെയ്തു. അദ്ദേഹം “ജ്ഞാന വൃക്ഷത്തിന്‍റെ (learning tree)” - ചുവട്ടിലും ഞങ്ങള്‍ 7 പേര്‍ അദ്ദേഹത്തിന് ചുറ്റുമായും ഒത്തുകൂടി. “നിങ്ങള്‍ ചെയ്യുന്നത് സരളമായ എന്ത് തന്നെ ആയാലും, സ്നേഹത്തോടെ ചെയ്യണം. നിങ്ങള്‍ പൂന്തോട്ടത്തില്‍ നിന്നും കള പിഴുതു കളയുമ്പോഴും, കരുണയോടെ ചെയ്താല്‍, ഞാന്‍ നിങ്ങളുടെ സാധനയുടെ കാര്യവും ആത്മസാക്ഷാത്കാരത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൊള്ളാം,” ആ കൂടികാഴ്ചയില്‍ സദ്ഗുരു ഞങ്ങളോട് പറഞ്ഞു. ആദ്യമായി ഞങ്ങളില്‍ കനിഞ്ഞ ആത്മസാക്ഷാത്കാരത്തിന്‍റെ വാഗ്ദാനമായിരുന്നു അത്!  

ഹോള്‍നസ്സ് പ്രോഗ്രമിനിടയില്‍ ഒരു സമയത്ത് സദ്ഗുരു പങ്കാളികളോട്, ഭാവിയില്‍ ആശ്രമത്തിലുള്ളവര്‍ പാലിക്കെണ്ടതായ നിബന്ധനകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ദ്രുതഗതിയില്‍ നീളുന്ന നിയമങ്ങളുടെ പട്ടിക കണ്ടപ്പോള്‍ ഞാനാകെ ആശയക്കുഴപ്പത്തിലും ഭീതിയിലാവുകയും ചെയ്തു. അതെന്നെ ആകെ ഭയപ്പെടുത്തി. ഞാന്‍ അന്ന്  രാത്രി സദ്ഗുരുവിനോപ്പം അദ്ദേഹത്തിന്‍റെ മുറയില്‍ കൂടെപോയി. അന്ന്  ആകെ ഇരുട്ടായിരുന്നു എന്നും, അദ്ദേഹം ഒരു ടോര്‍ച്ച് കൈയ്യില്‍ കരുതിയിരുന്നതായും എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ വാതില്‍ക്കൽ നിന്നു. അദ്ദേഹം എന്നെ നോക്കിയപ്പോള്‍ ഞാന്‍ ഒന്നും ആലോചിക്കാതെ പറഞ്ഞു, “ജഗ്ഗി, എനിക്ക് നിയമങ്ങള്‍ ഒന്നും വേണ്ട.” അദ്ദേഹം എന്‍റെ മുഖത്തേയ്ക്ക് ടോര്‍ച്ച് അടിച്ചു. അദ്ദേഹം എന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടിട്ടുണ്ടാവണം. അദ്ദേഹം സാവകാശം പറഞ്ഞു, വളരെ സാവകാശം, “ശരി, നിനക്ക് നിയമങ്ങള്‍ ഒന്നുമില്ല.” ഇന്ന് പോലും ഞാന്‍ ആശ്രമത്തിലെ എല്ലാ രീതികളും അനുസരിക്കുന്നുണ്ടെങ്കിലും, എത്രത്തോളം അരുമയോടെയാണ് എന്‍റെ ബാലിശമായ പ്രതികരണത്തെ അദ്ദേഹം കൈകാര്യം ചെയ്തത് എന്നാലോചിക്കുമ്പോള്‍, ഇന്നും ആ നിമിഷം എന്‍റെ ഓര്‍മ്മയില്‍ പൊന്‍തൂവല്‍ പോലെ നില്‍ക്കുന്നു.  

ഹോള്‍നസ്സ് പ്രോഗ്രാം കഴിഞ്ഞതോടു കൂടി, ഞങ്ങള്‍ ധ്യാനലിംഗയുടെ പവിത്രീകരണത്തിന് സദ്ഗുരുവിനെ സഹായിക്കുന്നതിൽ വ്യഗ്രരായി . തീവ്രമായ പ്രവര്‍ത്തത്തിന്‍റെയും തീവ്രമായ സാധനയുടെയും കാലമായിരുന്നു അത്. ഞാന്‍ നിയമനടപടികളും സാമ്പത്തിക ഇടപാടുകളും നോക്കിനടത്തുകയും, ഡോമിൻ്റെയും പരിക്രമയുടെയും നിര്‍മ്മാണത്തിന് വേണ്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനും വാങ്ങുന്നതിനും വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകുകയും ചെയ്തു. തുടര്‍ന്ന് 1996-ല്‍ എനിക്ക് ബ്രഹ്മചര്യത്തിലേക്ക് ദീക്ഷ ലഭിച്ചു- രണ്ടാമത്തെ ബ്രഹ്മചാരികളുടെ ബാച്ച്. . 

എന്താണ് മഹാസമാധി എന്ന് ശരിക്കും എനിക്ക് അറിയാമായിരുന്നോ?

ജനുവരി 1997-ല്‍, വിജ്ജി അക്കയുടെ മഹാസമാധി ഇരുട്ടടി ഏറ്റപോലെ സഹിക്കാനാവാത്ത ഒരാഘാതമായിരുന്നു. എന്‍റെ മനസ്സാകെ തളര്‍ന്ന് പോയി. ഒരു കാരണം, അക്കയുമായി ഒരാത്മബന്ധം എനിക്കുണ്ടായിരുന്നു- അക്കയായിരുന്നു എന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരി. എനിക്ക് സദ്ഗുരുവിനോപ്പം പങ്കിടാന്‍ സാധിക്കാത്ത കാര്യങ്ങള്‍, അക്കയോട് ഞാന്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ കാരണം, പലപ്പോഴും സദ്ഗുരുവും വിജ്ജി അക്കയും ഇങ്ങനെയൊന്ന് മുന്നോടിയായി നടക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, അങ്ങനെയൊന്ന് ശരിക്കും സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഞാനൊരു ബുദ്ധിശൂന്യനാണെന്ന് അനുഭവപ്പെട്ടു.  

1996 ഓഗസ്റ്റിലായിരുന്നു, ഞാനാദ്യമായി വിജ്ജി അക്ക സദ്ഗുരുവിനോട് പോകാനാഗ്രഹിക്കുന്ന കാര്യം പറയുന്നത് കേട്ടത്. ഒരു ധ്യാന യാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്നു. “സ്ഥിരമുള്ളത് പോലെ നേരമ്പോക്ക് പറയുകയാണ്,” ഞാന്‍ കരുതി. മറ്റൊരിക്കല്‍ സദ്ഗുരു എന്നെ T-ബ്ലോക്കിന് വെളിയില്‍ നിര്‍ത്തിയിട്ട് പറഞ്ഞു വിജ്ജി മഹാസമാധി എടുക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ആ ചുവട് ഇപ്പോള്‍ എടുക്കരുത് എന്ന് എനിക്ക് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ സാധിക്കുന്നില്ല. എന്നിട്ട് പോലും, ഞാനതിനെ ഗൗരവത്തോടെ കണ്ടില്ല.  

അക്കയുടെ മഹാസമാധിക്ക് ഒരാഴ്ച മുന്‍പ്, സദ്ഗുരു എന്നോട് ചില ആവശ്യത്തിനായി മൈസൂരിലേക്ക് വരാന്‍ നിര്‍ദേശിച്ചു. ഇപ്രാവശ്യം വിജ്ജി അക്ക വളരെയധികം മാറിയിരിക്കുന്നതായി ഞാന്‍ കണ്ടു. “താനാകെ മാറിയിക്കുന്നല്ലോ വിജ്ജി. എന്താണ് സംഭവിക്കുന്നത്?” ഞാന്‍ ചോദിച്ചു. “കണ്ടോ, ഇദ്ദേഹത്തിന് പോലും ഞാന്‍ മാറി പോയതായി തോന്നുന്നു,” അക്ക ഉടനെ സദ്ഗുരുവിനോട് പറയാന്‍ തിരിഞ്ഞു. “അതിന് കാരണം അവള്‍ ഉടനെ മഹാസമാധി എടുക്കാന്‍ പോകുന്നതാണ്,” സദ്ഗുരു എനിക്ക് മറുപടി നല്‍കി. എന്നിട്ടും- എന്നിട്ടും അങ്ങനെയൊന്ന് ശരിക്കും സംഭവിക്കുമെന്ന് എനിക്ക് തോന്നിയില്ല. കാരണം എനിക്കറിയാമായിരുന്നു മഹാസമാധി എന്താണെന്നുള്ളത്, പക്ഷെ സംശയിച്ചു, “അതെങ്ങനെ വിജ്ജി അക്കയ്ക്ക് അത്രത്തോളം ഉയര്‍ന്ന തലത്തിലുള്ള ആത്മീയ സാധനയിലേക്ക് എത്തിപ്പെടാന്‍ സാധിക്കും?”  

അതുകൊണ്ട് അക്ക പോയി എന്ന് കേട്ടപ്പോള്‍, എന്നിലേയ്ക്ക് ഒരു വലിയ ബോമ്പു സ്ഫോടനം നടന്നതായി അനുഭവപ്പെട്ടു. എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ലാതായി, എങ്കിലും എന്നില്‍ എവിടെയോ, അതിയായ അസൂയയും ഉളവായി.  

തീവ്രതയിലേയ്ക്കുള്ള മറ്റൊരു കുതിപ്പ് 

ആ തീരാനഷ്ടം വിവരിക്കാന്‍ സാധിക്കാത്തതാണെങ്കിലും, അതില്‍ തന്നെ മുഴുകിയിരിക്കാന്‍ എനിക്ക് സമയമുണ്ടായിരുന്നില്ല. ധ്യാനലിംഗയുടെ പവിത്രീകരണത്തിന്റെ പണികളില്‍ ഞങ്ങളെല്ലാം മുഴുകി. ഒരു ബ്രഹ്മചാരി എന്ന നിലയില്‍ അവയായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ സമയങ്ങള്‍. വിജ്ജി അക്കയുടെ മഹാസമാധിയുടെ നാല് മാസത്തിന് ശേഷം, സദ്ഗുരു എന്നോട് 400 സാധകരുമായി കടപ്പയിലെ (ആന്ധ്രാപ്രദേശ്) ഒരു ക്ഷേത്രത്തില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ പുറപ്പെടുന്നതിന് മുമ്പായി ഒരു സാധകൻ  അവരുടെ സ്വര്‍ണ്ണം, ക്ഷേത്രത്തിലെ ലിംഗത്തിനായി ഒരു സ്വര്‍ണ്ണ കവചം ഉണ്ടാക്കാന്‍ ദാനം ചെയ്തു. സ്വര്‍ണ്ണപണിക്കാരനില്‍ നിന്നും, കവചത്തെ ഒരു ഘോഷയാത്രയായിട്ടാണ് കൊണ്ട് വന്നത്, എന്നിട്ട് അതിനെ കടപ്പയില്‍ എത്തിച്ചിട്ട് ലിംഗത്തില്‍ ധരിപ്പിച്ചു. ഇവിടെ കടപ്പയില്‍ വച്ചാണ് സദ്ഗുരു ആദ്യമായി തന്‍റെ ഗുരുവിനെ പറ്റി സംസാരിച്ചത്.  

ആ രാത്രി അദ്ദേഹം എല്ലാ ബ്രഹ്മചാരികളെയും വളരെ ശക്തിയുള്ള ഒരു പ്രക്രിയയിലേക്ക് നയിച്ചു, അതേ മണ്ഡപത്തില്‍ വച്ചാണ് അദ്ദേഹം കഴിഞ്ഞ ജന്മത്തില്‍ ധ്യാനലിംഗയുടെ നിര്‍മ്മാണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. ആ പ്രക്രിയ വളരെ ശക്തിയുള്ളതായിരുന്നു, എൻ്റെ  കൈ വിചിത്രമാം വിധത്തില്‍ മുകളിലേക്കും താഴേക്കും ചലിക്കുകയും, ഞാന്‍ ഒരു ആനയോട് സാമ്യമുള്ള തരത്തില്‍ അലറുന്നതായും സ്വയം കണ്ടു. മാസങ്ങളോളം ഏതൊരു ശക്തിയുള്ള പ്രക്രിയയിലും, ഈ അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേരുമായിരുന്നു . അന്നത്തെ കടപ്പയിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം, എന്നിലെ തീവ്രത പലമടങ്ങ് കൂടി. . 

“എന്താണ് ധ്യാനലിംഗ നിന്നോട് പറയുന്നത്?”  

sadhguru-dhyanalinga-pic

ധ്യാനലിംഗയുടെ പവിത്രീകരണം 1999, ജൂണ്‍ 24- ന്, പൂര്‍ണ്ണ ഗാംഭീര്യത്തോടെ സാക്ഷാത്കരിക്കപ്പെട്ടു.  

2000- ത്തിലെ ഒരു സമയത്താണ് ഞാന്‍ ആദ്യമായി ‘ലിംഗ അര്‍പ്പണം’ നടത്തിയത്. ഒരിക്കല്‍ ഞാന്‍ T-ബ്ലോക്കില്‍ പൂക്കള്‍ പറിക്കുമ്പോള്‍, യാദൃശ്ചികമായി സദ്ഗുരുവിനെ കണ്ടുമുട്ടി. “എന്താണ് ധ്യാനലിംഗ നിന്നോട് പറയുന്നത്?” സദ്ഗുരു ചോദിച്ചു. ഒരിക്കല്‍ കൂടി ഞാന്‍ ആശയക്കുഴപ്പത്തിലായപ്പോള്‍, എന്ത് പറയണമെന്നറിയാതെ , “ഒന്നുമില്ല!”എന്ന് പറഞ്ഞു . അദ്ദേഹം പറഞ്ഞതിന്‍റെ മഹാത്മ്യം പിന്നീടാണ്‌ എനിക്ക് മനസ്സിലായത്. അതിന് തൊട്ട് മുമ്പ് വരെ, ഞാന്‍ ആത്മാര്‍ത്ഥമായിതന്നെ ക്ഷേത്രത്തില്‍ ഭക്തിപൂര്‍വ്വം സേവിച്ചുകൊണ്ടിരുന്നു. എങ്കിലും അതെനിക്കൊരു ക്ഷേത്രം മാത്രമായിരുന്നു- സദ്ഗുരു പവിത്രീകരണ കര്‍മ്മം നടത്തിയ ഒരു ക്ഷേത്രം. പക്ഷെ സദ്ഗുരു അന്ന് ചോദിച്ചതിന് ശേഷമാണ് എന്നില്‍ വെളിവായത്, ധ്യാനലിംഗയാണ് സദ്ഗുരു; സദ്ഗുരു തന്നെയാണ് ധ്യാനലിംഗ. അവര്‍ രണ്ട് പേരും എനിക്ക് ഒന്ന് പോലെ അനുഭവപ്പെട്ട് തുടങ്ങി.  

എന്‍റെ ആരംഭകാലത്ത് എന്‍റെ അര്‍പ്പണം സദ്ഗുരുവിനായി മാത്രമായിരുന്നു. ഞാന്‍ ഇവിടെ വരാനുള്ള കാരണവും ബ്രഹ്മചര്യം എടുക്കാന്‍ കാരണവും എനിക്ക്, സദ്ഗുരുവില്ലാതെ ജീവിക്കുന്നത് സങ്കല്പിക്കാനേ കഴിയുന്നില്ലായിരുന്നു. പക്ഷെ എന്‍റെ ലിംഗ അര്‍പ്പണത്തിന് ശേഷം ധ്യാനലിംഗ ഒരു വലിയ സാന്നിദ്ധ്യമായി മാറി. ഇന്ന് വരെയും, പുറത്തുള്ള ആളുകളെ കൈകാര്യം ചെയ്യുന്നതില്‍ ഞാനാകെ ബുദ്ധിമുട്ട് അനുഭവിച്ചാല്‍ പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകളില്‍, ഞാന്‍ കുറച്ച് മണിക്കൂര്‍ ധ്യാനലിംഗയില്‍ പോയി ഇരിക്കുകയും പൂര്‍ണ്ണമായും ശന്തനാവുകയും ചെയ്യും.  

ആത്മീയപാതയില്‍ പക്വതയ്ക്കായിട്ടുള്ള ഒരു യാത്ര  

sadhguru offering food to sw gurubiksha

ഒരു സാധാകനെന്ന നിലയില്‍ എനിക്ക് സന്യാസത്തിലേക്ക് ദീക്ഷ ലഭിച്ച ശേഷം ക്രമാതീതമായി പക്വതയുണ്ടായി. 2003- ല്‍ ഒരു ബ്രഹ്മചാരികളുടെ കൂട്ടായ്മയില്‍ സദ്ഗുരു ഞങ്ങളില്‍ 10 പേരെ സന്യസത്തിലേക്ക് ദീക്ഷ നല്‍കുകയും ഞങ്ങളുടെ പേരുകള്‍ ഇന്ന്‍ ഞങ്ങള്‍ അറിയപ്പെടുന്ന തരത്തില്‍ മാറ്റുകയും ചെയ്തു. ശരിക്കും എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും, വൈകാതെ തന്നെ എന്നില്‍ എന്തോ മാറിയതായി ഞാന്‍ കണ്ടു. എന്നിലുള്ള പല നിര്‍ബന്ധങ്ങളും കൊഴിഞ്ഞു പോവുകയും, ഞാന്‍ എന്‍റെ പാതയില്‍ പൂര്‍ണ്ണമായും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അന്ന്‍ മുതല്‍ ഞാന്‍ മോചിതനായത് പോലെ അനുഭവപ്പെട്ടെങ്കിലും, അതേസമയം മോചിതനായിട്ടില്ലെന്നും എനിക്കറിയാം.  

ഉപസംഹരിക്കുന്നതിന് മുന്പ് എനിക്ക് പറയാനുള്ളത്, ആശ്രമത്തില്‍ കാണുന്ന ആളുകള്‍ എനിക്ക് വളരെ മനോഹരമായി തോന്നാറുണ്ട്. ഞാന്‍ പുറത്തുള്ള ആളുകളെ കാണുമ്പോള്‍, അവർ പല തരത്തിലുള്ള സാഹചര്യങ്ങളില്‍ കുരുങ്ങുന്നതായി കാണുന്നു- പണം, ബന്ധങ്ങള്‍, പദവി, വീടുകള്‍, കാറുകള്‍, അങ്ങനെ അങ്ങനെ പലതിലും, അതേസമയം ഇവിടെ അങ്ങനെയല്ല. പ്രകൃതി നമ്മളെ ആവരണം ചെയ്തിട്ടുള്ള പലതരത്തിലുള്ള പരിധികളില്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, ബോധപൂര്‍വമോ അല്ലാതെയോ ആവശ്യമില്ലാത്തതായ വളരെയധികം ഭാരങ്ങളുടെ കെട്ടഴിക്കാന്‍, ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള  ആളുകളോടോപ്പവും, ധ്യാനലിംഗയോടും, പിന്നെ തീര്‍ച്ചയായും എന്‍റെ ഗുരുവിനും ഒപ്പം ജീവിക്കാന്‍ സാധിക്കുന്നത് ഒരനുഗ്രഹമായി കണക്കാക്കുന്നു.