सद्गुरु

എല്ലാവരും പലവിധത്തിലുള്ള സാധനകള്‍ അനുഷ്ഠിക്കുന്നു. അതുവഴി "എവിടെയെങ്കിലും" എത്തിച്ചേരാമെന്നു പ്രതീക്ഷിക്കുന്നു. ആദ്ധ്യാത്മീക മാര്‍ഗ്ഗത്തില്‍ പ്രതീക്ഷക്കും വിശ്വാസത്തിനുമുള്ള പങ്കിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ സദ്‌ഗുരു ചര്‍ച്ച ചെയ്യുന്നത്.

ചോദ്യം :- ഇടയ്ക്ക് ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്, “എന്തിനാണീ സാധന? എന്താണിതിന്റെ സ്വഭാവം?” ഞാന്‍ ചെയ്തു വരുന്ന ആദ്ധ്യാത്മീക സാധനകള്‍, അതുകൊണ്ട് എനിക്കെന്തെങ്കിലും ഫലമുണ്ടാകണമെന്ന് ഞാന്‍ ആശിക്കുന്നു .

സദ്‌ഗുരു :- അതുനന്നായി എന്തെങ്കിലും ഫലം കിട്ടുമെന്ന് നിങ്ങള്‍ ആശിക്കുന്നുണ്ട്. അല്ലെ? അതിനുവേണ്ടിയാണ് നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. ഒരു കാര്യം ഓര്‍മ്മ വേണം. ഫലേച്ഛയുണ്ടോ അതോടൊപ്പം ഫലം കിട്ടിയില്ലെങ്കിലോ എന്ന ഭയവുമുണ്ടാകും. ഫലം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഭയവും നിരാശയും അതിന്റെ പുറകില്‍ കാത്തുനില്‍ക്കുന്നുണ്ട്‌ എന്നതു മറക്കരുത്. ആശ എന്നാല്‍ ശുഭപ്രതീക്ഷ തന്നെയാണ്. ആശയില്ലാത്തവന്‍ ഭാഗ്യവാനാണ് പരാജയ ഭീതി അയാളെ തളര്‍ത്തുകയില്ലല്ലോ. ആശയില്ല അതുകൊണ്ട് ആശിച്ചത് കിട്ടുമോ എന്ന പേടിയുമില്ല.

സാധാരണ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം, “അതുകൊണ്ട് എനിക്കെന്തു മെച്ചം?” മെച്ചമില്ലാത്ത പണി ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുക തന്നെ വേണം.

ആശയും ഭയവും എപ്പോഴും ഒന്നിച്ചാണ്:- ആശിക്കാതിരിക്കാന്‍ ആര്‍ക്കാണാവുക? മിക്കവരുടെ കാര്യത്തിലും സംഗതി ഈ തരത്തിലാണ്, എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ മുമ്പില്‍ പ്രലോഭനങ്ങള്‍ ഉണ്ടാകണം. എന്തെങ്കിലും കാര്യമായ ഗുണമുണ്ടാകുമെന്ന പ്രതീക്ഷ. സാധാരണ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം, “അതുകൊണ്ട് എനിക്കെന്തു മെച്ചം?” മെച്ചമില്ലാത്ത പണി ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുക തന്നെ വേണം. ആരെങ്കിലും പിന്നില്‍ നിന്ന് തള്ളിക്കൊണ്ടിരുന്നാല്‍ തീര്‍ച്ചയായും അത് സുഖകരമായ ഒരനുഭവമല്ല. ആശയാണ് പുറകില്‍ നിന്ന് തള്ളുന്നതെങ്കിലോ? അങ്ങേതലക്കല്‍ ലാഭവും സന്തോഷവും നിങ്ങളെ കാത്തുനില്‍ക്കുന്നു എന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് ആ ജോലി ക്ലേശകരമായി അനുഭവപ്പെടുന്നില്ല. പക്ഷെ ആശയുള്ളിടത്ത് നിരാശയും ഒപ്പമുണ്ട് എന്നുള്ളത് മറക്കരുത്. സാധന എന്നാല്‍ വളര്‍ച്ചയാണ്. അതുതന്നെയാണ് അതിന്റെ സ്വഭാവം. അദ്ധ്യാത്മീകമായി നിങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്ന പ്രക്രിയ. എന്നാല്‍ എന്നെങ്കിലുമൊരു ദിവസം എന്തെങ്കിലും നേട്ടമുണ്ടാകും എന്ന പ്രതീക്ഷയില്‍ അധിഷ്ഠിതമാണ് നിങ്ങളുടെ സാധന എങ്കില്‍, അതിനു നിശ്ചയമായും ചില പരിമിതികള്‍ ഉണ്ടാകും.

ഇവിടെ ഒരു കഥ ഓര്‍മ്മ വരികയാണ്. ഒരു മണ്ടന്‍ വേലക്കാരന്റെ കഥ. ഒരുദിവസം യജമാനന്‍ അവനോട് ആട്ടയും ഉപ്പും വാങ്ങികൊണ്ടുവരാന്‍ പറഞ്ഞു. രണ്ടും കൂടി കലര്‍ത്തരുത് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയാള്‍ കടയില്‍ ചെന്ന് ആദ്യം ആട്ട വാങ്ങി കൈയിലെ സഞ്ചിയില്‍ നിറച്ചു. പിന്നീട് ഉപ്പ് ആവശ്യപ്പെട്ടു. അപ്പോഴാണ്‌ രണ്ടും കൂട്ടികലര്‍ത്തരുത് എന്ന് യജമാനന്‍ പറഞ്ഞത് ഓര്‍ത്തത്. അയാള്‍ പെട്ടെന്ന് സഞ്ചി തല തിരിച്ചു പിടിച്ചു. ആട്ടയെല്ലാം താഴെപ്പോയി. എന്നാലും സഞ്ചിയില്‍ ഉപ്പു വാങ്ങാനായി.

“ദാ ഉപ്പ്....” അയാള്‍ സഞ്ചി യജമാനന്റെ കയില്‍ കൊടുത്തു.

“അപ്പോള്‍ ആട്ട എവിടെ?” യജമാനന്‍ ചോദിച്ചു.

“അതിവിടെയുണ്ട്" വേലക്കാരന്‍ സഞ്ചി തലതിരിച്ചു പിടിച്ചു. അതിലുണ്ടായിരുന്ന ഉപ്പു മുഴുവന്‍ നിലത്തു വീണു.

ഇതുപോലെയാണ് ആശയുടെയും ഭയത്തിന്റെയും കാര്യം. രണ്ടും എപ്പോഴും ഒപ്പമുണ്ടാകും. ആശിച്ചതുപോലെ സംഭവിച്ചാല്‍ തന്നെയും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല എന്ന സങ്കടവും കൂടെയുണ്ടാകും. സ്വപ്നത്തില്‍ കണ്ടതിന്റെ തിളക്കം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിന് ഉണ്ടാകണമെന്നില്ല. സ്വപ്നം കാണാന്‍ പ്രയാസമില്ല, വിലയും കൊടുക്കേണ്ട. വെറുതെയങ്ങു കണ്ടാല്‍ മതി. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിനുള്ള വില കൊടുക്കണം. അതാണ്‌ സ്നേഹവും വിശ്വാസവും.

സന്തോഷത്തോടെ സാധന ചെയ്തുകൊണ്ടിരിക്കുക. അത് വിജയിക്കുമോ... പരാജയപ്പെടുമോ... എന്നുള്ള ആശങ്കകളൊന്നും വേണ്ട

mindഅതുകൊണ്ട് സന്തോഷത്തോടെ സാധന ചെയ്തുകൊണ്ടിരിക്കുക. അത് വിജയിക്കുമോ... പരാജയപ്പെടുമോ... എന്നുള്ള ആശങ്കകളൊന്നും വേണ്ട. സാധനയെ ഒരു ആരാധനയായി കാണണം. പൂര്‍ണമനസ്സോടെ , എന്നാല്‍ ഒന്നും പ്രതീക്ഷിക്കാതെ അതില്‍ മുഴുകുക. അങ്ങിനെ ചെയ്യാന്‍ സാധിക്കുമോ… ശ്രദ്ധയോടെ എന്നാല്‍ ഫലേച്ഛ കൂടാതെ? തീര്‍ച്ചയായും സാധിക്കും . അതിനു വേണ്ടത് ശുദ്ധമായ സ്നേഹമാണ്. സാമാന്യമായി പറഞ്ഞാല്‍ സ്നേഹവും ഒരുതരത്തിലുള്ള ആശയാണ്. കുറഞ്ഞ പക്ഷം ആ സ്നേഹമെങ്കിലും തിരിച്ചുകിട്ടുമെന്ന ആശ. എന്നാല്‍ ശുദ്ധമാണ് സ്നേഹമെങ്കില്‍, എത്ര ചെയ്താലും പോരാ എന്ന തോന്നലാണ് ശേഷിക്കുക. അവനവനെ തന്നെ സമര്‍പ്പിച്ചാലും മതിയാവില്ല എന്ന തോന്നല്‍. അവിടെ പ്രതീക്ഷയില്ല, പക്ഷെ അങ്ങേയറ്റം തീവ്രത കാണും.

സ്നേഹത്തോടൊപ്പം വിശ്വാസവും ഉണ്ടായിരിക്കണം. സ്നേഹമുണ്ടെങ്കിലേ വിശ്വാസമുണ്ടാകൂ . കൂറ്... അല്ലെങ്കില്‍ പ്രതിബദ്ധത എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ വിശ്വാസം എന്ന് പറയുന്നത്. ആത്മീയമായ ഒരു തലത്തിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ഒരു ഗുരു തന്റെ ശിഷ്യനില്‍ നിന്നും കൂറോ പ്രതിബദ്ധതയോ പ്രതീക്ഷിക്കുന്നില്ല. അങ്ങിനെയൊന്നും അദ്ദേഹത്തിന് ആവശ്യവുമില്ല. നിങ്ങള്‍ പിന്തുടരുന്ന അദ്ധ്യാത്മ മാര്‍ഗ്ഗത്തെ കുറിച്ചു മാത്രമല്ല നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കേണ്ടത്, ഈ ഭൂമിയില്‍ ജീവിക്കാനും നിങ്ങള്‍ക്ക് വിശ്വാസം വേണം. ഇവിടെ ഇപ്പോള്‍ നിങ്ങള്‍ സുഖമായിരിക്കുന്നു. അതും വിശ്വാസമാണ്. ഭൂമി പെട്ടെന്ന് പിളര്‍ന്നു ആളുകളെ വിഴുങ്ങിയിട്ടുള്ള പല സംഭവങ്ങളും നിങ്ങള്‍ കേട്ടിട്ടുണ്ട്. ആകാശത്ത് നിന്ന് എന്തൊക്കയോ താഴേക്ക് വീണു, ആളുകള്‍ അതിനടിയില്‍ പെട്ട് ചിതറിപ്പോയിട്ടുള്ള കഥകളും നിങ്ങള്‍ കേട്ടിട്ടുണ്ട്. അന്തരീക്ഷത്തിലെ വായു ശ്വസിച്ച് അനവധിപേര്‍ മരിച്ചുപോയ വാര്‍ത്തകളും നിങ്ങള്‍ക്കറിയാം. ഈ ഭൂഗോളം അവിശ്വസനീയമായ വേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു. അതിനോടൊപ്പം തന്നെ സൌരയൂഥവും നക്ഷത്ര സമൂഹങ്ങളും അത്യധികം വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം പെട്ടെന്ന് ഭൂമാതാവ് അപ്രദിക്ഷണമായി തിരിഞ്ഞു കളയാമെന്ന് തീരുമാനിച്ചാലോ. അപ്പോള്‍ ഭൂമിയിലിരിക്കുന്ന നമുക്ക് എന്തു സംഭവിക്കും?

പറയാനാവില്ല... അതുകൊണ്ടാണ് പറഞ്ഞത് ഇവിടെ സുഖമായിരുന്ന് പ്രഭാഷണങ്ങള്‍ കേള്‍ക്കാനും, ചിരിച്ചും, രസിച്ചും അടുത്തുള്ളവരോട് സംസാരിക്കാനും, അതിനു തന്നെ വളരെയധികം വിശ്വാസം വേണം. വിശ്വാസം... അത് പുതിയൊരു കാര്യമല്ല . ഇവിടെയിരിക്കാന്‍, ഓരോ ശ്വാസവും എടുക്കാന്‍, അതിനും ഒരു വിശ്വാസം വേണം. അത് നമ്മളില്‍ സ്വാഭാവികമായി ഉള്ളതാണ്. അതിനെകുറിച്ച് നമ്മള്‍ ബോധവാന്മാരല്ല എന്ന് മാത്രം. അതേ വിശ്വാസത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത്. അത് അറിഞ്ഞുകൊണ്ടും സ്നേഹപൂര്‍വ്വവുമാകണം എന്നുമാത്രം.

photo courtesy to pixabay