ശങ്കർ മഹാദേവൻ: ശങ്കർ-ഇഹ്സാൻ-ലോയ് ആയി കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി ഞങ്ങൾ സംഗീതസംവിധാനം നിർവ്വഹിച്ചു വരുന്നു. എപ്പോഴും എന്നിൽ കൌതുകമുണർത്തുന്ന ഒരു സംഗതി, മൂന്ന് എന്ന ആശയമാണ്. മൂന്ന് എന്ന സംഖ്യ വിവിധ തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഞാൻ കാണുന്നു, ന്യൂട്രോൺ, പ്രോട്ടോൺ, ഇലക്ട്രോൺ, ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നിങ്ങനെ. പിന്നെ ഞങ്ങള്‍ മൂന്നു പേര്‍ ചേര്‍ന്നാണ് സംഗീതം ഉണ്ടാക്കുന്നത്. അപ്പോൾ മൂന്നിന്‍റെ പ്രസക്തി എന്താണ്? മൂന്നിന്‍റെ പ്രാധാന്യം എന്താണ്, പിന്നെ മൂന്നിന്‍റെ പ്രഭാവം എന്താണ്?  

സദ്ഗുരു: ശങ്കർ, ഇഹ്സാൻ, ലോയ് എന്നീ ത്രിമൂർത്തികൾക്ക് നമസ്കാരം. നമുക്ക് ത്രിമൂർത്തികൾ, ത്രിനേത്രം, ത്രിശൂലം, ത്രികാലം ഇവയൊക്കെയുണ്ട്. ഇവയെല്ലാം മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ അനുഭവങ്ങളിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന ആശയങ്ങളാണ്. 

ഭൂതവും ഭാവിയും യഥാർത്ഥത്തിൽ ഇപ്പോഴാണ്‌ നിലനില്‍ക്കുന്നത്, കാരണം, ഇപ്പോൾ മാത്രമേ നിങ്ങൾക്കത് ഓര്‍മ്മിക്കാനും സങ്കൽപ്പിക്കാനും കഴിയൂ.

മനുഷ്യന്‍റെ എല്ലാ അനുഭവങ്ങളും ഈ മൂന്നു കാര്യങ്ങളിൽ വേരുറച്ചിരിക്കുന്നു. ഭൂത-കാലം എന്നു പറയുന്നത് കഴിഞ്ഞ കാലത്തെ നമ്മുടെ ഓര്‍മ്മകളാണ്. നമ്മുടെ അനുഭവങ്ങൾ എപ്പോഴും വർത്തമാനകാലമാണ്, ഭാവിയെ കുറിച്ചുള്ള നമ്മുടെ ഭാവനകളും ആഗ്രഹങ്ങളും ആണ്ഭവിഷ്യം. അങ്ങനെ പ്രധാനമായും മനുഷ്യ ജീവിതാനുഭവങ്ങൾ ഓർമ്മ, അനുഭവം, ഭാവന എന്നിവയ്ക്കിടയിൽ സംഭവിക്കുന്നു. ഈ മൂന്നു അനുഭവങ്ങളിൽ നിന്നും പൊട്ടി മുളയ്ക്കുന്ന പല ആശയങ്ങളും നമ്മുടെ സംസ്കാരത്തിൽ ത്രിനേത്രം, തികാലം, ത്രിശൂലം എന്നിങ്ങനെ രൂഢമൂലമായിരുന്നു,.. പിന്നെ നിങ്ങൾ ത്രിമൂർത്തികളും.. 

ആയതിനാൽ ഈ അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, ഈ മൂന്ന് തലങ്ങളും വർത്തമാനത്തിലാണ് നിലനിൽക്കുന്നത്. ഈ ഭൂതവും ഭാവിയും യഥാർത്ഥത്തിൽ ഇപ്പോഴാണ്‌ നിലനില്‍ക്കുന്നത്, കാരണം, ഇപ്പോൾ മാത്രമേ നിങ്ങൾക്കത് ഓര്‍മ്മിക്കാനും സങ്കൽപ്പിക്കാനും കഴിയൂ.  

ആളുകൾ ഈ നിമിഷത്തില്‍ ജീവിക്കുക എന്ന് പറയുന്നതിനു കാരണം, ജീവിതമല്ല അവരെ കഷ്ടപ്പെടുത്തുന്നത്, അവരെ കഷ്ടപ്പെടുത്തുന്നത് ഒരു മനുഷ്യനുള്ള ഏറ്റവും മികച്ച രണ്ടു കഴിവുകളായ അവരുടെ ഓർമകളും അവരുടെ ഭാവനയും സങ്കൽപങ്ങളുമാണ്.

ലോകമെമ്പാടും വളരെയധികം പ്രബോധനങ്ങൾ നടക്കുന്നുണ്ട് – പ്രത്യേകിച്ചും അമേരിക്കയിൽ. എന്നാൽ അതിപ്പോള്‍ ഇന്ത്യയിലും സംഭവിക്കുന്നുണ്ട്. ആളുകൾ "ഈ നിമിഷത്തിൽ ജീവിക്കുക" "ഈ നിമിഷത്തിൽ ജീവിക്കുക" എന്ന് പറയുന്നു. അവർ വര്‍ത്തമാനത്തിന്‍റെ ആരാധകരാണ്. പക്ഷെ എനിക്ക് മനസ്സിലാകാത്തത്, എന്തു കൊണ്ടാണ് ആരെങ്കിലും ഈ നിമിഷത്തിൽ ജീവിക്കുക എന്ന് നിങ്ങളോട് പറയുന്നത്, കാരണം നിങ്ങൾക്കൊരിക്കലും ഈ നിമിഷത്തിൽ അല്ലാതെ മറ്റെവിടെയും ജീവിക്കാനാകില്ല. നിങ്ങൾക്ക് മറ്റെവിടെയാണ് പോവാനാകുക? "ഈ നിമിഷത്തിൽ അല്ലാതെ" മറ്റെവിടെയെങ്കിലും ജീവിക്കുന്നത് ആര്‍ക്കെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ? അപ്പോൾ എങ്ങനെയായാലും നാം നിൽക്കുന്നത് വർത്തമാനത്തിലാണ്

ആളുകള്‍ പറയുന്നത് ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കരുത്, ഭാവിയെക്കുറിച്ച് ചിന്തിക്കരുത് എന്നാണ്. ഈ മസ്തിഷ്കത്തെ ഈ തലത്തിലേക്ക് എത്തിക്കുവാന്‍, ഈ തലച്ചോറിന്‍റെ ഇത്രയും കഴിവ് നേടിയെടുക്കുവാന്‍ ദശലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട്. സ്പഷ്ടമായ ഈ ഓർമയും, ഭാവനയുടെ അതിശയകരമായ ഈ വിസ്‌മയ ലോകവും സാധ്യമാക്കുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമം വേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ആരെങ്കിലും ഒരാൾ നമ്മോട് പറയുകയാണ് അതെല്ലാം വെറും ചവർ ആണെന്നും ഒരു മണ്ണിരയെപോലെ ആകണമെന്നും. എനിക്ക് മണ്ണിരയോട് ഒരു വിരോധവുമില്ല – അത് വളരെ പരിസ്ഥിതി സൗഹൃദമുള്ള ഒരു ജീവിയാണ് – എന്നാൽ നമ്മെ ഈ തലത്തിലുള്ള ബുദ്ധിശക്തിയിലേക്ക് കൊണ്ടുവരാൻ പരിണാമ പ്രക്രിയ എടുത്ത ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങളെ അപ്പാടെ ലളിതമായ തത്ത്വചിന്തക്കായി തള്ളിക്കളയരുത്. 

ആളുകൾ ഈ നിമിഷത്തില്‍ ജീവിക്കുക എന്ന് പറയുന്നതിനു കാരണം, ജീവിതമല്ല അവരെ കഷ്ടപ്പെടുത്തുന്നത്, അവരെ കഷ്ടപ്പെടുത്തുന്നത് ഒരു മനുഷ്യനുള്ള ഏറ്റവും മികച്ച രണ്ടു കഴിവുകളായ അവരുടെ ഓർമകളും അവരുടെ ഭാവനയും സങ്കൽപങ്ങളുമാണ്. ഇതാണ് അവരുടെ കഷ്ടതയുടെ അടിസ്ഥാനവും – ആളുകളെ പത്തു കൊല്ലം മുമ്പ് സംഭവിച്ച കാര്യങ്ങള്‍ കഷ്ടപ്പെടുത്തും, മറ്റന്നാള്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഇപ്പോഴേ അവരെ കഷ്ടപ്പെടുത്തുന്നു! 

അവരുടെ ചിന്തയും വികാരവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനാല്‍ അവർ അവ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ആനന്ദത്തോടെ ഓർക്കാനും, ചൈതന്യത്തോടെയും, പരമാനന്ദത്തോടെയും കാര്യങ്ങള്‍ സങ്കല്‍പ്പിക്കുവാനും ഉള്ള കഴിവുണ്ടെങ്കിൽ, പിന്നെ എന്തിനാണവ ഉപേക്ഷിക്കേണ്ടത്? ഇത്രയേയുള്ളൂ, നിങ്ങളുടെ ഓർമ്മകളും നിങ്ങളുടെ ഭാവനകളും നിർബന്ധിതമാകുന്നു, അവ ദുരിതം നിറഞ്ഞ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. അതു കൊണ്ടാണ് ജനങ്ങൾ കഴിഞ്ഞ കാലത്തെ എങ്ങനെ മറക്കാമെന്നതിനെ കുറിച്ചും, ഭാവിയെക്കുറിച്ച് എങ്ങനെ ചിന്തിക്കാതിരിക്കാം എന്നതിനെ കുറിച്ചും സംസാരിക്കുന്നത്. ഇത് മനുഷ്യജീവിതം നയിക്കാനുള്ള ഒരു മാർഗ്ഗമല്ല.

ഇത്രയേയുള്ളൂ, നിങ്ങളുടെ ഓർമ്മകളും നിങ്ങളുടെ ഭാവനകളും നിർബന്ധിതമാകുന്നു, അവ ദുരിതം നിറഞ്ഞ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. അതു കൊണ്ടാണ് ജനങ്ങൾ കഴിഞ്ഞ കാലത്തെ എങ്ങനെ മറക്കാമെന്നതിനെ കുറിച്ചും, ഭാവിയെക്കുറിച്ച് എങ്ങനെ ചിന്തിക്കാതിരിക്കാം എന്നതിനെ കുറിച്ചും സംസാരിക്കുന്നത്.

ഈ മൂന്ന് തലങ്ങൾ എല്ലാം വേണമെന്നത് പ്രധാനമാണ്. അവിടെ ത്രികാലങ്ങൾ, ത്രിശൂലങ്ങൾ, ത്രിനേത്രങ്ങൾ എല്ലാം വേണം, ജീവിതത്തെ കാണുന്നതിനും, ജീവിതം അനുഭവിക്കുന്നതിനും ഉള്ള മൂന്ന് തലങ്ങളാണ് അവ. ശങ്കർ, ഇഹ്സാൻ, ലോയ് എന്നീ ത്രിമൂർത്തികൾ ഇവിടെ ഉള്ളതിൽ നമുക്ക് വലിയ സന്തോഷമുണ്ട്. ദയവായി കുറച്ച് മനോഹര സംഗീതം സൃഷ്ടിക്കുക!