ജീവിതത്തില്‍ സന്തോഷം നേടാന്‍

 

सद्गुरु

ജീവിതത്തില്‍ സമനില്‍ പാലിക്കേണ്ടതിനെക്കുറിച്ച് സദ്ഗുരു അവലോകനം ചെയ്യുന്നു.

ചോദ്യം: സദഗുരോ! ചില ദിവസങ്ങളില്‍ ഞാന്‍ വളരെ വളരെ സന്തോഷവാനാണ്, ചില ദിവസങ്ങളില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മനസ്സ് അങ്ങേയറ്റം ഉദാസീനമാകുന്നു. ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകള്‍ - ഞാനെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

സദ്ഗുരു: തെക്കേ ഇന്ത്യയില്‍ പൊതുവേ പറയാറുണ്ട്‌ "അധികം ചിരിക്കേണ്ട, കരയേണ്ടിവരും" എന്ന്. ഏതൊരു സന്തോഷത്തിന്റെയും പുറകെ ഒരു സങ്കടമുണ്ട് എന്നാണ് സൂചന. അത്രതന്നെ സുഖകരമല്ലാത്ത ഒരുപദേശമാണിത്. പറയുന്നവര്‍ അവരുടെ സ്വന്തം അനുഭവമായിരിക്കണം വാക്കാല്‍ പ്രകടിപ്പിക്കുന്നത്. ഇന്ന്‍ കൂടുതല്‍ സന്തോഷിച്ചാല്‍, നാളെ അത്രയും സങ്കടപ്പെടെണ്ടിവരും എന്നതില്‍ വലിയ യുക്തിയൊന്നും കാണുന്നില്ല. ആളുകള്‍ ആലോചിച്ചുണ്ടാക്കുന്നതാണ് ഇതൊക്കെ. സന്തോഷമായാലും സങ്കടമായാലും അവര്‍ അതിനെ വലുതായി കാണും. ഇങ്ങനെ ചിലതില്ലെങ്കില്‍ ജീവിതത്തിനു സൗന്ദര്യമുണ്ടോ എന്നു ചിലര്‍ ചോദിച്ചേക്കാം. എനിക്ക് പറയാനുള്ളത് ഇതാണ് "ജീവിതത്തിനു സഹജമായ സൗന്ദര്യമുണ്ട് - നിങ്ങളുടേതായ ചായംപൂശല്‍ അതിനാവശ്യമില്ല.


"ജീവിതത്തിനു സഹജമായ സൗന്ദര്യമുണ്ട് - നിങ്ങളുടേതായ ചായംപൂശല്‍ അതിനാവശ്യമില്ല.

ജീവിതത്തിന്റെ ശരിയായ ഭാവം നിങ്ങളുടെ ശ്രദ്ധക്ക് വിഷയമാകുന്നില്ല. അതിന്റെ അടിസ്ഥാന സ്വഭാവം നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല. നിങ്ങള്‍ നിങ്ങളുടേതായ സങ്കല്‍പ്പങ്ങളെ യഥാര്‍ത്ഥമെന്ന്‌ കരുതി മുറുകെ പിടിച്ചിരിക്കുകയാണ്. എല്ലാവരിലും രണ്ടു 'ഞാന്‍'കള്‍ ഉണ്ട് - ഒന്ന്‍ ശാരീരികമായ 'ഞാന്‍', രണ്ടാമത്തേത് മാനസീകമായ 'ഞാന്‍' - ഈ രണ്ടും മാറി മാറി മുന്നോട്ടുവരുന്നു.

ഇന്ന്‍ നിങ്ങള്‍ വലിയ ആഹ്ലാദത്തിലാകാം, നാളെ അങ്ങേയറ്റം ദുഃഖപരവശനും. മിക്കവാറും എല്ലാവരും ഈ മാറ്റങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇത് മാനസീകമായ ഒരു വട്ടംചുറ്റലാണ്. അതിനു കാരണമായി ബാഹ്യമായ എന്തെങ്കിലും ഒരു വിഷയം മനസ്സ് കണ്ടുപിടിക്കുകയും ചെയ്യും. എന്നാല്‍ ബാഹ്യമായ എല്ലാ സ്വാധീനങ്ങളും ഒഴിവാക്കി നിങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടാലും അനുഭവം ഇതുതന്നെയായിരിക്കും …മാറി മാറി സുഖ – ദുഃഖങ്ങള്‍.

ഇതുപോലെത്തന്നെ ശാരീരികമായും മാറ്റങ്ങള്‍ ചാക്രികമായി സംഭവിക്കും. ശാരീരികമായും മാനസീകമായുമുള്ള ഈ മറിച്ചിലുകള്‍ പരസ്പരം സ്വാധീനിക്കുന്നവയാണ്. മനസ്സിന് ഉത്സാഹമില്ലെങ്കില്‍ ശരീരത്തിന്‌ ക്ഷീണം, ശരീരത്തിന്‌ സുഖമില്ല എങ്കില്‍ മനസ്സിന് മൗഡ്യം. ഏതിനാണ് കൂടുതല്‍ തീവ്രത എന്നതിനെ ആശ്രയിച്ചായിരിക്കും ഫലാനുഭവം.

ചാക്രികമായി സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. സന്തോഷത്തിന്റെ തൊട്ടുപിന്നില്‍ സങ്കടം കാത്തുനില്‍ക്കുന്നു എന്നു പലരും സ്വയം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അത് സത്യമായി വരികയും ചെയ്യുന്നു. സന്തോഷമായാലും സന്താപമായാലും അതിനുകാരണം താന്‍തന്നെയാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍, അതോടെ പ്രശ്നം തീരുകയായി.

സാധാരണ എല്ലാവര്‍ക്കും പറ്റുന്ന ഒരബദ്ധം - എല്ലാവരും സന്തോഷമായിരിക്കാന്‍ ശ്രമിക്കുന്നു - പോരാ...മറ്റുള്ളവരേക്കാള്‍ കൂടുതലായി താന്‍ സന്തോഷിക്കണം എന്നു വാശിപിടിക്കുന്നു. അതിന്റെയൊന്നും ആവശ്യമില്ല. അവനവന്റെ ഉള്ളിലുണ്ടാകുന്ന സുഖദുഃഖങ്ങള്‍ക്ക് താന്‍ തന്നെയാണ് കാരണം എന്നു തിരിച്ചറിയുന്നതോടെ നിങ്ങള്‍ ഇപ്പോഴും ആനന്ദത്തിലായിരിക്കും. ആകാശത്തിലെക്ക് പരന്നുയരുകയുമില്ല, നിരാശയുടെ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുകയുമില്ല. മനസ്സെപ്പോഴും സന്തോഷമായിരിക്കും. മനസ്സിന്റെ ഈ സദാപ്രസന്നഭാവം ഓരോരുത്തരില്‍ ഓരോ വിധമായിരിക്കും. അവനവന്റെ ഊര്‍ജത്തിനേയും ബോധ തീവ്രതയെയുമാണ് അതാശ്രയിച്ചിരിക്കുന്നത്. എന്നാലും അത് സ്ഥിരമായിരിക്കും, അചഞ്ചലമായിരിക്കും. ആനന്ദ നിര്‍വൃതി അനുഭവിക്കണമെങ്കില്‍ ഉയരങ്ങളിലേക്ക് കയറിപ്പോയി തിരിച്ചുവരാം. ഉദാസീനതയാണ് അനുഭവിക്കേണ്ടതെങ്കില്‍ പടികളിറങ്ങിച്ചെല്ലാം, തിരിച്ചു കയറിവരികയുമാവാം. രണ്ടിനും നിങ്ങള്‍ പ്രാപ്തരാണ്.

നിറവാര്‍ന്ന ആനന്ദാനുഭൂതി - ബുദ്ധനെ സംബന്ധിച്ചിടത്തോളം അത് സുവര്‍ണ മാര്‍ഗമാണ്; മദ്ധ്യമ മാര്‍ഗം. പലരും പല വഴികളിലൂടെ ഈ അവസ്ഥയില്‍ ചെന്നുചേരുന്നു. മനസ്സ് ശാന്തവും നിശ്ചലവുമായി മയങ്ങിക്കിടക്കുന്ന അവസ്ഥ എന്നു ധരിക്കേണ്ട - വളരെ ഉന്മേഷപൂര്‍ണവും, പ്രസന്നവുമായ അവസ്ഥയാണത്. തെളിവാര്‍ന്ന ഒരു പ്രഭാതംപോലെ പ്രശാന്തം...പ്രകാശപൂര്‍ണം. കാറും കോളും ഒര്രുമില്ല, മിന്നലും ഇടിമുഴക്കങ്ങളും ഇല്ല. അപ്പോഴാണ്‌ നമ്മള്‍ ശരിയായ അര്‍ത്ഥത്തില്‍ "ഗുഡ് മോര്‍ണിംഗ്" എന്നു പറയുന്നത്. ദീര്‍ഘകാലം നമ്മള്‍ ഈ ലോകത്തില്‍നിന്നും വിട്ടുമാറി കഴിയുകയായിരുന്നു. അതിനുശേഷം ഉണര്‍ന്നു വരുമ്പോള്‍ അതൊരു പ്രത്യേക സന്തോഷം തന്നെയാണ്. അതുപോലെയാണ് ഉച്ചയും വൈകുന്നേരവും - എല്ലാം നല്ലതുതന്നെ. ആ നന്മ കാണണമെങ്കില്‍, സുഖം അറിയണമെങ്കില്‍ കുറച്ചൊന്ന് മാറി നില്‍ക്കണം. അഞ്ചുദിവസം കഞ്ഞിമാത്രം കുടിച്ചുകഴിഞ്ഞ് ആറാം ദിവസം വയറു നിറയെ നല്ല ആഹാരം കഴിക്കുമ്പോഴത്തെ സുഖം. ഓരോ നിമിഷവും അതാതിന്‍റെ രീതിയില്‍ നല്ലതാണ്, എന്നാല്‍ അത് ശ്രദ്ധയില്‍ പെടണമെങ്കില്‍ അല്പമൊന്നു മാറിനിന്നു നോക്കണം.


നിറവാര്‍ന്ന ആനന്ദാനുഭൂതി - ബുദ്ധനെ സംബന്ധിച്ചിടത്തോളം അത് സുവര്‍ണ മാര്‍ഗമാണ്; മദ്ധ്യമ മാര്‍ഗം.

മനസ്സിന്റെ സമനില കൈവിട്ടു പോകാതിരിക്കുന്നു എന്നതാണ് ഈ സുവര്‍ണമാര്‍ഗത്തിന്‍റെ സവിശേഷത. മനസ്സിന്റെ സ്ഥിരഭാവമായ പ്രസന്നത നഷ്ടപ്പെടുന്നില്ല. ഈ പ്രസന്നത ഉണ്ടാക്കിയെടുക്കലാണ് നിങ്ങള്‍ ചെയ്യുന്ന ക്രിയകൊണ്ട് ഉദ്ദേശിക്കുന്നത്. മുറതെറ്റാതെ ക്രിയ അനുഷ്ടിക്കുകയാണെങ്കില്‍ നിങ്ങള്‍ നിശ്ചയമായും സുവര്‍ണമാര്‍ഗത്തിലെത്തിച്ചേരും, അവിടെ ചുവടുറപ്പിക്കുകയും ചെയ്യും. അവിടെനിന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള ശ്രമം തുടരാവുന്നതാണ്; കൂടുതല്‍ ചൈതന്യൊജ്ജ്വലമായ തലത്തിലേക്ക്. നിങ്ങളുടെ മാര്‍ഗത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെതന്നെ പ്രാണശക്തിയേയും ശ്രദ്ധയേയുമാണ്. എതുതലത്തിലായാലും അത് അത്യന്തം ഹൃദ്യമായ ഒരനുഭവമായിരിക്കും. അതു ആനന്ദത്തിന്റെ ഉന്മാദാവസ്ഥയായിരികില്ല. അതില്‍ ഏറെ നേരം ആണ്ടിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അങ്ങനെ മുഴുകിയിരുന്നാല്‍ ജീവിതവ്യാപാരങ്ങള്‍ വേണ്ടതുപോലെ നിര്‍വഹിക്കാനാവില്ല.

മനസ്സ് സന്തോഷനിര്‍ഭരമായിരിക്കണം അതേസമയം ലോകകാര്യങ്ങള്‍ യഥാവിധി നടത്തുകയും വേണം, അതാണ്‌ ആനന്ദാനുഭൂതിയുടെ സുവര്‍ണ്ണമാര്‍ഗം. സ്വാഭാവികമായ സന്തോഷസമാധാനങ്ങളുടെ കൂടിച്ചേ രലാണത്. സങ്കല്പിച്ചു നോക്കൂ ...രാവിലെ ഉന്മേഷത്തോടെ ഉണരുന്നു, ദിനചര്യകള്‍ നിര്‍വഹിക്കുന്നു, അറിയാതെ ഒരു മൂളിപ്പാട്ടും പാടി പ്രഭാത ഭക്ഷണം പാകം ചെയ്യുന്നു … മനസ്സിന്റെ ആ അവസ്ഥയാണ് ആനന്ദം.. ആനന്ദത്തിന്റെ ആധിക്യം കൊണ്ടുണ്ടാകുന്ന ഉന്മാദാവസ്ഥ വേറെയാണ്. അവിടേക്ക് എത്തിച്ചേരണമെങ്കില്‍ ഊര്‍ജ്ജത്തിന്റെ തോത് അത്രയും ഉയര്‍ന്നിരിക്കണം. 'അവധൂതന്മാര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹായോഗികളുണ്ട്, അവര്‍ ആനന്ദത്തിന്റെ ഉന്മാദാവസ്ഥയില്‍ എത്തിയവരാണ്. ഭക്ഷണം കഴിക്കണമെന്ന ഓര്‍മപോലും നഷ്ടപ്പെട്ടവര്‍. വിശപ്പും ദാഹവും അവരെ അലട്ടുന്നില്ല. ഒന്നിലും താല്പര്യമില്ലാത്തവര്‍, ഭക്ഷണം കൊടുത്താലേ കഴിക്കൂ. വിസര്‍ജനത്തിനുപോലും ഇനിയൊരാള്‍ കൈപിടിച്ചു കൂട്ടിക്കൊണ്ട് പോകണം. ഏതു സമയവും അവര്‍ ആനന്ദ ലഹരിയിലായിരിക്കും. ഇന്നത്തെ സമൂഹത്തില്‍ നിങ്ങളെ ശ്രദ്ധിക്കാനും പരിപാലിക്കാനും ഒന്നും ആളുണ്ടാവില്ല. അതുകൊണ്ട് സുവര്‍ണമാര്‍ഗം തന്നെയാണ് നിങ്ങള്‍ക്ക് ഉചിതം.

സുവര്‍ണമാര്‍ഗം നിങ്ങള്‍ നിശ്ചയമായും സ്വന്തമാക്കണം. അനങ്ങാതെയിരിക്കുക - മുട്ടുകളില്‍ നീര് കെട്ടിയേക്കാം, കാലുകള്‍ കഠിനമായി വേദനിക്കും. എന്നാലും സാരമില്ല, മനസ്സ് സന്തോഷത്തിന്റെ നിറവാര്‍ന്നതായിരിക്കും. ഒരു ഭാഗം സ്വര്‍ഗത്തില്‍, ഒരു ഭാഗം നരകത്തില്‍ - ഇടയിലുള്ളതാണ് മദ്ധ്യമ മാര്‍ഗം. ആ മാര്‍ഗത്തിലെത്താന്‍ വേണ്ടിയുള്ളതാണ് ദീര്‍ഘമായ ധ്യാനം. മദ്ധ്യമ മാര്‍ഗം നേടാനായ സാധകന് ഏത് ജീവിതവ്യാപാരത്തിലും ഇടപെടാം. അപ്പോഴും മനസ്സിന്റെ സുസ്ഥിതി നഷ്ടപ്പെടുകയില്ല, മനസുഖത്തിനു കുറവ് വരില്ല, ജീവിതം ആനന്ദമായിരിക്കും. സ്ഥിരമനസ്സിന്റെ പിന്‍ബലം കൂടാതെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ വഴിയറിയാതെ പകച്ചുപോകലാവും ഫലം. ആധുനിക ജീവിതം പലവിധ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അത്യന്തം തീവ്രമായ അനുഭവങ്ങളൊന്നും സാധാരണ ഗതിയില്‍ ആരും നേരിടുന്നില്ല. എന്നാല്‍ നിങ്ങള്‍ കാട്ടിലാണ് ജീവിക്കുന്നത് എങ്കില്‍, ആനന്ദത്തിന്റെതായ മദ്ധ്യമ മാര്‍ഗം നിങ്ങള്‍ക്ക് സുരക്ഷ നല്‍കും. മനസ്സ് എപ്പോഴും ഉണര്‍ന്നിരിക്കും. അപകടങ്ങള്‍ ഒഴിവാക്കാനാകും. ജീവന്‍ നിലനിര്‍ത്താനുള്ള സാദ്ധ്യതകളും ഏറും.

മനസ്സ് വിഷാദമഗ്നവും ഉദാസീനവുമാണെങ്കില്‍ നിലനില്‍പ് തീര്‍ച്ചയായും ഒരു പ്രശ്നമാകും. ജീവിതം അവസാനിപ്പിക്കണം എന്ന തോന്നലാകും മുന്നിട്ടുനില്‍ക്കുക. പുലിയുടെ ഉച്ചഭക്ഷണത്തിനു വകയാവാനും മടിക്കില്ല.

മദ്ധ്യമ മാര്‍ഗമാണ് അവലംബിക്കുന്നതെങ്കില്‍ ആത്മരക്ഷ അതിന്റെ തന്നെ ഒരു ഭാഗമാകും, കാരണം ആനന്ദലഹരിയില്‍ സ്വയം മറന്നവര്‍ക്ക് ആത്മരക്ഷ ഒരു പ്രശ്നമല്ല. എന്ത് സംഭവിച്ചാലും താനറിയുന്നില്ല എന്ന സ്ഥിതിയിലായിരിക്കും. മദ്ധ്യമ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ സദാ പ്രസന്നചിത്തരായിരിക്കും, സ്വധര്‍മ്മാനുഷ്ടാനത്തില്‍ പുറകിലുമാവില്ല. അവനവനെപ്പോഴും സന്തോഷം - അതവര്‍ ചുറ്റുപാടുകളിലേക്കും പ്രസരിപ്പിക്കുന്നു. ലോകത്തില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ഇത് വളരെ മുഖ്യമായ ഒരു സംഗതിയാണ്. എപ്പോഴും സന്തോഷത്തിന്റെ ഉന്മത്താവസ്ഥയിലാണെങ്കില്‍, ചുറ്റും നടക്കുന്നതൊന്നും താന്‍ അറിയുന്നില്ല എങ്കില്‍ ---പിന്നെ പൂര്‍ണമായും പിന്‍വാങ്ങുകയാണ് ഉചിതം. അങ്ങനെയുള്ളവര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയുമില്ല. ചെറുപ്പത്തിലേ അവര്‍ മരിച്ചുപോകുന്നു. എന്നാലും സാരമില്ല കാരണം അവര്‍ ആനന്ദ നിര്‍വൃതി അനുഭവിച്ചു കഴിഞ്ഞവരാണ്. സന്തോഷത്തിന്റെ നിറവിലിരിക്കെ ഏതു നിമിഷവും ആ കുമിള പൊട്ടിപ്പോയെന്നുവരാം. അമ്പതു വര്‍ഷം ജീവിക്കേണ്ടതിനു പകരം ആനന്ദ മൂര്‍ച്ചയില്‍ അഞ്ചുവര്‍ഷം മാത്രം ജീവിച്ചാലും അതൊരു നഷ്ടമാവില്ല. അവരെ സംബദ്ധിച്ചിടത്തോളം ഈ ലോകത്തില്‍ കൂടുതലായി ഒന്നും അറിയാനോ, ചെയ്യാനോ, നേടാനോ ഇല്ല എന്നതാണ് സത്യം.


ഇതുപോലുള്ള ആനന്ദമൂര്‍ച്ചയില്‍ നിങ്ങള്‍ക്കും എത്താം എന്നു മനസ്സിലാക്കിത്തരാന്‍ വേണ്ടിയാണ് "ഭാവസ്പന്ദന " എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക് ആനന്ദലഹരിയില്‍ മുഴുകാം, എല്ലാം മറക്കാം.

ഇതുപോലുള്ള ആനന്ദമൂര്‍ച്ചയില്‍ നിങ്ങള്‍ക്കും എത്താം എന്നു മനസ്സിലാക്കിത്തരാന്‍ വേണ്ടിയാണ് "ഭാവസ്പന്ദന " എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക് ആനന്ദലഹരിയില്‍ മുഴുകാം, എല്ലാം മറക്കാം. എന്നാല്‍ ഏറെ നേരം ആ അവസ്ഥയില്‍ ഇരിക്കാനാവില്ല.

സദാ പ്രസന്നമനസ്സോടെ കഴിയാനാണ് ആഗ്രഹമെങ്കില്‍ സുവര്‍ണമാര്‍ഗം തന്നെയാണ് ഏറ്റവും ഉചിതം... അങ്ങനെ മനസ്സിന്റെ സുസ്ഥിതി പാലിക്കാം. കൊല്ലത്തില്‍ എപ്പോഴെങ്കിലും കുറച്ചുനാള്‍ ധ്യാനം പരിശീലിച്ചതുകൊണ്ട് പ്രയോജനമില്ല. ആ സാധന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാവണം, എന്നാലേ അതുകൊണ്ടുള്ള ഗുണം പൂര്‍ണമായും അനുഭവിക്കാനാവൂ. സാധന ജീവിതപ്രധാനമായി സ്വീകരിക്കുകയാണ് എങ്കില്‍ ജീവല്‍സത്യമായി (ജീവിത സത്യമായി) ഞാന്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഞാന്‍ വെറുമൊരു ഓര്‍മ്മയോ ചിന്തയോ മാത്രമാണ്. ഒരു സജീവ സാന്നിദ്ധ്യമായി ഞാന്‍ ഇപ്പോഴും നിങ്ങളുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കണമെങ്കില്‍ അതിനായി നിത്യവും നിങ്ങള്‍ കുറച്ചുസമയം മാറ്റി വെക്കുകതന്നെ വേണം. ചിന്തകള്‍ക്ക് കൂടുതല്‍ അടുക്കും ചിട്ടയും വ്യക്തതയും ഉണ്ടാകണം. സ്വയം ആരാണ് എന്നതിനെക്കുറിച്ച് ഏകദേശമായൊരു രൂപമെങ്കിലും വളര്‍ത്തിയെടുക്കണം. അവനവനെക്കുറിച്ചുള്ള ബോധം തന്നെ അവ്യക്തമാനെന്നിരിക്കെ എന്റെ സാന്നിദ്ധ്യം എങ്ങനെയാണ് തെളിവാര്‍ന്ന ഒരനുഭവമായി തീരുക? പ്രപഞ്ച സ്രഷ്ടാവിന്റെ കരസ്പര്‍ശം ഏല്‍ക്കാത്തതായി, ഈ ഭൂമിയില്‍ ഒരു മുക്കോ മൂലയോ അണുവോ ഇല്ല, എന്നാല്‍ അത് നിങ്ങള്‍ക്ക് അനുഭവിക്കാനാവുന്നില്ല, കാരണം നിങ്ങളുടെ നിജസ്ഥിതി ഇനിയും നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. ആദ്യം ആ തിരിച്ചറിവ് ഉണ്ടാകട്ടെ ...അതോടെ കാണാം നിങ്ങളുടെ ജീവിതം പുതിയൊരു മാനത്തിലേക്ക്‌ ഉയരുന്നതായി.

 
 
  0 Comments
 
 
Login / to join the conversation1